ഇസ്ലാമിക നിയമങ്ങള്‍ മകള്‍ക്ക് ബാധകമല്ല! ഇറാനിയന്‍ ഉന്നതന്റെ ‘ഇരട്ട ജീവിതം’ വെളിവാക്കി വിവാഹ വീഡിയോ

ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥനാണ് അഡ്മിറല്‍ ഷംഖാനി

Iran Rear Adm. Ali Shamkhani wedding controversy

ഇറാനിലെ അധികാരശ്രേണിയിലെ ഉന്നതനായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി വലിയൊരു വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇറാനിലെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളും പരമോന്നത നേതാവിന്റെ വിശ്വസ്തനുമാണ് ഷംഖാനി. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്നു.

അധികാരസ്ഥാനങ്ങള്‍ മാത്രമല്ല ഷംഖാനിയെ പ്രധാനിയാക്കിയിരുന്നത്. ഇറാനിലെ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പിക്കാലാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്തിരുന്നില്ല. സ്ത്രീകളും പെണ്‍കുട്ടികളും ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനായിരുന്നു ഷംഖിനി എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അയാളുടെ ഇരട്ടമുഖം വെളിയില്‍ വന്നിരിക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഉന്നത തലത്തിലുള്ളവര്‍ സ്വന്തം ജീവിതത്തിലും കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ അങ്ങനെയല്ലാത്ത ചിലരുമുണ്ട്. അതിലൊരാളാണ് ഷംഖാനി എന്നാണ് പുറത്തു വന്ന തെളിവുകള്‍ പറയുന്നത്. പരസ്യമായി ഇസ്ലാം നിയമങ്ങളെ കുറിച്ച് പ്രസംഗിക്കുകയും അവ പിന്തുടരേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയും അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഷംഖാനി, തന്റെ കുടുംബത്തോടൊപ്പം നയിക്കുന്നതാകട്ടെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ആഢംബര ജീവിതവും.

മകളുടെ കല്യാണ വീഡിയോ പുറത്തുവന്നതോടെയാണ് ഷംഖാനി കുടുങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന മകളുടെ വിവാഹത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഈ വീഡിയോ പെട്ടെന്നു തന്നെ ഓണ്‍ലൈനില്‍ വൈറലാകുകയും ചെയ്തു. വീഡിയോയില്‍, അഡ്മിറല്‍ ഷംഖാനി മകളുമായി ഒരു ഇടനാഴിയിലൂടെ വിവാഹ ഹാളിലേക്ക് പ്രവേശിക്കുന്നതു കാണാം.

ഷംഖാനിയുടെ മകള്‍ ധരിച്ചിരിക്കുന്ന ലോ-കട്ട് സ്്ട്രാപ്‌ലെസ് വിവാഹ വസ്ത്രം ശരീരഭാഗങ്ങള്‍ കാണുന്ന വിധമുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യയും സമാനമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വിവാഹവേദിയിലുള്ള മറ്റ് സ്ത്രീകളും ഹിജാബ് ധരിക്കുകയോ, ഇറാനിലെ മറ്റ് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഇസ്ലാമിക വേഷങ്ങളോ അല്ല ധരിച്ചിരിക്കുന്നത്.

പുറത്തു വന്ന വീഡിയോ പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രാഷ്ട്രീയ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഒന്നാമതായി, ഇറാനിലെ സാധാരണക്കാരന്‍ ജീവിതപ്രാരാബ്ദങ്ങളില്‍ പെട്ട് നട്ടം തിരിയുകയാണ്, ഈ സമയത്താണ് ഒരു ഉന്നതന്‍ അത്യാഢംബരമായി മകളുടെ വിവാഹം നടത്തുന്നത്. കൂടാതെ യാഥാസ്ഥിതിക ഇസ്ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചാണ് ആ ചടങ്ങ് നടത്തിയിരിക്കുന്നത്. വധുവും വരനും ഒരുമിച്ച് പ്രവേശിക്കുന്ന ഇറാനിയന്‍ ആചാരത്തിന് പകരം പിതാവ് വധുവിനെ ആനയിച്ചു കൊണ്ടു വരുന്ന പാശ്ചാത്യ ശൈലിയിലുള്ള വിവാഹ പാരമ്പര്യങ്ങളാണ് ഷംഖാനിയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്.

ഷംഖാനി എല്ലാ സൈനിക പദവികളും രാജിവച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ഇറാനില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക് തന്നെ അവര്‍ പിന്തുണയ്ക്കുന്ന സ്വന്തം നിയമങ്ങളില്‍ വിശ്വാസമില്ല, ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുക മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നാണ് ഷംഖാനി വിവാദത്തെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

ഇറാന്‍ ഭരണകൂടത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഷംഖാനി. പുതുതായി രൂപീകരിച്ച ദേശീയ പ്രതിരോധ കൗണ്‍സിലിലേക്കുള്ള പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതിനിധിയാണ് അദ്ദേഹം. ഈ ജൂലൈ വരെ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അദ്ദേഹം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇക്കാലയളവില്‍ രാജ്യത്തിന്റെ ദേശീയ, വിദേശ നയങ്ങളില്‍ അദ്ദേഹത്തിന് നിര്‍ണായക ഇടപെടലുകള്‍ക്കുള്ള അവസരമുണ്ടായിരുന്നു. നാവികസേനയെയും റെവല്യൂഷണറി ഗാര്‍ഡ്സ് നാവിക സേനയെയും ഒരിക്കല്‍ നയിച്ചിരുന്ന മുന്‍ പ്രതിരോധ മന്ത്രി കൂടിയാണ് ഷംഖാനി.

വിവാഹ വിവാദം ആളികത്തിയതോടെ അഡ്മിറല്‍ ഷംഖാനി തിങ്കളാഴ്ച തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഒരു പോസ്റ്റ് എഴുതി. ‘തെണ്ടികളേ, ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!’ എന്നായിരുന്നു ഷംഖാനിയുടെ പോസ്റ്റ്! ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണം തേടിയിരുന്നു. അപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അതേ കാര്യം അദ്ദേഹം ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് ഇറാനിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Summary; Iranian official Rear Adm. Ali Shamkhani’s daughter’s wedding video sparks controversy over alleged non-compliance with Islamic rules

This post was last modified on October 21, 2025 8:34 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment