ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 150 പേരെ കാണാതായി

തുര്‍ക്കിയിലേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തത് സാഹചര്യം കൂടുതല്‍ വഷളാക്കുന്നു

Iran Warship Sunk

മിഡില്‍ ഈസ്റ്റില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ശ്രീലങ്കന്‍ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന നിര്‍ണായക വിവരം. തുര്‍ക്കിക്കു നേരെ ഇറാന്‍ മിസൈല്‍ തൊടുത്തതും അത് വെടിവച്ചിട്ടതും യുദ്ധസാഹചര്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയും നല്‍കുന്നു.

ശ്രീലങ്കന്‍ തീരത്തിന് സമീപത്തായി ഇറാന്റെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലാണ് തകര്‍ന്നത്. കപ്പലിലുണ്ടായിരുന്ന ഏകദേശം 140 പേരെ കാണാതായതായാണ് വിവരം. കപ്പലില്‍ നിന്ന് ലഭിച്ച അപായ സന്ദേശത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന നടത്തിയ തിരച്ചിലില്‍ 32 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. കടലില്‍ എണ്ണപ്പാളികളും ലൈഫ് റാഫ്റ്റുകളും ഒഴുകിനടക്കുന്നതായാണ് തങ്ങള്‍ കണ്ടതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. സബ്മറൈന്‍ ആക്രമണമാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്ന റിപ്പോര്‍ട്ടുകള്‍ ശ്രീലങ്കന്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. അപകടകാരണം വ്യക്തമല്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും നാവികസേന വക്താവ് അറിയിച്ചു.

യുദ്ധം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് തുര്‍ക്കിക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത്. ഇറാന്‍ മിസൈല്‍ നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെങ്കിലും, ഇറാഖ്, സിറിയന്‍ വ്യോമാതിര്‍ത്തികള്‍ കടന്നുവന്ന മിസൈലിനെ തുര്‍ക്കി അതിര്‍ത്തിയില്‍ വെച്ചു വെടിവെച്ചിട്ടുവെന്നാണ് തുര്‍ക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്ന് ഈ സംഭവത്തിനു പിന്നാലെ നാറ്റോ അംഗം കൂടിയായ തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ തങ്ങളുടെ ആക്രമണം ലബനനിലേക്കും വ്യാപിപ്പിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്ക് മുന്നോടിയായി തെക്കന്‍ ലബനനിലെ ജനങ്ങളോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലും ഖത്തറിലെ യുഎസ് വ്യോമതാവളത്തിലും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.

ശനിയാഴ്ച ആരംഭിച്ച അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1,097 കടന്നതായും മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്രയും ശവസംസ്‌കാര ചടങ്ങുകളും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഖമേനിയുടെ മകന്‍ മൊജ്താബ ഖമേനി പിതാവിന്റെ പിന്‍ഗാമിയാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഇറാനിലെ ജനജീവിതം ദുസ്സഹമായെന്നും ഓരോ ദിവസവും സ്ഥിതി വഷളാകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Summary: Iranian warship sunk near Sri Lanka 140 people missing.

This post was last modified on March 5, 2026 7:14 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment