യുദ്ധം തിരിച്ചടിയാകുന്നു; ഇറാനില്‍ നിന്നും പുറത്തു കടക്കാന്‍ ട്രംപ്

ഇറാന്‍ യുദ്ധം വളരെ പെട്ടെന്ന് അവസാനിപ്പിക്കുമെന്നാണ് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്

Donald Trump- Iran

ഇറാന്‍ യുദ്ധം വേഗം തന്നെ അവസാനിപ്പിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്. അതിനുള്ള കാരണമായി പറയുന്നത്, സൈനിക ദൗത്യം അതിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും കൈവരിച്ചുവെന്നും, ഞങ്ങള്‍ നിശ്ചയിച്ച സമയത്തേക്കാള്‍ വളരെ മുന്നിലാണ് എന്നതൊക്കെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ട്രംപ് ശ്രമിക്കുന്നത് ഒരു പിന്‍വാങ്ങലിനാണ് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന യുദ്ധം രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും സ്വന്തം രാജ്യത്ത് നിന്നു തന്നെ വര്‍ദ്ധിക്കുന്ന യുദ്ധവിരുദ്ധ സമ്മര്‍ദ്ദവുമൊക്കെയാണ്, ഇറാന്‍ യുദ്ധത്തിന് പെട്ടെന്ന് അന്ത്യം കുറിക്കാന്‍ പ്രസിഡന്റ് ട്രംപിനെ നിര്‍ബന്ധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസിഡന്റിന്റെ ഉപദേശകര്‍ സ്വകാര്യമായി പിന്‍വാങ്ങല്‍ പദ്ധതികള്‍ ട്രംപിനോട് നിര്‍ദ്ദേശിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ഫ്‌ളോറിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, യുദ്ധം ‘വളരെ പെട്ടെന്ന്’ തന്നെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞത്.

എന്നാല്‍ ഇറാന്‍ ദൗത്യം അവസാനിപ്പിക്കുന്നതിന് കൃത്യമായ സമയപരിധി പറഞ്ഞിട്ടില്ല. ഭരണകൂടത്തിനെതിരെ രംഗത്തുവന്ന ഇറാനിയന്‍ ജനതയെ സഹായിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഭരണമാറ്റത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനേക്കാള്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ‘വര്‍ഷങ്ങളോളം സമാധാനം നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അതിന് സാധിക്കുന്നില്ലെങ്കില്‍ ഇത് ഇപ്പോള്‍ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്,’ ട്രംപ് പറഞ്ഞു. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്താബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിച്ചതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ടെഹ്റാന്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

അതേസമയം, ടെഹ്റാന്‍ അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുകയും ഇസ്രയേല്‍ ഇറാനില്‍ അവരുടെ ലക്ഷ്യങ്ങള്‍ക്കായി ആക്രമണം തുടരുകയും ചെയ്യുന്നിടത്തോളം കാലം അമേരിക്കയ്ക്ക് യുദ്ധത്തില്‍ നിന്ന് എളുപ്പത്തില്‍ പിന്മാറാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ തന്നെ സമ്മതിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാന്‍ തടയാന്‍ ശ്രമിച്ചാല്‍ ആക്രമണം തുടരുമെന്ന് തിങ്കളാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് സൈനിക മേധാവിത്വമുള്ള സാഹചര്യത്തില്‍ തൃപ്തികരമായ ഒരു വിജയം ഉറപ്പാക്കാതെ ട്രംപ് പോരാട്ടം നിര്‍ത്തില്ലെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായ അമേരിക്കന്‍-ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ക്കിടയിലും ടെഹ്റാന്‍ വഴങ്ങാത്തതില്‍ ട്രംപ് അത്ഭുതം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തള്ളി. പ്രസിഡന്റിനൊപ്പം ഇല്ലാത്ത അജ്ഞാതരായ ആളുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങളാണിതെന്ന് അവര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ വന്‍ വിജയമാക്കാന്‍ പ്രസിഡന്റിന്റെ സഹായികള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണെന്നും ഇതിന്റെ അന്ത്യം കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ പ്രസിഡന്റ് തന്നെ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. യുദ്ധത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തുന്നത്. കഴിഞ്ഞയാഴ്ച ഇറാന്റെ ‘നിരുപാധികമായ കീഴടങ്ങല്‍’ ആവശ്യപ്പെടുകയും കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാതിരിക്കുകയും ചെയ്ത ട്രംപ്, തിങ്കളാഴ്ച ന്യൂയോര്‍ക്ക് പോസ്റ്റിനോട് അത്തരമൊരു ഉത്തരവ് നല്‍കാന്‍ താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് പറഞ്ഞു. യുദ്ധം ഉടന്‍ അവസാനിച്ചേക്കാം എന്ന് പറഞ്ഞെങ്കിലും, ‘ഞങ്ങള്‍ക്ക് ഇനിയും മുന്നോട്ട് പോകാന്‍ കഴിയും, ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂനിയര്‍ ഖമേനിയെ വധിക്കുന്നതിനെപ്പോലും ട്രംപ് പിന്തുണച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

യുദ്ധത്തിന്റെ സാമ്പത്തികച്ചെലവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ട്രംപിന്റെ സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സൈന്യം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്ന് വാദിച്ച് യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ചില ഉപദേശകര്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. കടുത്ത യാഥാസ്ഥിതിക വിഭാഗം ഇപ്പോഴും യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പോരാട്ടം ആ പിന്തുണ കുറയ്ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗം അമേരിക്കക്കാരും യുദ്ധത്തെ എതിര്‍ക്കുന്നതായി കണ്ടിരുന്നു. എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ പോയതും വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് ദോഷം ചെയ്യുമെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്ധനവില വര്‍ദ്ധനവിനെ നേരിടാന്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കൂടുതല്‍ ശക്തമായ പ്രചാരണ പദ്ധതികള്‍ ആവശ്യമാണെന്ന് ട്രംപിന്റെ സംഘം വിലയിരുത്തുന്നു.

വില കുറയ്ക്കുന്നതിനായി ചില രാജ്യങ്ങളുടെ മേലുള്ള ‘എണ്ണ ഉപരോധം’ നീക്കം ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞു, എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല. മേഖലയിലെ ടാങ്കറുകള്‍ക്ക് സുരക്ഷാ ഇന്‍ഷുറന്‍സ് നല്‍കുമെന്നും ആവശ്യമെങ്കില്‍ അമേരിക്കന്‍ നാവികസേന ഹോര്‍മുസ് കടലിടുക്കിലൂടെ ടാങ്കറുകള്‍ക്ക് അകമ്പടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാനിലെ ഒരു സ്‌കൂളിന് നേരെ നടന്ന ടോമഹോക്ക് മിസൈല്‍ ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ആരാണ് ഉത്തരവാദികളെന്നത് സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം തന്നെയാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതല്‍ ആയിരക്കണക്കിന് ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങള്‍ അമേരിക്ക തകര്‍ത്തിട്ടുണ്ട്. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതിയോടുള്ള ഭീഷണിയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇതിന് തിരിച്ചടിയായി ഇറാന്‍ അമേരിക്കന്‍ താവളങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ ഏഴ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയില്‍ നിന്ന് 36,000-ത്തിലധികം അമേരിക്കക്കാര്‍ ഇതുവരെ നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

This post was last modified on March 10, 2026 12:46 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment