ടീം മാനേജ്‌മെന്റ് മാത്രമല്ല, ലക്‌നൗ ആരാധകരല്ലാത്തവരുംകൂടി പുരികം ചുളിക്കുകയാണ്. ഋഷഭ് പന്തിനെ കുറിച്ചാണ് പറയുന്നത്. 27 കോടി വെറുതെയാകുമോ? ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്(എല്‍എസ്ജി) ഈ സീസണില്‍ ഇതുവരെ കളിച്ചത് മൂന്നു മത്സരങ്ങള്‍. രണ്ടിലും തോറ്റു. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ്. ഐപിഎലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക(27 കോടി)യ്ക്കാണ് ഡല്‍ഹിയില്‍ നിന്നും ഋഷഭ് പന്തിനെ ലക്‌നൗ വാങ്ങിയത്. നായക സ്ഥാനവും കൊടുത്തു. ടീമിന്റെ മുഖമാകുമെന്ന് കരുതിയവന്‍ ഇപ്പോള്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു കളിയിലും ഇരട്ടക്കയക്കം കടക്കാന്‍ പന്തിനായില്ല.
ചോദ്യമിതാണ്, അമിതമൂല്യം കല്‍പ്പിച്ചാണോ പന്തിന് ഇത്രയും തുക വിലയിട്ടത്? അയാളില്‍ നിന്നുണ്ടാകുന്ന ദുര്‍ബലമായ പ്രകടനങ്ങളാണ് ആരാധകരെ കൊണ്ടും അനലിസ്റ്റുകളെക്കൊണ്ടും ഈ ചോദ്യം ചോദിപ്പിക്കുന്നത്. കൊടുത്ത പണത്തിന്റെ മൂല്യം കാണിക്കുന്ന ഒരു പ്രകടനം പോലും പന്തിന് നടത്താനായിട്ടില്ല, ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും.
പന്തിന്റെ ഏറ്റവും വലിയ പരാജയം അയാളുടെ നേതൃത്വമാണ്. ഒരു നായകനെന്ന നിലയില്‍ പന്ത് ഒട്ടും പോരായെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെയുള്ള ആക്ഷേപം. 27 കോടിയുടെ ഫ്‌ളോപ്പ് എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പന്തിനെ പരിഹസിക്കുന്നത്.
ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനോട് നേരിട്ട തോല്‍വിയാണ് പന്തിന്റെ മേലുള്ള സമ്മര്‍ദ്ദം ഇരട്ടിയാക്കിയിരിക്കുന്നത്. ടീമിന്റെ രണ്ടാം തോല്‍വിക്ക് ശേഷം ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക പന്തുമായി ഗ്രൗണ്ടില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലതും ഓര്‍മിപ്പിക്കുന്നതായിരുന്നു.
മറ്റ് ഫാഞ്ചൈസി ഉടമകളില്‍ നിന്നും വ്യത്യസ്തനാണ് സഞ്ജീവ് ഗോയങ്ക. അദ്ദേഹം തന്റെ ടീമിന്റെ നായകന്മാരെ നേരിട്ട് ചോദ്യം ചെയ്യും, പരസ്യമായി തന്നെ. കഴിഞ്ഞ സീസണില്‍ ലക്‌നൗ നായകനായിരുന്ന കെ എല്‍ രാഹുല്‍ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടീമിന്റെ മോശം പ്രകടനത്തിനുശേഷം രാഹുലിനോടുള്ള അനിഷ്ടം പ്രകടിപ്പിക്കുന്ന ഗോയങ്കയെ കാമറകള്‍ പകര്‍ത്തിയിരുന്നു. രാഹുലിനെ പോലൊരു ദേശീയ ടീമംഗത്തെ പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉണ്ടായി. എന്തായാലും രാഹുല്‍ ഇത്തവണ ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ നിന്നും പന്ത് ലക്‌നൗവിലും. അതും 27 കോടിക്ക്!
ചൊവ്വാഴ്ച്ച പന്തുമായി ഗോയങ്ക നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പന്തിനു നേരെ ടീം ഉടമ വിരല്‍ ചൂണ്ടി സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ സംസാരം അവര്‍ അവസാനിപ്പിക്കുന്നത് പരസ്പരം പുഞ്ചിരിച്ചുകൊണ്ടാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി തോറ്റതിനുശേഷവും പന്തും ഗോയങ്കയും തമ്മില്‍ ഗ്രൗണ്ടില്‍ വച്ചുള്ള സംഭാഷണം നടന്നിരുന്നു. അപ്പോഴും സോഷ്യല്‍ മീഡിയ രാഹുലിന്റെ കാര്യം ഓര്‍മിപ്പിച്ചിരുന്നു.
ലക്‌നൗവിന്റെ രണ്ടാം മത്സരം കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടായിരുന്നു. ആ മത്സരം ജയിക്കാന്‍ എല്‍സിജിക്ക് കഴിഞ്ഞത് പന്തിനും രക്ഷയായി. എന്നാല്‍ മൂന്നാം മത്സരത്തില്‍ വീണ്ടും തോറ്റു. അതോടെയാണ് പന്തിന്റെ പരാജയം പ്രത്യേകമായി ചര്‍ച്ചയാകുന്നത്. ടീമിന്റെ തന്ത്രങ്ങളും കളിക്കളത്തിലെ നടപ്പാക്കലുകളും പാളുന്നുവെന്നാണ് പരാതി. അതിനെല്ലാം ഉത്തരവാദിയാക്കുന്നത് നായകനെയാണ്.
പന്തുമായുള്ള ഗോയങ്ക ഫീല്‍ഡില്‍ തന്നെ നടത്തിയ രണ്ടാമത്തെ സംഭാഷണം ആരാധകരും വിമര്‍ശകരും ഒരുപോലെ ആശങ്കയിലാണ് കാണുന്നത്. ടീമിന്റെ പ്രകടനത്തിലും ക്യാപ്റ്റനിലും ടീം ഉടമ തൃപ്തനല്ലെന്നു തന്നെയാണ് എല്ലാവരും കണക്കുകൂട്ടുന്നത്. ടീമിന്റെ പ്രകടനത്തിലും ക്യാപ്റ്റനും നിരാശനാണ്. പഞ്ചാബിനെതിരായ തോല്‍വിക്ക് ശേഷം പന്ത് തങ്ങളുടെ വീഴ്ച്ച തുറന്നു സമ്മതിക്കുകയും ചെയ്തു. പ്രതീക്ഷിച്ച സ്‌കോറില്‍ നിന്നും 20-25 റണ്‍സ് കുറവ് എടുക്കാനേ കഴിഞ്ഞുള്ളൂ എന്നാണ് നായകന്‍ സമ്മതിച്ചത്. ഹോം ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ ഇപ്പോഴും പൂര്‍ണമായി മനസിലാക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. പ്രധാന താരങ്ങള്‍ നേരത്തെ പുറത്തായാല്‍ വന്‍ സ്‌കോറിലേക്ക് പോകുന്നതില്‍ പരാജയപ്പെടുകയാണ്. 20-25 റണ്‍സ് കുറവായാണ് ഞങ്ങള്‍ക്ക് എടുക്കാന്‍ സാധിച്ചത്, പന്ത് ടീമിനെ വിലയിരുത്തി പറയുന്നതിങ്ങനെയാണ്. എന്നാല്‍ ഇത്തരം തിരിച്ചടികള്‍ ഒരു കളിയില്‍ സ്വഭാവികമായി സംഭവിക്കുന്നതാണെന്നാണും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ആദ്യ വിക്കറ്റുകള്‍ വീണശേഷം ടീം പതറിപ്പോകുന്നുവെന്നാണ് പന്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഈ കാര്യത്തില്‍ ടീമിനെ അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല. ഓരോ കളിക്കാരനും ടീമീനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്നാണ് ക്യാപ്റ്റന്റെ വാദം. സ്ലോ വിക്കറ്റിലായിരുന്നു കളി നടന്നത്. വേഗത കുറഞ്ഞെത്തുന്ന പന്തുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഈ പരാജയത്തില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്യും. ഈ കളിയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില നല്ല കാര്യങ്ങളും ഉണ്ടായിട്ടുണ്ട് എന്നൊക്കെയാണ് പന്ത് വിശദീകരിക്കുന്നത്. എന്താണ് ടീമിന് പ്രതീക്ഷ നല്‍കുന്ന നല്ല കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞതുമില്ല.
എന്നാല്‍ ക്യാപ്റ്റന്റെ വിശദീകരണത്തില്‍ ടീമിന്റെ ആരാധകരും പന്തിന്റെ വിമര്‍ശകരും തൃപ്തരല്ല. ലക്‌നൗവിന്റെയും പന്തിന്റെയും പ്രകടനം ഒരുപോലെ മെച്ചപ്പെടാനുണ്ടെന്നു തന്നെയാണവര്‍ പറയുന്നത്. പന്തിനുമേല്‍ സമ്മര്‍ദ്ദം കൂട്ടുന്ന പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ക്യാപ്റ്റന്‍, ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നൊരാളാണ് ഋഷഭ് പന്ത്. ഈ ജോലികള്‍ കൃത്യമായി ചെയ്യാന്‍ കൂടിയാണ് 27 കോടി നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന പ്രകടനങ്ങള്‍ വലിയൊരു ചോദ്യമുയര്‍ത്തുകയാണ്; 27 കോടി മുതലാകുമോ, അതോ ഈ സീസണിലെ ഏറ്റവും വലിയ പരാജയമായി പന്ത് മാറുമോ?
എന്തായാലും പന്തിന്റെ ഭാവിയിപ്പോള്‍ തുലാസിലാണ്. ടീമിന്റെയും തന്റെയും ജാതകം തിരുത്താന്‍ പന്ത് തന്നെ വിചാരിക്കണം. അതിനാദ്യം അദ്ദേഹത്തിന്റെ ബാറ്റ് ചലിക്കണം. കളി തുടങ്ങിയിട്ടെയുള്ളൂ. അതുകൊണ്ട് തന്നെ പ്രതീക്ഷ കൈവിടേണ്ടതില്ല. വരും മത്സരങ്ങളില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനാകണം. അല്ലെങ്കില്‍ ആകെ നാണക്കേടാകും. Is Rishab Pant’ a Rs 27 Crore Flop? Lucknow Super Giants’ owner does it again
Content Summary; Is Rishab Pant’ a Rs 27 Crore Flop? Lucknow Super Giants’ owner does it again
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.