June 04, 2026 |
Share on

പട്ടിണിക്കിട്ടുള്ള വംശഹത്യയോ?

ഗാസയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ട് സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് വഴികള്‍ ഇസ്രയേല്‍ അടച്ചു

ലക്ഷകണക്കിന് പലസ്തീനികളെ കൊടുപട്ടിണിയിലേക്ക് തള്ളിയിട്ടുകൊണ്ട് വടക്കന്‍ ഗാസയിലേക്കുള്ള ക്രോസിംഗുകള്‍(ചെക് പോയിന്റുകള്‍) ഇസ്രയേല്‍ അടച്ചു. ഗാസയിലേക്കുള്ള സഹായ വിതരണത്തെ സാരമായി ബാധിക്കുന്ന ഈ നടപടി, യുദ്ധവും ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ ഒരര്‍ത്ഥത്തില്‍ ആയുധമുപയോഗിക്കാതെയുള്ള കൂട്ടക്കൊലയ്ക്ക് വിധിക്കലാണ്.

ഇറാനെതിരായ ഹ്രസ്വകാല ആക്രമണത്തിന് ശേഷം ഗാസയിലെ മനുഷ്യാവകാശ ലംഘനത്തിലേക്ക് വീണ്ടും ഇസ്രയേലിന്റെ ശ്രദ്ധ മാറിയിരിക്കുന്നുവെന്നാണ് ആക്ഷേപം. ഇസ്രയേല്‍ ചെയ്യുന്ന ഈ ക്രൂരതയില്‍ നിന്നും പിന്മാറണമെന്നാണ് ലോകത്തിലെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇറാനെതിരായ ഏറ്റുമുട്ടല്‍ നടക്കുമ്പോഴും ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേല്‍ ഒരു ദിവസം പോലും നിര്‍ത്തിവച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാനുമായി ഏറ്റുമുട്ടല്‍ നടന്ന 12 ദിവസത്തില്‍ ഗാസയില്‍ അവര്‍ കൊന്നത് 800 ല്‍ അധികം മനുഷ്യരെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. വെടിവയ്പ്പുകളും ഷെല്ലാക്രമണങ്ങളിലുമാണ് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ ഏറ്റവും ക്രൂരത, ഭക്ഷണം തേടിയെത്തിയ മനുഷ്യര്‍ക്കു നേരെ വെടിയുതിര്‍ത്ത് അവരെ കൊന്നുകളഞ്ഞുവെന്നതാണ്. അമേരിക്കന്‍-ഇസ്രയേല്‍ പിന്തുണയോടെ നടത്തി വരുന്ന ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രങ്ങളില്‍ വിശന്നു വലഞ്ഞു ഭക്ഷണം തേടിയെത്തിയ ആയിരങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ പട്ടാളക്കാര്‍(ഇവര്‍ ജിഎച്ച്എഫിന് കാവല്‍ നില്‍ക്കുന്നവരാണെന്നും പറയുന്നു) വെടി വച്ചത്. ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ തന്നെ ഇത്തരത്തില്‍ ഒന്നേിലധികം തവണ പട്ടിണിക്കാരായ മനുഷ്യര്‍ക്കു നേരെ വെടിവയ്പ്പ നടത്തുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗാസയിലെ ഇപ്പോഴത്തെ സാഹചര്യത്തെ വംശഹത്യ എന്നാണ് സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കുറ്റപ്പെടുത്തിയത്. ഇസ്രയേലിന്റെ പ്രത്യക്ഷ വിമര്‍ശകനാണ് സാഞ്ചസ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനെതിരേ മുഴങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട ശബ്ദമായും സാഞ്ചസ് മാറിയിരിക്കുകയാണ്.

വ്യാപാര ബന്ധങ്ങള്‍ക്ക് അടിസ്ഥാനമായ സഹകരണ കരാറിന് കീഴിലുള്ള മനുഷ്യാവകാശ ബാധ്യതകള്‍ ഇസ്രയേല്‍ ലംഘിക്കുന്നതിന്റെ സൂചനകള്‍ അടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ടായിരുന്നു സാഞ്ചസിന്റെ പ്രതികരണം. ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുമ്പായാണ് ഇക്കാര്യത്തില്‍ സാഞ്ചസ് പ്രതികരണം നടത്തിയത്. പലസ്തീനിലേക്കുള്ള മാനുഷിക സഹായം തടഞ്ഞത്, സാധാരണക്കാരെ കൊല്ലുന്നത് വര്‍ദ്ധിക്കുന്നത്, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍, യുദ്ധം ഉണ്ടാക്കിയ കുടിയിറക്കം, മറ്റ് നാശങ്ങള്‍ ഇവയെല്ലാം സ്പാനിഷ് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു.

അതേസമയം, തങ്ങള്‍ക്കെതിരേ ആരോപിക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളും, വംശഹത്യയും ഇസ്രയേല്‍ ശക്തമായി നിഷേധിക്കുകയാണ്. ഇസ്രയേല്‍ വിരുദ്ധ പക്ഷപാതത്തിലും ജൂതവിരുദ്ധതയിലും അധിഷ്ഠിതമായ ആരോപണങ്ങളാണ് ഇതെല്ലാമെന്നാണ് അവര്‍ ആരോപിക്കുന്നത്.

വ്യാഴാഴ്ച ഇസ്രയേല്‍ സൈന്യം 56 പേരെ കൊലപ്പെടുത്തിയെന്നാണ് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്‌മൂദ് ബസാല്‍ പറഞ്ഞത്. ഇവരില്‍ ആറ് പേര്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ കാത്തു നിന്നവരാണെന്നും ബസാല്‍ പറയുന്നു.

ഭക്ഷണത്തിനായെന്ന പേരില്‍ എത്തുന്നവര്‍ക്കിടയില്‍ ഭീകരവാദികളും ഉണ്ടെന്നും, അവരെ നേരിടാനാണ് വെടിയുതിര്‍ക്കേണ്ടി വരുന്നതെന്നുമാണ് ഇസ്രയേല്‍ ന്യായീകരിക്കുന്നത്.

ഗാസയില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമമാണ് നേരിടുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇസ്രയേല്‍ എല്ലാ സഹായ വിതരണങ്ങളിലും കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏകദേശം 2.3 ദശലക്ഷം ആളുകളില്‍ ബഹുഭൂരിപക്ഷവും ‘ഗുരുതരമായ ക്ഷാമത്തിന്’ ഇരയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 20 മാസങ്ങളിലായി ഇസ്രയേല്‍ ഗാസയില്‍ നടത്തി വരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളും എണ്ണം 56,259 എത്തിയെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം, ഗാസയില്‍ മൂന്നാമത്തെ വെടിനിര്‍ത്തല്‍ സാധ്യത തെളിഞ്ഞിട്ടുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഗാസയില്‍ വെടി നിര്‍ത്തല്‍ ചര്‍ച്ചകളില്‍ വലിയ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതോടെയാണ് മൂന്നാം വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രതീക്ഷകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ഹമാസും ഇസ്രയേലി ഉദ്യോഗസ്ഥരും നല്‍കുന്ന സൂചന, അങ്ങനെയൊരു കരാറും അടുത്തുണ്ടാകില്ലെന്നാണ്.  Israel Blocks Direct Aid Route to Gaza

 

Content Summary; Israel Blocks Direct Aid Route to Gaza

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×