കഴിഞ്ഞാഴ്ച്ച ഒരു സംഘം ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍മാര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് കുശലം പറയുകയും അദ്ദേഹത്തിന് പുസ്തകം സമ്മാനിക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്യുന്ന സന്തോഷവാന്മാരായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ടിരുന്നു.
ആദിത്യ രാജ് കൗള്‍(ടിവി9), സക്കാ ജേക്കബ്(സിഎന്‍എന്‍-ന്യൂസ് 18), വിഷ്ണു സോം(എന്‍ഡിടിവി), അഭിഷേക് കപൂര്‍(റിപ്പബ്ലിക് ടിവി), സിദ്ധന്ത് സിബല്‍(വിയോണ്‍), മനാഷ് പ്രതിം(പിടിഐ), ശുഭജിത് റോയ്(ദി ഇന്ത്യന്‍ എക്‌സ്പ്രസ്) എന്നിവരായിരുന്നു ആ മാധ്യമസംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഇസ്രയേല്‍ വക്താവ് ഗൈ നിര്‍, ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ സംഘത്തെ നയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചിരുന്നു.
ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ ക്ഷണപ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ പോയതെന്നാണ്, അവരുടെ സ്ഥാപനങ്ങള്‍ പ്രതികരിച്ചത്. അതിലവര്‍ക്ക് യാതൊരു അസ്വഭാവികതയുമില്ല.
യുദ്ധക്കുറ്റം പേറുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളായി മാറിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അവര്‍ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും അസ്വഭാവികതയൊന്നും തോന്നാത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതാണ് ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ ഇപ്പോഴത്തെ കാരക്ടര്‍.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന സഹപ്രവര്‍ത്തകര്‍
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഗാസയില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കൊന്നു കളഞ്ഞത്. ഗാസ സിറ്റിയില്‍ അല്‍-ഷിഫ ആശുപത്രിക്ക് സമീപത്തായി മാധ്യമപ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയിരുന്ന ടെന്റില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍-ഷരീഫ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ലോകം മുഴുവന്‍ അപലപിച്ച സംഭവം. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണ്. ഇസ്രയേല്‍ പ്രതിരോധ സേന സ്വയം ന്യായീകരിക്കാന്‍ പറഞ്ഞത്, അനസ് അല്‍-ഷരീഫ് തീവ്രവാദി നേതാവ് ആണെന്നായിരുന്നു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇതിനകം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 63,000 ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിനെതിരായ യുദ്ധമെന്നാണ് ഇസ്രയേല്‍ പറയുന്നതെങ്കിലും പലസ്തീനികളുടെ വംശഹത്യയാണ് അവിടെ നടക്കുന്നതെന്ന് ഇസ്രയേലികള്‍ തന്നെ സമ്മതിക്കുന്നു. 18,500 ല്‍ അധികം പലസ്തീനി കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മേയ് മുതല്‍ ഇങ്ങോട്ട് മനുഷ്യസഹായ കേന്ദ്രങ്ങളില്‍ ഭക്ഷണം തേടിയെത്തിയ 1838 പേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 78 ഓളം പലസ്തീനികളെ കൊന്നുതള്ളി.
ആയുധങ്ങളും പട്ടിണിയും കൊണ്ട് വംശഹത്യ നടത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭ പരാതിപ്പെടുന്ന ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. പുറത്തു നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ തടയുന്ന ഇസ്രയേല്‍ സൈന്യം, പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഗാസയില്‍ ഇതുവരെ 230 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ലോകത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മരണഭൂമിയായി മാറിയിരിക്കുന്ന ഗാസയെ കാണാതെയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍, അതിനെല്ലാം കാരണക്കാരനായ ഇസ്രയേല്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത്. ബഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നില്‍ നിന്ന ആ മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ വീഴ്ച്ച അന്താരാഷ്ട്രതലത്തില്‍ വ്യക്തമാക്കുകയാണ് ചെയ്തത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ഇന്ത്യന്‍ മാധ്യമസംഘം
ഈ പ്രവര്‍ത്തിയില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമായതും പൗരന്റെ ഏറ്റവും മൂല്യമേറിയ അവകാശവുമായ വോട്ടില്‍ പോലും കള്ളത്തരം കാണിക്കുന്നുവെന്ന് ഭരണകൂടത്തിനെതിരേ ചോദ്യം ഉയരുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുകയും, കേവലം ബിജെപി-കോണ്‍ഗ്രസ് തര്‍ക്കമായി കുറച്ചു കാണുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയിലെ മുഖ്യധാര മാധ്യമപ്രവര്‍ത്തനം ഈ രൂപത്തിലാണ്.
ഇന്ത്യ അസ്വഭാവികമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അവിടെ ഭരണകൂടം ഏകാധിപത്യസ്വഭാവം കാണിക്കുന്നു. ബ്യൂറോക്രസി അവരോട് സന്ധി ചെയ്യുന്നു, ജുഡീഷ്യറിയാകട്ടെ നോക്കിയും കണ്ടും മാത്രം കാര്യങ്ങള്‍ ചെയ്യുന്നു. ഈയൊരു ഘട്ടത്തില്‍ ഇവയെല്ലാം ചോദ്യം ചെയ്യേണ്ടതും ജനങ്ങളോട് യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയും ചെയ്യുകയാണ് മാധ്യമങ്ങളുടെ ജോലി.
2014 വരെ ഈ ജോലിയെടുത്തിരുന്നവരാണ് ഇവിടുത്തെ മാധ്യമങ്ങള്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തം എന്താണെന്ന് അറിയാത്തതുകൊണ്ടല്ല, അവരത് ചെയ്യാന്‍ ഇന്നു താത്പര്യപ്പെടുന്നില്ല. ഭയം കൊണ്ടാകാം, പണം കണ്ടാകാം, മറ്റ് പല കാരണങ്ങളുമാകാം.
ഇപ്പോഴവര്‍ ചെയ്യുന്നത് എന്തായാലും മാധ്യമപ്രവര്‍ത്തനമല്ല. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഉണ്ടായിരിക്കുന്ന ഭയങ്കരമായ പ്രതിസന്ധിയോ, താരിഫ് വര്‍ദ്ധനവോ, തൊഴിലില്ലായ്മയോ, വിലക്കയറ്റമോ, കമ്പോളങ്ങളുടെ തകര്‍ച്ചയോ, അദാനിയെ മാത്രം വളര്‍ത്തുകയും ഇന്ത്യന്‍ സ്വകാര്യ സംരംഭകര്‍ നിക്ഷേപങ്ങള്‍ക്ക് ഭയന്നു മാറി നില്‍ക്കുകയും ചെയ്യുന്ന മോദി ഇന്ത്യയുടെ പ്രത്യേക അവസ്ഥാവിശേഷമോ ഒന്നും കാണാത്തവര്‍ക്ക് ഗാസയും കാണാനാകില്ല. അവര്‍ക്ക് താത്പര്യം ബഞ്ചമിന്‍ നെതന്യാഹുവിന്റെ വിരുന്ന് ആസ്വദിക്കാനാണ്.
ഒന്നവര്‍ മനസിലാക്കുന്നില്ല. തങ്ങള്‍ക്കും നേരെയും തോക്കുകള്‍ ചൂണ്ടപ്പെടുമെന്ന്. ജീവനും തൊഴിലിനും ഭീഷണിയുണ്ടാകുമെന്ന കാര്യം തിരിച്ചറിയാന്‍ അവര്‍ക്കാകുന്നില്ല. തങ്ങളും കൊല്ലപ്പെടാമെന്ന് മനസിലാക്കാനുള്ള വിവേകം ഇല്ലാതെ പോകുന്നു.
പത്രധര്‍മം മാറ്റിവച്ചേക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അഹാരം കഴിക്കാന്‍ വഴിയായ തൊഴിലിനോട് മാന്യത കാണിക്കാന്‍ ശ്രമിക്കാം, സ്വയം ഒരു ബഹമാനം ആര്‍ജിക്കാന്‍ ശ്രമിക്കാം. അതിനൊന്നും തയ്യാറാകാത്ത ഇന്ത്യന്‍ മാധ്യമലോകത്തിന്റെ കഥ കൂടിയാണ് നെതന്യാഹുവിനൊപ്പമുള്ള ആ ചിത്രം. While Israel kills journalists in Gaza, Indian journalists visit Benjamin Netanyahu
Content Summary; While Israel kills journalists in Gaza, Indian journalists visit Benjamin Netanyahu
Leave a Comment