ഗാസ ഏറ്റെടുക്കല്‍; ലോകത്തെ തള്ളി ഇസ്രയേല്‍, 10 ലക്ഷത്തോളം പലസ്തീനികളുടെ ഭാവി തുലാസില്‍

ഗാസയുടെ നിയന്ത്രണം ഏറ്റൈടുക്കുന്നത് ഉള്‍പ്പെടെയുള്ള അഞ്ച് ഇന പദ്ധതിക്കാണ് ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കിയതിനെതിരായി ഉയരുന്ന വിമര്‍ശനങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഇസ്രയേല്‍. ലോക നേതാക്കളുടെ വിമര്‍ശനങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേലിനെ അപലപിക്കുകയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ‘നമ്മുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ല’ എന്നായിരുന്നു പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. ഈ തീരുമാനം ഉറച്ചതും ഐക്യത്തോടെ എടുത്തതാണെന്നും ശത്രുക്കള്‍ക്ക് നേരെയുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറയുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഗാസ നഗരം ഏറ്റെടുക്കാനുള്ള ടെല്‍ അവീവ് തീരുമാനം ജൂലൈ 19 ലെ കരാറിന്റെ ലംഘനമാണെന്നും ഇയു-ഇസ്രയേല്‍ ബന്ധങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ വെള്ളിയാഴ്ച പറഞ്ഞത്. ഗാസയില്‍ യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും യുകെ, ഫ്രാന്‍സ്, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള സൈനികോപകരണങ്ങളുടെ കയറ്റുമതി നിര്‍ത്തി വയ്ക്കുകയാണെന്നാണ് ജര്‍മ്മനി അറിയിച്ചിരിക്കുന്നത്.

ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയില്‍, നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് ‘തത്ത്വങ്ങള്‍’ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്: ഹമാസിനെ നിരായുധീകരിക്കുക, എല്ലാ ബന്ദികളെ തിരികെ കൊണ്ടുവരിക, ഗാസ മുനമ്പിനെ സൈനികവല്‍ക്കരിക്കുക, പ്രദേശത്തിന്റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുക, ഹമാസോ പലസ്തീന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ സിവില്‍ ഭരണകൂടം ഗാസയില്‍ സ്ഥാപിക്കുക.

ഈ അഞ്ചിന പരിപാടിയില്‍, ഗാസ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ ഭാഗമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികളെ ഗാസയില്‍ നിന്നും തെക്കോട്ട് മാറ്റിപ്പാര്‍പ്പിക്കും. മധ്യ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളുടെയും ബന്ദികളെ തടവിലാക്കിയിരിക്കുന്നതായി കരുതുന്ന പ്രദേശങ്ങളുടെയും നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കും.

നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സൈനികാക്രമണം ഉണ്ടാകുമെന്നും അതോടൊപ്പം ഗാസയില്‍ മാനുഷിക സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇസ്രയേല്‍ തീരുമാനമായി അവിടുത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ ഗാസയിലെ സൈനിക നീക്കത്തിനുള്ള പദ്ധതിക്ക് ഇസ്രയേലിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. ചില സൈനിക ഉദ്യോഗസ്ഥര്‍ ഈ തീരുമാനത്തെ എതിര്‍ക്കുമ്പോള്‍, ഹമാസിന്റെ ബന്ദികളായവരുടെ കുടുംബങ്ങളും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

അതേസമയം ഹമാസ്, ഇസ്രയേല്‍ തീരുമാനത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസ പിടിച്ചെടുക്കുന്നത് പുതിയ യുദ്ധ കുറ്റകൃത്യമാണെന്നും, അതിന് അവര്‍(ഇസ്രയേല്‍) വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് ഹമാസ് വെല്ലുവിളിച്ചിരിക്കുന്നത്.

ഗാസയില്‍ ഇപ്പോള്‍ത്തന്നെ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അത് കൂടുതല്‍ വഷളാക്കരുതെന്നുമാണ് ലോകം ഇസ്രയേലിനോട് അഭ്യര്‍ത്ഥിക്കുന്നത്. ഇസ്രയേല്‍ തീരുമാനത്തെ തള്ളിക്കൊണ്ട് വെള്ളിയാഴ്ച, യുകെ, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യമാണ് പറയുന്നത്. ഗാസ പിടിച്ചെടുക്കാനും ഇസ്രയേലിന്റെ കടന്നു കയറ്റം വര്‍ദ്ധിപ്പിക്കാനുമുള്ള ഏതൊരു തീരുമാനവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നാണ് വിദേശകാര്യ മന്ത്രിമാരുടെ പ്രസ്താവനയില്‍ പറയുന്നത്.

സംഘര്‍ഷം രൂക്ഷമാക്കുന്നത് വലിയതോതിലുള്ള നിര്‍ബന്ധിത കുടിയിറക്കത്തിനും, കൂടുതല്‍ കൊലപാതകങ്ങള്‍ക്കും, അസഹനീയമായ കഷ്ടപ്പാടുകള്‍ക്കും, വിവേകശൂന്യമായ നാശത്തിനും, ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും’ കാരണമാകുമെന്നാണ് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇസ്രയേലിന്റെ തീരുമാനം ഏകദേശം പത്തുലക്ഷം പലസ്തീനികളുടെ ഭാവിയെയാണ് തുലാസിലാക്കിയിരിക്കുന്നത്.  Israel security cabinet approved Gaza take over dismisses international criticism

Content Summary; Israel security cabinet approved Gaza take over dismisses international criticism

This post was last modified on August 9, 2025 1:05 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment