ഒരു വശത്ത് വെടി നിര്‍ത്തലിനായി പരിശ്രമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുമ്പോള്‍, മറുവശത്ത് ഗാസയില്‍ വലിയ ആക്രമണം ആസൂത്രണം ചെയ്ത് ഇസ്രയേല്‍. ജനങ്ങളോട് വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോയ്‌ക്കൊളാന്‍ അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പതിനായിരങ്ങള്‍ വടക്കന്‍ ഗാസയുടെ പല ഭാഗങ്ങളില്‍ നിന്നും പലായനം ആരംഭിച്ചു കഴിഞ്ഞു. ഗാസ നഗരമധ്യത്തിലേക്കും പടിഞ്ഞാറേക്കും ആക്രമണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഗാസ സിറ്റിയിലും ജബാലിയയിലും പരിസര പ്രദേശത്തുമുള്ളവരോട് തെക്കോട്ട് അല്‍-മവാസിയുടെ തീരപ്രദേശത്തേക്ക് മാറാനാണ് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.
കൈയില്‍ കിട്ടിയ സാധനങ്ങളുമായി ആളുകള്‍ ജീവന്‍ രക്ഷിക്കാനായി പായുകയാണ്. കഴുത വണ്ടികളിലും, സൈക്കിളിലും പിക്കപ്പ് വാനുകളിലുമൊക്കെയായി പലസ്തീനികള്‍ സുരക്ഷിത സ്ഥലം തേടി പോവുകയാണ്. ഇതിനിടയില്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തകര്‍ന്നതിന് ശേഷം, വീണ്ടും ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ നിരവധി പലസ്തീനുകളാണ് അന്നു മുതല്‍ വടക്ക് നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഇതുവരെ പലസ്തീനില്‍ 56,500 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
ഇസ്രയേല്‍ അവരുടെ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 86 പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നത്. ജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകളിലും ഇസ്രയേല്‍ ആളുകളെ കൊല്ലുകയാണ്. അല്‍-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ അവര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ മാതാപിതാക്കള്‍ പറഞ്ഞത്.
അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തുക, ഹമാസിന്റെ കൈയില്‍ നിന്നും ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്കായി താന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചു ചര്‍ച്ച നടത്തുകയാണെന്നാണ് ശനിയാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റിലും പറഞ്ഞിരുന്നത്.
വടക്കന്‍ ഗാസയിലുള്ള ഭീകരരെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് അവിചേ അദ്രെയ് ഞായറാഴ്ച പറഞ്ഞത്. ഞായറാഴ്ച്ച രാവിലെ മുതല്‍ ഐഡിഎഫ് വടക്കന്‍ ഗാസയില്‍ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണെന്നാണ് ഗാസയിലെ ഡോക്ടര്‍മാരും അവിടെയുള്ള താമസക്കാരും പറയുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വീടുകള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച മാത്രം 23 സാധാരണക്കാരായ പലസ്തീനികളെ ഇസ്രയേല്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
വടക്കന്‍ മേഖലയില്‍ ഖാന്‍ യൂനിസിന് സമീപത്തുള്ള അല്‍-മവാസിയില്‍, നിരാലംബരായ ആളുകളെ പാര്‍പ്പിച്ചിരുന്ന ഒരു ടെന്റില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. Israel warns of major offensive Tens of thousands flee Gaza city
Content Summary; Israel warns of major offensive Tens of thousands flee Gaza city
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.