July 12, 2025 |
Share on

വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിലുണ്ടായ വെടിവെയ്പ്പിൽ ഇസ്രയേലിനെ വിമർശിച്ച് രാജ്യങ്ങൾ

‘നയതന്ത്ര പ്രതിനിധികൾക്കെതിരെയുള്ള ആക്രമണം ഹീനം ‘

ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെത്തിയ 25 നയതന്ത്ര ഉദ്യോസ്ഥർക്കെതിരെ മുന്നറിയിപ്പ് വെടിവെയ്പ്പ് മുഴക്കി ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിലെ അവസ്ഥയെക്കുറിച്ച് നേരിട്ട് അറിയുന്നതിനും മാനുഷിക സാഹചര്യം നിരീക്ഷിക്കുന്നതിനും വേണ്ടി എത്തിയതായിരുന്നു നയതന്ത്ര പ്രതിനിധി സംഘം.

കാനഡ, യുകെ, ചൈന, റഷ്യ തുടങ്ങി 31 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടങ്ങുന്നതായിരുന്നു സംഘം. നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ഹീനമായ പ്രവൃത്തിയെന്നാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. സംഘത്തിന് നേരെ ഇസ്രയേൽ സൈന്യം വെടിവെയ്പ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

അതേസമയം, പ്രതിനിധി സംഘം പോകാൻ അനുമതി നൽകിയ പാതയിലൂടെയല്ല സഞ്ചരിച്ചതെന്നും അവരെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ്  സൈനികർ മുന്നറിയിപ്പ് വെടിയുതിർത്തതെന്നും ഇസ്രയേൽ അറിയിച്ചു. മറുപടിയായി കാനഡ, യുകെ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇസ്രയേൽ അംബാസഡർമാരെ വിളിച്ചുവരുത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. അം​ഗീകരിക്കാൻ കഴിയാത്ത നീക്കമാണ് ഇസ്രയേലിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് രാജ്യങ്ങൾ അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനം രൂക്ഷമാകാൻ സംഭവം ഇടയാക്കിയിട്ടുണ്ടെന്നാണ് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ‌‌

കാനഡ, തുർക്കി, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ഉദ്യോസ്ഥരെ ഒരിക്കലും ആക്രമിക്കാൻ പാടില്ലായിരുന്നുവെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ വെടിവെയ്പ്പ് നടത്തിയതെന്ന് ഈജിപ്ത് വിമർശിച്ചു. ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് നി​ല​വി​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 12 ബു​ൾ​ഡോ​സ​റു​ക​ൾ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ക്യാ​മ്പി​ലെ വീ​ടു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സൈ​ന്യം ത​ക​ർ​ത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഗാസയിൽ ബുധനാഴ്ച ഇസ്രയേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിലും 82 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖാൻ യൂനിസിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. ഗാസയുടെ പൂർണ നിയന്ത്രണമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചിരുന്നു.

Content Summary: Israeli Troops Fire Near Diplomats During West Bank Visit

Leave a Reply

Your email address will not be published. Required fields are marked *

×