July 16, 2026 |
Avatar
അമർനാഥ്‌
Share on

പുസ്തകപ്പുരയിലെ കിഴക്കേ മുറി

മലയാള പുസ്തക പ്രസാധന രംഗത്തെ കുലപതിയായ ഡിസി കിഴക്കേമുറി ഓര്‍മ്മയായിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്

ആദിയില്‍ വചനമുണ്ടായി,
വചനം ഗ്രന്ഥമായി,
ഗ്രന്ഥം ഡിസിയോടൊപ്പം ആയിരുന്നു.

പുസ്തകങ്ങളുടെ ലോകം ഒരു സമുദ്രമാണ്. ആ ലോകത്ത് ഒരു കപ്പല്‍ച്ചേതത്തിലും മുങ്ങാത്ത, നിറയെ ആശയങ്ങളുള്ള ഒരു വലിയ നൗകയായിരുന്നു ഡി സി. കാഞ്ഞിരപ്പള്ളിക്കാരന്‍ കിഴക്കേ മുറിയെന്ന, ഡൊമനിക്ക് ചാക്കോ.

അര നൂറ്റാണ്ട് മുന്‍പ് ലോകത്തിലാദ്യമായി ഒരു പുസ്തകം കപ്പലില്‍ വെച്ച് പ്രകാശനം നടത്തിയ ആളാണ് ഡി സി കിഴക്കേമുറി. 1972 ജൂണില്‍ കൊച്ചിയിലായിരുന്നു സംഭവം. കൊച്ചിക്കായലില്‍ നങ്കൂരമിട്ടിരുന്ന ലക്ഷദ്വീപിലേക്കുള്ള ‘അമീന്‍ ദീപി’ എന്ന കപ്പലില്‍ വെച്ച് സതി കുമാരന്‍ നായരും കെ എന്‍ പി നമ്പൂതിരിയും ചേര്‍ന്നെഴുതിയ ‘അറബിക്കടലിലെ പവിഴ ദ്വീപുകള്‍’ എന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ കൃതി പ്രകാശനം ചെയ്യപ്പെട്ടു. ഡി സി കിഴക്കേമുറിയെന്ന പ്രസാധകന്റെ വ്യത്യസ്തമായ ആശയങ്ങളിലൊന്ന് മാത്രമായിരുന്നു അത്. അവസരങ്ങളെ സൃഷ്ടിക്കുക, അവ ഉപയോഗപ്പെടുത്തുക!

DC Kizhakemuri


ഡി സി കിഴക്കേമുറി

എം.ടി. വാസുദേവന്‍ നായര്‍ ഒരിക്കല്‍ തന്റെ സാഹിത്യ സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് പുതിയ ഒരു പ്രസാധകന് തന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തു. ധാരാളം രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെ അയാള്‍ തുടങ്ങിയ പ്രസാധക പ്രസ്ഥാനം എ.ടി.യുടെ ഒരു പുസ്തകം അച്ചടിച്ചു. അച്ചടിച്ച തന്റെ പുസ്തകം കണ്ടപ്പോള്‍ എം.ടി. ഞെട്ടി. വില കൊടുത്ത് അതാരും വാങ്ങില്ല. കൈ കൊണ്ട് തൊടില്ല. പുസ്തകം വിറ്റു തീരാതെ പുതിയ പതിപ്പ് മറ്റാരെയും ഏല്‍പ്പിക്കാന്‍ വയ്യ. തന്നെ ഈ ഏടാകൂടത്തില്‍ ചാടിച്ച സുഹൃത്തുക്കളേയും കൂട്ടി. അയാളെ കണ്ടു. പുസ്തകത്തിന്റെ അച്ചടിയിലെ അശ്രദ്ധയെപ്പറ്റി എം.ടി. അയാളോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ‘പുസ്തകത്തിന്റെ ചട്ടയുടെ നിറവും ചിത്രവും നോക്കിയല്ല ആളുകള്‍ വാങ്ങുക. അകത്തെ സാധനം നന്നെങ്കില്‍ വില്‍ക്കും’.

എം.ടി. ചോദിച്ചു, ‘ഡി.സിയുടെ പുസ്തകങ്ങള്‍ കാണാറില്ലേ?

ഏത് ഡി.സി?

ഡി.സി. ബുക്‌സ്.

എനിക്കറിയില്ല.

പിന്നെ ചോദിച്ചത് മറ്റൊരു എം.ടിയായിരുന്നു.

‘പിന്നെ താനൊക്കെ എന്തിനീ പണിക്കു നടക്കുന്നു? സര്‍ക്കാരിന്റെ കാശടിക്കാനോ?
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ എം.ടിയെ പിടിച്ചിറക്കി കൊണ്ടു വന്നിരുന്നെങ്കില്‍ അത് കുറെ കൂടി അക്രമാസക്തമാകുമായിരുന്നു. എതായാലും എം.ടി.യുടെ തല്ല് കിട്ടിയ ആദ്യ മലയാളിയെന്ന ഖ്യാതി അയാള്‍ക്ക് നഷ്ടമായി. പോരുമ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞു, ‘അയാള്‍ വക്കീലാണ്.

എം.ടി പറഞ്ഞു, ‘എങ്കില്‍ ചീത്ത കുറഞ്ഞു പോയി’.

ഏറെ താമസിയാതെ ആ പ്രസാധന കമ്പനി പൂട്ടി.

‘എഴുതിയ വാക്കുകളോട് ബഹുമാനമുണ്ടായിരുന്നതു കൊണ്ടാണല്ലോ പേജില്‍ അച്ചടിച്ച രൂപത്തില്‍ വരുമ്പോള്‍ അവയ്ക്ക് കുലീനതയുണ്ടാകണമെന്ന് ഡി. സി. നിശ്ചയിച്ചത്. പുസ്തക പ്രസാധനത്തില്‍ ഡി.സി. തുടങ്ങി വെച്ച വിപ്ലവം വാക്കിന്റെ വില അറിഞ്ഞു കൊണ്ടായിരുന്നു. ഏത് കൊച്ചു പ്രസാധകനും പുസ്തകത്തിന്റെ രൂപ സംവിധാനത്തില്‍ ശ്രദ്ധിക്കുന്ന അവസ്ഥ ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ഒരു ഡിസി പാരമ്പര്യത്തിന്റെ സദ്ഫലമാണ്.’ ഡി.സി കിഴക്കേ മുറിയെന്ന പ്രസാധകനെ കുറിച്ച് എം.ടി എഴുതി.

‘പുസ്തകങ്ങള്‍ മരിക്കുകയാണോ’ എന്ന വിവാദം പാശ്ചാത്യ ലോകത്തില്‍ നടക്കുന്ന കാലത്താണ്. ‘വാങ്ങിപ്പിക്കും വായിപ്പിക്കും’ എന്ന നിശബ്ദ മുദ്രാവാക്യവുമായി ഡി.സി. ഇവിടെ പ്രസാധന കലയില്‍ ഒരു വിപ്ലവം വരുത്തുന്നത്. എഴുത്തുകാരെല്ലാം, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കാത്തവര്‍ കൂടി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതും അത് കൊണ്ടു തന്നെ.’ എം.ടി പറയുന്നു.

DC Kizhakemuri

ഡി സി കിഴക്കേമുറി

ഡി.സി. കാഞ്ഞിരപ്പള്ളിക്കാരന്‍ കിഴക്കേ മുറി ഡൊമനിക്ക് ചാക്കോ സ്‌കൂള്‍ അധ്യാപകനായി ജീവിതം തുടങ്ങിയ ആളാണ്. സ്വാതന്ത്ര്യ സമരത്തിന്റെ കാറ്റ് തിരുവിതാംകൂറിലാകെ വീശിയടിക്കുന്ന കാലത്താണ് കോട്ടയത്തെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 1945ല്‍ കോട്ടയത്ത് കളരിക്കല്‍ ബസാറില്‍ ഡി സി, സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കി, പിന്നീട് മന്ത്രിയായ പി ടി ചാക്കോ എന്നിവര്‍ ചേര്‍ന്ന് ‘നാഷണല്‍ ബുക്ക് സ്റ്റാള്‍’ തുടങ്ങുന്നത്. തൊട്ടുപിന്നാലെ, സാഹിത്യ പ്രവര്‍ത്തന സഹകരണ സംഘവും ആരംഭിച്ചു.
എഴുത്തുകാര്‍ സഹകരണാടിസ്ഥാനത്തില്‍ തങ്ങളുടെ പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ സംഘടിപ്പിക്കുകയും അത് വിജയിക്കുകയും ചെയ്ത മാതൃക ചരിത്രത്തിലില്ല. എന്നാല്‍ അത് ഡി സി തിരുത്തി. പ്രസാധകന്റെ ധര്‍മ്മവും പ്രസാധന കലയുടെ മര്‍മ്മവും അറിയാവുന്ന ആളായിരുന്നു അദ്ദേഹം. മലയാള കൃതികള്‍ ഭംഗിയായി അച്ചടിച്ച് പുറത്ത് വന്നു തുടങ്ങി. സാഹിത്യകാരനായ സി ജെ തോമസ് വരച്ച അരയന്ന മുദ്രയുമായി ഇറങ്ങിയ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകങ്ങള്‍ വന്‍ തോതില്‍ വിറ്റു പോയി. സംഘം പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ‘തകഴിയുടെ കഥകള്‍’ ആണ്. 120 രൂപയാണ് തകഴിക്ക് അന്ന് പ്രതിഫലം. മുന്‍കൂറായി നല്‍കിയത്.

thakazhi-dc

ഡി സി കിഴക്കേമുറിയും തകഴിയും

ഉണ്ണാന്‍ ഗതിയില്ലാതെയിരുന്ന സാഹിത്യകാരന്മാരെ വരുമാന നികുതി കൊടുക്കുന്നവരാക്കി മാറ്റിയ പ്രസ്ഥാനമാണ് സാഹിത്യ പ്രവര്‍ത്തക സംഘം. ആ കാലത്ത് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ പടികേറാത്ത കേരളത്തിലെ സാഹിത്യകാരന്മാര്‍ അപൂര്‍വ്വമായിരുന്നു. പുസ്തകങ്ങളുടെ രചയിതാവിന് 30% റോയല്‍റ്റി നല്‍കിയ ലോകത്തിലെ തന്നെ എഴുത്തുകാരുടെ ആദ്യത്തെ സഹകരണ പ്രസ്ഥാനമായിരുന്നു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. മലയാളത്തിലെ വിഖ്യാതമായ മിക്ക നോവലും കഥകളും കവിതകളും വിമര്‍ശനങ്ങളുമെല്ലാം പുറത്തുവന്നത് സംഘം വഴി തന്നെ. നിഘണ്ടു, ശബ്ദതാരാവലി തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങള്‍ വേറെയും.

കേരളത്തില്‍ പുസ്തകങ്ങളെ വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കിയത് 1952 ല്‍ തിരുക്കൊച്ചി മുഖ്യമന്ത്രിയായ എ ജെ ജോണിന്റെ ഭരണകാലത്താണ്. അന്നത്തെ മന്ത്രിമാരായ പറവൂര്‍ ടി കെ നാരായണ പിള്ളയെയും പനമ്പിള്ളിയെയുമൊക്കെ ചെന്നു കണ്ട് നിവേദനം നല്‍കിയാണ് ഡി സി ഇത് സാധിച്ചെടുത്തത്. തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ഭടനായിരുന്ന ഡി സി മന്ത്രിമാരൊക്കെയായിട്ട് നല്ല ബന്ധം പുലര്‍ത്തിയിരുന്നതും മന്ത്രിയായ പനമ്പിള്ളിയെപ്പോലുള്ളവര്‍ ഒന്നാംതരം വായനക്കാരായിരുന്നതും കൊണ്ട് ഇത് നടന്നു. ഇതിന് ഡി സി മുന്നിട്ടിറങ്ങിയില്ലായിരുന്നെങ്കില്‍ എല്ലാ ബജറ്റിലും വില വര്‍ധിക്കുന്ന മറ്റൊരു ഇനമായി മാറിയേനെ പുസ്തകങ്ങള്‍. തിരുക്കൊച്ചി സര്‍ക്കാരിന്റെ ഈ തീരുമാനം മാതൃകയായി കണ്ട് 1952ല്‍ ദേശീയ വികസന സമിതിയില്‍ ‘പുസ്തകത്തിന് ഇനി നികുതി ഈടാക്കേണ്ട’ എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിച്ചു.

ഒന്നാന്തരമൊരു സെയില്‍സ് മാനേജറായിരുന്ന ഡി സിയുടെ ബുദ്ധിയിലുദിച്ച വിപണന തന്ത്രമാണ് തവണകളായി പണം കൊടുത്ത് വിലയുടെ അധിക ഭാരമില്ലാതെ വായനക്കാരന് പുസ്തകം സ്വന്തമാവുക എന്നത്. ‘പ്രീ പബ്ലിക്കേഷന്‍’ സൂത്ര വിദ്യയുടെ ആചാര്യനായിരുന്നു ഡി സി. സാഹിത്യ പ്രവര്‍ത്തക സംഘം പുറത്ത് കൊണ്ടുവരുന്ന ബൃഹദ് ഗ്രന്ഥങ്ങള്‍ മിക്കതും വായനക്കാരിലെത്തിയത് അങ്ങനെയാണ്. സ്വന്തം ജീവിതത്തിലെ കൃത്യനിഷ്ഠ കര്‍മ്മ രംഗത്തും അദ്ദേഹം പാലിച്ചു. സംഘം പ്രഖ്യാപിച്ച, പ്രീ പബ്ലിക്കേഷന് പണമടക്കാനുള്ള അവസാന തിയതി കഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ പണം വന്നാല്‍ സ്വീകരിക്കില്ല, അതേപടി തിരിച്ചയക്കും! പ്രഖ്യാപിച്ച ദിവസം പുസ്തകം ഇറങ്ങിയിരിക്കും! ഈ കൃത്യതയായിരുന്നു വായനക്കാരുടെ സംഘത്തിലുള്ള വിശ്വാസം.

DC Kizhakemuri

ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു പ്രകാശനം. എൻ.വി. കൃഷ്ണവാര്യർ പ്രസംഗിക്കുന്നു. എൻ. കൃഷ്ണപിള്ള, മന്ത്രി ചാക്കേരി അഹമ്മദ് കുട്ടി , സി അച്യുതമേനോൻ, ഡി. സി. വേദിയിൽ

അറിവിന്റെ വഴികളേയും, ഏറ്റവും മികച്ച എഴുത്തുകാരേയും വിജ്ഞാനികളെയും മലയാള പുസ്തക ലോകത്ത് ഏറ്റവും അധികം പ്രയോജനപ്പെടുത്തിയ ഒരു പ്രസാധകനായിരുന്നു ഡി. സി. അതിന് ഉത്തമ ഉദാഹരണമായിരുന്നു എന്‍.വി കൃഷ്ണവാര്യര്‍ ഡി.സി ബുക്‌സുമായി ബന്ധപ്പെട്ടത്. 1975 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഡയക്ടറായി വിരമിച്ച എന്‍. വി. പാലക്കാട്ടിനടുത്തുള്ള കാട്ടുകുളത്ത് പഴയ തറവാടു വീട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. സങ്കരയിനം പശുക്കളെ വളര്‍ത്തി വരുമാനമുണ്ടാക്കി ജീവിക്കാനാണ് പദ്ധതി. ഡയറി ഫാം നടത്തുക എന്‍.വിയുടെ മകള്‍ ഉഷ അതില്‍ ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്, അതിനാല്‍ ഉപദേശത്തിനാളുണ്ട്. പക്ഷേ, എന്‍.വി. കാലിമേയ്ക്കാന്‍ കാട്ടുകുളത്തേക്ക് പോയില്ല. കാരണം ഡി.സി. കിഴക്കേമുറിയെന്ന പ്രസാധകന്‍ ഇടപെട്ടു.

ഡി.സി.ബുക്‌സ് തുടങ്ങിയ കാലം ‘എന്‍.വിക്ക് ഡി.സി. ഒരു ഓഫര്‍ നല്‍കി. എന്‍.വിക്ക് പ്രതിമാസം ഇത്ര രൂപ കിട്ടിയാല്‍ മതിയോ? എന്‍വി പറഞ്ഞു, ധാരാളം. എങ്കില്‍ അതിനേക്കാള്‍ കുറച്ച് കൂടിയ തുക എനിക്ക് തരാന്‍ കഴിയും. അങ്ങനെ എന്‍.വി ഡിസിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. മലയാളത്തില്‍ ആധുനിക വൈജ്ഞാനിക സാഹിത്യ ശാഖക്ക് ഡി.സിയും എന്‍.വി യും കൂടി അന്ന് തുടക്കം കുറിച്ചു. ‘ലോകരാഷ്ട്രങ്ങള്‍’ പരമ്പരയിലെ 32 വാള്യങ്ങള്‍, ‘നാം ജീവിക്കുന്ന ലോകം’ 35 വാള്യം. എന്‍.വി എഡിറ്റ് ചെയ്ത ഈ പരമ്പരകള്‍ ഡി.സി. ബുക്‌സിലൂടെ പുറത്ത് വന്നു. ടി. രാമലിംഗ പിള്ളയുടെ ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു 3 വോള്യം, പിന്നെ അഖില വിജ്ഞാനകോശം എന്ന ഡെസ്‌ക് എന്‍സൈക്ലോപീഡിയ 4 വോള്യം ഇതൊക്കെ ഡിസി കിഴക്കേമുറിയെന്ന മലയാള ഭാഷാസ്‌നേഹി കൈരളിക്ക് നല്‍കിയ സംഭാവനകളാണ്.

ഒ.വി.വിജയന്റെ ധര്‍മ്മപുരാണം മലയാള നാട്ടില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ പുസ്തകമാക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഒ.വി.വിജയന്റെ പുസ്തകങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതായിട്ടും ആരും തയാറായില്ല. വിജയനോട് എഴുത്തുകാരന്‍ സഖറിയ നിര്‍ദേശിക്കുന്നു പുസ്തകം ഡി.സിക്ക് കൈമാറുക. വിജയന്‍ ചോദിച്ചു ‘ഇതു പോലൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി. ധൈര്യപ്പെടുമോ?

സഖറിയ പറഞ്ഞു, ‘ഒന്ന് ശ്രമിച്ചു നോക്കാം’. സഖറിയ കയ്യെഴുത്തു പ്രതിയുമായി ഡി.സിയെ കാണുന്നു.

ധര്‍മ്മപുരാണം എന്ന പേര് കേട്ടപ്പോഴെ ഡി.സി. ഞെട്ടി. ‘അതില്‍ എന്തൊക്കയോ അച്ചടിക്കാന്‍ വയ്യാത്തതൊക്കെ ഇല്ലേ? ഡിസി ചോദിച്ചു. അപ്പോള്‍ സഖറിയ അതിനെ കുറിച്ച് ഒരു ചെറിയ പ്രഭാഷണം തന്നെ നടത്തി. എന്ത് കൊണ്ടാണ് ഇത് മലയാളത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നായിരിക്കുന്നതെന്ന് വിശദീകരിച്ചു. അതെല്ലാം കേട്ടപ്പോള്‍ ഡി സി ചോദിച്ചു.

‘അതെല്ലാം ഇരിക്കട്ടെ, ഇത് വില്‍ക്കുമോ?
‘സംശയമെന്ത് ഖസാക്കിനേക്കാള്‍ വില്‍ക്കും’ സഖറിയ പറഞ്ഞു.

ഇപ്പോള്‍ പറഞ്ഞതെല്ലാം സഖറിയ ഒരു പേപ്പറില്‍ എഴുതി തരാമോ? പബ്ലിക്കേഷന്‍ കമ്മറ്റിയുടെ മുന്‍പില്‍ വെയ്ക്കാനാണ്’ ഡി.സി പറഞ്ഞു.

Dharmapuranam novel

അങ്ങനെ സഖറിയ ഒരു പുസ്തകത്തെപ്പറ്റി ആദ്യത്തെ ഗൗരവകരമായ ഒരു കുറിപ്പ് എഴുതുന്നു. ഡി.സി. അത് വാങ്ങി. പിന്നീട് ധര്‍മ്മപുരാണം 1985 ഓഗസ്റ്റില്‍ ആദ്യമായി പുസ്തക രൂപത്തില്‍ വന്നു. ഡി. സി. ബുക്‌സിന്റെ 1000ാം മത്തെ പുസ്തകം എന്ന ഖ്യാതിയും അന്ന് ധര്‍മ്മപുരാണം നേടി. പിന്നീട് ഒ.വി. വിജയന്‍ ഡി.സി. യുടെ ഏറ്റവും ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരനായി. പ്രസിദ്ധീകരണത്തിന്റെ 40ാം വര്‍ഷത്തില്‍ ധര്‍മ്മപുരാണം 28 പതിപ്പിലെത്തി നില്‍ക്കുന്നു. ഒരംഗീകാരം പോലെ സഖറിയ അന്നെഴുതിയ കുറിപ്പ് ധര്‍മ്മപുരാണത്തിന്റെ എല്ലാ പതിപ്പിലും ഇന്നും ഉണ്ട്.

‘ഡിസിയുടെ മതം മലയാളമാണ്. ഡിസി യുടെ വര്‍ഗ്ഗം അക്ഷരമാലയിലെ വര്‍ഗ്ഗങ്ങളാണ്. സാഹിത്യകാരമാരുടെ സംഘം തമ്മില്‍ത്തല്ലി തകര്‍ന്നപ്പോള്‍ പ്രത്യയശാസ്ത്രങ്ങളില്ലാത്ത ഈ മൂരാച്ചിക്ക് മലയാള പുസ്തകങ്ങള്‍ക്ക് ഒരു പുതിയ, വമ്പിച്ച സമകാലീനമായ ഭവനം തുറന്നു കൊടുക്കാനായല്ലോ, അത് തന്നെ ധാരാളം’ സഖറിയ ഡി.സിയെ അനുസ്മരിച്ച് എഴുതി.

ലോക പ്രസ്തമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളയായ ”ന്യൂ ഡല്‍ഹി പുസ്തക മേള’യില്‍ മലയാള പുസ്തകങ്ങള്‍ ആദ്യമായി എത്തിച്ചതും അവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയതും ഡിസിയുടെ ശ്രമഫലമായിരുന്നു.

നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ (NBT) സംഘടിപ്പിക്കുന്ന (NDWBF) ’50 വര്‍ഷം പൂര്‍ത്തിയാക്കിയ ഡല്‍ഹി പുസ്തകമേള ഇന്ത്യയുടെ എഴുത്തുകാരുടേയും വായനക്കാരുടേയും സംഗമ ഭൂമിയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഏറ്റവും ചിട്ടയായി, നന്നായി നടക്കുന്ന , വിവാദങ്ങളൊന്നും സ്പര്‍ശിക്കാത്ത മേളകളിലൊന്നാണ് ഇത്. സംസ്‌കാരവും അറിവും ഒത്തു ചേരുന്ന ഒരു ദേശീയഅക്ഷര ഉത്സവമാണത്.

1976 ല്‍ മൂന്നാമത്തെ പുസ്തകമേളയിലാണ് കേരളത്തില്‍ നിന്നുള്ള മലയാള പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡി സി കിഴക്കേമുറിയായിരുന്നു അതിനു പിന്നില്‍. ഡിസി കിഴക്കേമുറി അന്നത്തെ വിദ്യഭ്യാസ മന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയെ കണ്ട് മലയാള പുസ്തകങ്ങള്‍ ഡല്‍ഹി പുസ്തക മേളയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു. കേരളത്തിലെ പ്രസാധകര്‍ക്ക് പുസ്തകങ്ങളുമായി ഡല്‍ഹിയിലെത്താനുള്ള ചിലവും മറ്റ് കാര്യങ്ങളും ദുഷ്‌കരമാണെന്നും സര്‍ക്കാര്‍ സഹായം കൂടിയേ തീരു എന്ന് ഡി.സി. ആവശ്യപ്പെട്ടു.

ഒരു എഴുത്തുകാരന്‍ കൂടിയായ സി.എച്ച് മുഹമ്മദ് കോയ താല്‍പ്പര്യമെടുത്തു ഡല്‍ഹി പുസ്തകമേളയില്‍ പ്രസാധകര്‍ക്കു വേണ്ട സ്റ്റാളിന്റെ ചിലവ് കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഡിസിയെ അറിയിച്ചു. അങ്ങനെ 20000 രൂപയോളം സഹായധനമായി കിട്ടി. പബ്ലിക്ക് റിലേഷന്‍സ് വകുപ്പും കേരള പബ്ലിഷേഴ്‌സ് അസോസിയേഷനും സഹകരിച്ച് മലയാള പുസ്തക സ്റ്റാള്‍ ലോക പുസ്തകമേളയില്‍ ആരംഭിച്ചു.

ആദ്യമൊക്കെ മേളകളില്‍ മലയാള പുസ്തകങ്ങളുടെ പ്രദര്‍ശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വില്‍പ്പന ഇല്ലായിരുന്നു. ആ കാലത്ത് ഡല്‍ഹിയിലെ മലയാളി കൂട്ടായ്മ പത്രപ്രവര്‍ത്തകനായ വി.കെ. മാധവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ അടിക്കടി സമ്മേളിക്കുമായിരുന്നു. ആ കൂട്ടായ്മയിലെ ചിലരായിരുന്നു. ഒ. വി. വിജയന്‍, സഖറിയ, ടി.എന്‍. ഗോപകുമാര്‍, ചിലപ്പോള്‍ ജി. അരവിന്ദന്‍ എന്നിവരൊക്കെ.

ഈ കൂട്ടായ്മയില്‍ ഒരു ആശയം ഉരുത്തിരിഞ്ഞു. കേരള സര്‍ക്കാരിന്റെ സഹായമില്ലാതെ മലയാള പുസ്തകങ്ങള്‍ ഡല്‍ഹി പുസ്തകമേളയില്‍ വില്‍ക്കണം. അവര്‍ ഉടനെ ഡി.സി കിഴക്കേ മുറിയുമായി ബന്ധപ്പെട്ടു. ഡി.സി കിഴക്കേമുറി ഉടനെ തന്നെ 18 പ്രസാധകരുടെ പുസ്തകങ്ങള്‍ ഡല്‍ഹിക്ക് അയച്ചു കൊടുത്തു. മൂന്ന് സ്റ്റാളുകളിലായി അങ്ങനെ മലയാള പുസ്തകങ്ങള്‍ വില്‍പ്പനക്കെത്തി. വന്‍ വിജയമായ ഈ ഉദ്യമത്തോടെ ഡല്‍ഹി പുസ്തക മേളയില്‍ പ്രദേശിക ഭാഷകളില്‍ മലയാള പുസ്തകങ്ങള്‍ അണിനിരക്കുന്ന സ്റ്റാളുകള്‍ക്ക് മികച്ച പരിഗണന കിട്ടാന്‍ തുടങ്ങി. മലയാള പുസ്തകങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഡല്‍ഹി പുസ്തകമേള വഴിയാണ്. മലയാള സാഹിത്യരംഗം ഡി.സി. കിഴക്കേമുറിയോട് ഇതിന് കടപ്പെട്ടിരിക്കുന്നു.

DC-thakazhi


ഡി സി കിഴക്കേമുറി, തകഴി, ബഷീര്‍

1950 ല്‍ സ്വകാര്യ പ്രസാധകരില്‍ നിന്ന് ആദ്യമായി സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ക്ഷണിച്ചു. പുസ്തകം സമര്‍പ്പിക്കാന്‍ 18 ദിവസം മാത്രമേ സമയമുള്ളൂ. സംഘത്തിന്റെ സെക്രട്ടറിയായ കാരൂരിന്റെ പുതിയ രചനയായ ‘ബാലചന്ദ്രന്‍’ എന്ന കൃതി എഴുതിപ്പിച്ച് സമര്‍പ്പിച്ച് പാഠപുസ്തകമാക്കി. ഇരുപതിനായിരം രൂപയോളം സംഘത്തിന് കിട്ടി. സംഘത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടാന്‍ ആ കാലത്ത് വളരെ സഹായകരമായി ഈ പ്രതിഫലം. ഇതിന്റെ രസകരമായ ഒരു ഫ്‌ളാഷ് ബാക്ക് കഥയുണ്ട്.

കാരൂരിനോട് പുസ്തകം എഴുതാന്‍ ഡി സി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിച്ചു. കാരൂരിനെപ്പോലെ ഒരു സര്‍ഗ പ്രതിഭക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പലഹാരം ഉണ്ടാക്കുന്ന പോലെ സാഹിത്യരചന നടത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഡി സി വിട്ടില്ല. അക്കാലത്ത് കുട്ടികള്‍ക്ക് പറ്റുന്ന രീതിയില്‍ എഴുതുന്ന തിരുവല്ലയിലെ എന്‍ കേശവപിള്ള എന്ന അദ്ധ്യാപകനെ കൊണ്ട് കാരൂര്‍ ശൈലിയില്‍ പുസ്തകം എഴുതിച്ച് 100 രൂപ പ്രതിഫലവും നല്‍കി 48 പേജുള്ള പുസ്തകമാക്കി. ഗ്രന്ഥകര്‍ത്താവ് പ്രശസ്തനായ ഒരാളാകണമെന്നതിനാല്‍ കാരൂര്‍ നീലകണ്ഠപിള്ളയുടെ പേരിലായിരുന്നു ”ബാലചന്ദ്രന്‍’ പുസ്തകമായത്. കാരൂരിന്റെ മികച്ച സാഹിത്യ കൃതിയായി പിന്നീട് ബാലചന്ദ്രനെ, നിരൂപകരും വായനക്കാരും വാഴ്ത്തുമ്പോള്‍ ഒറിജിനല്‍ ഏതെന്ന് അറിയാവുന്ന മൂന്നുപേരും അത് വായിച്ചു ചിരിച്ചു.

ഒടുവില്‍ കാരൂരിന്റെയും കേശവപിള്ളയുടേയും മരണശേഷം 1982ല്‍ ഈ രഹസ്യം പെരുന്ന കെ എന്‍ നായര്‍ ഒരു കത്തിലൂടെ പ്രസിദ്ധീകരിച്ചു. ‘ഓപ്പറേഷന്‍ ബാലചന്ദ്ര’ന്റെ ശില്‍പ്പിയായ ഡി സി അന്നത്തെ കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയതോടെയാണ് ഇത് സാഹിത്യലോകമറിഞ്ഞത്. ഒരു പ്രീ പബ്ലിക്കഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒരു സായാഹ്ന പത്രം തുടങ്ങി ഡി സി ചരിത്ര പുരുഷനായ സംഭവമുണ്ട്. അര ഡസന്‍ ദിനപത്രങ്ങളിറങ്ങുന്ന കോട്ടയത്ത് ഒരു സായാഹ്ന പത്രമിറങ്ങുന്നത് പുതുമയേയല്ല. പക്ഷേ, ഈ പത്രം ഇറങ്ങുന്നതിനൊരു സവിശേഷതയുണ്ടായിരുന്നു. 1966 മാര്‍ച്ചില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സി മാധവന്‍ പിള്ളയുടെ’ വിഖ്യാതമായ ഇംഗ്ലീഷ് – മലയാളം നിഘണ്ടു പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച്, പ്രീ പബ്ലിക്കേഷന്‍ ആരംഭിച്ചിരുന്നു. 1650 പേജുള്ള നിഘണ്ടു അഞ്ച് മാസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കണം. അപ്പോഴാണ് വെള്ളിടി പോലെ, അപ്രതീക്ഷിതമായി വ്യവസായരംഗത്ത്, സര്‍ക്കാര്‍ പവര്‍ കട്ട് പ്രഖ്യാപിക്കുന്നത്. പവര്‍ കട്ട് തുടങ്ങിയതോടെ അച്ചടി തീരില്ലെന്ന് ഉറപ്പായി. പതിനായിരം വായനക്കാരാണ് പ്രീ പബ്ലിക്കേഷനില്‍ പണം കെട്ടി കാത്തിരിക്കുന്നത്. കോട്ടയത്തെ പത്രമോഫിസുകളില്‍ അച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

എല്ലാ വഴിയുമടഞ്ഞു. അപ്പോഴാണ് ദിനപത്രങ്ങളെ പവര്‍ കട്ടില്‍ നിന്ന് ഒഴിവാക്കിയ വാര്‍ത്ത വരുന്നത്. ഡി സി പിന്നെ സംശയിച്ചില്ല. ഉടനെ തന്നെ കോട്ടയത്തെ അഡീഷണല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരായി. സംഘത്തിന്റെ ജനറല്‍ മാനേജറായ ഡി സി ഒരു പത്രം തുടങ്ങാന്‍ അപേക്ഷ കൊടുത്തു. പത്രത്തിന്റെ പേര് ‘കോട്ടയം വാര്‍ത്ത’. ആഴ്ചകള്‍കള്‍ക്കുള്ളില്‍ നാട്ടകത്തെ ഇന്ത്യാപ്രസ്സില്‍ നിന്ന് ‘ കോട്ടയം വാര്‍ത്ത’ ഇറങ്ങി തുടങ്ങി. ഇതേ സമയത്ത് സമാന്തരമായി നിഘണ്ടുവിന്റെ അച്ചടിയും ആരംഭിച്ചു. അത് സമയത്തു തന്നെ തീര്‍ന്നു. നിഘണ്ടു ഇറങ്ങിക്കഴിഞ്ഞതോടെ കോട്ടയം വാര്‍ത്ത അപ്രത്യക്ഷമായി. ഈ പത്രത്തിന്റെ എഡിറ്ററും റിപ്പാര്‍ട്ടറും ഫോട്ടോഗ്രാഫറും സര്‍ക്കുലേഷന്‍ മാനേജറും ആരൊക്കെയെന്ന് ഈ ലോകത്ത് ഡി സിക്ക് മാത്രമെ അറിയൂ.

DC Books Inauguration

1974 ഓഗസ്റ്റ് 29. ഡി.സി ബുക്സിൻ്റെ ഉൽഘാടനം അഡ്വ എൻ കൃഷ്ണയ്യർ കോട്ടയത്ത് നിർവഹിക്കുന്നു.

ആധുനിക മലയാള പ്രസാധക ചരിത്രത്തിന്റെ രണ്ടാം ഖണ്ഡം തുടങ്ങുന്നത് 1974 ഓഗസ്റ്റില്‍ ഡി സി സ്വന്തമായി ഡി സി ബുക്സ് സ്ഥാപിച്ചപ്പോഴാണ്. ടി.രാമലിംഗ പിള്ളയുടെ ‘ശൈലി നിഘണ്ടു’ വാണ് ഡി സി ബുക്സില്‍ നിന്ന് പുറത്ത് വന്ന ആദ്യ പുസ്തകം. തുടര്‍ന്ന് നിരവധി ബൃഹദ് ഗ്രന്ഥങ്ങള്‍. മൂന്ന് വോള്യങ്ങളിലായി രാമലിംഗം പിള്ളയുടെ ‘ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു’ , സി മാധവന്‍ പിള്ളയുടെ ‘അഭിനവ മലയാള നിഘണ്ടു, ‘ ഗുണ്ടര്‍ട്ട് നിഘണ്ടു’, ‘ഹിന്ദി മലയാളം നിഘണ്ടു’, ‘ ശബ്ദ സാഗരം’ തുടങ്ങിയ അന്ന് വിരളമായിരുന്ന വിഭാഗങ്ങളില്‍ പെട്ടിരുന്ന ഇത്തരം കൃതികള്‍ ഭാഷാ സാഹിത്യത്തിന് അനുഗ്രഹമായി മാറി. കൂടാതെ 2 ഭാഗമായി ‘ഭാരത വിജ്ഞാനകോശം’, നാല് വോള്യമായി ‘അഖില വിജ്ഞാന കോശം, ഇന്ത്യന്‍ സാഹിത്യരംഗത്തു തന്നെ അമൂല്യ ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന വെട്ടം മാണിയുടെ’ ‘പുരാണിക് എന്‍സൈക്ലോപീഡിയ’ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’, ‘ഗ്രീക്ക് പുരാണ സാഗരം’, ‘കാളിദാസ സര്‍വ്വസ്വം’ അങ്ങനെ വൈവിധ്യമാര്‍ന്ന, ഇന്നും വിറ്റുപോകുന്ന കൃതികള്‍. കെട്ടിലും മട്ടിലും വളരെ ആകര്‍ഷകമായാണ് ഇവയൊക്കെ പുറത്ത് വന്നിരുന്നത്. മലയാളത്തില്‍ ആദ്യമായ് ഷെര്‍ലക് ഹോംസിന്റെ സമ്പൂര്‍ണ കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഡിസിയാണ്, 47 വര്‍ഷം മുന്‍പ്. അന്ന് 1978 ഒക്ടോബര്‍ 20ന് സമ്പൂര്‍ണ ഹോംസ് കൃതികള്‍ ആദ്യമായി മലയാള വായനക്കാരില്‍ എത്തി. ആ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ അച്ചടി 400 വര്‍ഷം തികഞ്ഞ ദിവസം!

Mahacharitha mala

160 പുസ്തകങ്ങളിലായി ഇറങ്ങിയ മഹാന്‍മാരുടെ ജീവിത ചരിത്രപരമ്പരയായ ‘മഹത്ചരിതമാല’ എന്ന ഡി സി. പ്രസിദ്ധീകരിച്ച ഗ്രന്ഥാവലി ഒരു ഇന്ത്യന്‍ ഭാഷയിലും ഇല്ലാത്ത റഫറന്‍സ് പുസ്തകമാണ് മാറി. അമൂല്യമായ ഈ പരമ്പരയുടെ എഡിറ്റര്‍മാര്‍ എന്‍ വി കൃഷ്ണവാര്യരും അയ്യപ്പപ്പണിക്കരുമായിരുന്നു. പിന്നിട് ഇത് ലോകം, ഇന്ത്യ, കേരളം എന്ന് 3 ഭാഗങ്ങളായി ‘പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വിവരിക്കുന്ന ഡി സി യുടെ കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയ പത്ത് വോള്യങ്ങളായുള്ള ‘സ്വാതന്ത്ര്യ സമരത്തിന്റെ കഥ’ മികച്ച ബാലസാഹിത്യ രചനയാണ്. ഈ ബൃഹദ് ഗ്രന്ഥപരമ്പരയിലെ 12 പുസ്തകളായി പുറത്തുവന്ന മറ്റൊരു ക്ലാസിക്കാണ് ‘പുരാണ കഥാ മാലിക’. മലയാളത്തില്‍ ചെറുകഥ പ്രസീദ്ധികരിച്ച് 100 കൊല്ലം തികഞ്ഞ 1991ല്‍ ‘100 വര്‍ഷം 100 കഥ’ എന്ന സമാഹാരം പുറത്തിറക്കിയാണ് ഡി സി മലയാള ചെറുകഥയുടെ ശതാബ്ദ ആഘോഷിച്ചത്.
സാഹിത്യ ലോകത്തെ എല്ലാ ചലനങ്ങളും സശ്രദ്ധം നിരീക്ഷിക്കുന്ന ഒരാളായിരുന്നു ഡി സി. 1976ല്‍ പുറത്തിറങ്ങിയ, എറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലാറി കോളിന്‍സും ഡൊമിനിക്ക് ലാപിയറും ചേര്‍ന്നെഴുതിയ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള പ്രശസ്തമായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തിന്റെ പരിഭാഷ ഡി സി ഉടനെ തന്നെ മലയാളത്തില്‍ പുറത്തു കൊണ്ടുവന്നു. എഴുതിയത് രണ്ട് വ്യക്തികളല്ലെ? തര്‍ജിമയും രണ്ട് പേരാകട്ടെ! ഡി സി തീരുമാനിച്ചു. അങ്ങനെ, ടി കെ.ജി നായരും എം എസ് ചന്ദ്രശേഖര വാര്യരും കൂടിയാണ് അത് പരിഭാഷപ്പെടുത്തിയത്. 17 പതിപ്പ് കഴിഞ്ഞപ്പോള്‍ അര ലക്ഷം കോപ്പി വിറ്റു. ഇപ്പോള്‍ വിപണിയില്‍ ഉള്ളത് 48ാമത്തെ പതിപ്പ്. മലയാളത്തിലെ ആദ്യ കമ്മിഷനിങ് എഡിറ്ററായിരുന്നു ഡി സി കിഴക്കേ മുറി. 1950 കളില്‍ പൗരപ്രഭയില്‍ ആരംഭിച്ച ഡി. സിയുടെ ‘കറുപ്പും വെളുപ്പും’ ഏറെ വായനക്കാരുള്ള, സമാനതയില്ലാത്ത പംക്തിയായിരുന്നു. പിന്നീട് കേരള ഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. മലയാളത്തിലെ ആദ്യ കോളമായി വിലയിരുത്തപ്പെടുന്നത് ഡിസിയുടെ കറുപ്പും വെളുപ്പുമാണ്.

DC- Karuppum Veluppum

ഇന്ത്യയുടെ ആദ്യത്തെ റെയില്‍ മന്ത്രിയായ ഡോ. ജോണ്‍ മത്തായി 1951-52 ല്‍ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുന്നു. മലയാള മനോരമ ദിനപത്രം ജോണ്‍ മത്തായിയെ സ്വാഗതം ചെയ്തു കൊണ്ട് അദേഹത്തെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖപ്രസംഗമെഴുതുന്നു. ഒന്നല്ല, തുടര്‍ച്ചയായ മൂന്ന് നാള്‍ ഈ മുഖ പ്രസംഗം അച്ചടിച്ചു വന്നു. പക്ഷേ, ഗവണ്‍മെന്റിന് ഓഹരിയുള്ള ടാറ്റാസില്‍ ഡയറക്റായിരുന്നു എന്ന സാങ്കേതിക കാരണത്താല്‍ ഡോ. ജോണ്‍ മത്തായിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയി. കേരള ഭൂഷണം പത്രത്തില്‍ വന്നിരുന്ന ‘കറുപ്പും വെളുപ്പും കോളത്തില്‍ അന്നത്തെ വാര്‍ത്തയും ഡി സി യുടെ കമന്റും ഇങ്ങനെയായിരുന്നു:

വാര്‍ത്ത: ഡോ. ജോണ്‍ മത്തായി ടാറ്റാസില്‍ നിന്ന് 3 മാസത്തെ അവധിയെടുത്തു.

കമന്റ്: മനോരമയുടെ മുഖപ്രസംഗം വായിച്ച് തീര്‍ക്കാനായിരിക്കും.

സാംസ്‌കാരിക കേരളത്തിന്റെ ചലനങ്ങള്‍ ഒപ്പിയെടുത്തിയിരുന്ന ‘ചെറിയ കാര്യങ്ങള്‍ ‘ എന്നൊരു പംങ്തിയും കുങ്കുമം വാരികയില്‍ എഴുതിയിരുന്നു. ചടങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ഒരു സാംസ്‌കാരിക കലണ്ടറായിരുന്നു അത്. വഞ്ചിനാട് എക്സ്പ്രസ് താമസിച്ച് വരുന്നത് മുതല്‍ പ്രതിമാ അനാഛാദനത്തിന് മന്ത്രി വരാന്‍ താമസിച്ചതു വരെ ആ പംക്തിയില്‍ വരും. ആരെയും ഒന്നിനേയും വെറുതെ വിടാതെ വ്യക്തി വിദ്വേഷം കലരാത്ത രസകരമായ കുറിപ്പുകളായിരുന്നു അവ. പിന്നീട് 1600 പേജുകളായി ‘കാലത്തിന്റെ നാള്‍ വഴി’എന്ന പേരില്‍ മൂന്ന് വോള്യങ്ങളായി 2007 ല്‍ അത് പുസ്തകമായി. ഒരു എന്‍സൈക്ലോപീഡിയ പോലെ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ ചരിത്രം അതില്‍ വായിക്കാം. അതടക്കം 25 പുസ്തകങ്ങള്‍ ഡിസിയുടേതായിട്ടുണ്ട്. മലയാള അച്ചടിയുടെ പിതാവായ ബെഞ്ചിമിന്‍ ബെയ്‌ലിയുടെ പ്രത്രിമ അക്ഷരനഗരിയായ കോട്ടയത്ത് സ്ഥാപിച്ചത് ഡി.സി ഒരാളുടെ നിരന്തരമായ ശ്രമം ഒന്നു കൊണ്ടു മാത്രമാണ്. ബെഞ്ചമിന്‍ ബെയ്‌ലി സ്ഥാപിച്ച ‘ജ്ഞാനനിക്ഷേപം’ (മലയാളത്തിലെ ആദ്യ പത്രങ്ങളിലൊന്ന്)-ന്റെ 1973 ല്‍ കോട്ടയത്ത് നടത്തിയ 125ാം വാര്‍ഷിക യോഗത്തിലാണ് ഡി.സി. ബെഞ്ചമിന്‍ ബെയ്‌ലി മലയാള ഭാഷക്ക് ചെയ്ത സംഭാവനകള്‍ മുന്‍ നിറുത്തി ഒരു പ്രതിമയും ചരിത്ര മ്യൂസിയവും സ്ഥാപിക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്. പല വേദികളിലും നിരന്തരമായി ഡി.സി ഉന്നയിച്ച ഈ കാര്യം ഒടുവില്‍ 23 വര്‍ഷത്തിന് ശേഷം, കോട്ടയം മുന്‍സിപ്പല്‍ പാര്‍ക്കില്‍ ബെഞ്ചമിന്‍ ബെയ്‌ലിയുടെ വെങ്കല പ്രതിമ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അനാച്ഛാദനം ചെയ്തു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സേവനം ചെയ്ത വ്യക്തികളെ മലയാളത്തിന് വേണ്ടി ആദരിക്കുകയെന്ന നന്മ ചെയ്ത വലിയൊരു മനുഷ്യനായിരുന്നു ഡി. സി.

1966 ല്‍ കോട്ടയം പബ്ലിക്ക് ലൈബറിയുടെ സെക്രട്ടറിയായ ഡി.സി ലൈബ്രറിക്ക് സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും വേണ്ട ഫണ്ടിന് വേണ്ടി നടത്തിയ ലോട്ടറി മാതൃകയാക്കിയാണ് പിന്നിട് കേരള സര്‍ക്കാരിലെ ധനകാര്യ മന്ത്രി പി.കെ. കുഞ്ഞ് സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചത്. ഡിസി നടത്തിയ ലോട്ടറി വന്‍ വിജയമായിരുന്നു. ഒരു രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാറായിരുന്നു. 4.25 ലക്ഷം രൂപയാണ് അന്ന് ഇതില്‍ നിന്ന് ലൈബ്രറിക്ക് ലാഭം കിട്ടിയത്. ആ ലോട്ടറിക്ക് വേണ്ടി ഡി.സി ഉണ്ടാക്കിയ സംവിധാനം, നറുക്കെടുക്കാന്‍, ഉപയോഗിച്ച യന്ത്രം ഉള്‍പ്പടെ പിന്നിട് മന്ത്രിയായ പി.കെ. കുഞ്ഞിന് ഡി.സി കൈമാറി. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പൊതു രംഗത്തുള്ളവര്‍ക്കൊരു പാഠപുസ്തകമായിരുന്നു ഡി സി. ഒരു മിനിറ്റു പോലും തെറ്റാതെ ഓടുന്ന വാച്ച് പോലെയാണ് ഡി സി ജീവിച്ചത്. യോഗം 5 മണിക്കാണെങ്കില്‍ പത്ത് മിനിറ്റു മുന്‍പ് വേദിയില്‍ എത്തിയിരിക്കും. ഡി സി അദ്ധ്യക്ഷനായ യോഗമാണെങ്കില്‍, എത് മഹാന്‍ വന്നില്ലെങ്കിലും യോഗം കൃത്യസമയത്ത് തുടങ്ങി അവസാനിക്കും.

മലയാള ഭാഷയുടെ ഒരു കാലഘട്ടത്തിലെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഡി സി കിഴക്കേമുറി എന്നാണ് തകഴി ഒരിക്കല്‍ പറഞ്ഞത്.

Dc- books

”പുസ്തക പ്രസാധനം മഹത്തായ ഒരു തൊഴിലാണ്. എനിക്ക് വളരെ ആനന്ദം നല്‍കുന്നതാണ്. ഇതില്‍ നിന്നുള്ള ലാഭമല്ല, മറിച്ച് ഇത് തുടരുമ്പോള്‍ പ്രയോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണമാണ് ഞാന്‍ നല്‍കുന്ന ഏറ്റവും വലിയ റോയല്‍റ്റി. എഴുത്തുകാര്‍ക്ക് കിട്ടുന്ന റോയല്‍റ്റിയേക്കാള്‍ അക്ഷരോപാസകര്‍ക്കു ലഭിക്കുന്ന അറിവാണ് ഏറ്റവും പ്രസക്തം,” ഇതായിരുന്നു കര്‍മ്മ രംഗത്തെപ്പറ്റി ഡി സിയുടെ വീക്ഷണം.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുടിഞ്ഞ് കുത്തുപാളയെടുത്ത കാലം. അന്ന് സഹകരണ മന്ത്രിയായ പിണറായി വിജയന്‍ സംഘത്തെ രക്ഷിക്കാന്‍ യോഗം വിളിച്ചു കൂട്ടി. സി പി. ശ്രീധരന്‍ പ്രസംഗിച്ചു, ”സംഘം ഭരിക്കാന്‍ ഒരു ഐ എ എസ് കാരനെ നിയമിക്കണം.” ഡി.സി പറഞ്ഞത് ഇങ്ങനെ, സംഘത്തില്‍ ഇപ്പോള്‍ വേണ്ടത് ഐ എ എസ് അല്ല, ഐ.പി. എസ് ഓഫീസറാണ്. അതാണ് ഇപ്പോഴത്തെ സ്ഥിതി.” എന്നാല്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച, സംഘത്തിലെ മുന്‍കാല മെമ്പറും സാഹിത്യകാരനുമായ സി ആര്‍ ഓമനക്കുട്ടന്‍ പറഞ്ഞു, ”ഐ.എ. എസും ഐ പി എസുമൊന്നുമല്ല, സംഘത്തിനു വേണ്ടത് ഒരു ഡി സി കിഴക്കേമുറിയെയാണ്.”

ഡി.സിയുടെ പൊതുരംഗത്തെ സാന്നിധ്യത്തെ കുറിച്ച് സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ പ്രതീകാത്മമായി എഴുതി. ‘ഡല്‍ഹിയില്‍ നിന്ന് ഡി.സി വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് വരികയാണ്. കൂടെ രാജീവ് ഗാന്ധിയും വെങ്കിട്ടരാമനുമുണ്ട് വിമാനത്തിലെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ യുവാവായ രാജീവും മൂക്കു കണ്ണട വെച്ച വെങ്കിട്ടരാമനും ഡി.സിയെ ബഹുമാനിക്കുന്നു. യുവാവിനോട് ഡി.സി. ചോദിച്ചു.

‘താങ്കള്‍ ആരാണ്?
ഞാന്‍ രാജീവ്. ഇന്ത്യയുടെ ‘പ്രധാനമന്ത്രി
താങ്കളോ? മുക്കു കണ്ണട വെച്ച ആളോട് ചോദിച്ചു.
വൃദ്ധന്‍ പറഞ്ഞു. ഞാന്‍ വെങ്കിട്ട രാമന്‍. ഇന്ത്യയുടെ പ്രസിഡന്റ് ഉദ്യോഗമാണെനിക്ക്.

രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച, ഡി.സി. കിഴക്കേമുറി ഈ ലോകം വിട്ട് പോയത് 25 വര്‍ഷം മുന്‍പ് ജനുവരി 26നായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ഡി സിക്ക് വിട പറയാന്‍ ഏറ്റവും അനുയോജ്യമായ ദിവസം!  It has been 25 years since the death of Indian book-publisher DC Kizhakemuri

Content Summary; It has been 25 years since the death of Indian book-publisher DC Kizhakemuri

Leave a Reply

Your email address will not be published. Required fields are marked *

×