‘മാന്യരെ, വിട. ഗുഡ് ലക്ക്’; അടിയന്തരാവസ്ഥയില്‍ യാത്ര അവസാനിപ്പിച്ച ശങ്കേഴ്‌സ് വീക്കിലി

ശങ്കേഴ്‌സ് വീക്കിലിയുടെ പ്രസിദ്ധീകരണം നിലച്ചിട്ട് 50 വര്‍ഷം തികയുകയാണ്

സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സംഭവങ്ങളെ വരകളിലൂടേയും എഴുത്തിലൂടേയും പ്രതിഫലിപ്പിച്ച ഒരു കണ്ണാടിയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ കാര്‍ട്ടൂണ്‍ വാരികയായ ശങ്കേഴ്‌സ് വീക്കിലി. ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്തെ വളര്‍ത്തിയതും മാസികകളിലെ പല പംക്തികള്‍ക്കും വഴി കാട്ടിയായത് ശങ്കേഴ്‌സ് വീക്കിലിയാണ്.

അടിയന്തരാവസ്ഥയിലെ മാധ്യമ സെന്‍സര്‍ ഷിപ്പ് ഒരിക്കല്‍ പോലും ശങ്കേഴ്‌സ് വീക്കിലി നേരിട്ടില്ലെങ്കിലും, അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് നേരിട്ട തിക്തഫലങ്ങള്‍ അനുഭവിച്ചില്ലെങ്കിലും മറ്റ് ചില കാരണങ്ങളാല്‍ വാരിക രണ്ട് പതിറ്റാണ്ടിലെറെ നില നിന്ന തന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയായിരുന്നു.

ഏത് സൃഷ്ടിക്കും അതിന്റെ സമയവും ആയുസ്സും ഉണ്ടെന്ന വിശ്വാസം ശരിരാണെന്ന് ഉറപ്പിച്ച ശങ്കേഴ്‌സ് വീക്കിലിയുടെ പ്രസിദ്ധീകരണം നിലച്ചിട്ട് 50 വര്‍ഷം തികയുകയാണ്.

‘ശങ്കേഴ്സ് വീക്കിലി ഒരു ശുഭാപ്തിവിശ്വാസിയാണ്. നിലവിലെ സാഹചര്യം ഇങ്ങനെയാണെങ്കിലും, ലോകം സന്തോഷകരവും കൂടുതല്‍ ശാന്തവുമായ ഇടമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മനുഷ്യാത്മാവ് എല്ലാ ശക്തികളെയും മറികടന്ന് , അതിന്റെ പരമോന്നത ലക്ഷ്യം നിറവേറ്റി ജീവിതത്തെ പുഷ്പ്പിക്കും. ചിലര്‍ ഇതിനെ ദൈവം എന്ന് വിളിക്കുന്നു. ഞങ്ങള്‍ അതിനെ മനുഷ്യ വിധി എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ വിചാരങ്ങളിലൂടെ നിങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഞങ്ങള്‍ വിടപറയുന്നു.’

ശങ്കേഴ്‌സ് വീക്കിലി അവസാന ലക്കം
എഡിറ്റോറിയലില്‍ നിന്ന് 1975 ഓഗസ്റ്റ് 31.

‘ശങ്കേഴ്സ് വീക്കിലി നിര്‍ത്താനുള്ള നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് കുറച്ച് ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങളുടെ പരിചരണത്തിലൂടെയും അധ്വാനത്തിലൂടെയും ഒരാള്‍ നിര്‍മ്മിച്ചത് അടച്ചുപൂട്ടാന്‍ വളരെയധികം മനശക്തി ആവശ്യമാണ്. എങ്കിലും നിങ്ങള്‍ തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച വിധികര്‍ത്താവ്.’

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് അയച്ച കത്തില്‍ നിന്ന്.
1975 . ജൂലൈ 26.

50 വര്‍ഷം മുന്‍പ്, 1975 ജൂലൈയിലെ മൂന്നാം വാരത്തിലെ ഒരു പ്രഭാതത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഇംഗ്ലീഷ് ദിനപത്രത്തിലൂടെ ലോകത്തെ അറിയിച്ചു.’ശങ്കേഴ്‌സ് വീക്കിലി’ ഇനിയില്ല.’ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണ്. 1975 ല്‍ ജൂണ്‍ 25 ന് രാജ്യത്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, മാധ്യമ സെന്‍സര്‍ഷിപ്പ് നടപ്പിലാക്കിയിട്ട് അപ്പോള്‍ ഒരു മാസം പിന്നിട്ടിരുന്നു.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശങ്കറിന് അയച്ച കത്ത്

ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിഫലിപ്പിച്ച കണ്ണാടിയായി തിളങ്ങിയ ആ പ്രസിദ്ധീകരണത്തിന്റെ വിടവാങ്ങല്‍ വീക്കിലിയെ ഇഷ്ടപ്പെട്ടിരുന്ന കുറെ പേര്‍ക്കെങ്കിലും, വേദനാജനകമായിരുന്നു. വിടവാങ്ങല്‍ സമയവും ശ്രദ്ധേയമായിരുന്നു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പെന്ന നിയന്ത്രണരേഖക്ക് അകത്ത് നിന്ന് ശ്വാസം മുട്ടുകയായിരുന്നു അപ്പോള്‍. ഒരു ചെറിയ നിയമ ലംഘനം മതി അകത്താവാന്‍. ചോദ്യങ്ങളും ഉത്തരങ്ങളും അപ്രതൃക്ഷമായ കാലം. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇരുണ്ട നാളുകള്‍.

ശങ്കേഴ്‌സ് വീക്കിലിലെ പ്രധാന എഴുത്തുകാരനായ സി. പി തന്നെ എഴുതിയ ആ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസില്‍ അച്ചടിച്ച് വന്നു. ‘ആ പ്രസിദ്ധീകരണത്തോട് തനിക്കുണ്ടായിരുന്ന കടപ്പാട് ദുഃഖത്തോടെ സി.പി. രേഖപ്പെടുത്തുകയായിരുന്നുവെന്ന് അധികമാരും അറിഞ്ഞില്ല. സി. പി. രാമചന്ദ്രനെ മികച്ച ഒരു പത്രപ്രവര്‍ത്തകനാക്കിയ ആ പ്രസിദ്ധീകരണത്തിന് നല്‍കുന്ന ആദരവോടെയുള്ള വിടവാങ്ങല്‍ സല്യൂട്ടായിരുന്നു സിപിയുടെ ആ നിയോഗം. 1955 ലെ ഒരു ഗ്രീഷ്മത്തില്‍ താന്‍ ജോലി ആരംഭിച്ച ഡല്‍ഹിയിലെ കോണാട്ട് പ്ലെയ്‌സിലെ ഓഡിയോണ്‍ കെട്ടിടത്തിലെ ശങ്കേഴ്‌സ് വീക്കിലി ഓഫീസില്‍ ആദ്യമായി എത്തിയ ഓര്‍മകള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇങ്ങനെയായിരുന്നു. ശങ്കേഴ്‌സ് വീക്കിലി ഓഫീസിലെ ആ നല്ല നാളുകള്‍ ഓര്‍ത്തു സി.പി പറഞ്ഞു. ‘ഞാന്‍ എഴുതാന്‍ പഠിച്ചത് ആ ചെറിയ മുറിയില്‍ വെച്ചായിരുന്നു.’ എടത്തട്ട നാരായണനോടും ശങ്കരപ്പിള്ളയോടും ചലപതി റാവുവിനോടും ഞാന്‍ അതിന് കടപ്പെട്ടിരിക്കുന്നു. ശങ്കേഴ്‌സ് വീക്കിലി വായിച്ചവര്‍ ശങ്കരപ്പിള്ളയെ മാത്രമേ ഓര്‍ക്കാറുള്ളൂ. ശങ്കരപിള്ളയുടെ റോള്‍ വളരെ അപ്രധാനമായിരുന്നു. ആര്‍.പി. നായരുടെ ജീവിതം മുഴുവന്‍ ആ വീക്കിലിക്കു വേണ്ടിയായിരുന്നു. മാനേജ്‌മെന്റ്, കംമ്പോസിങ്ങ്, ആ മനുഷ്യന്‍ ചെയ്യാത്ത ജോലിയില്ല. ഒരു വലിയ കഥാപാത്രമായിരുന്നു ആര്‍.പി. ശങ്കേഴ്‌സ് വീക്കിലി വായിക്കാന്‍ കൊള്ളാവുന്നതാക്കിയത് എടത്തട്ട നാരായണനാണ്. ‘Shanker owes a lot to Narayanan’.

രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യയിലെ രാഷ്ട്രീയ സാഹിത്യ സാമൂഹിക രംഗത്തെ വിശകലനം ചെയ്ത ശങ്കേഴ്‌സ് വീക്കിലിയുടെ അവസാന ലക്കം 1975 ഓഗസ്റ്റ് 31നു പ്രസിദ്ധീകരിച്ചു. 27 വര്‍ഷത്തെ ലക്കങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളും കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തിയ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ച് വായനക്കാര്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ നല്‍കിയാണ് ‘ശങ്കേഴ്‌സ് വീക്കിലി’ ചരിത്രത്തിലേക്ക് നടന്ന് പോയത്.

ഒരു സെലിബ്രിറ്റിയുടെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊണ്ട ഒരു മഹാ സ്ഥാപനമായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. സ്വാതന്ത്ര്യത്തിന് മുന്‍പു തന്നെ ഡല്‍ഹിയിലെ ഒരു പ്രസ്ഥാനമായ വ്യക്തി. ഇന്ത്യയിലും രാജ്യത്തിന് പുറത്തും ഇത്ര പ്രസിദ്ധി നേടിയ മറ്റൊരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് വേറെയില്ല. ശങ്കറിന്റെ വരകളായിരുന്നു. ഇന്ത്യന്‍ പത്രങ്ങളില്‍ കാര്‍ട്ടൂണിനെ അവിഭാജ്യ ഘടകമാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിലെ 14 വര്‍ഷത്തെ കാര്‍ട്ടൂണ്‍ വര അവസാനിപ്പിച്ച് പടിയിറങ്ങിയപ്പോള്‍ ശങ്കര്‍ എന്ന കായംങ്കുളത്തുകാരന്‍ ശങ്കരപ്പിള്ള ലോകത്തിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ട് വന്ന ശങ്കര്‍ ‘ഇന്ത്യന്‍ ന്യൂസ്‌ക്രോണിക്കിള്‍’ എന്നൊരു ദിനപത്രം വ്യവസായിയായ രാമകൃഷ്ണ ഡാല്‍മിയുമായി ചേര്‍ന്ന് ആരംഭിച്ചെങ്കിലും ഏറെ താമസിയാതെ അതില്‍ നിന്ന് അദ്ദേഹം പിന്‍മാറി. അക്കാലത്ത് ഡല്‍ഹിയിലെ ബാബര്‍ ലൈനിലെ ശങ്കറിന്റെ വീട്ടിലെ സുഹൃദ് സമ്മേളനങ്ങളില്‍ പല ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തമായി ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണം പ്രസിദ്ധീകരിക്കുക എന്നൊരാശയം ഇത്തരമൊരു ചര്‍ച്ചയില്‍ മുളപൊട്ടി. വിഖ്യാത എഡിറ്റര്‍ പോത്തന്‍ ജോസഫാണ് ഇത്തരമൊരു ആശയം ആദ്യം ശങ്കറിനോട് പങ്ക് വെച്ചത്. കാര്‍ട്ടുണുകള്‍ക്ക് ദിനപത്രങ്ങളില്‍ വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിച്ച ഒരു എഡിറ്ററായിരുന്നു പോത്തന്‍ ജോസഫ്. ശങ്കറെന്ന കാര്‍ട്ടൂണിസ്റ്റിനെ ബോംബെയില്‍ നിന്ന് ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എത്തിച്ചത് തന്നെ പോത്തന്‍ ജോസഫായിരുന്നു.

ഈ പുതിയ ആശയത്തെ അനുകൂലിച്ച് തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ എടത്തട്ട നാരായണനും ചലപതി റാവുവും തങ്ങളുടെ ഉറച്ച പിന്‍തുണ നല്‍കി. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിന് ദിനപത്രത്തിന്റെത് പോലെ വന്‍മുതല്‍മുടക്ക് ആവശ്യമില്ല. ശങ്കറിന്റെ ഒരാരാധകനായിരുന്ന ഒരു വ്യവസായി വാരിക തുടങ്ങാനുള്ള സാമ്പത്തിക സഹായം, പരസ്യം വഴി നല്‍കി സഹായിക്കാമെന്നേറ്റു. എടത്തട്ട നാരായണന്‍ എഡിറ്റ് ചെയ്യുന്ന സോഷ്യലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ‘ജനത’ ഇതിനകം ബോംബയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ കോണാട്ട് പ്ലെയ്‌സിലുള്ള ഓഡിയോണ്‍ ബില്‍ഡിംഗിലെ ജനതയുടെ ഓഫിസും സംവിധാനങ്ങളും പുതിയ പ്രസിദ്ധീകരണത്തിന് ഉപയോഗിക്കാമെന്ന് എടത്തട്ട വാഗ്ദാനം ചെയ്തതോടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. ഏറെ പ്രശസ്തിയുള്ള തന്റെ പേര് തന്നെ പുതിയ പ്രസിദ്ധീകരണത്തിനും നല്‍കി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കാര്‍ട്ടൂണ്‍ വാരിക ‘ശങ്കേഴ്‌സ് വീക്കിലി’ പ്രസിദ്ധീകരിക്കാന്‍ സംവിധാനമൊരുങ്ങി.

രണ്ട് ദശാബ്ദക്കാലം ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ശങ്കേഴ്‌സ് വീക്കിലി ആരംഭിച്ചതിന്റെ പശ്ചാത്തലം ഇതായിരുന്നു. ഇന്ത്യയില്‍ ഇംഗ്ലീഷ് വാരികകള്‍ തന്നെ വിരളമായിരുന്ന അക്കാലത്ത് ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണം ആരംഭിക്കുകയെന്ന ശങ്കറിന്റെ സാഹസിക സംരംഭത്തിന് ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

1948 മെയ് 23 ന് ഡല്‍ഹിയിലെ റാഫി മാര്‍ഗിലെ കോണ്‍സ്റ്റ്യുഷന്‍ ക്ലബില്‍ വെച്ച് ‘ശങ്കേഴ്‌സ് വീക്കിലി’ യുടെ ആദ്യ ലക്കം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രകാശനം ചെയ്തു. പിന്നീട് എറെ ഉദ്ധരിക്കപ്പെട്ട പ്രസിദ്ധമായ വാചകവും നെഹ്‌റു അന്ന് പറഞ്ഞു. ‘Don’t Spare me Shankar’ (എന്നെ വെറുതെ വിടരുത് ശങ്കര്‍ ). വരിസഖ്യാ പണമടച്ച് വാരികയുടെ ആദ്യ വരിക്കാരനും നെഹ്‌റു തന്നെയായി. എല്ലാ കാലത്തും നെഹ്‌റുവിന്റെ ശക്തമായ പിന്‍തുണ ശങ്കറിന് ലഭിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ , പ്രത്യേകിച്ച് ഭരണാധികാരിയുടെ പിന്തുണ ഒരു കാര്‍ട്ടുണിസ്റ്റിന് ലഭിക്കുക ഇന്ത്യയില്‍ എന്നല്ല, ലോകത്ത് തന്നെ അപൂര്‍വ്വമായിരുന്നു. നെഹ്‌റുവിനെ ഒഴിവാക്കാതെ, വ്യക്തി പൂജയോ വ്യക്തി വൈരാഗ്യമോ ഇല്ലാതെ കാര്‍ട്ടൂണുകള്‍ വരച്ചതിനാല്‍ സമൂഹത്തിലെ സമസ്ത മേഖലയില്‍ ഉള്ളവരും ശങ്കറിന്റെ വരയുടെ ആരാധകരായി.

സമകാലീനരായ കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലളിത കഥാപാത്രങ്ങളായിരുന്നു ശങ്കറിന്റെത്. അനായാസമായ ആവിഷ്‌കാരമായിരുന്നു ഈ കാര്‍ട്ടൂണുകളുടെ ശക്തി. സാമാന്യവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങള്‍ അപൂര്‍വം. തനതു വ്യക്തിത്വമുള്ള ഓരോ കഥാപാത്രങ്ങള്‍ ശങ്കറിന്റെ വരകളിലൂടെ അവതരിച്ചു.’എടത്തട്ട നാരായണന്‍ ശങ്കറിന്റെ കാര്‍ട്ടൂണ്‍ വരയെ കുറിച്ചെഴുതി.

ജവഹർ ലാൽ നെഹ്‌റുവും ശങ്കറും

പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി. ജെ. എസ് ജോര്‍ജ് ശങ്കേഴ്‌സ് വീക്കിലിയെ കുറിച്ച് എഴുതുന്നു. ”വര മാത്രമായിരുന്നില്ല വീക്കിലിയുടെ ബലം. പശ്ചാത്തലം സൃഷ്ടിച്ചത് എഴുത്തായിരുന്നു. ആദ്യ പേജില്‍ പ്രത്യക്ഷപ്പെട്ട ചില സ്ഥിരം പംക്തികള്‍ ശങ്കറിന്റെ കാര്‍ട്ടൂണിനേക്കാള്‍ ശ്രദ്ധ പിടിച്ചു പറ്റിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വിശേഷിച്ച് ഫ്രീ തിങ്കിംഗ് എന്ന മുഖപ്രസംഗവും മാന്‍ ഓഫ് ദി വീക്ക് എന്ന തൂലികാ ചിത്രവും. ഇംഗ്ലീഷ് ജേര്‍ണലിസത്തിലെ എക്കാലത്തെയും പ്രതിഭാധനരായ അര ഡസന്‍ ആളുകളുടെ പട്ടികയില്‍ പെടുന്ന മൂന്നു വ്യക്തികള്‍ ശങ്കറിനോടൊപ്പം വീക്കിലിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതാണ് ‘ശങ്കേഴ്‌സ് വീക്കിലി’യെ ഉദാത്തമാക്കിയത്. എടത്തട്ടയും, ചലപതി റാവുവും, സി.പി. രാമചന്ദ്രനുമായിരുന്നു ഈ മൂന്ന് പേര്‍’.

അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച നര്‍മ പ്രസിദ്ധീകരണമായ ഇംഗ്ലണ്ടിലെ ‘പഞ്ച്’നെ മാതൃകയാക്കിയാണ് ശങ്കേഴ്‌സ് വീക്കിലി രൂപമെടുത്തത്. ഇംഗ്ലീഷുകാരുടെ നര്‍മ്മ ബോധത്തിന്റെ മികച്ച മാതൃകയായിട്ടാണ് ‘പഞ്ച് ‘അറിയപ്പെട്ടിരുന്നത്.

ശങ്കേഴ്‌സ് വീക്കിലിയുടെ മുഖ ചിത്രമായത് ശങ്കറിന്റെ കാര്‍ട്ടൂണ്‍. ആദ്യ പേജില്‍ മുഖ പ്രസംഗം ‘ഫ്രീ തിങ്കിംഗ്.’ അതേ പേജില്‍ ശങ്കര്‍ വരച്ച മാന്‍ ഓഫ് ദി വീക്ക് വ്യക്തിയുടെ കാരിക്കേച്ചര്‍. ആ പേജിന്റെ മറുപുറത്ത് മാന്‍ ഓഫ് ദി വീക്കിലിയിലെ വ്യക്തിയുടെ തൂലികാ ചിത്രം. എടത്തട്ട എഴുതിയിരുന്ന ഈ പംക്തിയില്‍ നാനൂറ് വാക്കുകള്‍ കൊണ്ട് ഒരാളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുകയായിരുന്നു. അതില്‍ പ്രതൃക്ഷപ്പെട്ട ലോകനേതാക്കളേയും ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ സാമൂഹിക വ്യക്തികളേയും കുറിച്ച് ഒരു വ്യത്യസ്ത ഉള്‍ക്കാഴ്ചയായിരുന്നു മാന്‍ ഓഫ് ദി വീക്കിലൂടെ വായനക്കാര്‍ക്ക് ലഭിച്ചത്. മാന്‍ ഓഫ് ദി വീക്കിനെപ്പോലെ ഒരു പംക്തി അന്ന് വരെ ഒരു ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളിലും പ്രതൃക്ഷപ്പെട്ടിരുന്നില്ല. പിന്നീട് ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളിലെ പല പംക്തികള്‍ക്കും മാതൃകയായത് മാന്‍ ഓഫ് ദി വീക്കായിരുന്നു. മനോഹരമായ ഭാഷ. നിശിതമായ വിലയിരുത്തല്‍ തുടങ്ങി മാന്‍ ഓഫ് ദി വീക്കിനെ ഉദാത്തമാക്കി. അക്കാലത്ത് ഈ പംക്തിയില്‍ പരാമര്‍ശിക്കപ്പെടുന്നത് ഒരംഗീകാരമായി പരക്കെ വിലയിരുത്തപ്പെട്ടു.

നെഹ്‌റു – ശങ്കറിൻ്റെ കാരിക്കേച്ചറുകൾ

‘ഒരു ഉത്തമ ഗദ്യത്തിന്റെ മാതൃകയായിരുന്നു അത്. അത്രയ്ക്ക് മനോഹരമായ ആശയാവതരണമായിരുന്നു അതിന്റെ’ ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന കേരള വര്‍മ്മ ഒരിക്കല്‍ പറഞ്ഞു. നിശിതവും ചിന്താദീപ്തവുമായിരുന്നു ഫ്രീതിങ്കിംഗ് എന്ന മുഖപ്രസംഗം. പേര് വെയ്ക്കാതെ ഈ രണ്ട് പ്രധാന പംക്തികളും എഴുതിയത് എടത്തട്ട നാരായണനായിരുന്നു.

ശങ്കേഴ്‌സ് വീക്കിലിയിലെ അക്കാലത്തെ മറ്റൊരു പ്രധാന താരമായിരുന്ന കാര്‍ട്ടൂണിസ്റ്റ് കുട്ടി ഇതേ കുറിച്ച് പറയുന്നു. ‘അക്കാലത്ത് മാന്‍ ഓഫ് ദി വീക്കിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വി കെ കൃഷ്ണമേനോന്‍ എടത്തട്ട മാന്‍ ഓഫ് ദി വീക്ക് എഴുതാനിരിക്കുമ്പോള്‍ ഞങ്ങളോട് ചോദിക്കും ആരാണ് ഈയാഴ്ച ചര്‍ച്ചില്‍, പട്ടേല്‍’ ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറയും അവരൊക്കെ ഈയിടെ പംക്തിയില്‍ വന്നവരാണ്. മറ്റ് ചില പേരുകള്‍ പറയും – ഉടനെ എടത്തട്ട പ്രഖ്യാപിക്കും എങ്കില്‍ കൃഷ്ണമേനോനാകട്ടെ . മിനിറ്റുകള്‍ക്കകം കൃഷ്ണ മേനോന്റെ മനോഹരമായ ഒരു തൂലികാ ചിത്രം രൂപം കൊള്ളുകയായ്. അംഗീകാരത്തോടൊപ്പം വിമര്‍ശനവും കലര്‍ത്തി, നര്‍മ്മത്തോടെയുള്ള ലളിതമായി നാന്നൂറു വാക്കുകളില്‍ ഒരു വ്യക്തി ചിത്രം. അതിമനോഹരമായ ശൈലിയിലുള്ള ഗദ്യമാണ് മാന്‍ ഓഫ് ദി വീക്കിന്റെതെന്ന് പോത്തന്‍ ജോസഫ് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി ‘കാര്‍ട്ടൂണിസ്റ്റ് കുട്ടി പറഞ്ഞു.

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ അനുഗ്രഹാശംസകള്‍ ശങ്കേഴ്‌സ് വീക്കിലിക്ക് നിര്‍ലോഭം ഉള്ളതിനാല്‍ വീക്കിലി ആരെയും വെറുതെ വിട്ടിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം മാന്‍ ഓഫ് ദി വീക്കില്‍ പ്രതൃക്ഷപ്പെട്ടു.

‘സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു ബ്രിട്ടീഷ് പ്രഭുവിനെപ്പോലെയാണല്ലോ.’ നെഹ്‌റുവിനെ കുറിച്ച് മാന്‍ ഓഫ് ദി വീക്കില്‍ എടത്തട്ട എഴുതി. തന്നെ കുറിച്ചുള്ള ഈ പരാമര്‍ശം നെഹ്‌റു ആസ്വദിച്ചെങ്കിലും പലര്‍ക്കും രസിച്ചില്ല. എടത്തട്ടയുടെ നിശിതമായ വിമര്‍ശനവും അവലോകനവും ഒരു കാര്‍ട്ടൂണ്‍ വാരികയിലെ പംക്തിയുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നതാണെങ്കിലും വായനക്കാരുടെ മനസ്സില്‍ സ്ഥാനം നേടി. 1924 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ആരംഭകാലം തൊട്ട് അവിടെ സബ് എഡിറ്ററായി പത്രപവര്‍ത്തനമാരംഭിച്ച എടത്തട്ടക്ക് ഡല്‍ഹി രാഷ്ട്രീയത്തിലെ ഉള്ളുകള്ളികളേയും നേതാക്കളേയും നന്നായി അറിയാമായിരുന്നു. അതിനാല്‍ എഴുത്ത് കിറു കൃത്യമായിരുന്നു. ആരോടും വിധേയത്വമില്ലായിരുന്നതിനാല്‍ അദ്ദേഹം മുഖം നോക്കാതെ വിമര്‍ശിച്ചു. ”നാരായണന്‍ ഒരു രാഷ്ട്രീയക്കാരനെക്കുറിച്ചെഴുതുമ്പോള്‍ കഷ്ടപ്പെടുന്നത് ശങ്കറായിരിക്കും’ സി.പി. രാമചന്ദ്രന്‍ എഴുതി. ശങ്കറിന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടികളില്‍ പരാതി വരുമെന്ന് ചുരുക്കം.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാരാന്ത പതിപ്പില്‍ ശങ്കര്‍ വരച്ചിരുന്ന ‘മാര്‍ച്ച് ഓഫ് ടൈം’ ആയിരുന്നു മറ്റൊരു ശ്രദ്ധേയമായ പംക്തി. ഇന്ത്യയില്‍ ആദ്യമായി ബോക്‌സ് കാര്‍ട്ടൂണ്‍ അവതരിപ്പിച്ച സാമുവല്‍ വരച്ച ‘കാലു ആന്റ് മീന’, ശങ്കര്‍ തന്നെ വരച്ചിരുന്ന ‘ബഡാ , സാഹേബ് ചോട്ടാ സാഹേബ്’ തുടങ്ങിയവയായിരുന്നു മറ്റ് പംക്തികള്‍.

തിരുവനന്തപുരത്തുകാരനായ ആര്‍.പി. നായര്‍ എന്ന ആര്‍. പരമേശ്വരന്‍ നായരായിരുന്നു ശങ്കേഴ്‌സ് വീക്കിലിയിലെ മറ്റൊരു പ്രധാനി. പ്രധാനിയെന്ന് പറഞ്ഞാല്‍ പോരാ വീക്കിലിയുടെ ജീവാത്മാവും പരമാത്മാവും ആര്‍.പിയായിരുന്നു. വീക്കിലിയില്‍ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളൊന്നും തന്നെയുണ്ടായിരുന്നില്ല. കമ്പോസിങ്ങ്, പ്രൂഫ്, അച്ചടി, കണക്കെഴുത്ത്, വിതരണം തുടങ്ങിയവയുടെ മേല്‍ നോട്ടം ആര്‍.പി.യായിരുന്നു. സി.പി. രാമചന്ദ്രന്റെ വാക്കുകളില്‍ ‘ഫിലോസഫി മുതല്‍ കഥകളിപദം വരെ കൈകാര്യം ചെയ്യുന്ന ആള്‍.’ ശങ്കര്‍ തന്റെ കാര്‍ട്ടൂണ്‍ വരയില്‍ ഒതുങ്ങി നിന്നപ്പോള്‍ വീക്കിലി അച്ചടിച്ച് വിതരണം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആര്‍.പി.യായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എഴുത്തുകാരേയും എകോപിപ്പിച്ച് ആ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോയത് ആര്‍.പി.യെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ‘കാര്‍ട്ടൂണിസ്റ്റ് കേരള വര്‍മ്മയുടെ വാക്കുകളില്‍ ‘ സര്‍വ്വസദാ സന്നദ്ധനായിരുന്നു ആര്‍.പി. എന്തിനും തയ്യാറായ ആള്‍!’

അബു എബ്രഹാം, ഒ.വി. വിജയൻ, യേശുദാസൻ

ശങ്കേഴ്‌സ് വീക്കിലിയുടെ ഓഫീസില്‍ എല്ലായ്‌പ്പോഴും അതിഥികളുണ്ടായിരിക്കും. ഡല്‍ഹിയില്‍ ജോലി തേടി വന്നവര്‍, കേരളത്തില്‍ നിന്നെത്തിയ കലാകാരമാര്‍. അവരുടെയൊക്കെ ഒരു ഇടത്താവളമായിരുന്നു ആ ഓഫീസ്. ഒരിക്കല്‍ റം സിപ്പ് ചെയ്ത് കുടിക്കുന്ന സി. പി. രാമചന്ദനെ അവിടെ ഓഫിസില്‍ തങ്ങിയിരുന്ന ഒരു കഥകളി നടന്‍ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു ‘ റം കുടിക്കേണ്ടത് അങ്ങനെയല്ല. അങ്ങനെ കുടിച്ചാല്‍ അതിലെ ഗ്യാസ് മുഴുവന്‍ പോകുമെന്നും എന്നിട്ട് ഒരു ഗ്ലാസ്സില്‍ പകുതി റം ഒഴിച്ച് അതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ഒരു കൈ മൂക്കില്‍ പിടിച്ച് അത് മുഴുവന്‍ ഒറ്റ വലിക്ക് അകത്താക്കിയിട്ട് കുടിക്കേണ്ടത് ഇങ്ങനെയാണെന്ന് സി.പിക്ക് അയാള്‍ കാണിച്ചു കൊടുത്തു.

തലസ്ഥാന നഗരിയിലെ എരിവും പുളിയുമുള്ള വാര്‍ത്തകളടക്കം സൂര്യനു കീഴിലുള്ള എത് വിഷയവും ശങ്കേഴ്‌സ് വീക്കിലി ഓഫീസില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിഭാസമ്പന്നരായ എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും ചേര്‍ന്ന കൂട്ടായ്മ ആ പ്രസിദ്ധീകരണത്തെ പെട്ടെന്ന് തന്നെ ശ്രദ്ധേയമാക്കി.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തിന് ഒരു കൂട്ടം പ്രതിഭകളെ കണ്ടെടുത്ത് നല്‍കി എന്നതാണ് ശങ്കേഴ്‌സ് വീക്കിലിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. അബു എബ്രഹാം, സാമുവല്‍, കുട്ടി, കേരള വര്‍മ്മ, മിക്കി പട്ടേല്‍, പ്രകാശ് ഘോഷ്, പിന്നെ സാക്ഷാല്‍ ഒ.വി. വിജയന്‍ യേശുദാസന്‍ എന്നിവരെല്ലാം വീക്കിലിയില്‍ പല കാലങ്ങളായി അണി നിരന്ന് തിളങ്ങിയ കാര്‍ട്ടൂണ്‍ വരക്കാരാണ്. ഇവരൊക്കെ പിന്നീട് ഇന്ത്യയിലെ പ്രശസ്തരായ കാര്‍ട്ടുണിസ്റ്റുകളായി അറിയപ്പെട്ടു. അബു എബ്രഹാമാകട്ടെ കൂടുതല്‍ വിശാലമായ ചക്രവാളത്തിലേക്ക് കടന്ന് ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍ പത്രത്തിന്റെ കാര്‍ട്ടൂണിസ്റ്റായി. പി.വിശ്വനാഥ്, പുന്നന്‍ എബ്രഹാം, അമിതാ മാലിക്ക് , തുടങ്ങിയവരായിരുന്നു വീക്കിയിലെ മറ്റ് എഴുത്തുകാര്‍.

കുട്ടി, ടി. സാമുവൽ, കേരള വർമ്മ

ശങ്കേഴ്‌സ് വീക്കിലിയുടെ ആദ്യകാലത്ത് പോത്തന്‍ ജോസഫ് ‘ആഫ്റ്റര്‍
എ കപ്പ് ഓഫ് ടീ’ എന്നൊരു പംക്തി എഴുതിയിരുന്നു. പോത്തന്‍ ജോസഫിന്റെ 60ാം ജന്മദിനത്തില്‍ ശങ്കേഴ്‌സ് വീക്കിലി ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയെ ആദരിച്ചു കൊണ്ട് ഒരു മാന്‍ ഓഫ് ദി വീക്ക് പ്രസിദ്ധീകരിച്ചു. ചലപതി റാവു എഴുതിയ മാന്‍ ഓഫ് ദി വീക്കിന് പോത്തന്‍ ജോസഫിന്റെ മനോഹരമായ ഒരു കാരിക്കേച്ചര്‍ ശങ്കര്‍ വരച്ചു. അമേരിക്കക്ക് കൊളംബസിനോടുള്ള ഭക്തിയാണ് ശങ്കറിന് പോത്തന്‍ ജോസഫിനോടുള്ളത്.’ഹൃദയത്തില്‍ തൊടുന്ന ഒരു വാചകം ചലപതി റാവു അതില്‍ കുറിച്ചു.

ജവഹര്‍ ലാല്‍ നെഹ്‌റുമായുള്ള അടുപ്പം ശങ്കറിന് ലോക നേതാക്കളുമായി ഇടപഴുകാന്‍ ഏറെ അവസരങ്ങള്‍ നല്‍കി. 1955 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രശസ്തമായ സോവ്യറ്റ് യൂണിയന്‍ സന്ദര്‍ശനത്തില്‍ ശങ്കര്‍റുള്‍പ്പടെയുള്ള പത്ര പ്രവര്‍ത്തകരുടെ സംഘത്തെ നയിച്ചത് നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്റര്‍ എം. ചലപതി റാവുവായിരുന്നു. ഈ സന്ദര്‍ശനത്തില്‍ റഷ്യക്കാര്‍ സസ്യഭുക്കായ ശങ്കറിന് വേണ്ടി അവിടെ പ്രത്യേക പച്ചക്കറി ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയെന്നത് ശങ്കറിന് അക്കാലത്തുണ്ടായിരുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. ജവഹര്‍ ലാല്‍ നെഹ്‌റുവും, വി.കെ. കൃഷ്ണ മേനോനും കഴിഞ്ഞാല്‍ അന്ന് ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം അറിയപ്പെടുന്ന വ്യക്തിയായിരുന്നു ശങ്കര്‍.

ശങ്കർ വരച്ച നെഹ്‌റുവിൻ്റെ അവസാന കാരിക്കേച്ചർ 1988 നവംബർ

സോവ്യറ്റ് പര്യടനത്തിന് പോയ ശങ്കറിന്റെ അഭാവത്തില്‍ വീക്കിലിയിലെ പ്രധാന കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയെന്ന ഒറ്റപ്പാലംകാരന്‍ കുട്ടിയായിരുന്നു. അപ്പോഴാണ് കുട്ടി തന്റെ മികച്ച കാര്‍ട്ടൂണുകള്‍ വരച്ചത്. സി.പി. രാമചന്ദ്രന്‍ പറഞ്ഞ പോലെ ‘അപ്പോഴാണ് കുട്ടി യഥാര്‍ത്ഥ ഫോമിലായത്’. അക്കാലത്തെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റ് കുട്ടിയോര്‍ക്കുന്നു.’വീക്കിലിയിലെ ചീഫ് റൈറ്റര്‍ എടത്തട്ട നാരായണനായിരുന്നു. സ്വതവേ ഗൗരവക്കാരനായിരുന്നെങ്കിലും ശങ്കേഴ്‌സ് വീക്കിലിയിലെ ഞങ്ങളുടെ കൂട്ടായ്മയില്‍ ഞങ്ങളുമായി അദ്ദേഹം കൂടി ചേര്‍ന്നു. ആ സമയത്ത് ഒരു ലക്കം ശങ്കേഴ്‌സ് വീക്കിലിയില്‍ അദ്ദേഹം മാന്‍ ഓഫ് ദി വീക്കും ഫ്രീ തിങ്കിംഗും അടക്കം പേര് വെയ്ക്കാതെ 7 ലേഖനങ്ങള്‍ എഴുതി. എല്ലാം വ്യത്യസ്ത വിഷയങ്ങള്‍. വ്യത്യസ്ത ശൈലിയില്‍. ഇതൊക്കെ വായിച്ച് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഒരാളാണ് അതെഴുതിയതെന്ന് ആരുമറിഞ്ഞില്ല. മനോഹരമായ ഭാഷയും ശൈലിയും ഒന്നിച്ച ഗദ്യമായിരുന്നു അതെല്ലാം. ‘ഒരിക്കല്‍ പോലും തന്റെ ലേഖനങ്ങളില്‍ അദ്ദേഹം പേര് വെച്ചില്ല. ഒരിക്കല്‍ അതിന്റെ കാരണം ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. വീക്കിലിയെ പ്രതിനിധീകരിക്കുന്നത് നമ്മള്‍ അഥവാ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ പറയുന്നു, ഞങ്ങള്‍ നിര്‍ദേശിക്കുന്നു, ഞങ്ങള്‍ വിശ്വസിക്കുന്നു എന്നിങ്ങനെ. അത്തരമൊരു കൂട്ടായ്മയുടെ സംരംഭത്തില്‍ വ്യക്തികള്‍ക്ക് പ്രസക്തിയില്ല.

ഗാന്ധിജി ശങ്കറിന്റെ ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നെങ്കിലും ചിലപ്പോഴൊക്കെ വിമര്‍ശിച്ചിരുന്നു. ഒരിക്കല്‍ ജിന്നയെ കുറിച്ച് വരച്ചത് അന്യായമാണെന്ന് നേരിട്ട് പറയുകയും ചെയ്തു. ഫരീദാബാദിലെ ഐ.സി.സി. സമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് സോഷ്യലിസത്തെ കുറിച്ചുള്ള പ്രമേയം പാസ്സാക്കിയതിനെ കുറിച്ച് ശങ്കര്‍ വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണ്‍ നെഹറുവിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി ശങ്കറെ അറിയിച്ചു. ‘ശങ്കര്‍ പറഞ്ഞു.’ എങ്കില്‍ ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേരട്ടെ? മറുപടിയിലെ നീരസത്തോടെയുള്ള വ്യംഗ്യം മനസിലാക്കിയ നെഹ്‌റു പറഞ്ഞു, ‘വേണ്ട ശങ്കര്‍ നിങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിന്നെ കാര്‍ട്ടൂണിസ്റ്റല്ല’.

വ്യാഴാഴ്ചയാണ് ശങ്കേഴ്‌സ് വീക്കിലി പുറത്ത് വന്നിരുന്നത്. കവര്‍ 2 പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍, സെന്റര്‍ സ്‌പ്രെഡായ ‘ മാര്‍ച്ച് ഓഫ് ടൈം’ എന്നതില്‍ അറോ ഏഴോ കാര്‍ട്ടൂണുകള്‍ ഇത്രയും ഒരു ലക്കത്തില്‍ ശങ്കര്‍ വരയ്ക്കും. രാവിലെ ഏഴരയ്ക്ക് ഓഫീസിലെത്തുന്ന ശങ്കര്‍ തന്റെ മുറിയില്‍ എത്തിയാല്‍ ആദ്യം വായിക്കുക ഹിന്ദുസ്ഥാന്‍ ടൈംസ്, സ്റ്റേസ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, നാഷണല്‍ ഹെറാള്‍ഡ്, പേട്രിയറ്റ്., മദര്‍ലാന്റ് എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങള്‍. ആശയങ്ങള്‍ക്കായി അതില്‍ നിന്ന് ക്ലിപ്പിംഗ് എടുക്കും. കാര്‍ട്ടുണ്‍ വരയ്ക്കാന്‍ ആശയ ദാരിദ്ര്യമുണ്ടായാല്‍ ഓഫിസില്‍ നിന്ന് പുറത്തിറങ്ങി താന്‍ സ്ഥാപിച്ച പാവമ്യൂസിയത്തിലെത്തി അവിടെ വരുന്ന സന്ദര്‍ശകരെ നിരീക്ഷിക്കും. ചിലപ്പോള്‍ കൊണാട്ട് പ്ലെയ്‌സില്‍ ചെന്ന് കാല്‍ നടക്കാരെ നോക്കിനില്‍ക്കും. ആശയം കിട്ടിയാലുടന്‍ തിരിയെത്തി വര പൂര്‍ത്തിയാക്കും. കാരിക്കേച്ചറുകള്‍ വരക്കാന്‍ അദ്ദേഹത്തിന് 5 മിനിറ്റ് മതിയായിരുന്നു. തന്റെ ജീവിത കാലത്ത് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഏകദേശം 1500 കാരിക്കേച്ചറുകള്‍ ശങ്കര്‍ വരച്ചത് ഒരു ലോക റെക്കോഡ് ആണ്.

ശങ്കറിൻ്റെ  70-ാം ജന്മദിനത്തിൽ ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ച് ഒപ്പിട്ട കവർ ചിത്രം

ശങ്കേഴ്‌സ് വീക്കിലിയുടെ പ്രഭാവകാലത്ത് അവിടെയെത്തിയ മറ്റൊരു പ്രതിഭയായിരുന്നു സി.പി. രാമചന്ദ്രന്‍. ഒറ്റപ്പാലത്തിനടുത്ത പറളിയില്‍ നിന്ന് കമ്യൂണിസ്റ്റ് ആശയങ്ങളുമായി ഡല്‍ഹിയിലെത്തിയ സി.പി. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ ‘ന്യു ഏജ് ‘ ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഏറെ താമസിയാതെ സി.പി. കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ന്യൂ എജ് വിട്ടപ്പോള്‍ തൊഴില്‍ രഹിതനായി. സി.പിയുടെ എഴുതാനുള്ള പ്രതിഭ തിരിച്ചറിഞ്ഞ എടത്തട്ട ചോദിച്ചു. ‘എന്ത് കൊണ്ട് നിങ്ങള്‍ക്ക് ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു കൂടാ.? അങ്ങനെ സി.പി. ശങ്കേഴ്‌സ് വീക്കിലിയില്‍ ചേരുന്നു. പിന്നീട് താന്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ എഴുതിയിരുന്ന മാന്‍ ഓഫ് ദി വീക്കും ഫ്രീ തിംങ്കിങ്ങും പോലെ പ്രധാനപ്പെട്ട പംക്തികള്‍ സിപിയെക്കൊണ്ട് എഴുതിച്ചതും എടത്തട്ടയായിരുന്നു.

അക്കാലത്ത് ലോകത്തെ ഇളക്കി മറച്ച ചരിത്ര സംഭവമായിരുന്നു റഷ്യയില്‍ സ്റ്റാലിന്‍ യുഗത്തിന്റെ അവസാനത്തില്‍ ക്രൂഷ്‌ചേവ് നടത്തിയ വെളിപ്പെടുത്തലുകള്‍. സ്റ്റാലിന്റെ ഭരണ കാലത്തെ കൂട്ടക്കൊലകളുടേയും ശുദ്ധീകരണത്തിന്റെയും കഥകള്‍ പുറംലോകമറിഞ്ഞു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരെ ആശയക്കുഴപ്പത്തിലാക്കിയ സന്ദര്‍ഭമായിരുന്നു അത്. ലോക കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ ആകെ സങ്കീര്‍ണമായ അവസ്ഥയിലായി. ആ കാലത്ത് യൂഗോസ്ലാവ്യയിലെ മാര്‍ഷല്‍ ടിറ്റോ സോവ്യറ്റ് ബ്ലോക്കില്‍ നിന്ന് മാറി. സ്വതന്ത്രമായി നിന്നുകൊണ്ട് ചേരിചേരാ നയത്തിലധിഷ്ടിതമായ വിദേശനയം രൂപീകരിക്കാന്‍ തീരുമാനിച്ചു. ടിറ്റോയെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്കള്‍ തങ്ങളുടെ ശത്രുവായാണ് കണക്കാക്കിയത്.

1954 ല്‍ ടിറ്റോ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവുമായുള്ള ടിറ്റോവിന്റെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ സൗഹാര്‍ദത്തിന് തുടക്കമായതിനാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ടിറ്റോയുടെ സന്ദര്‍ശത്തെ നോക്കി കണ്ടത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്റെ സന്ദര്‍ശനം എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ ടിറ്റോ ഉല്‍സുകനായിരുന്നു. ആ ആഴ്ച പുതിയ ലക്കം ശങ്കേഴ്‌സ് വീക്കിലിയില്‍ മാന്‍ ഓഫ് ദി വീക്കില്‍ വന്ന ‘വ്യക്തി ടിറ്റോവായിരുന്നു. മാര്‍ഷന്‍ ടിറ്റോയെ കണക്കറ്റ് പരിഹസിച്ചു കൊണ്ടായിരുന്നു എടത്തട്ട അതെഴുതിയത്. ടിറ്റോയിസത്തെ കുടഞ്ഞു കൊണ്ട് എടത്തട്ട എഴുതി ‘Who is this man? A running dog of imperialism അങ്ങിനെ പോയി. വിമര്‍ശനം. ഇത് വായിച്ച നെഹറു ശങ്കറിനെ ഫോണില്‍ വിളിച്ച് ശക്തമായ ഭാഷയില്‍ ലേഖനത്തോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. മാന്‍ ഓഫ് ദി വീക്കിന്റെ കാരിക്കേച്ചര്‍ വരയ്ക്കുന്നതൊഴിച്ചാല്‍ ലേഖനവുമായി ശങ്കറിന് ബന്ധമുണ്ടായിരുന്നില്ല. പണ്ഡിറ്റ്ജിയുമായുള്ള സൗഹാര്‍ദം മറ്റെന്തിനേക്കാളും വിലമതിച്ചിരുന്ന ശങ്കര്‍ അതോടെ അസ്വസ്ഥനായി.

അന്ന് ശങ്കേഴ്‌സ് വീക്കിലിയിലുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റ് കേരള വര്‍മ്മ ഈ സംഭവം ഓര്‍ക്കുന്നു. ‘മാന്‍ ഓഫ് ദി വീക്കിലൂടെ ടിറ്റോയെ പരിഹസിച്ചതിന് ജവഹര്‍ ലാല്‍ നെഹറു തന്നെ ഫോണില്‍ വിളിച്ച് ശകാരിച്ചെന്ന് ശങ്കര്‍ എടത്തട്ടയോട് പരാതി പറഞ്ഞു. പിന്നെ കേട്ടത് സ്വതേ മുന്‍കോപിയായ എടത്തട്ടയുടെ ഉച്ചത്തിലുള്ള പൊട്ടിത്തെറിയായിരുന്നു. പിന്നെ തൊട്ടു മുറിയില്‍ ജോലി ചെയ്യുകയായിരുന്ന ഞങ്ങള്‍ കാണുന്നത് ശങ്കറിനെ നന്നായി ശകാരിച്ച ശേഷം എടത്തട്ട നാരായണന്‍ ദേഷ്യത്തോടെ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ്. അങ്ങിനെ നെഹ്‌റുവില്‍ നിന്ന് കിട്ടിയ ശകാരത്തിന്റെ ഇരട്ടി എടത്തട്ടയില്‍ നിന്ന് ശങ്കറിന് കിട്ടി’ കേരള വര്‍മ്മ ഓര്‍ക്കുന്നു.

എടത്തട്ട നാരായണനും കാർട്ടൂണിസ്റ്റ് ശങ്കറും നമ്പൂരി വരച്ച കാരിക്കേച്ചർ

1958 ല്‍ എടത്തട്ട നാരായണന്‍ ശങ്കേഴ്‌സ് വീക്കിലി വിട്ട് ഫ്രീപ്രസ്സ് ജേര്‍ണല്‍ ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ബോബെയിലേക്ക് പോയി. അതോടെ സി.പി. രാമചന്ദ്രന്‍ ശങ്കേഴ്‌സ് വീക്കിലിയുടെ പ്രധാന എഴുത്തുകാരനായി.. 1961 ല്‍ സി.പി. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ ചേര്‍ന്നെങ്കിലും അവസാന ലക്കം വരെ ശങ്കേഴ്‌സ് വീക്കിലിയില്‍ എഴുതി.

തന്റെ ആരാധകരാല്‍ ചുറ്റപ്പെട്ട ഒരു വന്‍ സ്ഥാപനമായിരുന്നു ശങ്കര്‍. ഡല്‍ഹിയിലെ കോണാട്ട് പ്ലെയ്‌സില്‍ ശങ്കര്‍ നടക്കാനിറങ്ങുമ്പോള്‍ ഏതെങ്കിലുമൊരാരാധകന്‍ അദ്ദേഹത്തെ തടഞ്ഞു നിറുത്തി അഭിവാദനം ചെയ്യുമായിരുന്നു. അതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ നിലയും വിലയും. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി കാര്‍ട്ടൂണ്‍ വരച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചോ വിമര്‍ശിച്ചോ കാര്‍ട്ടൂണുകള്‍ വരച്ചില്ല. അദ്ദേഹത്തിന്റെ വരകള്‍ കൂടുതലും നെഹ്‌റുവുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് ശങ്കര്‍ കുട്ടികള്‍ക്കായുള്ള പുസ്തക ശാലയും (CBT) ഇന്റര്‍ നാഷണല്‍ ഡോള്‍ മ്യൂസിയവും ആരംഭിച്ചു തന്റെ യാത്ര വിശാലമാക്കി.

ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, നാഷണല്‍ ഹെറാള്‍ഡില്‍ എം. ചലപതി റാവു, പേട്രിയറ്റ് ദിനപത്രത്തില്‍ എടത്തട്ട നാരായണന്‍ ശങ്കേഴ്‌സ് വീക്കിലിയെ പ്രശസ്തിയിലേക്കുയര്‍ത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ മൂന്നു പ്രതിഭാശാലികള്‍, ഹിന്ദുസ്ഥാന്‍ ടൈംസിലെ ത്രിമൂര്‍ത്തികള്‍ എന്ന് പ്രശസ്തരായ , പഴയ സഖാക്കള്‍ സല്‍ഹിയിലെ അടുത്തടുത്ത തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇരുന്ന് ജോലി ചെയ്ത് ഇന്ത്യന്‍ പത്രലോകത്തിന് തങ്ങളുടെ മികച്ച സംഭാവനകള്‍ നല്‍കി.

ശങ്കേഴ്സ് വീക്കിലിയുടെ അവസാന ലക്കം (1975)

1975 ജൂണ്‍ 25 ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാധ്യമ സെന്‍സര്‍ഷിപ്പും ആരംഭിച്ചു. ശങ്കേഴ്‌സ് വീക്കിലിയുടെ പുതിയ ലക്കം തയ്യാറാക്കുകയാണ്. സെന്‍സര്‍മാര്‍ ഇടപെടുമോയെന്ന് ജീവനക്കാര്‍ക്ക് ഭയമുണ്ടായിരുന്നു. കിംവന്തികള്‍ കേട്ടു തുടങ്ങി. പത്രങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ വന്നു. ശങ്കേഴ്‌സ് വീക്കിലി പ്രവര്‍ത്തിക്കുന്ന ഓഡിയോണ്‍ ബില്‍ഡിംഗില്‍ പോലീസ് വന്ന് അന്വേഷണം നടത്തിയെങ്കിലും ഓഫീസ് റെയ്ഡ് ഉണ്ടായില്ല.

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ചെറുമകനായ കോഴിക്കോടുകാരന്‍ കെ. രാമകൃഷ്ണനാണ് ആ സമയത്ത് ശങ്കേഴ്‌സ് വീക്കിലിയുടെ ചുമതല. ശങ്കറിന്റെ മറ്റൊരു പ്രസിദ്ധീകരണമായ ‘ചില്‍ഡ്രന്‍സ് വേള്‍ഡിന്റെ എഡിറ്ററായ ഇദ്ദേഹം 1965 മുതല്‍ ശങ്കറിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. (പിന്നിട് 1981 മുതല്‍ അദ്ദേഹം ചെന്നെയിലെ ചന്ദമാമയുടെ കള്‍സള്‍ട്ടിംങ് എഡിറ്റായി). ഒരു ദിവസം രാമകൃഷ്ണന്റെ മുറിയില്‍ ശങ്കര്‍ വന്നപ്പോള്‍ കുറെ കടലാസുകള്‍ മേശപ്പുറത്ത് കണ്ട ശങ്കര്‍ ചോദിച്ചു. ‘എന്താണടോ ഇത്? ഡല്‍ഹി ഭരണകൂടത്തിന്റെ ചില നിബന്ധനകളാണ്. രാമകൃഷ്ണന്‍ പറഞ്ഞു.

എന്റെ ഒരൊറ്റ കാര്‍ട്ടൂണ്‍ പോലും അവിടത്തെ വിവരം കെട്ടവന്മാരെ കാണിക്കാന്‍ കൊണ്ടു പോയേക്കരുത്.’ ദേഷ്യം കൊണ്ട് വിറച്ച ശബ്ദത്തില്‍ അദ്ദേഹം പറയുമ്പോള്‍ മുഖം ചുവന്നു തുടുത്തിരുന്നു. അദ്ദേഹം അത്ര ദേഷ്യപ്പെട്ട് അതിന് മുന്‍പും ശേഷവും ഞാന്‍ കണ്ടിട്ടില്ല.’ രാമകൃഷ്ണന്‍ ഓര്‍മ്മിച്ചു.

അടിയന്തരാവസ്ഥക്കെതിരെ സി.പി. രാമചന്ദ്രന്‍ ഒരു ലക്കം ശങ്കേഴ്‌സ് വീക്കിലിയില്‍ രണ്ട് ലേഖനങ്ങളിലൂടെ പ്രതികരിച്ചു. ശക്തമായ ഭാഷയില്‍ സി.പി. വിമര്‍ശനം നടത്തിയതിനാല്‍ രണ്ട് ലേഖനങ്ങളും അച്ചടിച്ചാല്‍ നടപടി ഉറപ്പാണെന്ന് രാമകൃഷ്ണനറിയാമായിരുന്നു. എങ്കിലും സി.പിയുടെ മനോഹരമായ ശൈലിയിലുള്ള വിമര്‍ശന ലേഖനം കൊടുക്കാന്‍ തന്നെ രാമകൃഷ്ണന്‍ തീരുമാനിച്ചു. രാവിലെ ശങ്കറിനെ കാണിച്ച് അവസാന തീരുമാനമെടുക്കാമെന്നും. രണ്ട് കോപ്പി മാത്രം ബൈന്‍ഡ് ചെയ്ത് പിറ്റേന്ന് രാവിലെ ശങ്കറിന്റെ മുറിയില്‍ ചെന്ന് ഒരു കോപ്പി നല്‍കി. സി.പിയുടെ ലേഖനങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്ക ശങ്കറോട് പറയുകയും ചെയ്തു.
‘അദ്ദേഹം ഒന്നും പറഞ്ഞില്ല. ബാക്കി കോപ്പികള്‍ ബൈന്‍ഡ് ചെയ്യാന്‍ മാത്രം പറഞ്ഞു. ഉച്ചക്കു ശേഷം എന്നെ കണ്ടപ്പോള്‍ ശങ്കര്‍ പറഞ്ഞു ‘ അതില്‍ ഒബ്ജക്ഷനബിളായി ഒന്നമില്ലടോ’ രാമകൃഷ്ണന്‍ അ സന്ദര്‍ഭം അനുസ്മരിച്ചു.

ഒരു ദിവസം ശങ്കര്‍, രാമകൃഷ്ണനോട് പറഞ്ഞു.’ ഇന്നലെ നടന്ന സംഭവം താന്‍ അറിഞ്ഞോ? അദേഹം വിശദീകരിച്ചു. ഡല്‍ഹിയിലെ ഗോള്‍ഫ് ക്ലബില്‍ രണ്ട് ഉന്നത ഗവ. സെക്രട്ടറിമാര്‍ മദ്യപിക്കുന്ന അവസരത്തില്‍ പുതിയ ലക്കം ശങ്കേഴ്‌സ് വീക്കിലി കണ്ടു. അതിലെ കാര്‍ട്ടൂണുകള്‍ കണ്ട ഒരാള്‍ പറഞ്ഞു.’ ഇങ്ങനെ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ശങ്കറിന് എങ്ങനെ ധൈര്യം വന്നു? ‘അയാളെ പിടി കൂടി ജയിലില്‍ അടയ്ക്കണം’ മറ്റൊരാള്‍ പറഞ്ഞു. ‘ഈ സെന്‍സര്‍മാര്‍ എന്താണ് മൗനം പാലിക്കുന്നത്? അയാളെ പിടികൂടണം. രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഈ ഉദ്യോഗസ്ഥരുടെ സംഭാഷണം കേട്ട, ശങ്കറുമായി അടുപ്പത്തിലുള്ള ഒരാള്‍ ശങ്കറിനെ ഇത് അറിയിച്ചു. ശങ്കറിന് യാതൊരു കുലുക്കവുണ്ടായില്ല. സര്‍ക്കാറിനെ എത്ര വിമര്‍ശിച്ചാലും കുഴപ്പമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്.

അടിയന്തരാവസ്ഥയില്‍ ശങ്കേഴ്‌സ് വീക്കിലി ഒരിക്കലും സെന്‍സറിംഗിന് വിധേയമായില്ല. അതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ ചീഫ് സെന്‍സര്‍ ഡി. പെന്‍ഹ ശങ്കറിന്റെ അടുത്ത സുഹൃത്തായിരുന്നു. സെന്‍സര്‍ കമ്മറ്റിയിലെ മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ മലയാളികളും. അതിനാല്‍ ശങ്കറിന് കാര്‍ട്ടൂണ്‍ വഴി പ്രതികരിക്കാന്‍ സാധിച്ചു.

‘മാൻ ഓഫ് ദി വീക്കിൽ ശങ്കർ വരച്ച’ പോത്തൻ ജോസഫിൻ്റെ കാരിക്കേച്ചർ

ഒ.വി. വിജയന്‍ ഡല്‍ഹിയില്‍ എത്തി 1958 ലാണ് ശങ്കേഴ്‌സ് വീക്കിലിയില്‍ ചേരുന്നത്. വിജയന്റെ ആദ്യത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അച്ചടിച്ച് വന്നത് ശങ്കേഴ്‌സ് വീക്കിലിയിലാണ്.’അടുത്ത തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുള്ള ഒരു സ്പ്രിംഗ് ബോര്‍ഡായിരുന്നു. ശങ്കേഴ്‌സ് വീക്കിലി. ഞങ്ങള്‍ അര ഡസന്‍ പേരുണ്ടായിരുന്നു. കുട്ടി, അബു, കേരള വര്‍മ്മ, സാമുവേല്‍, ഞാന്‍ എല്ലാവരും ശങ്കേഴ്‌സ് വീക്കിലിയിലുടെ കടന്നു വന്നവരാണ്. ശങ്കര്‍ ഞങ്ങളെ പരിശീലിപ്പിച്ചു എന്ന് പറയുന്നത് തെറ്റായിരിക്കും. കൂടെ ജോലി ചെയ്യുന്നവരുടെ മേല്‍ തന്റെ ശൈലി അടിച്ചേല്‍പ്പിക്കുന്നതിനോട് ശങ്കര്‍ എതിരായിരുന്നു. അത് ശരിയുമായിരുന്നു. കാരണം ഞങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ ഛിന്നഭിന്നമായ സമവായമെന്ന യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അദേഹത്തിന്റെ അവസാന അഭിമുഖത്തില്‍ എന്റെ വരകള്‍ ഒരിക്കലും അദ്ദേഹത്തിന് മനസിലായിട്ടില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം എന്റെ വരകളെ ഒരിക്കലും വീക്കിലിയില്‍ നിരാകരിച്ചില്ല.’ വിജയന്‍ എഴുതി.

‘എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിദ്രുതം വന്നു കൊണ്ടിരുന്ന പരിവര്‍ത്തനങ്ങളെ ശങ്കര്‍ അതേ പടി ഉള്‍ക്കൊണ്ടിരുന്നോ എന്ന് സംശയമാണ്. പ്രത്യേകിച്ചും നെഹറുവിന് ശേഷം. ഞങ്ങള്‍ വരച്ചു തുടങ്ങുമ്പോഴേക്കും ഗാന്ധിജി വധിക്കപ്പട്ടിരുന്നു. നെഹ്‌റു പിഗ്മികളുടെ കൂട്ടത്തില്‍ വീണു. തകര്‍ച്ചയുടെ പാതയിലായിരുന്നു. എന്നാലും ശങ്കര്‍ അപ്പോഴും കാര്‍ട്ടൂണിന്റെ ധാര്‍മികതയെ കുറിച്ച് സംസാരിക്കും, നഷ്ടമായ ഒരു പ്രയോഗത്തെക്കുറിച്ച്. ഞാന്‍ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് വര്‍ഷവും എനിക്കനുഭവപ്പെട്ടത് ഇതാണ്. ഒ.വി. വിജയന്‍ ശങ്കേഴ്‌സ് വീക്കിലിയിലെ തന്റെ അനുഭവങ്ങള്‍ എഴുതി.

ശങ്കേഴ്‌സ് വീക്കിലി അതിന്റെ നല്ല കാലം പിന്നിടാന്‍ തുടങ്ങിയിരുന്നു. എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും ഓരോത്തരായി വിട്ട് പോയിക്കൊണ്ടിരുന്നു. പ്രതിഭാശാലികള്‍ക്ക് ഇല്ലാത്തതല്ല മറിച്ച് വായനക്കാരുടെ അഭിരുചികളില്‍ വന്ന മാറ്റങ്ങളും പൊതുവെ പത്രപ്രവര്‍ത്തന രംഗത്തെ പരിവര്‍ത്തനങ്ങളും വീക്കിലിയെ തളര്‍ത്തി. ‘പുതുമുഖങ്ങള്‍ എത്തി. പ്രതിഭാശാലിയായ എഴുത്തുകാരനായ ഒ.വി.വിജയന്‍ കാര്‍ട്ടൂണിസ്റ്റായി എത്തി. മോഹന്‍ റാം വന്നു. പക്ഷേ, അതൊന്നും പഴയതു പോലെയായില്ല ‘ശാങ്കേഴ്‌സ് വീക്കിലിയുടെ അവസാന കാലത്തെ കുറിച്ച് സി.പി. രാമചന്ദ്രന്‍ എഴുതി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് വിരമിച്ച പുന്നന്‍ എബ്രഹാം ശങ്കേഴ്‌സ് വീക്കിലി ഏറ്റെടുത്തു. കാര്യങ്ങളെല്ലാം നേരയാവുമെന്ന് തോന്നിയെങ്കിലും അപ്രതീക്ഷിതമായി പുന്നന്‍ എബ്രഹാം ഒരു അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ജൂലൈ 27 നും ഓഗസ്റ്റ് 31നും ഇടയ്ക്ക് ശങ്കേഴ്‌സ് വീക്കിലിയുടെ 5 ലക്കങ്ങള്‍ ഇറങ്ങി. വായനക്കാരുടെ കത്തുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അവ പ്രസിദ്ധീകരിച്ചത്.

1975 ഏപ്രിലില്‍ ശങ്കറിന് ഒരു സ്‌ട്രോക്കുണ്ടായി. അദ്ദേഹത്തിന്റെ കൈകള്‍ക്ക് ബലം കുറഞ്ഞു. കുറച്ച് കാലത്തേക്ക് വര പാടില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ‘ശങ്കറിന് വരക്കാന്‍ സാധിച്ചില്ലെങ്കില്‍ ശങ്കേഴ്‌സ് വീക്കിലി വേണ്ട’ ശങ്കര്‍ പ്രഖ്യാപിച്ചു. ആ പ്രസ്താവന ആര്‍ക്കും സെന്‍സര്‍ ചെയ്യാനാവില്ലായിരുന്നു. കുറച്ച് പേരെങ്കിലും കരുതുന്നത് പോലെ അടിയന്തരാവസ്ഥയല്ല ശങ്കേഴ്‌സ് വീക്കിലി നിറുത്താന്‍ കാരണം. അടിയന്തരാവസ്ഥ അതിന് പശ്ചാത്തലമായെന്ന് മാത്രം.

ശങ്കേഴ്സ് വീക്കിലി അവസാന ലക്കം വിട പറഞ്ഞു കൊണ്ട് ശങ്കറിൻ്റെ കുറിപ്പ്

വീക്കിലി നിറുത്താനുള്ള തീരുമാനം അറിഞ്ഞ നിമിഷം 5 ലക്ഷം രൂപ ധനസഹായവുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ പ്രസ് അഡൈ്വസര്‍ ശാരദാ പ്രസാദിനെ അയച്ചു. തീരുമാനം ശങ്കര്‍ പുന:പരിശോധിക്കണം. നിറുത്തരുത് വീക്കിലി തുടരണം. തന്റെ പഴയ രക്ഷിതാവിന്റെ പുത്രിയുടെ ആ ആവശ്യത്തിന് ശങ്കര്‍ വഴങ്ങിയില്ല. ശങ്കേഴ്‌സ് വീക്കിലിയുടെ ആദ്യ ലക്കം പ്രകാശനം ചെയ്ത ജവഹര്‍ ലാല്‍ നെഹറുവിന്റെ വാക്കുകള്‍ – Don’t Spare Me Shankar ‘ എന്നത് ‘ അദ്ദേഹം അപ്പോള്‍ ഓര്‍ത്തിരിക്കാം.

1975 ഓഗസ്റ്റ് 31 ന് കവര്‍ ചിത്രത്തില്‍ വലിയ അക്ഷരങ്ങളില്‍
‘വിട പറയുന്നത് വേദനയോടെയാണ്’ എന്ന വാചകത്തില്‍ അവസാന ലക്കം ശങ്കേഴ്‌സ് വീക്കിലി പുറത്ത് വന്നു. ‘ഏകാധിപത്യത്തില്‍ ജനം ചിരിക്കേണ്ട’ എന്ന സി. പി. രാമചന്ദ്രന്‍ എഴുതിയ എഡിറ്റോറിയല്‍ അതിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ പരിഹസിച്ച് ശങ്കറിന്റെ ഒരു കാര്‍ട്ടൂണും. വര നിറുത്തും മുന്‍പ് അവസാനമായി ശങ്കര്‍ വരച്ചത് തന്റെ പ്രിയപ്പെട്ട നെഹറുവിനെയായിരുന്നു.

അടിയന്തരാവസ്ഥയെന്ന ഇരുണ്ട നാളുകളെ പരാമര്‍ശിച്ച്, വിമര്‍ശിച്ചു കൊണ്ട് തന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റിയ ശങ്കേഴ്‌സ് വീക്കിലി എന്നെന്നേയ്ക്കുമായി വിട പറഞ്ഞു.

ഉന്നത ബഹുമതികളെല്ലാം തന്റെ ജീവിത കാലത്ത് ശങ്കറിനെ തേടിയെത്തി. പത്മവിഭൂഷന്‍ തൊട്ട് പോളണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സ്മൈല്‍ വരെ. 1989 ഡിസംബര്‍ 26 ന് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി അന്തരിച്ചു. The publication of Shanker’s Weekly has marked 50 years since its cessation

 

Content Summary; The publication of Shanker’s Weekly has marked 50 years since its cessation

അമർനാഥ്‌:
Related Post
Leave a Comment