June 18, 2025 |

കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണിസ്റ്റ്

കാര്‍ട്ടൂണ്‍ കണ്ട് വൈസ്രോയ് കര്‍ശന നടപടി എടുക്കുമെന്നും പത്രം അടച്ചുപൂട്ടേണ്ടിവരുമെന്നും ഭയന്ന എഡിറ്റര്‍ അക്കാര്യം ശങ്കറിനോട് പറയുകയും ചെയ്തു

കേരളത്തില്‍ കൊല്ലം ജില്ലയില്‍ കായംകുളത്ത് 1902 ജൂലൈ 31ന് ജനിച്ച് ലോകപ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍ എന്ന ഇല്ലിക്കുളത്ത് കേശവപിള്ള ശങ്കരപിള്ള. ശങ്കര്‍ വളരെ ചെറുപ്പത്തിലേ അനാഥനായി മാറിയ വ്യക്തിയാണ്. അച്ഛന്‍, മുത്തച്ഛനുമായി പിണങ്ങി കുടുംബത്തെ ഉപേക്ഷിച്ച് പോയി. അമ്മ രണ്ടാം വിവാഹം കഴിച്ച് പോയപ്പോള്‍ ശങ്കറിന് അച്ഛനും അമ്മയും മുത്തച്ഛനായി. ശങ്കറിന്റെ കലയെ വളര്‍ത്തി കൊണ്ടുവന്നതില്‍ മുത്തച്ഛനാണ് പൂര്‍ണ്ണ ക്രെഡിറ്റ്. ശങ്കറിന് എട്ട് വയസ് പ്രായം ഉള്ളപ്പോഴാണ് പ്രധാന അദ്ധ്യാപകനെ ഹാസ്യാത്മകമായി വരച്ചത്. കഷണ്ടി തലയനും കുടവയറനുമായ അദ്ധ്യാപകനെ ശങ്കര്‍ തന്റെ പുസ്തകത്തില്‍ രസകരമായി വരച്ചു. ശങ്കര്‍ വരച്ച ചിത്രം ഹെഡ്മാഷിന്റെ അടുത്തെത്തി. അദ്ദേഹത്തിന് സ്വന്തം കാരിക്കേച്ചര്‍ ഇഷ്ടപ്പെട്ടില്ല. ശങ്കറിനെ രണ്ടാഴ്ച്ചത്തേക്ക് ക്ലാസില്‍ നിന്ന് പറത്താക്കുകയും ഉണ്ടായി. ഹെഡ്മാഷ് പരാതിയുമായി ശങ്കറിന്റെ മുത്തച്ഛന്റെ അടുത്തെത്തി ചിത്രം കാണിച്ചു. ശങ്കര്‍ വരച്ചത് തന്നെയാണോ ഗംഭീരമായിരിക്കുന്നു… എന്നായിരുന്നു മുത്തച്ഛന്റെ മറുപടി… ഇതില്‍പ്പരം പ്രോത്സാഹനം ശങ്കറിന് കിട്ടാനുണ്ടോ…?

cartoonist shankar

ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ലോകം വിശേഷിപ്പിക്കുന്നത്. 1927 ല്‍ 25-ാം വയസില്‍ തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയന്‍സില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) നിന്ന് ബി. എ. ബിരുദം നേടിയശേഷം നിയമ പഠനത്തിനായി ബോംബയില്‍ എത്തി. നിയമ പഠനത്തോടൊപ്പം ഫ്രീലാന്‍സായി കാര്‍ട്ടൂണ്‍ വരയും തുടര്‍ന്നു. റെയില്‍വേയില്‍ ഒരു ജോലിയാണ് ആദ്യം ലഭിച്ചത്. മൂന്ന് ആഴ്ചകൊണ്ട് റെയില്‍വേയിലെ ജോലിയും, രണ്ട് വര്‍ഷത്തെ നിയമപഠനവും ശങ്കര്‍ ഉപേക്ഷിച്ചു. സിന്ധ്യാ ഗ്രൂപ്പ് സ്ഥാപകനായ നരിറ്റോം മൊറാര്‍ജിയുടെ സെക്രട്ടറിയായി. 29-ാം വയസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ തങ്കത്തെ വിവാഹം കഴിച്ചു. വിവാഹശേഷം ബോംബയില്‍ മടങ്ങിയെത്തി കാര്‍ട്ടൂണ്‍ വരയില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഒരു കാര്‍ട്ടൂണിന് അന്ന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം മൂന്ന് രൂപ മാത്രം…!

ദി ബോംബേ ക്രോണിക്കിള്‍, ദി ഫ്രീ പ്രസ്സ് ജേര്‍ണല്‍, വീക്കിലി ഹെറാള്‍ഡ് തുടങ്ങിയ പ്രസിദ്ധീകരങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച് കഴിയവെയാണ് ബോംബയിലുണ്ടായിരുന്ന പോത്തന്‍ ജോസഫ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ പത്രാധിപരായി ഡല്‍ഹിക്ക് പോയത്. ശങ്കറിന്റെ കാര്‍ട്ടൂണില്‍ ആകൃഷ്ടനായിരുന്ന പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്‍ട്ടൂണിസ്റ്റാകാന്‍ ഡല്‍ഹിക്ക് ക്ഷണിച്ചു. 1936 ഒക്ടോബര്‍ മാസം ബോംബയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് ശങ്കറും ഭാര്യ തങ്കവും കുടിയേറി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ശങ്കര്‍ രാജ്യ തലസ്ഥാനത്തെത്തി. പതിനാല് വര്‍ഷം ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ട് വ്യവസായ പ്രമുഖനായ രാമക്യഷ്ണ ഡാല്‍മിയയോടൊപ്പം ചേര്‍ന്ന് ദി ന്യൂസ് ക്രോണിക്കിള്‍ എന്നൊരു പത്രം തുടങ്ങി. പതിനൊന്ന് മാസത്തിന് ശേഷം അവിടെനിന്ന് പിന്‍മാറി ശങ്കര്‍ സ്വന്തമായി 1948 ല്‍ ഒരു വാരിക തുടങ്ങി. രാജ്യത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹാസ്യ വാരികയായ ശങ്കേഴ്‌സ് വീക്കിലി…!

ഹിന്ദുസ്ഥാന്‍ ടൈംസിലെ ശങ്കറിന്റെ കാലം അതിപ്രശസ്തമായിരുന്നു. എല്ലാ ദിവസവും ശങ്കറിന്റെ ഒരു കാര്‍ട്ടൂണ്‍ ഒന്നാം പേജില്‍ കാണും. സ്വതന്ത്ര്യ സമരത്തിന് ആവേശം വിതയ്ക്കുന്ന കാര്‍ട്ടൂണുകളായിരുന്നു അതില്‍ മിക്കതും. ഒരിക്കല്‍ മഹാത്മാ ഗാന്ധിയെ കാണാന്‍ ശങ്കര്‍ വാര്‍ദ്ധായില്‍ പോയി. ഗാന്ധിജി ശങ്കറിനോട് ചോദിച്ചു ? താങ്കള്‍ സത്യം പറയണം, ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പത്രം താങ്കള്‍ വളര്‍ത്തിയോ, അതോ താങ്കളെ ഹിന്ദുസ്ഥാന്‍ ടൈംസ് വളര്‍ത്തിയോ…? അത്രയ്ക്ക് സ്വീകാര്യവും പ്രശസ്തവുമായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ ശങ്കര്‍ വരച്ചിരുന്ന കാര്‍ട്ടൂണുകള്‍.

1941 ല്‍ ശിവരാത്രിയുടെ പിറ്റേന്ന് ശങ്കര്‍ വരച്ച വൈസ്രോയിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ എഡിറ്ററായ ദേവദാസ് ഗാന്ധി കണ്ടത് ഹിന്ദുസ്ഥാന്‍ െൈടംസ് പത്രം കൈയ്യില്‍ കിട്ടിയപ്പോള്‍ മാത്രമായിരുന്നു. വൈസ്രോയ് ലോഡ് ലിന്‍ലിത്ത്‌ഗോ ഭദ്രകാളിയുടെ വേഷത്തില്‍ കലിതുള്ളി ശ്മശാനത്തിലെ ചുടലക്കളത്തില്‍ ശിവതാണ്ഡവ ന്യത്തം ചെയ്യുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ കണ്ട് വൈസ്രോയ് കര്‍ശന നടപടി എടുക്കുമെന്നും പത്രം അടച്ചുപൂട്ടേണ്ടിവരുമെന്നും ഭയന്ന എഡിറ്റര്‍ അക്കാര്യം ശങ്കറിനോട് പറയുകയും ചെയ്തു. തന്റെ കാര്‍ട്ടൂണ്‍ വരപ്പ് ഇതോടെ തീര്‍ന്നെന്ന് ശങ്കര്‍ ഭയപ്പെട്ടു. പത്രം പുറത്തിറങ്ങിയ അന്ന് 11 മണിയോടെ വൈസ്രോയുടെ മിലിറ്ററി സെക്രട്ടറിയുടെ ടെലിഫോണ്‍ വന്നു. വൈസ്രോയ്ക്ക് ശങ്കറിനോട് സംസാരിക്കണം എന്ന് അറിയിച്ചു. വൈസ്രോയ് ലൈനില്‍ വന്ന് ശങ്കറെ അഭിനന്ദിച്ചു. ശങ്കര്‍, എന്റെ കുട്ടീ…നിങ്ങള്‍ അതി ഗംഭീരമായ കാര്‍ട്ടൂണാണ് വരച്ചിരിക്കുന്നത്. എനിക്കാ കാര്‍ട്ടൂണിന്റെ ഒറിജിനല്‍ ഒപ്പോടു കൂടി അടിയന്തിരമായി എത്തിച്ചു തരണം. കാര്‍ട്ടൂണുകളില്‍ കൂടുതല്‍ തത്പരനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ജന്‍മദിനത്തിന് മകള്‍ ഇന്ദിരാ ഗാന്ധി സമ്മാനിച്ചത് ശങ്കറിന്റെ ഇരുപത് നെഹ്‌റു കാര്‍ട്ടൂണുകളുടെ ആല്‍ബമായിരുന്നു. ശങ്കേഴ്‌സ് വീക്കിലി എന്ന രാജ്യത്തെ ആദ്യ ഹാസ്യ വീക്കിലിയുടെ ഉദ്ഘാടന വേളയിലാണ് നെഹ്‌റു പ്രസിദ്ധമായ അഭ്യര്‍ത്ഥന നടത്തിയത്. ഡോണ്‍ഡ് സ്‌പെയര്‍ മി ശങ്കര്‍ (എന്നേയും വെറുതെ വിടരുത് )

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യന്‍മാരായ ഒട്ടുമിക്കപേരും പില്‍ക്കാലത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായി മാറിയതാണ് ചരിത്രം. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായിരുന്ന അദ്ദേഹത്തിന്റെ ശങ്കേഴ്‌സ് വീക്കിലി കാര്‍ട്ടൂണ്‍ കലയുടെ സര്‍വ്വകലാശാല തന്നെയായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ ശൈലിയായിരുന്നു ശങ്കര്‍ പിന്തുടര്‍ന്നത്. തന്റെ ശിഷ്യരും അപ്രകാരം തന്നെയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അബു എബ്രഹാം, ഒ. വി. വിജയന്‍, കുട്ടി, സാമുവല്‍, കേരള വര്‍മ്മ, എന്നിവര്‍ ആദ്യകാലത്തും, രജീന്ദര്‍ പുരി, യേശുദാസന്‍, ബി. എം. ഗഫൂര്‍, മിക്കി പട്ടേല്‍, രങ്ക, പ്രകാശ് ഘോഷ്, ബി. ജി. വര്‍മ്മ, മുത്തു കോയ… തുടങ്ങിയവര്‍ പിന്നീടും ശങ്കറിന്റെ ശിഷ്യന്‍മാരായി. ശങ്കറിനോടൊപ്പം പ്രവര്‍ത്തിച്ച സമയത്ത് ഏതാണ്ട് ഡേവിഡ് ലോയുടെ ശൈലിയോട് അടുത്ത് നില്‍ക്കുന്ന രീതിയിലാണ് ഇവരൊക്കെ കാര്‍ട്ടൂണ്‍ വരച്ചിരുന്നത് എന്ന് കാണാം. പിന്നെയുള്ള തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ പലരും ശങ്കറിന് കീഴില്‍ ജോലി ചെയ്തില്ലെങ്കിലും ശങ്കേഴ്‌സ് വീക്കിലിയിലൂടെ രംഗത്ത് എത്തിയവരാണ്.

shakar cartoon

ശങ്കറിനോടൊപ്പം ഏറ്റവും കൂടുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് കാര്‍ട്ടൂണിസ്റ്റ് കുട്ടി മാത്രമാണ്. 48 വര്‍ഷം. ശങ്കറിന്റെ കാര്‍ട്ടൂണുകളിലെ മേശയും, കസേരയും, സാരിയിലേയും, മറ്റ് തുണികളിലേയും ഡിസൈനുകള്‍ എന്നിവ വരച്ചിരുന്നത് സാമുവല്‍ ആയിരുന്നു. ശിവസേനാ നേതാവായിരുന്ന ബാല്‍ത്താക്കറെയുടെ വരകള്‍ ശങ്കറിന് ഏറെ ഇഷ്ടമായിരുന്നു. നെഹ്‌റുവിനോടൊപ്പം 1955ല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് ശങ്കര്‍ പോയ അവസരത്തില്‍ ബാല്‍ താക്കറയെ ശങ്കേഴ്‌സ് വീക്കിലിയുടെ കവര്‍ വരയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്നു. അന്ന് ബോംബയില്‍ നിന്നുള്ള ഫ്രീപ്രസ്സ് ജേര്‍ണലിന്റെ കാര്‍ട്ടൂണിസ്റ്റായിരുന്നു താക്കറെ. മലയാളി ശിഷ്യന്‍മാര്‍ അടക്കി വാണിരുന്നത് കൊണ്ടാകും ഒരു തവണ പോലും താക്കറെയുടെ കാര്‍ട്ടൂണ്‍ കവര്‍ ചിത്രമായില്ല. ബാല്‍ താക്കറയ്ക്ക് മലയാളികളോട് പില്‍ക്കാലത്ത് അകല്‍ച്ചയുണ്ടാക്കാന്‍ ഇതായിരുന്നു കാരണമെന്ന് പറയുന്നു.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വടക്കേ ഇന്ത്യയില്‍ കുടിയേറിയെങ്കിലും തീര്‍ത്തും ഒരു മലയാളിയായി തന്നെയാണ് ജീവിച്ചത്. ചേട്ടന്‍ എന്നായിരുന്നു എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ആര് ഡല്‍ഹിയിലെത്തിയാലും ശങ്കറിന്റെ വീട്ടിലെ ഊണ് കഴിക്കാതെ മടങ്ങിയിരുന്നില്ല. ഓണവും, വിഷുവും എല്ലാം ശങ്കര്‍ ഡല്‍ഹി മലയാളികളെ വിളിച്ച് കൂട്ടി ആഘോഷിക്കുമായിരുന്നു. നെഹ്‌റു, ഇന്ദിര, എ.കെ.ജി, തകഴി, തുടങ്ങിയവര്‍ പലപ്പോഴും അതില്‍ പങ്കാളികളായിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മിക്കവാറും ഒരു സദ്യയ്ക്കുള്ള സുഹ്യത്ത് വലയം ഭക്ഷണത്തിന് ഉണ്ടാകുമായിരുന്നു. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിക്ക് ദേശീയ തലത്തില്‍ അംഗീകാരം ഉണ്ടാക്കിയതിലെ പ്രധാനിയാണ് ശങ്കര്‍. വീട്ടില്‍ കര്‍ശനമായും മലയാളം സംസാരിക്കണമെന്നത് ശങ്കറിന് നിര്‍ബന്ധമായിരുന്നു. മക്കളെല്ലാരും അച്ഛന്‍, അമ്മ എന്നല്ലാതെ വിളിക്കാന്‍ സമ്മതിച്ചിരുന്നില്ല.

1952ല്‍ രാജ്പഥിലൂടെ റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്‌ളോട്ട് രൂപകല്‍പന ചെയ്തത് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആയിരുന്നു. 1950ല്‍ ഇന്ത്യ റിപബ്ലിക്കായി. 1951ല്‍ ആദ്യത്തെ റിപ്പബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണ് നടത്തിയത്. എട്ട് കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പട്ടാളത്തിന്റെ അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപ്പബ്ലിക്ക് ആഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകണം രണ്ടാമത്തെ റിപ്പബ്ലിക്ക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിരോധ മന്ത്രാലയത്തെയാണ് പരേഡിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ട് വന്നു. കേരളത്തിന് വേണ്ടി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മിലുള്ള സുഹൃത്ത് ബന്ധമാണ് ഇതിനു പിന്നിലെന്നത് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ശങ്കറിന്റെ പ്രിയ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു അന്ന് കേരള ക്ലബിന്റെ സെക്രട്ടറി. കേരള ക്ലബ്ബിലിരുന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയും മറ്റും ഒരു രൂപരേഖ ഉണ്ടാക്കി. രണ്ട് ഫ്‌ളോട്ടുകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്. കേരള മാതൃകയിലുള്ള ഒരു വീടായിരിക്കണം ഒന്നാം ഫ്‌ളോട്ട്. കഥകളിയായിരിക്കണം രണ്ടാമത്തെ ഫ്‌ളോട്ട്. കുട്ടിയുടെയും സംഘത്തിന്റെയും ആശയത്തിന് ശങ്കറിന്റെ പച്ചക്കൊടിയും ലഭിച്ചു. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നേരിട്ട് നേതൃത്വം നല്‍കി പ്ലൈവുഡില്‍ കേരള മാതൃകയിലുള്ള ഒരുഗ്രന്‍ വീട് തയ്യാറാക്കി. തെങ്ങിന്റെയും മറ്റും കട്ടൗട്ടുകള്‍ ശങ്കര്‍ തന്നെയാണ് തയ്യാറാക്കിയത്. പെയ്ന്റിംഗിന്റെ കാര്യത്തില്‍ ശങ്കറിനെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ പണി. അങ്ങനെ റിപബ്ലിക് ദിനത്തില്‍ കേരള വീടും കഥകളിയും നീങ്ങി.

പെണ്‍കുട്ടികള്‍ കൈകൊട്ടി കളിയും ആണ്‍കുട്ടികള്‍ കോല്‍ കളിയുമായി കേരളത്തിന്റെ ഫ്‌ളോട്ടിന് മിഴിവേകി. (കുട്ടികള്‍ ശങ്കറിന്റെ മക്കളും കേരളാക്ലബ്ബ് അംഗങ്ങളുടെ മക്കളുമായിരുന്നു.) കാരണവരായി ശങ്കര്‍ ഒരു വാക്കിങ്ങ് സ്റ്റിക്കുമായി എല്ലാം നോക്കി നിന്നു. കാരണവത്തിയായി കാര്‍ട്ടൂണിസ്റ്റ് കുട്ടി പെണ്‍കുട്ടികള്‍ക്ക് താളം പിടിച്ചു കൊടുത്തു. (സ്ത്രീകള്‍ അക്കാലത്ത് ഇത്തരം വേദികളില്‍ വരാന്‍ അടിച്ചിരുന്നതിനാല്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി മീശ വടിച്ച് കാരണവത്തിയുടെ വേഷം കെട്ടുകയായിരുന്നു.) കഥകളി പകല്‍വെട്ടത്ത് തിമര്‍ത്താടി… കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ഹിറ്റായി… മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു… കേരളത്തിന്റെ ഫ്‌ളോട്ടിനെക്കുറിച്ച് മാത്രമായിരുന്നില്ല വാര്‍ത്ത. കഥകളി അപമാനിക്കപ്പെട്ടു എന്ന മഹാകവി വള്ളത്തോളിന്റെ പ്രസ്താവനയും പിന്നീട് പത്രങ്ങളില്‍ വന്നു. ശങ്കറിനെയും കൂട്ടരേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് വള്ളത്തോള്‍ പ്രസ്താവന ഇറക്കിയത് പകല്‍ വെട്ടത്തില്‍ കഥകളി അവതരിപ്പിച്ചതുകൊണ്ടാണ്. വള്ളത്തോളിന്റെ പ്രസ്താവന മലയാള പത്രങ്ങളില്‍ മാത്രമല്ല ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. എന്തായാലും പ്രധാനമന്ത്രി വള്ളത്തോളിന് ക്ഷമാപണം നടത്തി ഒരു കത്തയച്ചു.

ശങ്കര്‍ തന്റെ ആത്മ സുഹ്യത്തായ നെഹ്‌റുവിനെ കാര്‍ട്ടൂണില്‍ ഭംഗിയായി വരയ്ക്കുമായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം കാര്‍ട്ടൂണില്‍ നെഹ്‌റുവിനെ വരയ്ക്കുന്നത് ശങ്കര്‍ ശീലമാക്കി എന്നും പറയാം. ശങ്കറിന്റെ കാര്‍ട്ടൂണ്‍ കാരണം നെഹ്‌റുവില്‍ വലിയ മാറ്റമുണ്ടായി. ജനങ്ങളിലെ പല ശീലങ്ങളും മാറ്റുവാന്‍ കാര്‍ട്ടൂണ്‍ കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ്. കാര്‍ട്ടൂണുകള്‍ എപ്പോഴും തിരുത്തല്‍ ശക്തിയാണെന്ന് പൊതുവെ പറയാറുമുണ്ട്. കാര്‍ട്ടൂണിലൂടെ ഒരു വിഷയം വിമര്‍ശിക്കപ്പെടുന്ന അവസരത്തിലാണ് തെറ്റും ശരിയും വേര്‍തിരിച്ചറിയുവാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നത്. നെഹ്‌റുവിനെ കുട്ടികള്‍ പോലും തിരിച്ചറിയുന്നത് നെഹ്‌റുവിന്റെ തൊപ്പിയും, നെഹ്‌റു ജാക്കറ്റിലെ റോസാപൂവും കണ്ടാണ്. നെഹ്‌റു റോസാപൂ വെയ്ക്കാന്‍ കാരണം ശങ്കറിന്റെ രണ്ട് കാര്‍ട്ടൂണുകളാണ്. നെഹ്‌റുവിനെ വിമര്‍ശിച്ച രണ്ട് കാര്‍ട്ടൂണിലും ശങ്കര്‍ റോസാപ്പൂ ജാക്കറ്റില്‍ വരച്ചിട്ടു.

ആദ്യ കാര്‍ട്ടൂണ്‍ ഇപ്രകാരമായിരുന്നു. തന്റെ ഉള്ളില്‍ ഇന്ത്യയുടെ ഭാവി ഓര്‍ത്ത് തീ കത്തുകയാണെന്ന് ലോക നേതാക്കള്‍ക്ക് മുന്നില്‍ നെഹ്‌റു പ്രസ്താവിച്ചു. ഇത് വിഷയമാക്കി 1952 മാര്‍ച്ച് മാസം ഒന്‍പതാം തിയതി ശങ്കര്‍ വരച്ച് പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണുണ്ട്. ഒരു പൂന്തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന നെഹ്‌റുവിന്റെ വായില്‍ നിന്ന് തീയും പുകയും. അത് അണയ്ക്കാന്‍ വെള്ളവുമായി ഓടി അടുക്കുന്ന ലോക നേതാക്കള്‍. തോട്ടത്തിലെ ഒരു പൂവ് നെഹ്‌റു തന്റെ ഉടുപ്പില്‍ കുത്തിയിട്ടുണ്ട്.

മറ്റെരിക്കല്‍ നെഹ്‌റു ഒരു പ്രസ്താവന നടത്തിയത് വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസ്സിന് സോഷ്യലിസം സ്വീകാര്യമാണെന്നും കമ്മ്യൂണിസത്തോടാണ് എതിര്‍പ്പ് എന്നായിരുന്നു പ്രസ്താവന. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്‌റുവിന്റെ പ്രസ്താവനയെ വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പൂന്തോട്ടത്തില്‍ നിന്ന് വളരെ നിസാരമായി ഒരു റോസാപ്പൂ ഇറുത്ത് കോട്ടിന്റെ പോക്കറ്റില്‍ വെയ്ക്കുന്ന പോലെയാണ് സോഷ്യലിസം സ്വീകരിക്കലെന്ന നെഹ്‌റുവിന്റെ ധാരണ എന്നാണ് ശങ്കറിന്റെ കാര്‍ട്ടൂണിന്റെ ഉള്ളടക്കം. സോഷ്യലിസമാണ് റോസാപ്പൂവ്. തുടര്‍ച്ചയായി കാര്‍ട്ടൂണില്‍ ശങ്കര്‍ വരച്ച കോട്ടിലെ റോസാപ്പൂവ് നെഹ്‌റുവിനെ ആകര്‍ഷിച്ചു. ഇതായിരുന്നു നെഹ്‌റുവിനെ റോസാപ്പൂ ചൂടിക്കാന്‍ പ്രേരിപ്പിച്ച സംഭവം. അങ്ങിനെ ശങ്കറിന്റെ കാര്‍ട്ടൂണ്‍ നെഹ്‌റുവിന്റെ റോസാപ്പൂ പ്രണയത്തിന് നിമിത്തമായി. പിന്നീട് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും റോസാപ്പൂ വരയ്ക്കാന്‍ തുടങ്ങി. പിന്നീട് നെഹ്‌റു തന്നെ തന്റെ ജാക്കറ്റില്‍ റോസാപ്പൂ ഒരു പതിവാക്കി.

ശങ്കറിന്റെ കാര്‍ട്ടൂണ്‍ രചനയുടെ തുടക്കകാലത്തായിരുന്നു മഹാത്മാഗാന്ധിജിയുടെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. ചരിത്രത്തിന്റെ ഭാഗമാണ് ആ കാര്‍ട്ടൂണുകള്‍. സ്വാതന്ത്ര്യ സമരത്തില്‍ ശങ്കര്‍ ഭാഗമായത് കാര്‍ട്ടൂണുകള്‍ വരച്ചായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് ശങ്കര്‍ അതിമനോഹരമായ പതിനായിരക്കണക്കിന് കാര്‍ട്ടൂണുകളാണ് വരച്ചിട്ടുള്ളത്. നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ കാലത്തും ശങ്കര്‍ കാര്‍ട്ടൂണ്‍ രചന നടത്തിയിട്ടുണ്ട്. ശങ്കറിന്റെ എത്രയോ ഇന്ദിരാഗാന്ധി കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. അടിയന്തരാവസ്ഥ കാലത്തോടുകൂടി ശങ്കര്‍ തന്റെ കാര്‍ട്ടൂണ്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ ആരോഗ്യകപരമായ പ്രശ്‌നങ്ങളായിരുന്നു കാരണമായി ഉണ്ടായിരുന്നത്. പാര്‍ക്കിന്‍സന്‍സ് രോഗം മൂലം കൈകള്‍ വിറയ്ക്കുമായിരുന്നു. വരയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായി. അടിയന്തരാവസ്ഥ കാരണം വര നിര്‍ത്തി എന്നു പറയുന്നതിനോട് യുക്തിപരമായി യോജിക്കുവാനും സാധിക്കില്ല. സ്വന്തം കാര്‍ട്ടൂണ്‍ രചനകളില്ലാതെ ശങ്കേഴ്‌സ് വീക്കിലി പുറത്തിറക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു.

1953ല്‍ ശങ്കര്‍ കുട്ടികള്‍ക്കായി ആരംഭിച്ച ചിത്രരചനാമത്സരം പില്‍ക്കാലത്ത് ഒരു വലിയ സംഭവമായി മാറി. 1965ല്‍ സ്ഥാപിച്ച പാവ മ്യൂസിയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ ഉന്നതിയിലേക്കെത്തിച്ചത്. ഡല്‍ഹിയിലെ നെഹ്‌റു ഹൗസില്‍ 16000 ചതുരശ്ര അടി സ്ഥലത്താണ് ഈ മ്യൂസിയം. 80 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വര്‍ണപ്പൊലിമയുള്ള 5000ത്തോളം പാവകള്‍ ഇവിടെയുണ്ട്. 1975 ല്‍ ശങ്കേഴ്‌സ് വീക്കിലി നിര്‍ത്തിയ ശേഷം ബാലസാഹിത്യ രചനയിലാണ് ശങ്കര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1957ല്‍ നെഹ്‌റുവിന്റെ ആശീര്‍വാദത്തോടെ ആരംഭിച്ച ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിനുവേണ്ടി 77 കഥാ പുസ്തകങ്ങളെഴുതി. 1967ല്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ ലൈബ്രറി നെഹ്‌റു ഹൗസില്‍ തന്നെ സ്ഥാപിച്ചു.

shakar cartoon

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ശേഷം ഉള്ള കാര്‍ട്ടൂണ്‍ ലോകം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ശങ്കറിന് മുന്‍പും ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ ശങ്കറിനോളം പ്രയത്‌നം നടത്തിയിട്ടില്ല. ശങ്കര്‍ സ്വന്തമായി കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും, ഒട്ടേറെ ശിഷ്യരെ സ്വന്തമാക്കുകയും ചെയ്തു. ശങ്കേഴ്‌സ് വീക്കിലി പിന്‍ തലമുറയുടെ കാര്‍ട്ടൂണ്‍ സര്‍വ്വകലാശാലയായിരുന്നു. ശങ്കറിന്റെ സ്മരണയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. കാര്‍ട്ടൂണ്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ വന്നു എന്നതാണ് അതിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതി ശങ്കറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്‍മനാടായ കായംകുളത്ത് ദേശിയ കാര്‍ട്ടൂണ്‍ മ്യൂസിയം ഉണ്ട്. കേരള സര്‍ക്കാര്‍, ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശിയ കാര്‍ട്ടൂണ്‍ മ്യൂസിയം.

കേരള ലളിത കലാ അക്കാദമി അംഗമായിരുന്നു അദ്ദേഹം. 1965 ല്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരണമായ ‘ലൈഫ് വിത്ത് മൈ ഗ്രാന്‍ഡ്ഫാദര്‍’ എന്ന ആത്മകഥാപരമായ കൃതിയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഡോണ്‍ഡ് സ്‌പെയര്‍ മി ശങ്കര്‍ എന്ന കാര്‍ട്ടൂണ്‍ സമാഹാരമുണ്ട്. കുട്ടികള്‍ക്കായി ഒട്ടേറെ പുസ്തകങ്ങള്‍ തയ്യാറാക്കി. ശങ്കറിന്റെ ഭാര്യയുടെ പേര് തങ്കം എന്നായിരുന്നു. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നു. സുകുമാരന്‍, ശാന്ത, യമുന, 1989 ഡിസംബര്‍ 26 ന് 87-ാം വയസില്‍ ശങ്കര്‍ അന്തരിച്ചു. cartoonist shakar the legend of indian cartooning 

Content Summary: cartoonist shakar the legend of indian cartooning

Leave a Reply

Your email address will not be published. Required fields are marked *

×