ജാഫര്‍ പനാഹിയുടെ ഇത് വരെ കണ്ട സിനിമകളില്‍ നിന്ന് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സുതാര്യതയാണ്. വഴിവിളക്കുകള്‍ ഇല്ലാത്ത ഇരുട്ട് നിറഞ്ഞ ഒരു ഇടറോഡില്‍ സംഭവിക്കാവുന്ന അതിസാധാരണമായ ഒരു അപകടം. അതിനെ പറ്റി പറഞ്ഞു വിഷമിക്കുന്നത് ഒരു ചെറിയ പെണ്‍കുട്ടിയാണ്. ഇബ്രാഹിം അസീസിന്റെ, സംഗീതവും ഡാന്‍സും ഇഷ്ടപ്പെടുന്ന മകള്‍. പതിവ് പോലെ അച്ഛന്‍-മകള്‍ സംഭാഷണങ്ങളിലൂടെ, ആ കുടുംബത്തിലെ മൂന്ന് കഥാപാത്രങ്ങളും അവരുടെ ചിന്താഗതികളും പരിചയപ്പെടുത്തുന്നു. അതിലെ രാഷ്ട്രീയം കൃത്യമാണ്.
ഫസ്റ്റ് ആക്ടിന്റെ അടുത്ത ഭാഗം മുതല്‍ ഈ സിനിമയും പ്രേക്ഷകരും തമ്മില്‍ ഒരു സെമി ത്രില്ലര്‍ മൂഡില്‍ കണക്ട് ചെയ്യപ്പെടുന്നു. ഗംഭീരമായ തേര്‍ഡ് ആക്ട് വരെ ആ ഉദ്വേഗം നില നിര്‍ത്തുന്നതിലും, ഇടയില്‍ പറയാനുള്ളതെല്ലാം വ്യക്തമായി അവതരിപ്പിക്കുന്നതിലും പനാഹിയുടെ ക്രാഫ്റ്റ് വര്‍ക്ക് ചെയ്തു എന്ന് നിസ്സംശയം പറയാവുന്ന സിനിമയാണ്, കാനിലും, ഗോള്‍ഡന്‍ ഗ്ലോബിലുമൊക്കെ തിളങ്ങിയ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്. ബെസ്‌റ് ഫോറിന്‍ ഫിലിം, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ് എന്നീ ക്യാറ്റഗറികളില്‍ ഓസ്‌കറില്‍ നോമിനേറ്റ് ചെയ്യപെട്ടിട്ടും ഉണ്ട് ഈ ചിത്രം.
ജയില്‍വാസം പനാഹിക്കു പുത്തരിയല്ല. ഇറാന്‍ ഭരണകൂടത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ഈ സംവിധായകന്‍ 2010ല്‍ പട്ടിണി സമരം ചെയ്താണ് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് മൂന്നു മാസം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങിയത്. കടുത്ത സമ്മര്‍ദ്ദം അന്താരാഷട്ര തലത്തില്‍ നിന്ന് തന്നെ ഉണ്ടായതാണ് പനാഹിയെ രക്ഷിച്ചത്. ഇറാനില്‍ സിനിമ എടുക്കുന്നതിനുള്ള വിലക്ക് മാറ്റിയെങ്കിലും, ഇസ്ലാം റിപ്പബ്ലിക്കിനെതിരെയുള്ള വിഷയങ്ങള്‍ എടുക്കാന്‍ അനുവാദമില്ല. പക്ഷെ പനാഹി തന്റെ സിനിമകളിലൂടെ, നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു. ലോകം അവ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. അന്താരാഷട്ര ഫിലിം ഫെസ്റ്റുകളില്‍ ജാഫര്‍ പനാഹി പ്രത്യക്ഷപെട്ടു തുടങ്ങിയിരിക്കുന്നു.
2022ലെ അറസ്റ്റില്‍ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ തനിക്കുണ്ടായ അനുഭവങ്ങളും, സഹ തടവുകാരില്‍ നിന്ന് കിട്ടിയ വിവരങ്ങളും ഞെട്ടിക്കുന്നതാണ്. അത് തീര്‍ച്ചയായും ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റില്‍ പ്രകടമാണ്. പനാഹി ജയിലില്‍ വെച്ച് പരിചയപ്പെട്ട മഹ്‌മൂദിയാനാണു സ്‌ക്രിപ്റ്റ് ചെയ്തത്. ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഇത്രയ്ക്കും ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുമ്പോളും, ഈ സിനിമയിലെ കഥാപാത്രങ്ങള്‍ മനുഷ്യ സഹജമായ എല്ലാ ദൗര്‍ബല്യങ്ങളിലൂടെയും കടന്നു പോകുന്നു. അവരുടെ സിറ്റുവേഷന്‍ കണ്‍ഫ്യൂഷന്‍, ഹ്യൂമര്‍, ഓര്‍മകളിലെ, കെട്ടിത്തൂക്കിയ കറുത്ത ദിനങ്ങള്‍, വേദനകള്‍, പ്രതികാരവാഞ്ച, മാനുഷികമൂല്യങ്ങളിലെ വ്യത്യസ്തത എല്ലാം പ്രസക്തമാണ്. പൈശാചികമായ അവരുടെ ജയില്‍ അനുഭവങ്ങള്‍ അതിനു കാരണക്കാരായവരിലേക്കു തിരിച്ചു നല്‍കുന്നതില്‍ എന്താണ് തെറ്റ്?
ആ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാഹിദ് തുടങ്ങി വെക്കുന്ന വിപ്ലവം, ഒരു നീങ്ങുന്ന വാനില്‍, ഓരോരോ ഇരകളിലേക്കു എത്തിക്കുന്നു. മരണം മുന്നില്‍ കണ്ട ആദ്യ നിമിഷങ്ങളില്‍ തന്നെ ഇന്റലിജന്റ് ഓഫിസര്‍ ഇബ്രാഹിം വാഹിദിന് ഇട്ടു കൊടുക്കുന്ന സംശയം, പനാഹി ഉപയോഗപ്പെടുത്തിയത് തന്റെ കഥാപാത്രങ്ങളുടെ എല്ലാ സൈക്കോളജിക്കല്‍ തലങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ടൂള്‍ ആയിട്ടാണ്. മറിയം അഫ്ഷറിയുടെ ശിവ എന്ന കഥാപാത്രം ഒരു ഫോട്ടോഗ്രാഫര്‍ ആണ്. ഭൂതകാലത്തെ വിട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. വെഡിങ് ഗൗണില്‍ നില്‍ക്കുന്ന സുഹൃത്തായ ഗോലി (Hadis Pakbaten) അങ്ങിനെയല്ല ചിന്തിക്കുന്നത്. ഇതിലൂടെ ഒന്നും കടന്നു പോകാത്ത പ്രതിശ്രുത വരന്‍ അലിയുടെ അങ്കലാപ്പുകള്‍. ചൂടനായ ഹമീദിന്റെ (Mohamad Ali Elyasmehr) എടുത്തു ചാട്ടങ്ങള്‍. അങ്ങിനെ സംഘര്‍ഷഭരിതമായ നിമിഷങ്ങളിലും പനാഹി കൊണ്ട് വരുന്ന വിറ്റുകള്‍ നമ്മളെ ചിരിപ്പിക്കും. ഇറാനില്‍ കൈക്കൂലി ഇല്ലാത്ത സ്ഥലങ്ങള്‍ കുറവാണെന്നു തോന്നിപ്പിക്കും.
ഇറ്റ് വാസ് ജസ്റ്റ് ആക്സിഡന്റിലെ അഭിനേതാക്കള്‍ പലരും ആകസ്മികമായി ഈ സിനിമയില്‍ എത്തിയവരാണ്. അവരുടെ സ്വാഭാവികമായ പ്രകടനങ്ങള്‍ സിനിമയെ റിയാലിസ്റ്റിക്കും, എന്‍ഗേജിങ്ങും ആക്കി കൊണ്ടുപോകുന്നു. ഇറാനിലെ ചില ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു അസിറിയും, ഫാര്‍സിയും ഭാഷകള്‍ മാറി മാറി വരുന്നു. രാജ്യത്തു നില നില്‍ക്കുന്ന അസമത്വത്തിനും, അനീതിക്കുമെതിരെ ആര്‍ട്ടിലൂടെ പ്രകടിപ്പിക്കാവുന്ന എല്ലാ രോഷങ്ങളും ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡെന്റ് അതിന്റെ രാഷ്ട്രീയമാക്കുന്നു.
ഇടയിലെ ആ അപ്രതീക്ഷിതമായ ഫോണ്‍ കോളും, തുടര്‍ സംഭവങ്ങളും ഈ ചുരുക്കം കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുമ്പോള്‍, ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡെന്റ് അതിന്റെ യൂണിവേഴ്‌സല്‍ മെസ്സേജിലേക്കു നമ്മളെയും ഉയര്‍ത്തും. സിനിമയുടെ തേര്‍ഡ് ആക്ട് അത് ഊട്ടിയുറപ്പിക്കും. ഈ സീനുകളില്‍ ജാഫര്‍ പനാഹി ഓപ്പണ്‍ ആണ്. വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്. പ്രതികാരത്തെ നിര്‍വീര്യമാക്കുന്ന മനുഷ്യത്വത്തിന്റെ തെളിമയുണ്ട്. പക്ഷെ, തീവ്രമായ മതവിശ്വാസങ്ങളുടെ അഴിയാകുരുക്കുകളില്‍ പെട്ട, അധികാരമുള്ള മനുഷ്യര്‍ക്ക് എന്നെങ്കിലും തിരിച്ചറിവുകള്‍ ഉണ്ടാകുമോ? ഇറ്റ് വാസ് ജസ്റ്റ് ആക്സിഡന്റിന്റെ അവസാനം വാഹിദിന് പുറകില്‍ ആ കൃത്രിമക്കാലിന്റെ പരിചിതമായ ശബ്ദം അടുത്തടുത്ത് വരുന്നുണ്ട്.
Content Summary: It was just an accident; Iranian movie directed by Jafar Panahi review
This post was last modified on February 10, 2026 10:18 am
Leave a Comment