June 08, 2026 |

ശവക്കല്ലറയില്‍ കോടികളുടെ പുരാവസ്തുക്കള്‍

എട്രൂസ്‌കന്‍ കാലത്തെ നെക്രോപോളിസുകളില്‍ ഒളിപ്പിച്ച പുരാവസ്തുക്കളാണ് പിടികൂടിയത്

70 കോടിയില്‍ അധികം വില വരുന്ന പുരാവസ്തുക്കള്‍ ഒളിച്ചു കടത്തിയ ശവക്കല്ലറകളില്‍ നിന്ന് പിടികൂടി ഇറ്റാലിയന്‍ അധികൃതര്‍. പുരാതന ഇറ്റലിയിലെ എട്രൂസ്‌കന്‍ ജനവിഭാഗം ഉപയോഗിച്ചിരുന്ന ശവക്കല്ലറ (നെക്രോപോളിസുകള്‍) യില്‍ നിന്നാണ് കോടികളുടെ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. മധ്യ ഇറ്റലിയിലെ ഉംബ്രിയയില്‍ നിന്നാണ് ബിസി മൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നു എന്നു കരുതപ്പെടുന്ന, കോടികള്‍ വിലവരുന്ന പുരാവസ്തുക്കള്‍ പിടികൂടിയത്.

കണ്ടെടുത്ത പുരാതന വസ്തുക്കള്‍, ശവകുടീരങ്ങള്‍ കൊള്ളയടിച്ചിരുന്ന സംഘം ഉംബ്രിയയില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നതാവാം എന്നാണ് നിഗമനം. എട്രൂസ്‌കന്‍ ജനത ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വെങ്കലത്തിന്റെ കണ്ണാടികള്‍, പെര്‍ഫ്യൂം ബോട്ടിലുകള്‍ തുടങ്ങിയവ കണ്ടെത്തിയവയിലുണ്ട്. പുരാതന വസ്തുക്കളുടെ വില ഏകദേശം എട്ട് മില്ല്യണ്‍ യൂറോ(ഏകദേശം 70 കോടി 58 ലക്ഷം) വരുമെന്ന് ഇറ്റാലിയന്‍ പോലീസ് വ്യക്തമാക്കി. കണ്ടെടുത്തവയില്‍ 40 വയസ് പ്രായമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടവും ലഭിച്ചിരുന്നു. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ത്രീകളുടെ രൂപങ്ങള്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള പാത്രങ്ങളില്‍ ആഭരണങ്ങളിലെ സ്വര്‍ണ നിറം മങ്ങാതെ കാണപ്പെടുന്നു. രണ്ട് സംരഭകര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി കുഴിക്കുന്നതിനിടെയാണ് എട്രൂസ്‌കന്‍ ശവകുടീരങ്ങളുടെ അറ ശ്രദ്ധയില്‍പെട്ടതെന്ന് പെറുഗിയ ചീഫ് പ്രോസിക്യൂട്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുരാതന വസ്തുക്കള്‍ കരിഞ്ചന്തയില്‍ എത്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ശവകുടീരങ്ങള്‍ കൊള്ളയടിക്കുന്ന സംഘവുമായി സംരഭകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വില്‍പ്പനക്കായി പുരാതന വസ്തുക്കളുടെ ചിത്രങ്ങള്‍ അവര്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണ സംഘം പുരാതന വസ്തുക്കള്‍ ലഭിച്ച ആളുകളെ പിടികൂടുന്നത്. പുരാതന വസ്തുക്കളുടെ മോഷണം, അവയുടെ വ്യാപാരം തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 2015ല്‍ പള്‍ഫ്ന കുടുംബത്തില്‍പ്പെട്ട എട്രൂസ്‌കന്‍ ശവകുടീരം വടക്കന്‍ റോമിന് 150 കിലോമീറ്റര്‍ അകലെയുള്ള സിറ്റ ഡെല്ല പീവില്‍ നിന്നും കണ്ടെത്തിയിരുന്നു. അന്ന് അവ കണ്ടെത്തുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്ത കര്‍ഷകന് 100000 യൂറോ പ്രതിഫലമായി നല്‍കുകയും ചെയ്തു. 2022ലും സമാനമായ കണ്ടെത്തലുകള്‍ നടന്നിരുന്നു. സിറ്റ ഡെല്ല പീവിന് സമീപമുള്ള ടസ്‌കന്‍ എന്ന ഗ്രാമത്തില്‍ നിന്നും പുരാതനമായ വെങ്കല പ്രതിമകള്‍ കണ്ടെടുത്തിരുന്നു. എട്രൂസ്‌കന്‍മാരും റോമാക്കാരും ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന തെര്‍മല്‍ ബാത്തില്‍ നിന്നാണ് വെങ്കല പ്രതിമകള്‍ കണ്ടെടുത്തത്. Etruscan artifacts
Content summary: Italian authorities have recovered rare Etruscan artifacts dating back to the third century

Leave a Reply

Your email address will not be published. Required fields are marked *

×