അതിരുകടന്നാല്‍ പോക്കറ്റ് കീറും; അച്ചടക്കമില്ലാത്ത സഞ്ചാരികള്‍ക്ക് വന്‍ പിഴയുമായി ഇറ്റലി

പൊതുവഴികളിലൂടെ അര്‍ദ്ധനഗ്‌നരായി നടക്കുന്നതും നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് കറങ്ങിത്തിരിയുന്നതും പൂര്‍ണ്ണമായി നിരോധിച്ചു

അതിരുകടക്കുന്ന വിനോദസഞ്ചാരക്കൂട്ടത്തെയും സഞ്ചാരികളുടെ മോശം പെരുമാറ്റത്തെയും മെരുക്കാന്‍ നിയമം കടുപ്പിച്ച് ഇറ്റലി. ലോകപ്രശസ്തമായ കോമോ തടാകത്തീരത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ ‘വരെന്ന’ (Varenna) നഗരസഭയാണ് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും വന്‍ തുക പിഴയും ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവിറക്കിയത്.

നഗരത്തിലെ പൊതുവഴികളിലൂടെ അര്‍ദ്ധനഗ്‌നരായി നടക്കുന്നതും നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് കറങ്ങിത്തിരിയുന്നതും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. പുതിയ നിയപ്രകാരം ഇത്തരം വസ്ത്രധാരണം തടാകതീരത്തെ ബീച്ചുകളിലും ബോട്ട് യാത്രകളിലും മാത്രമായി പരിമിതപ്പെടുത്തണം എന്നാണ്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 മുതല്‍ 21000 രൂപ വരെ (50-200 യൂറോ) പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.

കൂടാതെ, വരെന്നയിലെ ഇടുങ്ങിയ തെരുവുകളില്‍ തിരക്ക് സൃഷ്ടിക്കാതിരിക്കാന്‍ ടൂര്‍ ഗ്രൂപ്പുകളിലെ സഞ്ചാരികളുടെ എണ്ണം പരമാവധി 25 ആയി കുറച്ചിട്ടുമുണ്ട്. ടൂറിസ്റ്റ് ഗൈഡുകള്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വരെന്ന അതിമനോഹരമായ ഒരു ഗ്രാമമാണ്, ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുണ്ട്,’ ‘എന്നിരുന്നാലും, മാസ്സ് ടൂറിസത്തിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം തകര്‍ക്കാന്‍ സാധിക്കില്ലെന്നും മേയര്‍ മൗറോ മാന്‍സോണി വ്യക്തമാക്കി.

വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളായതേയുള്ളൂ എങ്കിലും വരെന്നയിലെ ജനങ്ങള്‍ വലിയ രീതിയില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അമിതമായ ടൂറിസം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിലുടനീളമുള്ള നിരവധി പട്ടണങ്ങളും നഗരങ്ങളും സമാനമായ നടപടികള്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്.

2022-ല്‍, അന്നത്തെ സോറെന്റോ മേയര്‍, നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ചും അര്‍ദ്ധനഗ്‌നരായും പൊതുസ്ഥലങ്ങളിലൂടെ നടക്കുന്നത് നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ‘അപകീര്‍ത്തികരമായ പെരുമാറ്റമാണ്’ എന്ന് വിശേഷിപ്പിക്കുകയും വന്‍ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. ലിഗൂറിയയിലെ ആഢംബര തീരദേശ നഗരമായ പോര്‍ട്ടോഫിനോയില്‍ വിനോദസഞ്ചാരികള്‍ ഒരേ സ്ഥലത്ത് കൂടുതല്‍ സമയം തങ്ങുന്നത് തടയാന്‍ 2023-ല്‍ സെല്‍ഫികള്‍ നിരോധിക്കുകയും ചില പ്രദേശങ്ങളെ ‘നോ-വെയിറ്റിങ് സോണുകള്‍’ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Italian village to impose fines of up to €200 on tourists with bare chests or in swimwear

This post was last modified on July 8, 2026 3:30 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment