June 04, 2026 |
Share on

ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, ജ​ഗ്ദീപ് ധൻകറിൻ്റെ രാജി മോദിയുടെ സമ്മർദ്ദത്തെ തുടർന്ന്; ആരോപണവുമായി ടിഎംസി എംപി

രാജ്നാഥ് സിം​ഗിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും കല്യാൺ ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ്ദത്തെ തുടർന്നാണ് മുൻ ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവെച്ചതെന്ന ആരോപണവുമായി തൃണമൂൽ കോൺ​ഗ്രസ് എംപി കല്യാൺ ബാനർജി. രാജിവെച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് ധൻകറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കല്യാൺ ബാനർജി ആരോപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും കല്യാൺ ബാനർജി പറഞ്ഞു. അന്ന് രാത്രി 9 മണിക്കുള്ളിൽ രാജിവച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് അവർ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ്ദ തന്ത്രമായിരുന്നു അത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചത് എല്ലാവരും കണ്ടതാണ്. ഇപ്പോൾ രാജ്‌നാഥ് സിംഗിനെ ഉപരാഷ്ട്രപതിയാക്കുമെന്ന് കേൾക്കുന്നത്, കല്യാൺ ബാനർജി ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജി രാഷ്ട്രീയരംഗത്ത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. രാജിയറിയിച്ച സമയവും ഔദ്യോഗിക കാരണവുമെല്ലാം സംശയാസ്പദമാണെന്ന് നിരവധി നേതാക്കൾ അറിയിച്ചിരുന്നു. നിർബന്ധിത രാജി എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ജഗ്ദീപ് ധൻകർ രാജിവെച്ചതിന്റെ കാരണം സർക്കാർ വിശദീകരിക്കണമെന്നും സംശയങ്ങൾ നിലനിൽക്കുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ധൻകർ ആരോ​ഗ്യവാനായാണ് കാണപ്പെട്ടിരുന്നത്. ആർഎസ്എസിനെയും ബിജെപിയെയും അദ്ദേഹം എന്നും വിമർശിച്ചിരുന്നു. ഈ രാജിക്ക് പിന്നിൽ ആരാണെന്നും എന്താണെന്നും അറിയാൻ രാജ്യം ആ​ഗ്രഹിക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയിയും ഇതേ അഭിപ്രായം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച വൈകുന്നേരമാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങളാണ് സ്ഥാനമൊഴിയാനുള്ള കാരണമെന്ന് ഔദ്യോഗിക രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച് ഞാൻ ഇതിനാൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കുന്നു, ജഗ്ദീപ് ധൻകർ തന്റെ രാജിക്കത്തിൽ എഴുതിയതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: Jagdeep Dhankhar resigned under Modi’s pressure, alleges TMC MP

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×