അട്ടിമറി ഗൂഢാലോചന കേസ്; ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്ക് 27 വർഷം തടവ്

ബ്രസീൽ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്

2022 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അധികാത്തിൽ തുടരാൻ അട്ടിമറി ​ഗൂഢാലോചനയ്ക്ക് ശ്രമിച്ച കേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്ക് 27 വർഷവും മൂന്ന് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ച് സുപ്രീം കോടതി. അട്ടിമറി ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. ലോകത്തിലെ പ്രമുഖ വലതുപക്ഷ നേതാക്കളിൽ ഒരാൾക്ക് ലഭിക്കുന്ന വലിയ തിരിച്ചടിയാണിത്.

ബ്രസീൽ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ഇതോടെ, ജനാധിപത്യത്തെ ആക്രമിച്ചതിന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ മുൻ പ്രസിഡന്റായി 70 കാരനായ ബോൾസൊനാരോ മാറി. ഈ ക്രിമിനൽ കേസ് ബ്രസീലിന്റെ ഭൂതകാലവും, ഇപ്പോഴത്തെ അവസ്ഥയും, ഭാവിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച പോലെയാണെന്നാണ് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് കാർമെൻ ലൂസിയ പറഞ്ഞത്. നിലവിൽ വീട്ടുതടങ്കലിൽ കഴിയുന്ന ബോൾസൊനാരോ ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് തെളിയിക്കാൻ ധാരാളം തെളിവുകളുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

വിധിക്ക് പിന്നിലെ കാരണങ്ങളും ജസ്റ്റിസുമാർ വ്യക്തമാക്കി. സായുധ ക്രിമിനൽ സംഘടനയിൽ പങ്കെടുത്തു, ജനാധിപത്യത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചു, ഒരു അട്ടിമറിക്ക് നേതൃത്വം നൽകി, സർക്കാർ സ്വത്തുക്കൾക്കും സംരക്ഷിത സാംസ്കാരിക വസ്തുക്കൾക്കും കേടുപാടുകൾ വരുത്തി, തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണ് അഞ്ച് ജഡ്ജിമാരിൽ നാല് പേരും ബോൾസൊനാരോയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

അതേസമയം, വിധിയോട് ട്രംപ് ഭരണകൂടം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഈ കേസിനെ ഒരു “വേട്ടയാടൽ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇതിന്റെ പ്രതികാരമെന്നോണം ബ്രസീലിനെതിരെ താരിഫ് വർദ്ധനവും, വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ഉപരോധങ്ങളും, സുപ്രീം കോടതി ജഡ്ജിമാരുടെ വിസ റദ്ദാക്കലും ട്രംപ് ഏർപ്പെടുത്തിയിരുന്നു. അന്യായമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചത്.

ഫ്രാൻസിൻ്റെ മറീൻ ലെ പെൻ, ഫിലിപ്പൈൻസിൻ്റെ റോഡ്രിഗോ ഡ്യുട്ടെർട്ടെ എന്നിവരുൾപ്പെടെ ഈ വർഷം മറ്റു ചില വലതുപക്ഷ നേതാക്കൾക്ക് ശിക്ഷ ലഭിച്ചിരുന്നു.

നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിൽ ബോൾസൊനാരോ വീട്ടുതടങ്കലിലായിരുന്നു. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. 2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കൽ.

Content Summary: Jair Bolsonaro sentenced to 27 years in prison for plotting coup in Brazil

This post was last modified on September 12, 2025 7:58 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment