December 09, 2024 |

ജയറാം മഹാതോ; ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ പുതിയ ‘കടുവ’

യുവാക്കളുടെയും പാര്‍ശ്വവത്കൃത ജനതയുടെയും പ്രതീക്ഷയായി ജയറാം മാറുന്നതെങ്ങനെയാണ്?

ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ പല ‘കടുവ’കളുമുണ്ട്. ഒരു നേതാവിന് ആ നാട്ടില്‍ കിട്ടുന്ന പ്രാധാന്യവും, നേതൃത്വഗുണവും, നിര്‍ഭയത്വവും, സാധാരണക്കാരന്റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് അയാളുടെ ജനങ്ങള്‍ക്ക് മുന്നില്‍ കടുവയാക്കുന്നത്. മുന്‍ മുഖ്യമന്ത്രി ചമ്പൈ സോറനൊക്കെ ഈ ഗണത്തില്‍ പ്രശംസിക്കപ്പെടുന്ന നേതാവാണ്. സംസ്ഥാനത്തെ ആദിവാസി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോടുള്ള ഒരു നേതാവിന്റെ അചഞ്ചലമായ സമര്‍പ്പണത്തെയാണ് ഈയൊരു പദവിയിലൂടെ ആദരിക്കപ്പെടുന്നത്. ഇന്ന് ജാര്‍ഖണ്ഡിന്റെ രാഷ്ട്രീയത്തിന്റെ ഒരു പുതിയ ‘കടുവ’ കൂടി അതിന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ചിരിക്കുകയാണ്: ജയറാം മഹാതോ. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ജയറാമിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തനാക്കിയിരിക്കുന്നത്. യുവജനതയുടെ സങ്കല്‍പ്പങ്ങളെ കീഴടക്കുകയും അതോടൊപ്പം സംസ്ഥാന രാഷ്ട്രീയത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്ത ഒരു പുതിയ രാഷ്ട്രീയ ഐക്കണ്‍ ആയാണ് ജയറാം മഹാതോയെ ജാര്‍ഖണ്ഡ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനതല റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഭോജ്പുരി, മാഗാഹി, അംഗിക എന്നിവ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2022 ജൂണില്‍ ധന്‍ബാദിന് സമീപമുള്ള ടോപ്ചാച്ചി എന്ന ചെറിയ ആദിവാസി ഊരില്‍ ജയറാം നടത്തിയ തീപ്പൊരി പ്രസംഗമാണ് രാഷ്ട്രീയ വെളിച്ചത്തിലേക്കുള്ള അയാളുടെ യാത്രയുടെ ആരംഭം. ബാക്കി യുള്ളവ ഒഴിവാക്കി ജാര്‍ഖണ്ഡി ഭാഷകള്‍ ഔദ്യോഗികമാക്കണമെന്നും തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ മുന്‍ഗണന നല്‍കണമെന്നുമായിരുന്നു ജയറാമിന്റെ ആവശ്യം. തുടക്കത്തില്‍ വടക്കന്‍ ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രസ്ഥാനം, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമിടയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു, വൈകാതെ തന്നെ സംസ്ഥാനത്തുടനീളം അതിവേഗം അതിന്റെ വേരുകള്‍ പാകി. ഭരണകൂടി എതിര്‍പ്പിനെ കായികമായി തന്നെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, ജയറാം നേതൃത്വം നല്‍കിയ പ്രതിഷേധം അവര്‍ക്ക് സുപ്രധാന രാഷ്ട്രീയവിജയം നേടിക്കൊടുത്തു. മൂന്ന് ജില്ലകളിലെ ഭാഷാ ക്രമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

Jairam Mahato

ഭാഷ പ്രതിഷേധത്തിന് മുമ്പേ തന്നെ ജയറാം മഹാതോ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ പ്രാധാന്യം വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന രൂപീകരണം നടന്ന 2000 മുതല്‍ ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ ജാര്‍ഖണ്ഡി സ്വത്വത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ അയാള്‍ സജീവമായിരുന്നു. ആദിവാസി സമൂഹങ്ങളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും പോരാട്ടമാണ് ജാര്‍ഖണ്ഡിന്റെ പിറവിക്കു പിന്നില്‍. ജാര്‍ഖണ്ഡി ഐഡന്റിറ്റിയായിരുന്നു ഈ പോരാട്ടത്തിന്റെ കാതല്‍. ആരാണ് ഈ നാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന ചോദ്യമായിരുന്നു ചരിത്രപരമായ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദു. കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യവും അംഗീകാരവും തേടുന്ന കുര്‍മികള്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായങ്ങള്‍ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ജന്മം കൊണ്ട് കുര്‍മിയായ ജയറാം മഹാതോ ഈ വികാരങ്ങളെ സമര്‍ത്ഥമായി മുതലെടുത്തു.
1932 മുതലുള്ള ഭൂമി രേഖകളുള്ള കുടുംബങ്ങളെ മാത്രം തദ്ദേശീയരായി അംഗീകരിക്കുന്ന 1932-ലെ ഖതിയാനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആവശ്യം ജാര്‍ഖണ്ഡികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ക്കും സംവരണത്തിനുമുള്ള ആവശ്യം വീണ്ടും ശക്തമാക്കി. ആദിവാസി ഗ്രൂപ്പുകളും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) ദീര്‍ഘകാലമായി ഉയര്‍ത്തിയ ആവശ്യം മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ അവഗണിക്കുകയായിരുന്നു. ഇവിടെയാണ് ജയറാം മഹാതോ അവസരം പ്രയോജനപ്പെടുത്തിയത്. പോരാട്ടങ്ങള്‍ കലുഷിതമായിരുന്നു, പൊലീസിന്റെ ബലപ്രയോഗത്തിനും അയാളെ തടയാന്‍ കഴിയാതിരുന്നതോടെ ജയറാം സംസ്ഥാനത്തിന്റെ ഒരു യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു. ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി അദ്ദേഹം മാറി. നിലവിലെ രാഷ്ട്രീയ-സാമൂഹിക അവസ്ഥയില്‍ അതൃപ്തിയുള്ളവര്‍ക്കൊക്കെയും ജയറാം അവരുടെ നേതാവായി.

1995ല്‍ മാന്‍താന്‍ഡ് ഗ്രാമത്തില്‍ ജനിച്ച ജയറാം, സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവ പങ്ക് വഹിച്ച കുടുംബത്തില്‍ നിന്നുള്ളതാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക്, ഭാഷാ പ്രസ്ഥാനമാണ് കൂടുതല്‍ സഹായകരമായത്. അതിലൂടെയാണ് ജയറാം പൊതുജനശ്രദ്ധയിലേക്ക് വരുന്നത്. 2023ല്‍ അദ്ദേഹം ജാര്‍ഖണ്ഡി ഭാഷാ സംഘര്‍ഷ് ഖതിയാന്‍ സമിതി (ജെബിഎസ്‌കെഎസ്) സ്ഥാപിച്ചു. ജാര്‍ഖണ്ഡിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശബ്ദമായി മാറി. ജയറാമിന്റെ തീക്ഷ്ണമായ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി, സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ പിന്തുണ നേടാനായി, സ്ഥാപിത രാഷ്ട്രീയ മാനദണ്ഡങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഒരു നേതാവായി യുവജനത ജയറാമിനെ കണ്ടു.

Jairam Mahato

ജയറാമിന്റെ ഉയര്‍ച്ചയുടെ ഏറ്റവും ശ്രദ്ധേയമായ വശം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ, പ്രത്യേകിച്ച് ജാര്‍ഖണ്ഡിലെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗമാകുന്ന കുര്‍മികളെ ഒന്നിപ്പിക്കാനുള്ള കഴിവാണ്. ചരിത്രപരമായി, സംസ്ഥാന പ്രസ്ഥാനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും, കുര്‍മി സമൂഹത്തെ ജെഎംഎം ഒഴിവാക്കി നിര്‍ത്തുകയാണെന്ന വികാരം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജയറാമിന്റെ തുറന്നടിച്ചുള്ള പ്രസംഗങ്ങളും കുര്‍മി സമുദായത്തിന്റെ നേതാവായ സുധേഷ് മഹാതോയെക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനങ്ങളും, നിലവിലെ രാഷ്ട്രീയവ്യവസ്ഥിതി തങ്ങളെ അവഗണിച്ചിരിക്കുന്നതായി നിരാശപ്പെടുന്ന കുര്‍മികള്‍ തങ്ങളുടെ പ്രതീക്ഷയായി ജയറാമിനെ കാണുന്നതിന് കാരണമായിട്ടുണ്ട്. സുധേഷ് മഹാതോയുടെ സ്വാധീനം കുര്‍മികള്‍ക്കിടയില്‍ തന്നെ കഴിഞ്ഞ നാളുകളിലായി ദുര്‍ബലപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ പ്രാതിനിധ്യത്തിനായുള്ള കുര്‍മി സമുദായത്തിന്റെ അഭിലാഷങ്ങള്‍ക്ക് ജയറാമിന്റെ നേതൃത്വം പുതിയ ജീവന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനം പോലും അവരിപ്പോള്‍ സ്വപ്‌നം കാണുന്നുണ്ട്.

ജയറാമിന്റെ രാഷ്ട്രീയ യാത്ര വെല്ലുവിളികളില്ലാത്തതായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വാധീനം തകര്‍ക്കാന്‍ ബിജെപിയും ജെഎംഎമ്മും ഒരുപോലെ ശ്രമിച്ചിരുന്നു. ഇതെല്ലാം അഇതിജീവിച്ചാണ് 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം ജെഎംഎമ്മിന്റെ കോട്ടയായ ദുമ്രി സീറ്റില്‍ ജയിച്ചു, അന്തരിച്ച ജെഎംഎം നേതാവ് ജഗര്‍നാഥ് മഹാതോയുടെ ഭാര്യ ബേബി ദേവിയെയാണ് പരാജയപ്പെടുത്തിയത്. ബെര്‍മോയില്‍ രണ്ടാം സ്ഥാനവും നേടി, തന്റെ രാഷ്ട്രീയ പ്രസക്തി കൂടുതല്‍ ഉറപ്പിച്ചു. 2024ല്‍ രൂപീകരിച്ച അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച (ജെഎല്‍കെഎം) ഇതിനകം തന്നെ ഗണ്യമായ സ്വാധീനം സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡി ഐഡന്റിറ്റിയും പ്രാദേശിക തൊഴില്‍ സംവരണങ്ങളുമാണ് ജെഎല്‍കെഎമ്മിന്റെ പ്രധാന അജണ്ടകള്‍. നിയമസഭയില്‍ ജെഎല്‍കെഎമ്മിന് ഭൂരിപക്ഷം നേടാനായില്ലെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതില്‍ അത് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജയറാമിന്റെ പാര്‍ട്ടി ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രധാന കളിക്കാരനായി മാറിയിരിക്കുകയാണ്.

വരും വര്‍ഷങ്ങളില്‍, ജാര്‍ഖണ്ഡ് രാഷ്ട്രീയത്തെ പൊളിച്ചെഴുതാനാണ് ജയറാം മഹാതോ ഒരുങ്ങുന്നത്. സ്വത്വപ്രശ്‌നങ്ങളിലെ ധീരമായ നിലപാട്, ജെഎംഎം, ബിജെപി എന്നിവര്‍ക്കെതിരേയുള്ള വെല്ലുവിളി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയാലൂടെ ജയറാമിനെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തില്‍ ഒരു ശക്തിയായി മാറ്റുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ച ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ജയറാമിനെപ്പോലുള്ള പുതിയ നേതാക്കള്‍ ഉയര്‍ന്നു വരുന്നതോടെ, നിലവിലെ നേതാക്കള്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ സ്വത്വ പ്രശ്‌നങ്ങളാണ് ജയറാമിനെ പോലുള്ളവര്‍ വൈകാരികമായി മുന്നില്‍ വയ്ക്കുന്നത്. ജാര്‍ഖണ്ഡി കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജയറാം മഹാതോ തന്റെ രാഷ്ട്രീയ പാത വെട്ടിത്തുറന്നു കൊണ്ടിരിക്കെ, സംസ്ഥാനത്തെ യുവാക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും അവരുടെ പുതിയ പ്രതീക്ഷകളുടെ പ്രതീകമായ ജയറാം മഹാതോയെ ജാര്‍ഖണ്ഡിന്റെ പുതിയ ‘കടുവ’യായി അവരോധിച്ചിരിക്കുകയാണ്. Jairam Mahato the new Tiger of Jharkhand

Content Summary; Jairam Mahato, the new tiger of Jharkhand

×