സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയൊരു രാജ്യമാണ് ഇന്ത്യ. ജനാധിപത്യപരമായ പ്രതിഷേധം മൗലികാവകാശമായി കരുതിയൊരുന്നൊരു ജനതയായിരുന്നു നമ്മള്‍. ഇന്ന് അതേ ഇന്ത്യയില്‍ സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു.
ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഭരണകൂടത്തെ വിറപ്പിക്കുമ്പോള്‍ ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളും മര്‍ദ്ദന ഭീകരതയിലേക്ക് തിരിയുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഈ സമരത്തിന്റെ മുഖങ്ങള്‍. അവര്‍ക്കെതിരെയാണ് ക്രൂരമായ പോലീസ് അതിക്രമവും മര്‍ദ്ദനവും ഉണ്ടായിരിക്കുന്നത്
ലാത്തികൊണ്ട് മാത്രമല്ല ദ്രോഹം, സമരപ്പന്തലിലേക്ക് വെള്ളവും ഭക്ഷണവും എത്തുന്നത് തടയുന്നു. സമരം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷണവും വെള്ളവും എത്തുന്നുണ്ടായിരുന്നു. അവയെല്ലാം ഡല്‍ഹി പോലീസും എസ്.ആര്‍.പി.എഫും ചേര്‍ന്ന് വഴിയില്‍ തടയുകയായിരുന്നു. പട്ടിണി സമരം നടത്തുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുടിവെള്ളം പോലും ലഭിക്കാതെ കടുത്ത ദുരിതത്തിലാണെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം കിടന്നു തളര്‍ന്നവര്‍ക്കെതിരെയാണ് ജല പീരങ്കികളും കണ്ണീര്‍വാതകവും പ്രയോഗിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് അതിക്രൂരമായ ലാത്തിച്ചാര്‍ജായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊലീസ് തല്ലി ചതച്ചു. ആ കൂട്ടത്തില്‍ സ്ത്രീകളും ചെറിയ കുട്ടികളും, പ്രായമായവരുമെല്ലാം ഉണ്ടായിരുന്നു. ആരോടും ദയ കാണിച്ചില്ല. തെരുവുകളില്‍ രക്തം പടര്‍ന്നു.സമരം സമാധാനപരമായിരുന്നു. ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടിച്ചൊതുക്കാന്‍ എത്തിയവര്‍ക്ക് മര്യാദകള്‍ പാലിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
എന്താണ് ഇവിടെ നടക്കുന്നതെന്ന് ലോകം അറിയരുതെന്ന വാശിയും ഭരണകൂടത്തിനുണ്ടായിരുന്നു. അതുകൊണ്ടവര്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചു. വിവരങ്ങളൊന്നും പുറത്തു പോകരുത്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വാര്‍ത്തയും ചിത്രവും വരരുത്.
ജന്തര്‍ മന്തറിലേക്ക് വന്നവരെല്ലാം മുന്‍കൂട്ടി ക്ഷണം കിട്ടിയവരായിരുന്നില്ല. ആദ്യമാദ്യം മടിച്ചു നിന്നവരും, അകന്നു നിന്നവരും അനാവശ്യമെന്ന് കരുതിയവരും യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി എത്തിയതാണ്. മക്കള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരും മക്കളെ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാരും ആ കൂട്ടത്തിലുണ്ടായിരുന്നു. എനിക്ക് വേണ്ടിയല്ല, ഈ സമൂഹത്തിന് വേണ്ടി, നാളെയുടെ പ്രതീക്ഷകളായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടെന്ന് കരുതി വന്നവരുണ്ടായിരുന്നു; അങ്ങനെ പലതരം ജനങ്ങള്‍.
ആള്‍ക്കൂട്ടം വളരുന്നത് കണ്ട് ഭരണകൂടം വീണ്ടും ഭയന്നു. അവര്‍ ആജ്ഞാനുവര്‍ത്തികള്‍ക്ക് ഉത്തരവ് കൊടുത്തു; സമരത്തിന് വരുന്നവരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ തടയുക. അതോടെ സമരസ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് തടയാന്‍ പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജന്തര്‍ മന്തറിന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കി, ടാക്‌സി സര്‍വീസുകള്‍ തടഞ്ഞു.
ഭരണകൂടം സമരവിരുദ്ധ പ്രൊപഗാണ്ടയുടെ ഭാഗമായി പ്രചരിപ്പിക്കുന്നത്, ജന്ദര്‍ മന്തറിലെ പ്രതിഷേധം രാജ്യവിരുദ്ധ ശക്തികള്‍ ഏകോപിപ്പിക്കുന്നതാണെന്നാണ്. എന്നാല്‍ പ്രൊപഗാണ്ടകള്‍ പരാജയപ്പെടുകയാണ്. ജനം വസ്തുതകള്‍ തിരിച്ചറിയുന്നു.
ജന്ദര്‍ മന്തര്‍ പ്രതിഷേധത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ‘ചൈനീസ് ഏജന്റ്’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത്. എന്നാല്‍ ഇത്തരും പോസ്റ്റുകള്‍ അവരുടെ താത്പര്യങ്ങളെ വേണ്ടതുപോലെ സംരക്ഷിക്കുന്നില്ല. 20 ദിവസത്തോളം നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ പെട്ടെന്ന് ഡല്‍ഹിയിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചത്. പലരും വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നും, ചിലര്‍ മാതാപിതാക്കളെ അറിയിക്കാതെയുമാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി ഡല്‍ഹിയിലേക്ക് വണ്ടി കയറാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ മുന്‍കൂട്ടി ടിക്കറ്റ് എടുക്കുന്നില്ല, കിട്ടുന്ന ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി വരുന്നു. അവര്‍ വീട്ടില്‍ പോരാട്ടം നടത്തിയാണ് ഡല്‍ഹിയിലേക്ക് പോരാന്‍ അനുവാദം നേടിയെടുക്കുന്നത്. മാതാപിതാക്കള്‍ക്ക് വസ്തുതകള്‍ അറിയാത്തതുകൊണ്ടല്ല, സുരക്ഷാപ്രശ്‌നം ഓര്‍ത്താണ് മക്കളെ തടയാന്‍ ശ്രമിക്കുന്നത്. ഇത്തരം ഭയം മാതാപിതാക്കള്‍ക്കുണ്ടാകുമെന്നതിനാല്‍ ആരോടും പറയാതെ ഡല്‍ഹിയില്‍ എത്തിയവരുമുണ്ട്. ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറ്റകരമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെറുമൊരു കാഴ്ചക്കാരനായി ഇരിക്കാന്‍ ആകില്ലെന്ന് അവര്‍ പറയുന്നു. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് മറുപടി വേണം, കാര്യങ്ങളില്‍ സുതാര്യതയും.
സമരംഗത്തുള്ളവര്‍ മത്സര പരീക്ഷകള്‍ നേരിട്ടവരോ നേരിടാന്‍ ഒരുങ്ങുന്നവരോ ആയിരിക്കില്ല. മത്സരപരീക്ഷകള്‍ നേരിടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം മനസ്സിലാക്കാന്‍ കഴിവുള്ളവരാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള ക്രമക്കേടുകള്‍ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞവര്‍. അനീതിക്കെതിരെ പോരാടുന്നവരെ പിന്തുണയ്ക്കണമെന്ന സാമൂഹ്യബോധം പേറുന്നവര്‍, അങ്ങനെയുള്ള മനുഷ്യരെ കൊണ്ടാണ് ഡല്‍ഹിയിപ്പോള്‍ നിറയുന്നത്.
ഭരണകൂടത്തോട് ഉത്തരം ചോദിച്ചു വരുന്ന, ഈ യുവസമൂഹത്തെയാണ് തല്ലിച്ചതച്ചത്. പക്ഷേ ബാരിക്കേഡുകള്‍ക്കും ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതകത്തിനും മുന്നില്‍ പതറാതെ നിലയുറപ്പിച്ച പതിനായിരക്കണക്കിന് ശാന്തരായ യുവാക്കള്‍ ഈ ഭരണകൂടത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രമാണ്. ഇന്ത്യയിലെ വിധേയത്വ മാധ്യമങ്ങള്‍ മറച്ചു വയ്ക്കുകയോ, മാറ്റിയെഴുതുകയോ ചെയ്യുന്ന അടിസ്ഥാന കാരണങ്ങളെ ലോകം കാണാതിരിക്കുന്നില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും അനിശ്ചിതത്വങ്ങളും ക്രമക്കേടുകളും കൊണ്ട് തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം അടിയന്തിരമായി പരിഷ്‌കരിക്കണമെന്നും, പെരുകിവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്നും രാജ്യത്തെ യുവതലമുറ ആവശ്യപ്പെടുമ്പോള്‍ എത്രനാള്‍ മൗനം കൊള്ളാന്‍ കഴിയും ഡല്‍ഹിയിലെ അധികാര കേന്ദ്രത്തിന്? ഇന്ത്യ യുവാക്കളുടെ രാജ്യമായി സ്വയം വിശേഷിപ്പിക്കപ്പെടുന്നു. അതേ ഇന്ത്യയിലാണ്, നീറ്റ് പരീക്ഷാ റദ്ദാക്കലും പുനഃപരീക്ഷയും ആഴത്തില്‍ പ്രഹരമേല്‍പ്പിച്ചത്. സുരക്ഷിതമല്ലാത്ത ഭാവി മുന്നില്‍ കാണുന്ന യുവാക്കളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. അവരുടെ ആശങ്കകളെയും അവര്‍ നേരിടുന്ന വെല്ലുവിളികളെയുമാണ് ഈ സമരം തുറന്നുകാണിക്കുന്നത്. അവിടെ മര്‍ദ്ദക മുഷ്ടി ഉയര്‍ത്തി ഭരണകൂടം എന്തു മറുപടിയാണ് നല്‍കാന്‍ ശ്രമിക്കുന്നത്?
ഈ പ്രതിഷേധത്തിലെ ആവശ്യങ്ങള്‍ നീതിയുക്തമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തത്തിലാണ്, ക്രൂരമാണ് നിലപാട്. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് ഭരണകൂടം കാണിച്ചത്. ആഴ്ചകളോളം കണ്ണടച്ചിരുന്ന സര്‍ക്കാര്‍, ഒടുവില്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം തിങ്കളാഴ്ച കേന്ദ്രമന്ത്രി ജെ.പി. നദ്ദയും സി.ജെ.പി വക്താക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് മൗനം വെടിഞ്ഞത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ അര്‍ത്ഥവത്തായ ഭരണപരിഷ്‌കാരങ്ങളിലേക്കും ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിലേക്കും നയിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ എങ്ങനെയാണ് വിദ്യാഭ്യാസം, തൊഴിലില്ലായ്മയും എന്നീ അടിയന്തര വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത്? ഭരണകൂടത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കാനും, വിയോജിക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും പൗരന്മാര്‍ക്ക് അവകാശമുള്ളപ്പോഴല്ലെ, നാമൊരു ജനാധിപത്യ രാജ്യമാകുന്നത്. പൗരന്മാര്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും, അത് കേള്‍ക്കുന്നുണ്ടെന്ന ഉറപ്പും പാലിക്കപ്പെടുമ്പോഴല്ലെ നമുക്കൊരു ഭരഘടനയുണ്ടെന്ന് വരൂ. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ രാജ്യം ഇത്തരത്തിലാണോ ചിന്തിക്കുന്നതെന്ന് ആലോചിക്കൂ? വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അവിശ്വസിക്കാനും അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു. കേള്‍ക്കാനും മറുപടി നല്‍കാനും തയ്യാറാകാത്ത, മുകളില്‍ നിന്ന് താഴേക്ക് മാത്രം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഏകപക്ഷീയമായ ആശയവിനിമയ ശൈലി ഏകാധിപതികളുടെതാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു അധികാര കോട്ടയല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ സമ്മേളിക്കുന്ന ജനാധിപത്യത്തിന്റെ പരമോന്നത വേദിയാണ്. അവിടെക്ക് നടത്തിയ മാര്‍ച്ച് ആയിരുന്നു ഏറ്റവും ക്രൂരമായ രീതിയില്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചത്. ജന്തര്‍ മന്ദറില്‍ നിന്നുയര്‍ന്ന പരാതികള്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ചയാകണം. അതിന തന്നെയാണി വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി നടന്നതും. ജനാധിപത്യപരമായി ഭരണത്തിലേറിയ ഒരു സര്‍ക്കാരിനും ജനങ്ങളുടെ ശബ്ദം കേള്‍ക്കില്ലെന്ന് ശാഠ്യം പിടിക്കാന്‍ സാധിക്കില്ല. തിരുത്തേണ്ട തെറ്റുകള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്, അവ തിരുത്തുക തന്നെ ചെയ്യണം. അടിച്ചമര്‍ത്തലില്‍ ഭയപ്പെടുന്നൊരു ജനതയായിരുന്നു നമ്മുടെ മുന്‍ഗാമികളെങ്കില്‍, ഇന്ന് നമുക്ക് ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാന്‍ സാധിക്കില്ലായിരന്നു. ചരിത്രം മറക്കാത്തൊരു ജനത കൂടിയാണ് ഈ സമരം ചെയ്യുന്നവര്‍. തങ്ങള്‍ക്ക് കൂടി സ്ഥാനം കിട്ടാനായി ചരിത്രം പുതുക്കിയെഴുതാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ആ സത്യം അറിയാതെ പോകരുത്.
Content Summary; The ongoing student protests at Jantar Mantar, highlighting police crackdown, exam paper leaks, rising unemployment, and the state’s response to democratic dissent in India
This post was last modified on July 21, 2026 3:19 pm
Leave a Comment