കപ്പ് ന്യൂഡില്‍സ് ഇനി ‘കൂളായി’ കഴിക്കാം! വേനലിനെ പ്രതിരോധിക്കാന്‍ പുത്തന്‍ ജാപ്പനീസ് ട്രിക്ക്

തണുത്ത വെള്ളമൊഴിച്ചാല്‍ മിനിറ്റുകള്‍ക്കകം തയ്യാറാകുന്ന 'കോള്‍ഡ് കപ്പ് ന്യൂഡില്‍സാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്

ആഗോളതാപനവും കഠിനമായ വേനലും ജീവിതം ദുസ്സഹമാക്കുമ്പോള്‍, പുത്തന്‍ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ നിസിന്‍ ഫുഡ്‌സ്. ഇനി കപ്പ് ന്യൂഡില്‍സ് തയ്യാറാക്കാന്‍ തിളച്ച വെള്ളം വേണ്ട; തണുത്ത വെള്ളമൊഴിച്ചാല്‍ മിനിറ്റുകള്‍ക്കകം തയ്യാറാകുന്ന ‘കോള്‍ഡ് കപ്പ് ന്യൂഡില്‍സാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. 1971 മുതല്‍ കപ്പ് ന്യൂഡില്‍സ് വിപണിയിലെത്തിക്കുന്ന കമ്പനി, അഞ്ച് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പുതിയ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തത്.

ജപ്പാനില്‍ ഉഷ്ണതരംഗവും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ സൂര്യാഘാതം ഏറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിരുന്നു. പേറ്റന്റ് നേടിയ ”കോള്‍ഡ് റീഹൈഡ്രേറ്റ് മെത്തേഡ്” (Cold Rehydrate Method) എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിസിന്‍ കമ്പനി കപ്പ് ന്യൂഡില്‍സ് വികസിപ്പിച്ചിരിക്കുന്നത്. ‘കോള്‍ഡ് റീഹൈഡ്രേറ്റ് മെത്തേഡ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ തിളച്ച വെള്ളത്തിന് പകരം തണുത്ത വെള്ളമൊഴിച്ചാല്‍ തന്നെ ന്യൂഡില്‍സ് കഴിക്കാന്‍ പാകത്തിന് മാറും. സാധാരണ ചൂടുവെള്ളമൊഴിക്കുന്ന ന്യൂഡില്‍സ് തയ്യാറാവാന്‍ മൂന്ന് മിനിറ്റ് മതിയെങ്കില്‍, തണുത്ത വെള്ളത്തില്‍ പൂര്‍ണ്ണമായി പാകമാകാന്‍ അഞ്ച് മിനിറ്റ് സമയം വേണം.

‘സ്‌പൈസി കിംചി’, ‘ചിക്കന്‍ സാള്‍ട്ട് ലെമണ്‍’ എന്നീ രണ്ട് ഫ്‌ലേവറുകളിലാണ് തണുത്ത വെള്ളത്തില്‍ ഉണ്ടാക്കാവുന്ന ഈ പുതിയ ന്യൂഡില്‍സ് ലഭ്യമാവുക. സാധാരണ കപ്പ് ന്യൂഡില്‍സിനേക്കാള്‍ ഏകദേശം 37 യെന്‍ (ഏകദേശം 18 രൂപ) ഈ ന്യൂഡില്‍സിന് കൂടുതലാണ്. ലോകമെമ്പാടുമായി നൂറിലധികം രാജ്യങ്ങളില്‍ നിസിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും, നിലവില്‍ ഈ ന്യൂഡില്‍സ് തല്‍ക്കാലം ജപ്പാനില്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് കമ്പനി അറിയിച്ചു.

കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ജപ്പാനും മറ്റ് രാജ്യങ്ങളും വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ നിരവധി നൂതന പരീക്ഷണങ്ങളില്‍ ഏറ്റവും പുതിയതാണ് കോള്‍ഡ് ന്യൂഡില്‍സ്.ഫാനുകള്‍ ഘടിപ്പിച്ച പ്രത്യേക ജാക്കറ്റുകള്‍ ഇപ്പോള്‍ ജപ്പാനിലെ നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇഷ്ട വസ്ത്രമായി മാറിക്കഴിഞ്ഞു. ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ‘ഹീറ്റ്-ഷീല്‍ഡ്’ കുടകളും, വെള്ളം കുടിക്കുന്നതിനൊപ്പം ആളുകളുടെ മുഖത്തേക്ക് നേര്‍ത്ത തുള്ളികളായി തളിക്കുന്ന പ്രത്യേക വാട്ടര്‍ ബോട്ടിലുകളും വിപണിയില്‍ സജീവമാണ്. അതേസമയം, ജാപ്പനീസ് മാപ്പിംഗ് കമ്പനിയായ നേവി ടൈം (Navitime) ‘അല്‍കൂ’ (Alkoo) എന്ന പേരില്‍ പുതിയൊരു ആപ്പ് ഈ മാസം പുറത്തിറക്കിയിരുന്നു. ഏറ്റവും കൂടുതല്‍ തണലുള്ള വഴി കണ്ടെത്തി യാത്രക്കാരെ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഉപയോഗം.

അടുത്ത മൂന്ന് മാസങ്ങളില്‍ രാജ്യത്ത് അതിരൂക്ഷമായ വേനല്‍ച്ചൂട് ആയിരിക്കുമെന്ന് ചൊവ്വാഴ്ച ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പുറത്തുവിട്ട പ്രവചനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ജപ്പാനിലെ മൂന്ന് നഗരങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു.

Japan’s cup noodle pioneer gives cold shoulder to boiling water

This post was last modified on July 23, 2026 10:57 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment