വേങ്ങ മരങ്ങള്‍ നിറഞ്ഞ നാടിന് വീണു കിട്ടിയ പേരാണ് വേങ്ങൂര്‍. വനപ്രദേശമായ വെമ്പൂരവും, ചൂരമുടിക്കുന്നും, പുലിയണിപ്പാറയും, മുനിപ്പാറയും, കോട്ടപ്പാറയും ചേര്‍ന്നാല്‍ വേങ്ങൂരാകും. എറണാകുളം ജില്ലയിലെ ഒരു ചെറിയ ഗ്രാമം. jaundice break out in vengoor panchayath
പച്ചപ്പും പാറകളും നിറഞ്ഞ ചൂരത്തോടിന്റൈ പ്രധാന കേന്ദ്രം ചെറിയൊരു കവലയാണ്. ആള്‍ത്തിരക്ക് ഉണ്ടായിരുന്ന കവല കഴിഞ്ഞ കുറച്ചുനാളുകളായി നിശബ്ദമാണ്. റോഡില്‍ ജനങ്ങള്‍ നന്നേകുറവ്, അത്യാവശ്യങ്ങള്‍ക്കായി പുറത്തിങ്ങുന്നവരും, ചെറിയ കടകള്‍ ഉള്ളവരെയും മാത്രമേ റോഡില്‍ കാണാന്‍ സാധിക്കു. ഒരു മാസത്തോളമായി ഇതാണ് അവസ്ഥ. വ്യക്തമായി പറഞ്ഞാല്‍, മഞ്ഞപ്പിത്തം എന്ന അപകടകാരി വേങ്ങൂരിനെ പിടികൂടിയതില്‍ പിന്നെ.
ഒരു ഗ്രാമത്തിലെ 200 ലധികം ജനങ്ങളാണ് മഞ്ഞപിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് ഉപജീവനം നയിക്കുന്ന തീര്‍ത്തും സാധാരണക്കാരാണ് വേങ്ങൂരുകാര്‍. പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതര്‍ പറയുമ്പോഴും മരണഭയത്തിലാണ് നാട്ടുകാര്‍. രോഗം മാറാനും വരാതെ നോക്കാനും വീട്ടില്‍ വിശ്രമിക്കാന്‍ പറയുന്നവരോട്, പുറത്തിറങ്ങി പണിക്കു പോയില്ലെങ്കില്‍ രോഗം വന്നായിരിക്കില്ല, പട്ടിണി കിടന്നായിരിക്കും ഞങ്ങള്‍ മരിക്കുകയെന്ന് നിസ്സഹായതോടെ പറയാനേ ഇവര്‍ക്കാകുന്നുള്ളൂ.
എന്താണ് വേങ്ങൂരിലെ പ്രശ്‌നം?
പഞ്ചായത്ത് വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത് വാട്ടര്‍ അതോറിറ്റിയെയാണ്. തങ്ങളെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് ശില്‍പ്പ സുധീഷ് അഴിമുഖത്തോട് പറയുന്നു.
‘കഴിഞ്ഞ മാസം 17 തീയതിയാണ് മഞ്ഞപ്പിത്ത ബാധ ആദ്യം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ച് കേസുകള്‍ കൂടി വന്നതോടെ വിഷയം ആരോഗ്യ വകുപ്പില്‍ അറിയിച്ചു. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയതോടെ, ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളിലെല്ലാം താമസിക്കുന്നവരുടെ പ്രധാന ജല സ്രോതസ്സ് പൈപ്പ് വെള്ളമാണ്. കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നു വരുന്ന വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്നു കണ്ടെത്തി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടിവെള്ളം സംഭരിക്കുന്ന ചിറയില്‍ നിന്ന് പായല്‍ നീക്കം ചെയ്തു. വാട്ടര്‍ ടാങ്ക് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തു. പൈപ്പ് കണക്ഷന്‍ വഴി വിതരണം ചെയ്തിരുന്ന വെള്ളം പരിശോധനയ്ക്ക് അയച്ചതിലൂടെയാണ് വെള്ളത്തില്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥീരികരിച്ചത്’; പഞ്ചായത്ത് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം.
വാട്ടര്‍ അതോറിറ്റിയെ പഴിചാരി പഞ്ചായത്ത്
വക്കുപള്ളിയിലെ ജലവിതരണ അതോറിറ്റിയാണ് മേഖലയില്‍ വെള്ളം വിതരണം ചെയ്യുന്നത്. ജലവിതരണ അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് രോഗ വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് പരാതി. പമ്പ് ഹൗസില്‍ ഓപ്പറേറ്റര്‍ നേരിട്ട് വരാറില്ലെന്നാണ് പഞ്ചായത്ത് കുറ്റപ്പെടുത്തുന്നത്. ‘അവരൊക്കെ മൊബൈല്‍ വഴിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ ഓപ്പറേറ്റര്‍മാര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ഇടയ്ക്കിടെ ഇത് പരിശോധിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ആപ്പ് വന്നതോടെ അതെല്ലാം മാറി’ പ്രസിഡന്റ് പരാതിപ്പെടുന്നു. പഞ്ചായത്തില്‍ നിന്നോ, നാട്ടുകാര്‍ വിളിച്ചാലോ വാട്ടര്‍ അതോറിറ്റിയിലുള്ളവര്‍ ഫോണ്‍ എടുക്കില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ‘ആദ്യമായാണ് ഇത്തരമൊരു സ്ഥിതി വിശേഷം. നിലവില്‍ വെള്ളം മുഴുവന്‍ ക്ലോറിനേറ്റ് ചെയ്തുവെങ്കിലും, രോഗവും ഭീതിയും ഇനിയും ജനങ്ങളെ വിട്ട് പോയിട്ടില്ല. സ്ഥിതികള്‍ വഷളായപ്പോള്‍ തന്നെ രോഗബാധിതമായ വീടുകളില്‍ ഉള്ളവര്‍ക്കും നിവാസികള്‍ക്കും, കൃത്യമായ നിര്‍ദേശങ്ങള്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നല്‍കിയിരുന്നു’ ശില്‍പ്പ സുധീഷിന്റെ വാക്കുകള്‍.
നിര്‍ദ്ദനരായ രോഗികള്‍ക്ക് ഭക്ഷ്യ കിറ്റുകളും സാമ്പത്തിക സഹായവുമടക്കം പഞ്ചായത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നല്‍കിയിരുന്നു. പ്രശ്‌നം ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈനുകള്‍ ശരിയാക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ കളക്ടറുടെ ഉത്തരവ് ഇത് വരെയും നടപ്പിലാക്കിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു. ചിറ വാട്ടര്‍ അതോറിറ്റിയുടേതല്ല, പഞ്ചായത്തിന്റേതാണ് എന്ന വാദം കൂടി ഉന്നയിരിക്കുന്നുണ്ട്. വേനലില്‍ ചിറയിലെ വെള്ളം വറ്റും, ഈ സാഹചര്യത്തില്‍ കനാല്‍ വെള്ളമാണ് ചിറയിലേക്ക് എത്തുക, അത് ക്ലോറിനേറ്റ് ചെയ്യുക എന്നത് പ്രാവര്‍ത്തികമല്ല.
താങ്ങാനാകാത്ത ചികിത്സ ചെലവ്
233 കേസുകളാണ് പഞ്ചായത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഒരാളുടെ നില ഗുരുതരമാണ്. 28കാരിയായ അഞ്ജന, മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയിലാണ്. ഭര്‍ത്താവ് ശ്രീകാന്ത് ഗുരുതരാവസ്ഥയില്‍ രാജഗിരി ഹോസ്പിറ്റലിലും. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും അന്നത്തെ കൂലികൊണ്ട് ജീവിക്കുന്നവരാണ്. അവരെ സംബന്ധിച്ച് ചികിത്സാ ചിലവുകള്‍ താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇവര്‍ക്കു സഹായമെത്തിക്കുന്നതിനായി 2 ലക്ഷം രൂപയിലധികം പിരിഞ്ഞു കിട്ടിയിരുന്നു. 45 ദിവസത്തെ ഇന്‍ക്യൂബേഷന്‍ പീരിയഡ് കഴിഞ്ഞാല്‍ മാത്രമേ കേസുകള്‍ കുറയുകയുള്ളു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
രോഗം പൊട്ടിപ്പുറപ്പെട്ടതോടെ, ആശങ്കയിലായ ജനങ്ങള്‍ പ്രകോപിതരാകാന്‍ തുടങ്ങിയിരുന്നുവെന്നാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പണിയേലിയിലെ ആശ വാര്‍ക്കര്‍ സന്ധ്യ പറയുന്നത്. ഇപ്പോഴാണ് എല്ലാമൊന്ന് തണുത്തതെന്നും ആശ പറയുന്നു.
‘എന്റെ വാര്‍ഡില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മഞ്ഞപ്പിത്ത ബാധിത പ്രദശങ്ങളില്‍ ഞാനും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും അവസ്ഥ വളരെ മോശമാണ്. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളാണ് പഞ്ചായത്തില്‍ കൂടുതലും. ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും. ആദ്യ സമയങ്ങളില്‍ കുടുംബങ്ങളെ സമീപിക്കുമ്പോള്‍ വളരെ ശത്രുത മനോഭാവത്തോടെയായിരുന്നു പെരുമാറ്റം. ആരോഗ്യ വകുപ്പിന്റെ കീഴിലുളള തെറ്റല്ല മഞ്ഞപ്പിത്തം വ്യാപിക്കുന്നതിന് കാരണെന്നു മനസിലാക്കിയതിനുശേഷമാണ് എല്ലാവരുടെയും പെരുമാറ്റത്തിന് മാറ്റം വന്നത്. ഭൂരിഭാഗം പേരും കാലങ്ങളായി പൈപ്പ് വെളളം ഉപയോഗിക്കുന്നവരാണ്. എന്നാലും ഇത്തരം ഒരു സ്ഥിതി വിശേഷം ആദ്യമായാണ് ഉണ്ടായിരിക്കുന്നത്’ സന്ധ്യ പറയുന്നു.
തുടക്കത്തില്‍ തന്നെ രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാനായതിനാല്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ കടന്നില്ലെന്നാണ് വേങ്ങൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ വിക്ടര്‍ ജോസഫ് അഴിമുഖവുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയത്.
’17-ാം തീയതിയാണ് മഞ്ഞപിത്തം എന്ന് സംശയിക്കുന്ന രോഗി വന്നത്. പകര്‍ച്ചവ്യാധിയായതുകൊണ്ട് പനി സര്‍വ്വേ നടത്തിയതില്‍ നിന്നാണ് രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ സാധിച്ചത്. തുടര്‍ന്ന് രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാനുളള മുന്‍ കരുതലുകളും സ്വീകരിച്ചിരുന്നു. വ്യാപനം തുടങ്ങുന്നതിനു മുന്നേ തന്നെ വെള്ളം പലരും കുടിച്ചത് കൊണ്ടാണ് ഇത്രയധികം ഗുരുതരമായത്. നിലവില്‍ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ ദിനങ്ങളിലെ തീവ്രത കുറഞ്ഞിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് അല്ല വ്യാപിച്ചിരിക്കുന്നതെന്നും, ഹെപ്പറ്റൈറ്റിസ് എ വൈറസാണ് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് സൗജന്യമായി നല്‍കി വരുന്നുണ്ട്’ ഡോക്ടര്‍ പറയുന്നു.
ആദ്യ ദിവസങ്ങളില്‍ എല്ലാവരും ഭയപ്പെട്ടിരുന്നുവെന്നും, പിന്നീട് യഥാര്‍ത്ഥ കാരണം കണ്ടെത്തിയപ്പോഴാണ് കുറച്ചെങ്കിലും ശാന്തരായതെന്നും ഡോ. വിക്ടര്‍ പറയുന്നു.
‘എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന ആശങ്കയായിരുന്നു തുടക്കത്തില്‍ കൂടുതല്‍ പേരിലും. അത് വളരെ വേഗം കണ്ടെത്താന്‍ സാധിച്ചത് രോഗം തടയാന്‍ സഹായകമായി. കുറച്ച് പേരൊക്കെ പച്ചമരുന്ന് ചികിത്സ തേടിയിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന് പച്ച മരുന്ന് ചികിത്സയാണ് നല്ലതെന്ന ധാരണ ഇപ്പോഴും ചിലരില്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയുള്ളവരെ പറഞ്ഞു മനസിലാക്കി വേണ്ട ചികിത്സയും മരുന്നും നല്‍കിവരുന്നുണ്ട്’.
രോഗബാധിതമായതോടെ നാട്ടുകാര്‍ വലിയ സാമ്പത്തി പ്രതിസന്ധിയിലായി എന്നാണ് വേങ്ങൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ ആശാ വര്‍ക്കര്‍ സാലി പറയുന്നത്.
‘ഓരോ കുടുംബങ്ങളില്‍ ചെല്ലുമ്പോഴും, ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ് എന്താണ് ചെയ്യേണ്ടതെന്നാണ് ആദ്യത്തെ ചോദ്യം. നിലവില്‍ 44 പേര്‍ക്കാണ് ചൂരത്തോട് വാര്‍ഡില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ഞപിത്തം ബാധിച്ച് മരിച്ച കാര്‍ത്ത്യായനി ചൂരത്തോട് വാര്‍ഡ് അംഗമാണ്. ശ്വാസം മുട്ട് പോലുളള മറ്റ് അസുഖങ്ങളും കാര്‍ത്ത്യായനിയെ അലട്ടിയിരുന്നു. ചൂരത്തോട് വാര്‍ഡില്‍ നിലവില്‍ ആറ് പേരോളം വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്’ സാലി പറയുന്നു.
രോഗത്തിന്റെ ഉറവിടം തുടക്കത്തില്‍ കണ്ടെത്തിയെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും പഞ്ചായത്ത് അധികൃതരടക്കം പറയുമ്പോഴും ചൂരത്തോട് നിവാസികള്‍ക്ക് പറയാനുള്ളത് മറ്റൊരു വശമാണ്.
‘ഓര്‍മവെച്ച കാലം മുതല്‍ ഈ പൈപ്പ് വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുവരെ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. മാസം 700 രൂപയോളം ചിലവുണ്ട് വെള്ളത്തിന് മാത്രം. അത് വാങ്ങിക്കാന്‍ അവര്‍ കൃത്യമായി വരുകയും ചെയ്യും. പക്ഷെ സ്വന്തം ഉത്തരവാദിത്തം പൂര്‍ത്തിയാക്കന്‍ അവരെ കൊണ്ട് കഴിഞ്ഞിട്ടില്ല. അലക്കാനും കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഇവിടെ ഒട്ടുമിക്ക കുടുംബങ്ങളും ആശ്രയിക്കുന്നത്. അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാര്യങ്ങള്‍ ഇത്രയധികം വഷളാക്കിയത്. ഈ പറയുന്ന പഞ്ചായത്തുകാര്‍ പോലും തുടക്കത്തില്‍ ഒന്നും ചെയ്തിട്ടില്ല. കൈവിട്ട് പോകും എന്ന് മനസിലായപ്പോഴാണ് എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയത്. എന്റെ ഭാര്യക്കും മഞ്ഞപിത്തം വന്നു. എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാണ്’; നാട്ടുകാരില്‍ ഒരാള്‍ പറയുന്നു.
‘ബന്ധപ്പെട്ട അധികൃതരടക്കം ആരും ഒരു വീട്ടിലും ആവശ്യമുള്ള സമയങ്ങളില്‍ ഒന്നും ചെന്നിട്ടില്ല, എല്ലാം ഒന്ന് ഒതുങ്ങിയപ്പോഴാണ് വീടുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത് തന്നെ. അവര്‍ക്ക് സൗകര്യം ഉള്ളപ്പോള്‍ ചെന്നിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ. ഫോണ്‍ വിളിച്ച് അന്വേഷിക്കും എന്നല്ലാതെ ആരും ഒരു വീടുപോലും സന്ദര്‍ശിച്ചിട്ടില്ല’. എന്നാണ് ചൂരത്തോട് നിവാസിയായ 29 കാരന്‍ പറഞ്ഞത്.
content summary ; jaundice break out in vengoor panchayath, natives allegations against officials lack of care