June 04, 2026 |
Share on

‘ജെ ഡി വാന്‍സ് നിങ്ങള്‍ തെറ്റാണ്, ക്രിസ്തു ഞങ്ങളെ അങ്ങനെയല്ല പഠിപ്പിച്ചത്’

ട്രംപ് ഭരണകൂടത്തോടുള്ള നിലപാട് മുന്‍പേ വ്യക്തമാക്കിയിട്ടുള്ള ലിയോ XIV

അമേരിക്കക്കാരനായ മാര്‍പാപ്പ, അമേരിക്കന്‍ നയങ്ങള്‍ക്കൊപ്പം നില്‍ക്കുമോ? വളരെ ഗൗരവമുള്ള ചോദ്യമാണ്. ചരിത്രത്തില്‍ ആദ്യമായാണ് കത്തോലിക്ക സഭയ്ക്ക് യു എസ് പൗരനായൊരു മാര്‍പാപ്പ ഉണ്ടാകുന്നത്. ലോകത്തെ സ്വാധീനിക്കുന്ന അമേരിക്കയില്‍ നിന്നും ഒരു പോപ്പ് വരുന്നത് ഇക്കാലമത്രയും വത്തിക്കാന്‍ തടഞ്ഞുനിര്‍ത്തിയിരുന്ന ആഗ്രഹമായിരുന്നു. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് ചരിത്രം തിരുത്തിയിരിക്കുന്നു.

പക്ഷേ, പ്രവോസ്റ്റ് ലിയോ പതിനാലാമനായി കത്തോലിക്ക സഭയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന കാലം, അദ്ദേഹത്തിന്റെ ജന്മനാട് മനുഷ്യത്വവിരുദ്ധമായ പലതിനും ആവേശം കൂട്ടുകയാണ്. അവിടെയാണ് ആദ്യത്തെ ചോദ്യത്തിന്റെ പ്രസക്തി; ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോട് എന്തു നിലപാട് എടുക്കും പുതിയ മാര്‍പാപ്പ? അനുകൂലമോ, അതോ തന്റെ മുന്‍ഗാമിയെ പോലെ എതിര്‍ക്കുമോ?

ഈ ചോദ്യത്തിനുള്ള മറുപടി മാസങ്ങള്‍ക്ക് മുമ്പ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് നല്‍കിയിട്ടുണ്ട്. ദി നാഷണല്‍ കത്തോലിക്ക് റിപ്പോര്‍ട്ടറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെ തിരുത്തിയാണ്, പ്രവോസ്റ്റ് തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയത്.

ക്രിസ്ത്യനിറ്റിയെ സംബന്ധിച്ച ജെ ഡി വാന്‍സിന്റെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ആ ലേഖനത്തിലൂടെ പ്രവോസ്റ്റ് ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നയങ്ങളെ പ്രതിരോധിക്കാനാണ് വൈസ് പ്രസിഡന്റ് കത്തോലിക്കാ വീക്ഷണങ്ങളെ സ്വന്തം നിലയ്ക്ക് വ്യാഖ്യാനിച്ചത്. വാന്‍സ് പറയുന്നതല്ല കാര്യമെന്ന് വ്യക്തമാക്കാനാണ് പ്രവോസ്റ്റ് ലേഖനം എഴുതിയത്.

ജനുവരി 29 ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് തന്റെ ക്രിസ്ത്യന്‍ സങ്കല്‍പ്പം വിശദീകരിച്ചത് ഇങ്ങനെയാണ്; ആദ്യം കുടുംബത്തെ സ്‌നേഹിക്കുക, തുടര്‍ന്ന് അയല്‍ക്കാരനെ സ്‌നേഹിക്കുക, പിന്നെ സമൂഹത്തെ സ്‌നേഹിക്കുക, തുടര്‍ന്ന് സഹപൗരന്മാരെ സ്‌നേഹിക്കുക, അതുകഴിഞ്ഞു മാത്രം ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നൊരു ക്രിസ്തീയ സങ്കല്‍പ്പമുണ്ട്. തീവ്ര ഇടതുപക്ഷക്കാര്‍ ആ സങ്കല്‍പ്പം പൂര്‍ണ്ണമായും മാറ്റിമറിച്ചു’.

എന്നാല്‍ ഇങ്ങനെയൊരു സങ്കല്‍പ്പ് ക്രിസ്ത്യനികള്‍ക്ക് ഇല്ലെന്നായിരുന്നു വാന്‍സിന്റെ ‘ തെറ്റ്’ ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ദിനാല്‍ പ്രവോസ്റ്റ് രംഗത്തു വന്നത്. വാന്‍സ് തെറ്റാണ്, പരിധികള്‍ വച്ച് സ്‌നേഹിക്കാനല്ല ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചതെന്നായിരുന്നു കര്‍ദിനാള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ഓര്‍മിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ദിനാള്‍ പ്രവോസ്റ്റ് പങ്കുവച്ചൊരു എക്‌സ് പോസ്റ്റിലും ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ചിരുന്നു. കുടിയേറ്റ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന് വിരുദ്ധമായ പല പോസ്റ്റുകളും ഈ അകൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. അതുപോലെ ഏപ്രിലില്‍ പ്രവോസ്റ്റിന്റെ പേരിലുള്ള എക്‌സ് അകൗണ്ടില്‍ യു എസ് പ്രസിഡന്റ് ട്രംപോ എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നായിബ് ബുകലെയോ അവരുടെ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ മൂലം നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ കാണുന്നുണ്ടോയെന്നു ചോദിക്കുന്നൊരു പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ മനസാക്ഷി അസ്വസ്ഥമാകുന്നില്ലേ? നിങ്ങള്‍ക്ക് എങ്ങനെ നിശബ്ദത പാലിക്കാന്‍ കഴിയും? എന്നു രണ്ട് പ്രസിഡന്റുമാരോടുമായി കത്തോലിക്കാ സഭാ വിശകലന വിദഗ്ധയായ റോക്കോ പാമോ ഉയര്‍ത്തിയ ചോദ്യമായിരുന്നു കര്‍ദിനാള്‍ പങ്കുവച്ചത്.

പ്രസ്തുത എക്‌സ് അകൗണ്ട് കര്‍ദിനാള്‍ പ്രവോസ്റ്റ് നേരിട്ട് ഉപയോഗിച്ചിരുന്നതായിരുന്നോ, അതോ അദ്ദേഹത്തിന്റെ സ്റ്റാഫില്‍ ആരെങ്കിലുമാണോ കൈകാര്യം ചെയ്തതെന്നതില്‍ വ്യക്തതയില്ല. എങ്കിലും ഈ അകൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് കര്‍ദിനാള്‍ പ്രവോസ്റ്റിന്റെ ഫോണ്‍ നമ്പരും ഇമെയ്ല്‍ അഡ്രസുമായിരുന്നു. 2011 മുതലുള്ള പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കര്‍ദിനാള്‍ എഴുതിയവ മാത്രമല്ല, കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പോസ്റ്റുകളും ആ അകൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ക്കൊപ്പം കുടിയേറുന്ന കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് അമേരിക്കയില്‍ ജീവിക്കാന്‍ നിയമപരമായ പദവി നല്‍കുന്ന ഡിഎഡിസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്) പ്രോഗ്രാം ട്രംപ് ഭരണകൂടം റദ്ദാക്കിയതിനെതിരെയും കര്‍ദിനാളിന്റെ പേരിലുള്ള എക്‌സ് അകൗണ്ടില്‍ വിമര്‍ശന പോസ്റ്റുകളും കമന്റുകളും കാണാം. ഈ തീരുമാനം ഹൃദശൂന്യമായതും, വംശീതയക്കും ദേശീയതയ്ക്കും ഇന്ധനം നല്‍കുന്നതുമാണെന്നും കുറ്റപ്പെടുന്ന പല കമന്റുകളും ഈ അകൗണ്ടില്‍ റി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപിന്റെ നാടുകടത്തല്‍ നയത്തിനെതിരായിരുന്നു. പുതിയ പോപ്പിന്റെ നിലപാടുകളും തന്റെ മുന്‍ഗാമിയ അനുകരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മാര്‍പാപ്പയായി കര്‍ദിനാള്‍ പ്രവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടതില്‍ ജെ ഡി വാന്‍സ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘ആദ്യത്തെ അമേരിക്കന്‍ പോപ്പായ ലിയോ പതിനാലാമന് അഭിനന്ദനങ്ങള്‍! സഭയെ നയിക്കുന്ന അദ്ദേഹത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് അമേരിക്കന്‍ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പ്രാര്‍ത്ഥിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കത്തോലിക്ക വിശ്വാസിയായ ജെ ഡി വാന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പായി സന്ദര്‍ശിച്ചിരുന്നു.  JD Vance is wrong; Cardinal Prevost who recently became the new Pope Corrected US Vice President

Content Summary; JD Vance is wrong; Cardinal Prevost who recently became the new Pope Corrected US Vice President

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×