‘ലൈംഗികാതിക്രമി കൊലപാതകിയേക്കാൾ ക്രൂരൻ’; പിന്നാലെ പ്രതിക്ക് ജാമ്യം നൽകി ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി

അതിജീവിതയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ

കൊലപാതകത്തേക്കാൾ ക്രൂരമായ പ്രവർത്തിയാണ് ബലാത്സംഗം ചെയ്യുന്നവർ ചെയ്യുന്നതെന്ന് ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി. എന്നാൽ, കുറ്റകൃത്യത്തെ ഇത്രത്തോളം ഗൗരവമായി വിശേഷിപ്പിച്ച കോടതി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

“ഒരു കൊലപാതകി ഇരയുടെ ഭൗതിക ശരീരത്തെയാണ് നശിപ്പിക്കുന്നത്, എന്നാൽ ബലാത്സംഗം ചെയ്യുന്നയാൾ ഇരയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്നു” എന്ന് ജസ്റ്റിസ് മുഹമ്മദ് യൂസഫ് വാനി അഭിപ്രായപ്പെട്ടു.

ബലാത്സംഗം എന്ന കുറ്റം അങ്ങേയറ്റം ക്രൂരവും സാമൂഹിക വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ സമൂഹം എപ്പോഴും മോശമായ രീതിയിലാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടി. അത്തരം സംഭവങ്ങൾ സ്വമേധയാ സംഭവിച്ചതാണോ അതോ നിർബന്ധപൂർവ്വമാണോ എന്ന് സമൂഹം നോക്കാറില്ലെന്നും കോടതി ഖേദപൂർവ്വം നിരീക്ഷിച്ചു.

2019 ൽ നടന്ന കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. ആദ്യഘട്ടത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെങ്കിലും, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വിചാരണ കോടതി കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വകുപ്പ് 376 (ബലാത്സംഗം) ലേക്ക് മാറ്റി. കുറ്റകൃത്യം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, ചില സാങ്കേതിക വശങ്ങൾ പരിഗണിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

2024 ഡിസംബർ മുതൽ പ്രതി കസ്റ്റഡിയിലാണെന്നും, ഒരു വർഷത്തിലേറെയായി തുടരുന്ന തടവുശിക്ഷയും നിലവിലെ വിചാരണയുടെ പുരോഗതിയും കോടതി കണക്കിലെടുത്തു. കൂടാതെ, അതിജീവിതയുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ, പ്രതി പുറത്തിറങ്ങിയാലും സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ ഉള്ള സാധ്യതയില്ലെന്നും കോടതി വിലയിരുത്തി.

കേസിലെ വാദപ്രതിവാദങ്ങൾക്കിടെ, അതിജീവിതയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കണ്ടപ്പോൾ മാത്രമാണ് പിന്നീട് ബലാത്സംഗക്കുറ്റം ആരോപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതിയിൽ അറിയിച്ചു. എന്നാൽ, കുറ്റം അങ്ങേയറ്റം ക്രൂരമാണെന്നും പ്രതി സ്വാധീനശക്തിയുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് നീതിനിർവ്വഹണത്തെയും സാക്ഷികളെയും ബാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എങ്കിലും പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയ കോടതി, കർശനമായ ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

content summary: J&K High Court Slams Rape as ‘Destruction of Soul’ While Releasing Accused on Bail

This post was last modified on December 27, 2025 1:09 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment