പ്രതിഷേധിക്കാനുള്ള അവകാശമാണ് ജെഎൻയുവിൽ നിഷേധിക്കപ്പെടുന്നത്

ഇത്തരം പ്രതിസന്ധികളിൽ പോരാടിയ ചരിത്രമാണ് ജെഎൻയുവിനുള്ളത്.

”ഇവിടെ വിദ്യാർത്ഥികൾ വിപ്ലവം നടത്തുകയോ നയിക്കുകയോ അല്ല, ഈ വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം’’1968ൽ ഫ്രഞ്ച് വിപ്ലവകാലത്ത് പതിനായിരകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത് കണ്ട് മിഷേൽ ഫൂക്കോ പറഞ്ഞവാക്കുകളാണിത്.അധികാര കേന്ദ്രങ്ങളെ വിറപ്പിക്കും വിധമുള്ള നാലു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് ഇന്ത്യയിലെ വിദ്യാർത്ഥി വിപ്ലവങ്ങൾക്കും.1975 മുതൽ 1977 വരെ നീണ്ടു നിന്ന ഇന്ത്യൻ അടിയന്തരാവസ്ഥ കാലത്ത് ജവഹർലാൽ നെഹ്‌റുവിലയും മറ്റു സർവകലാശാലകളിലെയും വിദ്യാർത്ഥികൾ നടത്തിയ ചെറുത്തു നിൽപ്പും ഈ ചരിത്രം മറന്നുകളയാനിടയില്ല.സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഇരുണ്ട നാളുകളിൽ ജനാധിപത്യത്തിന്റെ വെളിച്ചവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി,റാലികളും ചർച്ചകളും വിവിധ തരത്തിലുള്ള വിയോജിപ്പുകളും സംഘടിപ്പിച്ചുകൊണ്ട് സർവകലാശാല ബൗദ്ധികവും രാഷ്ട്രീയവുമായ ചെറുത്തുനിൽപ്പിന്റെ കേന്ദ്രമായി മാറി.

പൗരാവകാശങ്ങൾ ഹനിക്കുന്നതിനെതിരെയും ജനാധിപത്യ മൂല്യങ്ങളുടെ ശോഷണത്തിനെതിരെയും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സംസാരിച്ചു. ജനങ്ങൾക്കിടയിൽ പൗരസ്വാതന്ത്ര്യത്തിന്റെ അവബോധം വളർത്തുന്നതിൽ അവർ വഹിച്ച പങ്കും ചെറുതല്ലായിരുന്നു. പിന്നീടങ്ങോട്ട് പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കപ്പുറം അരികുവൽക്കരണത്തിനെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർന്നതും ജെഎൻയു ഉൾപ്പെടുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിന്നായിരുന്നു.ഹൈദരബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തുടർന്നുയർന്ന വിദ്യാർത്ഥി രോഷം, ജെഎൻയു കേന്ദ്രീകരിച്ച് ഇന്ത്യയിലൊന്നാകെ പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിരുന്നു.പ്രഖ്യാപിത അടിയന്തരവസ്ഥയിൽ നിന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥകാലത്തും ( 2021 ലെ കർഷക ബില്ലിനെ ജെഎൻയു സ്റ്റുഡന്റ് യൂണിയൻ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു വിശേഷിപ്പിച്ചത്.)ഈ പ്രതിഷേധം തുടർന്ന് പോന്നിരുന്നു.

2019 ൽ ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിൽ നടന്ന പ്രധിഷേധ സമരവും രാജ്യം ശ്രദ്ധിച്ചിരുന്നു.ഈ പ്രധിഷേധ സ്വരങ്ങൾക്കുള്ള കൂച്ചു വിലങ്ങായിട്ടാണോ വിദ്യാർഥിപ്രതിഷേധങ്ങൾക്ക് ജെ.എൻ.യു. അധികൃതർ വിലക്കേർപ്പെടുത്തിയത്.ചീഫ് പ്രോക്ടറുടെ ഓഫീസ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പുതിയ മാന്വൽ പ്രകാരം വൈസ് ചാൻസലർ, രജിസ്ട്രാർ, പ്രോക്ടർ തുടങ്ങിയവരുടെ ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചാൽ 20,000 രൂപ പിഴ, ഹോസ്റ്റൽ സൗകര്യം പിൻവലിക്കൽ, ബിരുദം റദ്ദാക്കൽ, പുറത്താക്കൽ തുടങ്ങിയ നടപടി നേരിടേണ്ടിവരും.ഈ പുതിയ തീരുമാനങ്ങൾ വിദ്യാർത്ഥികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അഴിമുഖവുമായി സംസാരിക്കുകയാണ് സ്റ്റുഡന്റ് യൂണിയൻ കൗൺസിലറായ അനഘ പ്രദീപ് .

ഈ വർഷം ആദ്യ മാസങ്ങളിലും ഇതുപോലെ സമാനമായ മാന്വൽ പുറത്തിറക്കിയിരുന്നു.50000 രൂപ മുതൽ പിഴ,ബിരുദം റദ്ദാക്കൽ തുടങ്ങിയ നടപടി ക്രമങ്ങളും ഉൾപ്പെടുത്തിയിരുന്നു.ഇതിനെതിരെ അന്ന് വിദ്യാർത്ഥികൾ ശക്തമായി രംഗത്തുവരുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ ഫലമായി സർവ്വകലാശാല അധികൃതർ ഇത് പിൻവലിച്ചിരുന്നു.അതിനു ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് സമാനമായ മാന്വൽ ഞങ്ങളിലേക്ക് എത്തുന്നത്.എക്സിക്യൂട്ടീവ് കൌൺസിൽ മീറ്റിംഗിൽ പാസ്സായ ദിവസം മുതൽ പ്രാബല്യത്തിൽ വന്നുവെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്.ഏകപക്ഷീയമായ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനമാണ് ഈ നടപടി.അക്കാദമിക് കൗൺസിലിൽ വിദ്യാർത്ഥി പ്രാതിനിധ്യം വേണമെന്നിരിക്കെ പോലും കഴിഞ്ഞ അഞ്ചു വർഷത്തോളമായി വിദ്യാർത്ഥികളെ മീറ്റിംഗിൽ പങ്കെടുപ്പിക്കാറില്ല.

268 രൂപ ഫീസിൽ ഇവിടെ പഠിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരുപാട് വിദ്യാർത്ഥി സമരങ്ങളുടെ ബാക്കിയെന്നോണമാണ്.യൂണിവേഴ്സിറ്റിയിലെ ഇത്തരം സുതാര്യതകൾ തകർക്കനാണ് സംഘപരിവാറും, അവരുടെ സർക്കാരും , അഡ്മിനിസ്ട്രേഷനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.നാല് മാസങ്ങൾക്കു മുൻപ് ഇവിടെ ജല ക്ഷാമം വലിയ തോതിൽ അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ മാത്രമാണ് ചില ഗേൾസ് ഹോസ്റ്റലുകളിൽ വെള്ളം ലഭിച്ചിരുന്നത്.ആയിരക്കണക്കിന് വിദ്യാർത്ഥികൾ വൈസ് ചാൻസിലറുടെ വീട്ടിലേക്ക് ഇതിൽ പ്രതിഷേധിച്ച് അന്ന് മാർച്ചു നടത്തിയിരുന്നു.മാർച്ച് നടത്തിയ ഹോസ്റ്റൽ കമ്മിറ്റി പ്രസിന്റുമാരെയും യൂണിയൻ പ്രതിനിധികളെയും, സമരം നടത്തിയ വിദ്യാർത്ഥികൾക്കും നേരെ അന്ന് അന്വേഷണം നടത്തിയിരുന്നു. സമാനമായി പല പ്രതിഷേധങ്ങൾക്ക് ശേഷം ഇത്തരം അന്വേഷണവും ,അതിന്റെ ശിക്ഷ നടപടികളുടെ ഭാഗമായി പിഴ ഈടാക്കലും നടന്നു വരുന്നുണ്ട്.2019 മുതൽ സർവകലാശാലയിൽ ഒരേ സ്റ്റുഡന്റ് യൂണിയൻ തന്നെയാണ് നിലവിലുള്ളത്.2019 നു ശേഷം സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിന് അധികൃതർ അനുമതി നൽകിയിട്ടില്ല.യൂണിയനുള്ള അധികാരം എടുത്തുകളയാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ,
സർവ്വകലാശാലയിൽ ഒരുതരത്തിലുള്ള പ്രതിഷേധവും നടത്താൻ പാടില്ലെന്ന വ്യക്തമായ സൂചനകളാണ് നൽകി വന്നിരുന്നത്.
സർവ്വകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഏകപക്ഷീയമായ നിലപാടിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഈ മാന്വൽ കത്തിച്ചുകളഞ്ഞാണ്.മറ്റു വിദ്യാർത്ഥികൾക്കിടയിൽ ക്യാമ്പിയിനും,പ്രതിഷേധവും നടത്താനാണ് തീരുമാനം.

അടിസ്ഥനപരമായി ഈ നിയത്രണങ്ങൾ നടപ്പിലാക്കുന്നത് പ്രതിഷേധത്തിന്റെ സ്വരം ഇല്ലാതാക്കാൻ കൂടിയാണ്.2019 ൽ ഹോസ്റ്റൽ ഫീ അടക്കം വർദ്ധിപ്പിക്കുന്ന നീക്കത്തിനെതിരെ ആയിരകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.അതിന്റെ ബാക്കിയൊന്നോണം ഫീസ് കുറക്കുന്നതിന് അധികൃതർ നിർബന്ധിക്കപ്പെട്ടിരുന്നു.ഇതുപോലെയുള്ള ചലനം സൃഷ്ട്ടിച്ച പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ ഇതുമൂലം സാധിക്കും.മറ്റു കേന്ദ്ര സർവ്വകലാശാലകൾ പരിശോധിക്കുമ്പോൾ എല്ലാ വർഷവുമുള്ള ഫീസ് വർദ്ധനവ് നമ്മൾ കണ്ടുകൊണ്ടിരിക്കുയാണ്.ഇതിനു സമാനമായി ഫീസ് വർദ്ധനവ് ഇവിടെയും നടപ്പിലാക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഇത്തരം നടപടികളിലുള്ള പ്രതിഷേധം ഒഴിവാക്കാനും, കാവിവൽക്കരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാകാൻ ശ്രമിക്കുന്നത്.ഇങ്ങനെയുള്ള അടിച്ചമർത്തലുകൾ ജെഎൻയുനെ സംബന്ധിച്ച് പുതിയതല്ല.ഇത്തരം പ്രതിസന്ധികളിൽ പോരാടിയ ചരിത്രമാണ് ജെഎൻയുവിനുള്ളത്.ഈ നടപടികൾക്കെതിരെയും പോരട്ടം തന്നെയാണ് വഴി.

കേന്ദ്ര സർവ്വകലാശലകളിൽ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നതോടെ ഏറ്റവും ബാധിക്കപ്പെടുന്നത് പിന്നോക്ക വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കാണ്.പല തരത്തിലുള്ള പ്രവേശന നടപടികളുടെ ലംഘനം കൃത്യമായി ഇവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്.ഈ നിയമനടപടികൾ നടപിലാക്കുന്നതോടെ ഇതിന്റെ ആക്കം കൂടുതലായിരിക്കും.കഴിഞ്ഞ വർഷം എൻട്രൻസ് പരീക്ഷകളിലൂടെ യോഗ്യരായ എസ് സി,എസ് ടി ,ഒബിസി വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പ്രവേശനം ഒരുക്കി നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല.അന്ന് ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുയുകയും കമ്മിറ്റയും രൂപീകരിച്ചിരുന്നു. ഇത്തരം അവകാശലംഘനങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശം കൂടിയാണ് ഇല്ലാതാക്കുന്നത്.

This post was last modified on October 14, 2024 8:12 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment