‘ജീനാ യഹാം മര്‍നാ യഹാം
ഇസ്‌ക്കാ സിവാ ജാനാ കഹാം’
മേരാ നാം ജോക്കര്‍ എന്ന സിനിമയില്‍ ജോക്കറായ രാജ് കപൂര്‍ പാടി അഭിനയിച്ച രംഗം പ്രശസ്തമാണ്. ഈ വരികളെ അന്വര്‍ത്ഥമാക്കുന്ന മറ്റൊരു ജോക്കറുണ്ട് ഗ്രേറ്റ് ബോംബേ സര്‍ക്കസില്‍.
ഗ്രേറ്റ് ബോംബേ സര്‍ക്കസിന്റെ റിംഗില്‍ കുള്ളന്‍മാരായ ജോക്കര്‍മാര്‍ കാണികളെ ചിരിപ്പിക്കുന്നതിന് വേണ്ടി രസകരമായ ചലനങ്ങള്‍ കാണിക്കുന്നു. അത് കണ്ട് ജനങ്ങള്‍ ആര്‍ത്ത് ചിരിക്കുന്നു. കുട്ടികള്‍ എഴുന്നേറ്റ് നിന്ന് ആര്‍പ്പ് വിളികളോടെ കൈകള്‍ അടിക്കുന്നു. ജോക്കര്‍മാര്‍ അവരെ നോക്കി കൈവീശിയുള്ള നടത്തം കാണികളെ ആവേശത്തിലാക്കുന്നു. കാണികള്‍ തിരിച്ചും കൈവീശുന്നു.
ജോക്കര്‍മാരുടെ കൂട്ടത്തില്‍ ഒരു സീനിയര്‍ സിറ്റിസണ്‍ ജോക്കറുണ്ട്. 80 വയസ്സിനോട് അടുക്കുന്ന ആ ജോക്കറിന്റെ പേരാണ് തുളസീദാസ് ചൗധരി. പന്ത്രണ്ടാം വയസ്സില്‍ സര്‍ക്കസ് കൂടാരത്തിലേയ്ക്ക് കയറിവന്ന കുള്ളനായ തുളസീദാസ്. 12 വയസ്സ് മുതല്‍ 80 ാം വയസിലേയ്‌ക്കെത്തുന്ന ഇപ്പോള്‍ വരെ ഗ്രേറ്റ് ബോംബേ സര്‍ക്കസിന്റെ കൂടെയാണ് തുളസിദാസ്. സര്‍ക്കസ് കൂടാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നീണ്ട അറുപത്താറ് വര്‍ഷത്തോളം ജോക്കറിന്റെ വേഷത്തില്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ എത്തുന്ന തുളസിദാസ് കാന്‍സര്‍ അതിജീവകനാണെന്ന് അറിയുമ്പോഴാണ് മഹത്വം തിരിച്ചറിയുന്നത്. തന്റെ ജീവിതാവസാനം വരെ സര്‍ക്കസില്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് തുളസിദാസ്. അതെ…. തുളസിദാസും ആ പാട്ട് പാടുകയാണ്… ജീനാ യഹാം മര്‍നാ യഹാം
ഇസ്‌ക്കാ സിവാ ജാനാ കഹാം ….
ബിഹാറില്‍ ആണ് തുളസീദാസിന്റെ ജനനം. സമ്പന്ന കുടുംബമായിരുന്നു തുളസീദാസിന്റേ. പിതാവ് രാം ചന്ദ്ര ചൗധരി. മാതാവ് പുല്ലന്‍ ദേവി. 1959 ല്‍ ബിഹാറിലെ ചാപ്രയിലെ രാജേന്ദ്ര സ്റ്റേഡിയത്തില്‍ തലശ്ശേരി സ്വദേശിയായ കെ.എം. ബാലഗോപാല്‍ നേതൃത്വം കൊടുക്കുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസിന്റെ ക്യാമ്പ് നടക്കുന്ന അവസരത്തിലാണ് സര്‍ക്കസിനോട് പ്രിയം തോന്നി തുളസിദാസ് എത്തുന്നത്. സ്‌കൂളിനോട് ചേര്‍ന്ന രാജേന്ദ്ര സ്റ്റേഡിയത്തിലായിരുന്നു ഗ്രേറ്റ് ബോംബേ സര്‍ക്കസ്. സ്‌ക്കൂളില്‍ ഉയരം കുറഞ്ഞ തുളസിദാസിനെ സര്‍ക്കസിലെ ജോക്കറാക്കി കുട്ടികള്‍ കളിയാക്കിയിരുന്നു. അന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന തുളസിദാസ് ഗ്രേറ്റ് ബോംബേ സര്‍ക്കസ് കൂടാരത്തില്‍ കയറി സര്‍ക്കസ് മുതലാളിയായ ബാലഗോപാലിനോട് തന്നേയും സര്‍ക്കസില്‍ ചേര്‍ക്കാമോ എന്ന് നേരിട്ട് ചോദിച്ചു. പിന്നെ സംഭവിച്ചത് ചരിത്രം.
അങ്ങനെ ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ അംഗമായ തുളസീദാസ് ആദ്യം കുറെ നാള്‍ ഒരു സഹായിയായി മാത്രം സര്‍ക്കസില്‍ കഴിഞ്ഞുകൂടി. ബിഹാറിലെ തന്നെ കഖഡിയ എന്ന സ്ഥലത്ത് സര്‍ക്കസിന്റെ അടുത്ത ക്യാമ്പില്‍ റിങ്ങിലേക്ക് ജോക്കറിന്റെ വേഷമണിഞ്ഞ് തുളസിദാസത്തി. സര്‍ക്കസ് കൂടാരത്തില്‍ അന്നുമുതല്‍ ഇന്നുവരെ ജീവിക്കുകയാണ് തുളസിദാസ്. തന്റെ മരണം വരെ സര്‍ക്കസ് കൂടാരത്തില്‍ ഉണ്ടാകുമെന്ന് തുളസീദാസ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എത്രമാത്രം സര്‍ക്കസ് എന്ന കലാരൂപം ചേര്‍ന്നിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. അദ്ദേഹം ഇന്നും സര്‍ക്കസ് കൂടാരത്തില്‍ ജോക്കറിന്റെ വേഷം കെട്ടി കാണികള്‍ക്ക് മുന്നിലെത്തുന്നുണ്ട്.
2008 ലായിരുന്നു കാന്‍സര്‍ തന്നെ പിടികൂടിയിരിക്കുന്നു എന്ന് തുളസിദാസ് അറിയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍ക്കസ് നടക്കുന്നതിനിടയിലാണ് കിഡ്‌നിയില്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. ഇന്‍ഡോറിലെ അപ്പോളോ ആശുപത്രിയില്‍ ഒരു കിഡ്‌നി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമായ തുളസീദാസ് വീണ്ടും ഒരു ആഘാതം തിരിച്ചറിയുന്നു. തനിക്ക് പോസ്റ്റേറ്റ് കാന്‍സറിന് തുടക്കമുണ്ടെന്നതായിരുന്നു അത്. രണ്ടാമത്തെ ശസ്ത്രക്രിയയും വിജയകരമായി ഇന്‍ഡോര്‍ അപ്പോളോ ആശുപത്രിയില്‍ പൂര്‍ത്തിയായി. തനിക്ക് ജീവിക്കണമെന്നും സര്‍ക്കസില്‍ ജോക്കര്‍ വേഷം കെട്ടി റിങ്ങില്‍ കാണികള്‍ക്ക് മുന്നില്‍ എത്തണമെന്നും അദ്ദേഹം ഏറെ ആഗ്രഹിച്ചു. ആഗ്രഹം സഫലമാക്കി അദ്ദേഹം ഇന്നും ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ ജോക്കറിന്റെ വേഷത്തില്‍ എത്തുന്നു എന്നുള്ളത് ഒരു അതിജീവനത്തിന്റെ വിജയകഥയാണ്.
മുന്‍പ് എങ്ങനെയാണോ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു ജോക്കറായി അഭിനയിച്ചത് എന്നതുപോലെ തന്നെയാണ് ഇന്നും ഊര്‍ജ്ജസ്വലനായി തുളസിദാസിന്റെ പ്രകടനം. ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് മുന്നിലാണ് തുളസിദാസ് എന്ന ജോക്കര്‍ തന്റെ കലാപ്രകടനം നടത്തിയിട്ടുള്ളത്. മറക്കാത്ത നൂറ് കണക്കിന് ഓര്‍മ്മകള്‍ റിങ്ങില്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ സിനിമകള്‍ ഗ്രേറ്റ് ബോംബേ സര്‍ക്കസില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിലെല്ലാം തുളസിദാസും ഉണ്ട്. ഇതില്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകളുണ്ട്. എന്നാലും താന്‍ ഇപ്പോഴും സര്‍ക്കസ് റിങ്ങിലെ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്, സര്‍ക്കസ് കൂടാരത്തിലെ ജീവിത അദ്ദേഹം ഉള്‍ക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. സര്‍ക്കസുമായി തുളസിദാസ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. മേരാ നാം ജോക്കര്‍ തുളസിദാസ് എന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കസ് റിങ്ങിലെ അത്ഭുതമായി തുളസിദാസ് തിളങ്ങുന്നു. joker thulasidas cancer survivor life story bombay circus
Content Summary; joker thulasidas cancer survivor life story bombay circus