June 05, 2026 |

അയ്യോ! അയോ!

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഉപഗ്രഹമാണ് അയോ

സ്യൂസിന്റെ പ്രണയിനി ആയിരുന്ന അയോയെക്കുറിച്ച് കഴിഞ്ഞയാഴ്ച നാം കേട്ടു. ഈ ആധുനിക ലോകത്തിലും ഒരു അയോ ഉണ്ട്. നിരന്തരം പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍. ഉത്തരം പറയുന്നതിന് മുമ്പ് ഒരു കാര്യംകൂടി ചോദിക്കട്ടെ. നമ്മുടെ ഈ ഭൂമിയിലെ ഒന്നൊഴിയാതെ എല്ലാ വൈദ്യുതിനിലയങ്ങളും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി അല്ലെങ്കില്‍ ഊര്‍ജ്ജം മൊത്തം എത്രയായിരിക്കുമെന്ന് ഊഹിക്കാമോ? ആണവനിലയങ്ങളും കല്‍ക്കരിനിലയങ്ങളും എല്ലാം ഇതില്‍ പെടുത്താം.Juno returns to Jupiter satellite Io on March 3rd

ഉത്തരം പറയട്ടെ. ഏതാണ്ട്, 28 പീറ്റാവാട്ട് അവേഴ്‌സ്. അല്ലെങ്കില്‍ 28,000 ടെരാവാട്ട് അവേഴ്‌സ്. ഇത്രയും ഊര്‍ജ്ജത്തിന്റെ ആറിരട്ടി ഒന്നു സങ്കല്പിക്കുക. അതെല്ലാം കൂടി ഒരുമിച്ച് പൊട്ടിത്തെറിക്കുന്നു എന്നും ചിന്തിക്കുക. വല്ലാത്തൊരു നടുക്കം വരുന്നുണ്ട് അല്ലേ? എന്നാല്‍ തീര്‍ത്തും സത്യമാണ് ആ പൊട്ടിത്തെറി. അതു നടക്കുന്നതാകട്ടെ അയോയിലും. ഞാന്‍ പറഞ്ഞു തുടങ്ങിയത് അതാണ്. ആധുനിക അയോയിലെ മഹാസ്‌ഫോടനങ്ങളെക്കുറിച്ച്

അയോ ആരെന്നല്ലേ…
അതൊരു ഉപഗ്രഹമാണ്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഉപഗ്രഹം. സൗരയൂഥം മൊത്തമെടുത്താല്‍ നാലാമത്തേതും. 3,643 കിലോമീറ്റര്‍ വ്യാസം. അതായത് നമ്മുടെ ചന്ദ്രനേക്കാള്‍ കഷ്ടിച്ച് നാനൂറ് കിലോമീറ്റര്‍ കൂടുതല്‍ വലിപ്പം. വ്യാഴത്തിന് ചുറ്റും 4,22,000 കിലോമീറ്റര്‍ അകലത്തിലുള്ള ഒരു ഭ്രമണപഥത്തിലൂടെയാണ് ആധുനിക അയോയുടെ സഞ്ചാരം. ഭൂമിയില്‍ നിന്ന് ചന്ദ്രനും ഏതാണ്ട് ഇത്ര ദൂരത്തില്‍ തന്നെയാണ്. പക്ഷെ, ചന്ദ്രനേക്കാള്‍ എത്രയോ മടങ്ങ് വേഗതയുണ്ട് അയോയ്ക്ക്. ഈ ദൂരം വെറും നാല്പത്തിരണ്ടര മണിക്കൂര്‍ കൊണ്ട് ആശാന്‍ ചുറ്റിയെത്തിക്കളയും. ഒന്നാലോചിച്ച് നോക്കൂ. മണിക്കൂറില്‍ പതിനായിരം കിലോമീറ്റര്‍ വേഗതയില്‍. അയോ ഇത്രയും വേഗത്തില്‍ പറന്നുപോകുന്നതിന് ഒരു കാരണമുണ്ട്. അത് വ്യാഴത്തിന്റെ താരതമ്യങ്ങളില്ലാത്ത ഗുരുത്വാകര്‍ഷണമാണ്. ഒരു ഹാമര്‍ത്രോ എറിയുമ്പോള്‍ ഇരുമ്പുഗോളം വട്ടത്തില്‍ കറക്കുന്ന പോലെയാണ് വ്യാഴം തന്റെ ഭൂഗുരുത്വമാകുന്ന ചരടില്‍ അയോയെ കറക്കിക്കൊണ്ടിരിക്കുന്നത്.

Io

അയോ

പ്രണയിനി എന്നൊക്കെയാണ് പുരാണകഥയെങ്കിലും നരകതുല്യമാണ് അയോയുടെ ഉപരിതലം. ശരിക്കും അസംഖ്യം തീച്ചൂളകള്‍ കൂട്ടിയിട്ട പോലൊന്ന്. നിങ്ങള്‍ക്കറിയാമോ നാനൂറിലധികം അഗ്‌നിപര്‍വ്വതങ്ങളാണ് അയോയുടെ ഉപരിതലത്തില്‍ നിരന്തരം പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്‌ഫോടനകള്‍ക്കിടയിലാകട്ടെ, അതിലും രൗദ്രമാണ് കാര്യങ്ങള്‍. തിളച്ചുമറിയുന്നതും എന്തിനേയും ഉരുക്കിക്കളയുന്നതുമായ ലാവാതടാകങ്ങള്‍ ഈ അഗ്‌നിപര്‍വ്വതങ്ങള്‍ക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്നു.

ഇത്രയും ഭീഷണമായ മറ്റൊരിടം നമ്മുടെ സൗരയൂഥത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. അയോ എന്ന പേര് നമുക്ക് നേരത്തെ തന്ന എല്ലാ സൗന്ദര്യസങ്കല്പങ്ങളും ഇവിടെ കത്തിച്ചാമ്പലാവുകയാണ്. അത്യുഗ്രമായ അഗ്‌നിഗോളമായി അയോ ഈ ആധുനികകാലത്ത് രൂപാന്തരപ്പെട്ടിരിക്കുന്നു എന്നു സാരം.

1610-ല്‍ ഗലീലിയോ ഗലീലി ആണ് അയോയെ കണ്ടുപിടിച്ചത്. തന്റെ ദൂരദര്‍ശിനിയിലൂടെ. നാലുവര്‍ഷം കഴിഞ്ഞ് യൊഹാനസ് കെപ്ലറിന്റെ നിര്‍ദ്ദേശപ്രകാരം സൈമന്‍ മരിയൂസ് അയോ എന്ന പേരും അതിന് ചാര്‍ത്തിക്കൊടുത്തു. റോമാക്കാരുടെ സ്യൂസ് ആണല്ലോ ജൂപ്പിറ്റര്‍. സ്യൂസിന് ചുറ്റും വലംവെയ്ക്കുന്നത് അപ്പോള്‍ അയോ എന്നതായിരുന്നു ആ പേരിനു പിറകിലെ സങ്കല്പം. പക്ഷെ, ആ ഉപഗ്രഹത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത് പിന്നീടാണ് എന്നു മാത്രം.

satellite

ജൂപ്പിറ്ററിനേയും അയോയേയും നിരീക്ഷിക്കാനായി നാസ പറഞ്ഞയച്ച സാറ്റലൈറ്റ് ഉണ്ട്. അതാണ് ജൂനോ. പറ്റിയ പേര് എന്നു ഞാന്‍ ചിന്തിച്ചു. കാരണം റോമാക്കാരുടെ ഹീറ ആണ് ജൂനോ എന്നാല്‍. ജൂപ്പിറ്ററിന്റെ ഭാര്യ. പഴയ കഥ ഇവിടെ രസകരമായി ഉയിര്‍ത്തെഴുന്നേല്ക്കുന്നു അല്ലേ.

2016 മുതല്‍ ജൂപ്പിറ്ററിന് ചുറ്റുമായി ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ് ജൂനോ. ഏതാനും മാസങ്ങളില്‍ ഒരു പ്രാവശ്യമെന്നോണം ജൂനോ അയോയുടെ സമീപത്ത് വരും. അതായത്, ഈ ആധുനികകാലത്ത് അയോയെ സൂക്ഷിക്കാന്‍ ആര്‍ഗോസ് എന്ന രാക്ഷസന്‍ ഇല്ല ഹീറയ്ക്കിപ്പോള്‍. സ്വയം ചെയ്യണം ആ ജോലി.

എന്തായാലും ജൂനോയുടെ നിരീക്ഷണങ്ങളിലൂടെ അയോയെ നമ്മള്‍ കൂടുതല്‍ മനസ്സിലാക്കി. ആ ഉപരിതലത്തിലെ പ്രചണ്ഡമായ അഗ്‌നിതാണ്ഡവം നമ്മളറിഞ്ഞത് അങ്ങനെയാണ്. ഏറ്റവും അവസാനമായി ജൂനോ അയോയുടെ അടുത്തെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2024 ഡിസംബര്‍ 27-ന്. അന്ന് ജൂനോയിലെ ജോവിയന്‍ ഇന്‍ഫ്രാറെഡ് അറോറല്‍ മാപ്പര്‍ എന്ന ഗ്രഹോപരിതലനിരീക്ഷണയന്ത്രം അത്ഭുതകരമായ ഒരു കാഴ്ച അയോയില്‍ നിന്ന് ഒപ്പിയെടുത്തു. അസാമാന്യ വലിപ്പമുള്ള ഒരു ചുവന്ന പൊട്ട് പുതുതായി അവിടെ പ്രത്യക്ഷപ്പെട്ടതായാണ് അന്നേരം കണ്ടത്. എന്നാല്‍ കൂടുതല്‍ പരിശോധിച്ചപ്പോഴല്ലേ അതിന്റെ അതിഭീഷണാവസ്ഥ മനസ്സിലാവുന്നത്. അതൊരു അഗ്‌നിപര്‍വ്വതമായിരുന്നു. അയോയ്ക്കുള്ളിലെ മാഗ്മ അഥവാ തിളച്ചുമറിയുന്ന ശിലാഭാഗങ്ങളെല്ലാം പുറത്തേക്ക് തള്ളുന്ന ഒന്ന്. എട്ട് ലക്ഷം കോടി വാട്ട് ഊര്‍ജ്ജമാണ് ആ മഹാസ്‌ഫോടനത്തിലൂടെ പുറത്തേക്ക് വമിക്കുന്നതത്രെ. നേരത്തെ പറഞ്ഞപോലെ ഭൂമിയിലെ സകല വൈദ്യുതിനിലയങ്ങളുടേയും ഊര്‍ജ്ജോല്പാദനശേഷിയുടെ ആറിരട്ടി! ആരും അന്തംവിട്ടുപോകുന്ന വിനാശകശക്തിയാണത്. നമ്മുടെ സൗരയൂഥത്തില്‍ ഇത്രയും ശക്തിയുള്ള ഒരു സ്‌ഫോടനം മുമ്പുണ്ടായിട്ടില്ല എന്ന് ശാസ്ത്രജ്ഞര്‍ ആണയിട്ടുപറയുന്നു.

ജൂനോ ഈ അഗ്‌നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ എടുത്തയച്ചിട്ടുണ്ട്. അതില്‍ ഒരിരുണ്ട പാടുപോലെ ഒരു പൊട്ടു കാണാം. പൊട്ടിത്തെറിയില്‍ പുറത്തേക്കു വന്ന ലാവ ഉറഞ്ഞതാവണം ആ പാട്. എങ്കിലും, അത് തൊട്ടടുത്തു നിന്നുള്ള കാഴ്ചയായിരുന്നില്ല. സത്യത്തില്‍ എന്തൊക്കെയായിരിക്കാം ആ സ്‌ഫോടനത്തില്‍ സംഭവിച്ചിരിക്കുക എന്നത് നമുക്കൂഹിക്കാനേ സാധിക്കൂ.

Nasa image

നാസ പുറത്തുവിട്ട അയോയുടെ ഉപഗ്രഹ ചിത്രം

അഗ്‌നിപര്‍വതത്തില്‍ നിന്ന് ഉദ്ഗമിച്ചിരുന്ന താപവികിരണങ്ങളെ അളന്നു നോക്കിയപ്പോള്‍ ആ പൊട്ടിത്തെറി നടക്കുന്ന സ്ഥലത്തിന് ഏതാണ്ട് ഒരു ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉണ്ടെന്ന് കണ്ടു. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമാണത് എന്നോര്‍ക്കണം. ഒരൊറ്റ അഗ്‌നിപര്‍വ്വതത്തിന്റെ വലിപ്പമാണ് കേട്ടോ. എത്ര ഭയാനകമായിരിക്കും ആ പൊട്ടിത്തെറി. അയോയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതവും മറ്റൊന്നല്ല.

എന്തുകൊണ്ടാണ് അയോ ഇത്തരം പൊട്ടിത്തെറികളുടെ കേദാരമായത്. അതിനുകാരണം വ്യാഴം തന്നെ. വ്യാഴത്തിന്റെ അപാരമായ ഭൂഗുരുത്വബലത്തില്‍ കശക്കിയെറിയപ്പെടുന്ന ഒരവസ്ഥയുണ്ട് അയോയില്‍. സ്യൂസിനോടുള്ള ആകര്‍ഷണം തന്നെയാണല്ലോ കഥയിലും കാര്യമായത്. ഇവിടെയും തഥൈവ. അപാരമായ ആ ആകര്‍ഷണത്തില്‍ എരിഞ്ഞുതീരുന്ന ആധുനിക അയോ. വ്യാഴം സൃഷ്ടിക്കുന്ന ഭൂഗുരുത്വബലത്താല്‍ ഒരുതരം സമ്മര്‍ദ്ദഗോളമായി അയോ മാറുകയാണ്. അപരിമേയമായ ഈ ബാഹ്യബലം അയോയുടെ അന്തര്‍ഭാഗത്തുള്ള ശിലകളെ ഭയങ്കരമായി ചൂടുപിടിപ്പിക്കുകയും, ആ ഉഗ്രതാപത്താല്‍ പാറകള്‍ ഉരുകി മാഗ്മയായി മാറുകയും ചെയ്യുന്നു. സമ്മര്‍ദ്ദം ഇടവിടാതെ നില്ക്കുന്നതിനാല്‍ പുറന്തോട് പൊട്ടാതെ വയ്യ. അഗ്‌നിപര്‍വതമായത് പൊട്ടിത്തെറിക്കുന്നു. സൗരയൂഥത്തിലെ മഹാവിസ്‌ഫോടനങ്ങള്‍ അയോയില്‍ തുടര്‍ക്കഥയാവുന്നത് അങ്ങനെയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശക്തമായതായിരുന്നു ഈയിടെ ഉണ്ടായതെന്ന് മാത്രം.

ഈ വരുന്ന മാര്‍ച്ച് മൂന്നിന് ജൂനോ അയോയുടെ അടുത്തേക്ക് വീണ്ടും ചെല്ലാന്‍ പോകുകയാണ്. അന്നു നമുക്ക് കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാതോര്‍ക്കാം.Juno returns to Jupiter satellite Io on March 3rd

Content Summary: Juno returns to Jupiter satellite Io on March 3rd

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×