ഇങ്ങനെയൊരു ചോദ്യം വരുമ്പോള്‍തന്നെ പെട്ടെന്ന് കിട്ടുന്ന ചില ഉത്തരങ്ങളുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം, സിനിമയുടെ സ്വാധീനം എന്നിങ്ങനെ പോകുന്നു ആ ഉത്തരങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും 15-29 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ഇടയില്‍ പ്രതിവര്‍ഷം ഏകദേശം 1,93,000 നരഹത്യ നടക്കുന്നു. ഇത് ആഗോളതലത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന മൊത്തം നരഹത്യകളുടെ 40% ആണ്. അപ്പോള്‍ ഇത് നമ്മുടെ രാജ്യത്തെ മാത്രം പ്രശ്‌നമല്ല. പ്രശ്‌നത്തിനൊരു സാര്‍വ്വത്രികമായ സ്വഭാവമുണ്ട്. juvenile crime; Why do children pick up knives?
മയക്കുമരുന്ന്, സിനിമ എന്നിവയിലേക്ക് മാത്രം ഇതിന്റെ കാരണങ്ങള്‍ കൂട്ടിക്കെട്ടുമ്പോള്‍ ഒരു പരിക്കും ഏല്‍ക്കാതെ രക്ഷപ്പെടുന്നത് സത്യത്തില്‍ രക്ഷിതാക്കളും, അധ്യാപകരും, കുറ്റകൃത്യത്തിന്റെ തിരക്കഥ വരെ പശ്ചാത്തലസംഗീതമിട്ട് കൊഴുപ്പിച്ചു, സവിസ്തരം വിളമ്പുന്ന മുഖ്യധാരാ മാധ്യമങ്ങളും, ഭരണസംവിധാനവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഈ ബോധ്യം അങ്ങനെ തന്നെ നിലനിറുത്തുന്നതില്‍ നമുക്കൊക്കെ അബോധപൂര്‍വമായെങ്കിലും പങ്കുണ്ടെന്ന് പറയാതെ വയ്യ.
ഒരു കുട്ടി പിറന്ന് വീഴുന്നത് മുതല്‍ അവന്‍/അവള്‍ കാണുന്നതും, സാമൂഹ്യ ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുക്കുന്നതും അയാളുടെ അച്ഛനും അമ്മയും അടങ്ങിയ കുടുംബം എന്ന സംവിധാനത്തില്‍ നിന്നായിരിക്കും. അവിടെ ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു നല്ല ഇടപെടല്‍ നടത്താന്‍ ഉതകുന്ന ഒരു വ്യക്തിയായിത്തീരുക എന്നതിനുള്ള എന്തെങ്കിലും അറിവുകള്‍ എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നതാണ്. ചില കുട്ടികള്‍ക്ക് കിട്ടുന്നുണ്ടാകും. പക്ഷെ , ഇപ്പോളും എത്ര കുടുംബങ്ങളില്‍ താന്‍ പറയുന്നത് അനുസരിക്കാത്ത ഭാര്യയെ മര്‍ദ്ദിച്ച് തന്റെ വഴിക്ക് കൊണ്ടുവരുന്ന ഭര്‍ത്താവുണ്ട്, എത്ര മാതാപിതാക്കള്‍ ഇപ്പോഴും കുട്ടികളെ നല്ല തല്ല് കൊടുത്ത് നന്നാക്കാം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്. വളരെ ശാന്തം ആണെന്ന് പുറമെ തോന്നുന്ന കുടുംബങ്ങളില്‍ പോലും പാസ്സീവ് അഗ്രെഷന്‍ കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കുന്നവരുണ്ട്. കുട്ടികള്‍ നമ്മളൊക്കെ കരുതുന്നതിനേക്കാള്‍ നിരീക്ഷണപാടവം ഉള്ളവരാണ്. രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കുന്നതാവില്ല അവര്‍ ചെയ്യുക, മറിച്ച് രക്ഷിതാക്കള്‍ ചെയ്യുന്ന കാര്യം കണ്ടും കേട്ടും പലപ്പോഴും അനുകരിച്ചുമാണ് കുട്ടികള്‍ വളരുക. ഇവിടെയൊക്കെ വലിയൊരു കുഴപ്പം മുള പൊട്ടുന്നുണ്ട്, അവിടെ വളരുന്ന കുഞ്ഞിന്റെയുള്ളില്‍. താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ലാത്തവരെ അനുസരിപ്പിക്കാനുള്ള മാര്‍ഗ്ഗം ശാരീരിക ബലപ്രയോഗവും മര്‍ദ്ദനവും, അഗ്രെഷനും ഒക്കെയാണെന്ന് സ്വന്തം കുടുംബത്തില്‍ നിന്ന് കുട്ടികള്‍ പഠിച്ചു തുടങ്ങുകയാണ്. പോസിറ്റീവ് പേരെന്റ്ിംഗ് എന്നൊന്നുണ്ട്, നമ്മള്‍ രക്ഷിതാക്കളില്‍ എത്ര പേര്‍ക്കതറിയാം, അറിയാമെങ്കില്‍ തന്നെ, എത്ര പേരത് പ്രാവര്‍ത്തികമാക്കുന്നുണ്ട്? രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥകളും ഉണ്ടാകാം. സാമൂഹ്യമായ, സാമ്പത്തികമായ പിന്നോക്കാവസ്ഥയൊക്കെ കുഞ്ഞുങ്ങളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കാത്ത അവസ്ഥയും ഉണ്ടാക്കിയേക്കാം. അത് വേറെ തന്നെ അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു സാമൂഹ്യ പ്രശ്‌നമാണ്.
ഇങ്ങനെയൊക്കെയുള്ള വിവിധങ്ങളായ സാഹചര്യങ്ങളില്‍ നിന്നാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. പഠനം മാത്രമല്ലല്ലോ സ്‌കൂളിംഗിന്റെ ലക്ഷ്യം. കുട്ടികളുടെ മാനസിക വികാസം ഒക്കെ സാധ്യമാകുന്നുണ്ടോ നമ്മുടെ സ്‌കൂളുകളില്‍? ചെറിയ ക്ലാസുകളില്‍ ആണെങ്കിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആണെങ്കിലും കുട്ടികളുടെ മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ അധ്യാപകരോട് തുറന്ന് പറയാനുള്ള സാഹചര്യം നമ്മുടെ എത്ര സ്‌കൂളുകളില്‍ ഉണ്ടെന്ന് ഒന്ന് ആലോചിച്ച് നോക്കുക. ഇനി പറഞ്ഞാലും അങ്ങനെയുള്ള സാഹചര്യങ്ങള്‍ മനഃശാസ്ത്രപരമായി പരിഹരിക്കാന്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചവരല്ല നമ്മുടെ അധ്യാപകര്‍, അതവരുടെ കുഴപ്പവുമല്ല (ബി.എഡിന് പഠിച്ച ചൈല്‍ഡ് സൈക്കോളജിയൊക്കെ പലപ്പോഴും ഏട്ടിലെ പശുവാണ്). ഇനി ചിലയിടങ്ങളില്‍ കൗണ്‍സിലര്‍ ഉണ്ടെങ്കിലും, അവരോട് കാര്യങ്ങള്‍ സ്‌കൂളില്‍ പാട്ടാവില്ല എന്ന വിശ്വാസത്തില്‍ പറയാനാവില്ല എന്ന് കുട്ടികള്‍ പറയുന്നു. (വ്യക്തിപരമായി കുട്ടികള്‍ സംസാരിച്ചിട്ടുണ്ട്). ഈ പറഞ്ഞ കൗണ്‍സിലര്‍മാര്‍ അധ്യാപകരില്‍ ഒരാളോ, ആ സ്റ്റാഫ് കൂട്ടായ്മയുടെ ഒരു ഭാഗമോ ആയിരിക്കുന്നിടത്തോളം കുട്ടികള്‍ ഉന്നയിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുക സാധ്യമാണെന്ന് കരുതാനാവില്ല.

ആരോഗ്യ വകുപ്പിന്റെയോ, വനിതാ ശിശുക്ഷേമ വകുപ്പിന്റെയോ കീഴിലുള്ള വിദഗ്ധരെയോ, അല്ലെങ്കില്‍ മനഃശാസ്ത്ര ചികിത്സ നടത്താന്‍ യോഗ്യത ഉള്ളവരെ താല്‍കാലിക അടിസ്ഥാനത്തിലെങ്കിലും സബ് ജില്ലാ തലത്തില്‍ സൈക്കോളജിസ്റ്റ് ആയി നിയമിച്ചാല്‍ (ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ഒരു സ്‌കൂളില്‍ അവരുടെ സേവനം ലഭ്യമാകുന്ന തരത്തില്‍) ചെറിയ പ്രായത്തില്‍ കുട്ടികളില്‍ കാണപ്പെടാറുള്ള anxiety diosrder, ADHD, Depression, mood diosrders, conduct diosrders തുടങ്ങിയ പല കാര്യങ്ങളും നേരത്തെ തിരിച്ചറിയാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദേശം നല്‍കാനും അവര്‍ക്ക് സാധിച്ചേക്കും. ഇവരുടെ റിപ്പോര്‍ട്ടിങ് അതോറിറ്റി ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ (DCP) ഓഫീസര്‍ ആയാല്‍ ഒന്നുകൂടി ഫലപ്രദമായിരിക്കും. ഇവയില്‍ പലതും തിരിച്ചറിയപ്പെടാതെയോ ചികില്‍സിക്കപ്പെടാതെയോ പോയാല്‍ ഭാവിയില്‍ കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെയൊരു സംവിധാനം നിലവിലില്ലാത്തതുകൊണ്ട് ഇന്ന് ADHD (Attention-deficit/hyperactivity diosrder) ഉള്ള അതില്‍ത്തന്നെ inattendive തരം അഭിമുഖീകരിക്കുന്ന കുട്ടി സ്‌കൂളില്‍ അശ്രദ്ധയുള്ള വിദ്യാര്‍ത്ഥിയാണെന്ന് ചാപ്പയടിക്കപ്പെടുന്നു. hyperactive അല്ലെങ്കില്‍ impulsive തരം അഭിമുഖീകരിക്കുന്ന കുട്ടി പലപ്പോഴും ”പ്രോബ്ലം ചൈല്‍ഡ്” എന്ന രീതിയിലും മാറ്റി നിര്‍ത്തപ്പെടുന്നു. താരേ സമീന്‍ പര്‍ എന്ന വിഖ്യാത സിനിമയില്‍ ഡിസ്ലെക്‌സിയ ഉള്ള കുട്ടിയെ അധ്യാപകരോ, സ്വന്തം മാതാപിതാക്കള്‍ തന്നെയും ആദ്യഘട്ടത്തില്‍ വേണ്ട രീതിയില്‍ തിരിച്ചറിയാതെ പോകുന്നത് ചിത്രീകരിച്ചിരിക്കുന്നത് പലപ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നാണ്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ conduct diosrders ഉള്ള കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഗുരുതരമായ പേര്‍സണാലിറ്റി ഡിസോര്‍ഡേഴ്സിലേക്കും എത്തിച്ചേരാനുള്ള സാധ്യതകളുണ്ട്. ഇങ്ങനെ കുട്ടികള്‍ക്ക് പറയാന്‍ ഒരു ഇടം ഒരുക്കുന്നതിലൂടെ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നത് തടയാന്‍ മാത്രമല്ല, അവര്‍ ചൂഷണം ചെയ്യപ്പെടുന്നത് തിരിച്ചറിയാനും നിയമപരമായ നടപടികളിലേക്ക് നീങ്ങാനും വഴിയൊരുങ്ങും.
പിന്നെ കുട്ടികള്‍ക്കിടയില്‍ കൂടി വരുന്ന ലഹരി ഉപയോഗവും തീര്‍ച്ചയായും അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. ഒരു കാലത്ത് കുട്ടികള്‍ക്ക് വളരെ എളുപ്പം ലഭിക്കുമായിരുന്ന ലഹരി മദ്യവും സിഗരറ്റും ആയിരുന്നെങ്കില്‍ ഇന്നത് കഞ്ചാവും രാസ ലഹരികളും ആയിരിക്കുന്നു. എല്ലാം ലഹരി എന്ന് പറയുമെങ്കിലും, രാസ ലഹരിയും മറ്റും എത്രത്തോളം അധികം അപകടകരമാണ് എന്നതും ആളുകളെ അതിന് അടിമപ്പെടുത്തുന്നതും, ആണെന്നതുമുള്ള വസ്തുത കാണാതിരുന്നു കൂടാ. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അടക്കം സുലഭമായി വിനിമയം ചെയ്യപ്പെടുന്ന ഇവയുടെ ലഭ്യത കുറയ്ക്കാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ഇതിനൊക്കെ വീരപരിവേഷം നല്‍കി കാണിക്കുന്ന സിനിമകളും (അതു മാത്രമല്ല കാരണം) കൗമാരക്കാര്‍ക്കിടയില്‍ ലഹരിയിലേക്ക് എത്താനുള്ള കാരണമായേക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കി ഗോള്‍ഡ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഇപ്രകാരം ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നത് വിമര്‍ശനങ്ങളൊന്നുമില്ലാതെ ഏറെക്കുറെ നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന മദ്യം പോലെയുള്ള ലഹരി പതിനെട്ട് വയസ്സ് തികഞ്ഞവര്‍ ഉപയോഗിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെങ്കിലും റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് എന്നൊന്ന് ഉണ്ടെന്ന് അവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു.
ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് നിയന്ത്രണ, കുറ്റകൃത്യ പ്രതിരോധ ഓഫീസ് (UNODC) ന്റെ 2021 ലെ ദോഹ പ്രഖ്യാപനത്തിന്റെ ഭാഗമായി സമാധാനത്തിനുള്ള ഒരു മാര്‍ഗ്ഗമായി കായിക വിനോദങ്ങളെ അടിസ്ഥാനമാക്കി ഒരു ആഗോള യുവജന കുറ്റകൃത്യ പ്രതിരോധ സംരംഭം ആരംഭിച്ചിരുന്നു. ഇതില്‍ ഇന്ത്യ അംഗമാണെന്ന് മാത്രമല്ല, സൗത്ത് ഏഷ്യ റീജിയണല്‍ ഓഫീസും ഇന്ത്യയിലാണുള്ളത്. കായികവിനോദങ്ങള്‍ക്ക് സാമൂഹ്യവിരുദ്ധ പെരുമാറ്റം, അക്രമം, കുറ്റകൃത്യം മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് യുവാക്കള്‍ എത്തിച്ചേരുന്നത് തടയാനാവും എന്ന് UNODC പറയുന്നു. ഇനി നമുക്ക് നമ്മുടെ നാട്ടിലേക്ക് വരാം. നമ്മുടെ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു PT പീരിയഡ് ആണുള്ളത്. അതുതന്നെ മറ്റു വിഷയങ്ങളുടെ അധ്യാപകര്‍ കടം വാങ്ങിയില്ലെങ്കില്‍ ലഭിക്കുന്നത്. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റ് കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടണം എന്ന് WHO പറയുന്ന സ്ഥലത്താണ് ഇത് എന്ന് മനസ്സിലാക്കണം. അതും പ്ലസ് ടു കുട്ടികള്‍ക്ക് ആഴ്ചയില്‍ പോലും അങ്ങനെയൊരു സംവിധാനമില്ല. തന്റെ ശരീരത്തേക്കുറിച്ചും മറ്റുമായി വളരെയധികം മാനസികസംഘര്‍ഷം കുട്ടികള്‍ അനുഭവിക്കുന്ന കൗമാര കാലത്ത് തങ്ങളുടെ ഊര്‍ജ്ജം സൃഷ്ടിപരമായി ഉപയോഗിക്കാന്‍ ഉതകുന്ന ഒരു മാര്‍ഗ്ഗം തന്നെയാണ് സ്‌പോര്‍ട്‌സ്. എന്നാല്‍ 16, 17 വയസ്സുള്ള കുട്ടികളെ അതായത് പ്ലസ് വണ്‍, പ്ലസ് ടു കുട്ടികള്‍ക്ക് ഈ മാര്‍ഗ്ഗം ഇല്ലാതായിട്ട് വര്‍ഷങ്ങളായി. ഇതും കുട്ടികള്‍ക്കിടയില്‍ ഉള്ള അക്രമവാസനയ്ക്ക് ഒരു കാരണമായി കാണേണ്ടതുണ്ട്.
ഇനി മിക്കവരും പലപ്പോളും പറയാറുള്ള സിനിമകളുടെ സ്വാധീനം നോക്കാം. സിനിമ കുട്ടികളില്‍ സ്വാധീനം ചെലുത്തും എന്നത് വാസ്തവമാണ്. ഇവിടെ ഇറങ്ങുന്ന സിനിമകളില്‍ U, U/A, A, S ഇങ്ങനെയുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കേഷനുണ്ട്. ഇതില്‍ U എല്ലാവര്‍ക്കും കാണാവുന്നതും, U/A പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പേരെന്റല്‍ ഗൈഡന്‍സോടു കൂടി മാത്രം കാണാവുന്നതും, A പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണുവാന്‍ അനുവാദം ഉള്ളതുമാണ്. S പൊതുജനങ്ങള്‍ക്കുള്ളതല്ല, ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഉള്ളതാണ്. പറഞ്ഞുവന്നത് ഇവിടെ നിയമപരമായി ഒരു സംവിധാനം ഉണ്ടെങ്കിലും ഇതെത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ്. തീയേറ്ററില്‍ പോലും ഈ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. OTT റിലീസ് കൂടിയാകുമ്പോള്‍ ഇതത്രയും കുട്ടികളിലേക്കും കൂടി എത്തുന്നു. സംശയമുണ്ടെങ്കില്‍ A സര്‍ട്ടിഫിക്കറ്റ് കിട്ടിയ മാര്‍ക്കോ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് നമ്മുടെ ചുറ്റുപാടുമുള്ള 18 വയസ്സ് തികയാത്ത കുട്ടികളോട് ചോദിച്ചു നോക്കൂ. മാര്‍ക്കോ ഒരുദാഹരണം മാത്രമാണ്. അല്ലാതെ കുട്ടികള്‍ അക്രമാസക്തരാകുന്നതിന് മാര്‍ക്കോ പോലെയുള്ള സിനിമകള്‍ മാത്രമാണ് കാരണം എന്ന് പറയുന്നതില്‍ കാര്യമില്ല. അതും ഒരു കാരണമാണ്. ഇങ്ങനെ A സര്‍ട്ടിഫിക്കറ്റ് ഉള്ള വയലന്‍സ് നിറഞ്ഞ ഒരുപാട് വിദേശ സിനിമകള്‍ അടക്കം OTT യിലൂടെ നമ്മുടെ ചെറിയ കുട്ടികളിലേക്കടക്കം എത്തുന്നുണ്ട്. കാര്‍ട്ടൂണ്‍, കോമിക് എന്നിവയിലെ വയലന്‍സ് പോലും കുട്ടികളില്‍ ആഴത്തില്‍ സ്വാധീനമുണ്ടാക്കും എന്ന പഠനങ്ങള്‍ വന്നിട്ടുള്ള സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നതും ഗൗരവകരമാണ്.
ഇനി സിനിമകള്‍ മാത്രമല്ല, ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങള്‍ (എല്ലാ മാധ്യമങ്ങളും അങ്ങനെയാണെന്നല്ല) ഒരു കൊലപാതകമോ, ആത്മഹത്യയോ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ടോ? കൊലപാതകം ചെയ്ത രീതി അല്ലെങ്കില്‍ ആത്മഹത്യ ചെയ്ത രീതി ഇത്രയധികം ഡീറ്റൈല്‍ ആയി പറയേണ്ടതുണ്ടോ. ഒരു വിധത്തിലുള്ള സെന്‍സറിങ്ങും ഇല്ലാതെ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്ന വാര്‍ത്തകളാണ് ഇതെന്നോര്‍ക്കണം. ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഒരിക്കലും പാലിക്കപ്പെടാറില്ലാത്ത മാര്‍ഗ്ഗനിര്‍ദേശങ്ങളുണ്ട്. അതില്‍ ഒന്ന് ആത്മഹത്യ ചെയ്ത രീതി എക്‌സ്പ്ലിസിറ്റ് ആയി വിശദീകരിക്കരുത് എന്നതാണ്.
ഒരു കൊലപാതകവാര്‍ത്ത വന്നാല്‍ അതിന്റെ മോഡസ് ഒപ്പറാന്റി ഒക്കെ വള്ളി പുള്ളി വിടാതെ ബിജിഎം ഒക്കെയിട്ട് ഒരു ക്രൈം ത്രില്ലര്‍ പോലെ അവതരിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്ന് മാധ്യമങ്ങളും ആലോചിക്കേണ്ടതുണ്ട്. ഇതെല്ലാം കുട്ടികളെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളില്‍ ഒന്നാണ്. സ്വയം കുറച്ചല്ല, വളരെയധികം നിയന്ത്രണം വേണ്ടതുണ്ട്, ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും.
ഇവിടുത്തെ യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ ഫലപ്രദമായി ഇടപെടേണ്ട ബാധ്യതയുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയാന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്ന് DYFI പറഞ്ഞിരിക്കുന്നു. എഐവൈഎഫും, യൂത്ത് കോണ്‍ഗ്രസ്സും, യൂത്ത് ലീഗും, ഒക്കെ ലഹരിക്കെതിരെ കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് വരേണ്ടതുണ്ട്. പുതുതലമുറയെ മുഴുവന്‍ അപകടകാരികളായി ചിത്രീകരിക്കുന്ന ഒരു ബോധ്യം പൊതുബോധത്തില്‍ ഉണ്ടായിവരുന്നുണ്ട്. വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ പങ്കുള്ള ഒന്നാണത്. അല്ലെങ്കിലും പണ്ടെല്ലാം നല്ലതായിരുന്നു എന്ന ലൈനില്‍, ഒരു തലമുറയെ ആവശ്യമില്ലാതെ ഇങ്ങനെ ചപ്പായടിക്കുന്നത് ഒരിക്കലും ഒരു നല്ല ഫലം ഉണ്ടാക്കില്ല. കുട്ടികളെ കൂടി വിശ്വാസത്തിലെടുത്തു, അവരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയുള്ള പദ്ധതികളെ ലഹരിക്കെതിരെ വിജയം കാണുകയുള്ളൂ.
സോവിയറ്റ് അഫ്ഗാന്‍ യുദ്ധത്തില്‍ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലെത്തിയ മനുഷ്യര്‍ക്ക്, 1992 ലോകകപ്പ് വിജയത്തോടെ പാകിസ്ഥാന്‍ ഒരു ലഹരി പകര്‍ന്ന് നല്‍കി, ക്രിക്കറ്റ് എന്ന ലഹരി! ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ ‘വസ്തുഹാര’ കളായ ആ പാവം മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കിയ ലഹരിയായിരുന്നു അത്. ‘ഞങ്ങള്‍ അത് ചെയ്യണമായിരുന്നു അല്ലെങ്കില്‍ മരിക്കണമായിരുന്നു, കാരണം ഞങ്ങളില്‍ പലരും ദരിദ്ര കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഞങ്ങള്‍ക്ക് പിന്നോട്ട് പോകാന്‍ കഴിഞ്ഞില്ല, മുന്നോട്ട് പോകാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം, സന്തോഷത്തിനുള്ള പ്രധാന കാരണം ക്രിക്കറ്റാണ്,’ 2015 ക്രിക്കറ്റ് ലോകകപ്പില്‍ ടീമിനെ നയിച്ച മുഹമ്മദ് നബി പറയുന്നു. അപ്പോള്‍ ഐക്യരാഷ്ട്ര സഭ പറയുന്നത് ഒരു ഹൈപൊതെസിസ് അല്ല, നമുക്ക് മുന്നില്‍ ജീവിക്കുന്ന തെളിവുകളുണ്ട്, കായിക വിനോദങ്ങള്‍ക്ക് മനുഷ്യനെ സൃഷ്ടിപരതയിലേക്ക് നയിക്കുന്ന ഔഷധമായി പ്രവര്‍ത്തിക്കാനാകും എന്നുള്ളതിന്.
കുട്ടികളുടെ കായികമായ അഭിരുചികളെ കൂടി പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സിലബസ്സിലും മാറ്റം വരേണ്ടതുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഇത്രയധികം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് എന്ന് പറയുന്ന അതേ പ്രാധാന്യത്തോടെ തന്നെ ഞങ്ങളുടെ നാട്ടില്‍ വളരെയധികം കളിസ്ഥലങ്ങളുണ്ട് എന്ന് പറയുന്ന രീതിയിലേക്ക് നാം മാറേണ്ടതുണ്ടെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ കത്തി താഴെ ഇടെടാ എന്ന് ഒരു സിനിമയില്‍ തിലകന്റെ കഥാപാത്രം പറയുന്ന പോലെയൊന്നും വേണ്ടി വരില്ല. കത്തി ഉപേക്ഷിച്ച് കുട്ടികള്‍ തന്നെ പന്തെടുക്കും എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. പക്ഷെ അതിന് വേണ്ടി നമ്മളെല്ലാവരും നല്ല പണിയെടുക്കേണ്ടതുണ്ട്, ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും എല്ലാം. പ്രാഥമികമായി ചെയ്യേണ്ടത് ആക്രമി ചാപ്പയടിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്ന ജെന്‍ സീ യെയും, ജന്‍ ആല്‍ഫയെയും ഒക്കെ ചേര്‍ത്തുപിടിക്കുക എന്നതാണ്. നാളെ എന്നത് അവരായിരിക്കെ, നാളയെ പള്ള് പറഞ്ഞു നമ്മള്‍ ഇന്നിന്, എത്ര നാള്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാനാകും? juvenile crime; Why do children pick up knives?
Content Summary: juvenile crime; Why do children pick up knives?