1976 ജൂലൈ മൂന്നിന് അസ്തമിച്ച പ്രതിഭാശാലിയായ കമ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരന്റെ ജീവിതം, വിയോഗത്തിന്റെ അർധശതാബ്ദിയിൽ വിലയിരുത്തപ്പെടുകയെന്നതിന് കൂടുതൽ രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. ഇന്ത്യൻ ഇടത്പക്ഷം ദേശവ്യാപകമായി അതിന്റെ ഏറ്റവും പരിതാപകരമായൊരു പതനത്തിലെത്തി നിൽക്കുമ്പോൾ പ്രത്യേകിച്ചും. കേരളത്തിലാദ്യമായി ചെങ്കൊടി ഉയർത്തുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത കെ. ദാമോദരൻ, ധിഷണയുടെ അഗ്നി നിറച്ച മനസ്സും മസ്തിഷ്കവുമായാണ് തൊഴിലാളിവർഗ സർവ്വാധിപത്യമെന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ സഞ്ചരിച്ചത്. കെ. ദാമോദരൻ ആരായിരുന്നുവെന്നും സമരഭരിതമായൊരു കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്തായിരുന്നുവെന്നും പുതിയ തലമുറയിലെ കമ്യൂണിസ്റ്റുകാർക്ക് പോലും അജ്ഞാതമായൊരു വർത്തമാനത്തിലൂടെയാണ് സമകാലികകേരളം യാത്രചെയ്യുന്നത്.
1912 ഫെബ്രുവരി 25 -ന് പഴയ പൊന്നാനി താലൂക്കിൽ തിരൂർ കീഴേടത്ത് തറവാട്ടിലായിരുന്നു കെ. ദാമോദരന്റെ ജനനം. അച്ഛൻ പെരുമണ്ണയിലെ കിഴക്കിനിയേടത്ത് മനയ്ക്കൽ തുപ്പൻ നമ്പൂതിരി. അമ്മ കീഴേടത്ത് നാരായണിയമ്മ. പതിനെട്ടാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി ദാമോദരൻ കോഴിക്കോട്ട് സത്യാഗ്രഹക്യാമ്പിലെത്തി. പക്ഷേ പ്രായപൂർത്തിയാകാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പിന്തിരിപ്പിച്ചു. തൊട്ടടുത്ത വർഷം, 1931 -ൽ താനൂരിലെത്തി നിരോധനം ലംഘിച്ച് ബ്രിട്ടീഷ് വിരുദ്ധപ്രസംഗം നടത്തി അറസ്റ്റ് വരിച്ചു. 23 മാസത്തെ കഠിനതടവായിരുന്നു ശിക്ഷ. ജയിൽമോചനത്തിനു ശേഷം ദാമോദരൻ കാശി വിദ്യാപീഠത്തിൽ പഠിക്കാൻ പോയി. തിരിച്ചെത്തി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് സഖാവ് പി. കൃഷ്ണപിള്ളയോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവൽക്കരണത്തിലും പങ്കാളിയായി. കാശിയിൽ നിന്ന് സ്വായത്തമാക്കിയ തത്ത്വചിന്തകളും വിപ്ലവത്തിന്റെ ബാലപാഠങ്ങളും ആ പ്രക്ഷോഭകാരിയിൽ കമ്യൂണിസത്തിന്റെ വിത്തെറിയുകയായിരുന്നു. എഴുത്തും വായനയും ദാമോദരന് ഹരമായി. നാടകരചനയിലെ പുതുസങ്കേതങ്ങളിലൂടെ അദ്ദേഹം കലയുടെ ലോകത്ത് വെളിച്ചം പകർന്നു. മുൻഷി പ്രേംചന്ദിന്റെ അധ്യക്ഷതയിൽ ലക്നോയിൽ ചേർന്ന പുരോഗമന സാഹിത്യസമ്മേളനത്തിൽ പങ്കെടുത്ത ഏകമലയാളി എഴുത്തുകാരൻ കൂടിയായി കെ. ദാമോദരൻ അറിയപ്പെട്ടു.

‘പാട്ടബാക്കി’ എന്ന പ്രസിദ്ധമായ നാടകമെഴുത്തിലൂടേയും അവതരണത്തിലൂടെയും പ്രസിദ്ധി നേടിയ ദാമോദരൻ തിരൂർ വൈലത്തൂരിൽ നടന്ന കർഷകസമ്മേളനത്തിൽ ഈ നാടകം അവതരിപ്പിച്ച് നാട്ടുകാരുടെ അനുമോദനങ്ങളേറ്റുവാങ്ങി. 1937 -ൽ തൃശ്ശൂരിൽ രണ്ടാം അഖിലകേരള തൊഴിലാളി സമ്മേളനത്തിലും പാട്ടബാക്കി നാടകം അവതരിപ്പിക്കപ്പെട്ടു. 1937 മേയ് മാസത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർവ്വരൂപമായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം. പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംഘടനാകമ്മിറ്റി രഹസ്യമായി രൂപവത്ക്കരിച്ച യോഗത്തിൽ കൃഷ്ണപിള്ള, ഇ.എം.എസ്, എൻ.സി ശേഖർ, കെ.എ കേരളീയൻ എന്നിവരോടൊപ്പം കെ. ദാമോദരനും സജീവമായി. അതേ വർഷം സെപ്റ്റംബറിൽ കോഴിക്കോട്ട് തൊഴിലാളി പ്രകടനം നയിച്ചവരുടെ മുൻനിരയിൽ ദാമോദരനുമുണ്ടായിരുന്നു. ആലപ്പുഴ മുഹമ്മയിലെ കയർഫാക്ടറി തൊഴിലാളി യൂണിയൻ, പൊന്നാനി ബീഡി തൊഴിലാളി യൂണിയൻ തുടങ്ങിയവ സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്ത കെ. ദാമോദരൻ അഖിലകേരള ജീവൽസാഹിത്യസമ്മേളനത്തിന്റേയും പ്രധാനസാരഥികളിലൊരാളായി മാറി. വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു ആ ചെറുപ്പക്കാരന്റേത്. നാടിന്റെ മോചനം സ്വപ്നം കണ്ടുള്ള സമരോത്സുകമായ പ്രവർത്തനം.

കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലയിൽ കർമനിരതനായ കാലത്താണ് ദാമോദരൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നതും വെല്ലൂർ ജയിലിലേക്ക് അയക്കപ്പെടുന്നതും. 1946 -ൽ ഗുരുവായൂരിലെ കെ.പി പദ്മം പാർട്ടിയിലേയും ദാമോദരന്റെ ജീവിതത്തിലേയും പങ്കാളിയായി മാറി. രണ്ടു വർഷത്തിനു ശേഷം വീണ്ടും തടവറക്കാലം. ഇത് മൂന്ന് വർഷം നീണ്ടുനിന്നു. ജയിൽമോചിതമായ കെ. ദാമോദരൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1958 -ൽ താഷ്കെന്റിൽ ആഫ്രോ ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. 1964 -ൽ സി.പി.ഐ -യുടെ രാജ്യസഭാംഗമായി. അറുപത്തിനാല് വർഷത്തെ ജീവിതത്തിനിടയിൽ യുക്തിസഹമായ ചിന്തയുടെ തിളക്കം കൊണ്ടും പ്രവർത്തനത്തിലെ സമരതീക്ഷ്ണത കൊണ്ടും കെ. ദാമോദരൻ, പിന്നാലെ വന്ന തലമുറക്ക് അറിയാനും പഠിക്കാനും നിരവധി മാതൃകകൾ സൃഷ്ടിച്ചു. നിരന്തരമായ വായനയും പഠനവും അവസാനകാലം വരെ അദ്ദേഹത്തിന്റെ ജീവിതത്തെ വർണ്ണസുരഭിലവും ജാജ്വല്യമാനവുമാക്കി. അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടിയുടെ അനിഷേധ്യനേതാവ് പി.സി ജോഷിയോടൊപ്പം ജെ.എൻ.യു -വിൽ ഗവേഷണ പഠനത്തിലേർപ്പെട്ടിരിക്കെയായിരുന്നു കെ. ദാമോദരന്റെ അന്ത്യം. അവസാനം വരെ സ്വജീവിതത്തെ പഠനവും പോരാട്ടവുമാക്കി മാറ്റിയ കമ്യൂണിസ്റ്റുകാരനായിരുന്നു കെ. ദാമോദരൻ. ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്വതന്ത്രചിന്തയുടെ നിഷ്പക്ഷതയും നിർഭയത്വവുമാണ് ദാമോദരൻ കൊണ്ടുനടന്നത്. ആ ധൈഷണിക പ്രതിഭക്കൊപ്പം നടന്നെത്താനും ഒരു വേള അദ്ദേഹം പ്രസരിപ്പിച്ച ധൈഷണികജ്വാലയുടെ തീയും വെളിച്ചവുമുൾക്കൊള്ളാനും കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കഴിയാതെ പോയി.

പുതുതലമുറയെ മാർക്സിസം പഠിപ്പിക്കുന്നതിന് മലയാളത്തിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും കെ. ദാമോദരൻ എഴുതി. ‘മനുഷ്യൻ’എന്ന പുസ്തകത്തിൽ ക്ലീഷേകളൊന്നുമില്ലാത്ത വിധം ലളിതമായ ചിന്താപദ്ധതികളിലൂടെ അദ്ദേഹം മാർക്സിയൻ ബാലപാഠങ്ങൾ കുറിച്ചിട്ടു. പാർട്ടി സ്കൂളുകളും പാർട്ടി സ്റ്റഡി ക്ലാസുകളും വഴി കെ. ദാമോദരൻ പാർട്ടി നേതൃത്വത്തിലും അണികളിലും ഏറ്റവും വിശ്വസ്തനായ നേതാവായി മാറുകയായിരുന്നു. സി.പി.ഐ -യുടെ താത്വികവാരികയായ നവയുഗം സ്ഥാപിക്കുന്നതിലും കേരളീയ ജീവിതത്തിന്റെ വിപ്ലവദർപ്പണമായി അതിനെ മാറ്റിയെടുക്കുന്നതിലും ദാമോദരൻ നിർണ്ണായക പങ്കാണ് വഹിച്ചത്. രാജ്യസഭാംഗമായി ഡൽഹിയിലേക്ക് പോവുമ്പോഴാണ് നവയുഗം ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് അദ്ദേഹം വിരമിക്കുന്നത്. ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ് (ഇന്ത്യൻ തോട്ട്) തുടങ്ങിയ ഗ്രന്ഥങ്ങൾ കെ. ദാമോദരനെ അക്കാദമിക് രംഗത്തും പ്രശസ്തനാക്കി.

മാർക്സിസ്റ്റ് തത്വചിന്തകൻ എന്ന പോലെ മാർക്സിസ്റ്റ് സാഹിത്യാചാര്യൻ എന്ന നിലയിൽ കൂടിയാണ് കെ. ദാമോദരൻ ധൈഷണികമണ്ഡലത്തിൽ
അറിയപ്പെടുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മാർക്സിസ്റ്റ് പണ്ഡിതൻ രാഹുൽ സാംകൃത്യായനും മുൻഷി പ്രേംചന്ദും ദാമോദരന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. കലാസാഹിത്യ പ്രസ്ഥാനങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുമുള്ള നിലപാടുകൾ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ സമഗ്രപഠനമാണ് ‘എന്താണ് സാഹിത്യം’ എന്ന പുസ്തകം. എഴുപതുകളിൽ മലയാളസാഹിത്യത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച അത്യന്താധുനികതയ്ക്കും അസ്തിത്വവാദത്തിനുമെതിരെ പ്രഖ്യാപിത കമ്യൂണിസ്റ്റ് എഴുത്തുകാർ മുഖംതിരിച്ചപ്പോൾ ആധുനിക സാഹിത്യം അസ്വസ്ഥതയുടെ സാഹിത്യമാണെന്ന് തുറന്നെഴുതുകയും പുതിയ എഴുത്തിനെയും പുതിയ ട്രെന്റിനേയും മുറുകെപ്പുണരുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ കെ. ദാമോദരനായിരിക്കും. റെഗിസ് ഡെബ്രേയുടെ വിപ്ലവത്തിനുള്ളിലെ വിപ്ലവം എന്ന പുസ്തകത്തെ പുകഴ്ത്തി കെ. ദാമോദരൻ ലേഖനമെഴുതി. എന്താണ് സാഹിത്യം എന്നെഴുതിയ ദാമോദരൻ അത്യന്താധുനികതയെ ന്യായീകരിച്ചുകൊണ്ട് എന്തല്ല സാഹിത്യം എന്ന തലക്കെട്ടിൽ ജനയുഗം ഓണപ്പതിപ്പിലെഴുതിയ ലേഖനം ഈ ലേഖകനും വായിച്ച് ആവേശം കൊണ്ടത് സാന്ദർഭികമായി ഓർക്കുന്നു. ഏറെ വിവാദം സൃഷ്ടിച്ച ലേഖനമായിരുന്നു അത്. വിവാദങ്ങൾ കെ. ദാമോദരനോടൊപ്പം എന്നുമുണ്ടായിരുന്നു. അത് കൊണ്ടാണ് പാർട്ടി അച്ചടക്ക നടപടിയ്ക്ക് അദ്ദേഹം വിധേയനാകേണ്ടി വന്നത്. ചോദ്യം ചെയ്യുകയെന്ന അന്വേഷണകുതുകിയായ പോരാളിയുടെ ശീലങ്ങളെ ഔപചാരികനേതൃത്വങ്ങൾ എക്കാലത്തും ഭയപ്പെടുന്നുവെന്നത് കൂടി ദാമോദരനെതിരായ നിലപാടുകൾ ഒരു കാലത്ത് തെളിയിച്ചു. ഇതാകട്ടെ, പിൽക്കാലങ്ങളിൽ പല തിരുത്തലുകൾക്കും വിധേയമാകേണ്ടിയും വന്നുവെന്നത് കാലത്തിന്റെ കാവ്യനീതി.

ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പുറത്തുള്ള മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളുമായും ഇടതുപക്ഷനേതാക്കളുമായും ബുദ്ധിജീവികളുമായും കെ. ദാമോദരന് അടുപ്പമുണ്ടായിരുന്നു. ഡോ. ഏണസ്റ്റ് മാൻഡെൽ (ബെൽജിയം) താരീഖ് അലി ( ബ്രിട്ടൻ), ജോസഫ് ഹാൻഡെൻ (അമേരിക്ക), എസ്.വി കോൾബെ (ബോംബെ), അനുസെട്ടി സുബ്ബറാവു ( തെലുഗുകവി) തുടങ്ങിയവർക്കൊക്കെ കെ. ദാമോദരൻ ഏറെ പ്രിയങ്കരനും ആദരണീയനുമായിരുന്നു. അത് കൊണ്ടാണ് ലോകത്തിലെ ഇടത്ബുദ്ധിജീവികൾക്കിടയിൽ അറിയപ്പെടുന്ന ലണ്ടനിലെ ന്യൂ ലെഫ്റ്റ് റെവ്യൂ, കെ. ദാമോദരനുമായി ദീർഘമായ അഭിമുഖം നടത്താൻ താരീഖ് അലിയെ നിയോഗിച്ചത്. പ്രസിദ്ധമായ ഈ അഭിമുഖം മലയാളത്തിൽ കെ. സച്ചിദാനന്ദൻ മൊഴിമാറ്റി പുസ്തകമാക്കിയിട്ടുണ്ട്.

1968 ഓഗസ്റ്റിൽ പൂർവയൂറോപ്പിന്റെ ആകാശത്ത് ഉദയം ചെയ്ത പ്രാഗ് വസന്തം, ചെക്കോസ്ലോവാക്യയുടെ രാഷ്ട്രീയഘടനയെ മാത്രമല്ല സോവ്യറ്റ് ബ്ലോക്ക് രാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയത് ചരിത്രം. മിലൻ കുന്ദേരയും വക്ലാവ് ഹവാലിനെയും പോലുള്ള ചെക്ക് ബുദ്ധിജീവികളും എഴുത്തുകാരും ചെക്കോസ്ലോവാക്യയിലെ സോവ്യറ്റ് ഇടപെടലിനെ നഖശിഖാന്തം എതിർത്തു. പൂർവ്വയൂറോപ്പിൽ സോവ്യറ്റ് യൂണിയനോട് വിധേയത്വം പുലർത്തിപ്പോന്ന ചെക്കോസ്ലോവാക്യയിലെ അലക്സാണ്ടർ ഡ്യൂബ് ചെക്കിന്റെ താൻപോരിമയ്ക്ക് പൂട്ടിടാൻ അന്നത്തെ സോവ്യറ്റ് നേതൃത്വം പട്ടാളത്തെ അയച്ച നടപടി, ഒരു കമ്യൂണിസ്റ്റ് രാജ്യം മറ്റൊരു ചെറുകമ്യൂണിസ്റ്റ് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയെ കെ. ദാമോദരനുൾപ്പെടെ അന്നത്തെ സി.പി.ഐ അഖിലേന്ത്യാ നേതൃത്വത്തിലെ അഞ്ചുപേർ ശക്തമായി എതിർത്തു. സി. അച്യുതമേനോനായിരുന്നു ഇക്കാര്യത്തിൽ കെ. ദാമോദരനോടൊപ്പം നിലയുറപ്പിച്ചതും സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിച്ചതും. അവരോടൊപ്പം ഭൂപേഷ് ഗുപ്ത, ഡോ. ജി. അധികാരി, സത്യപാൽ ഡാംഗ് എന്നിവരുമുണ്ടായിരുന്നു. ഇതോടെ പാർട്ടിയുടെ സെൻഷ്വർ നടപടിക്ക് വിധേയരായി ഇവരെല്ലാം. കെ. ദാമോദരനെ സംബന്ധിച്ചേടത്തോളം ഏറെ സംഘർഷവും സമ്മർദ്ദവും സൃഷ്ടിച്ചതായിരുന്നു എസ്.എ ഡാങ്കെയുടേയും സി. രാജേശ്വരറാവുവിന്റേയും നേതൃത്വത്തിൽ സ്വീകരിച്ച ഈ അച്ചടക്ക നടപടി. പിന്നീട് കുറച്ചുകാലം മൗനത്തിലമർന്നു, ഈ പോരാളി.

എക്കാലത്തും സ്റ്റാലിനിസ്റ്റ് വാഴ്ചയിലെ അപകടങ്ങളെ തുറന്നെതിർത്ത നേതാവായിരുന്നു കെ. ദാമോദരൻ. അത് കൊണ്ടുതന്നെ സി.പി.ഐയിലെ ചില നേതാക്കളെങ്കിലും അദ്ദേഹത്തിന് ട്രോട്സ്കിയേറ്റ് പട്ടം ചാർത്തിയിരുന്നു. ഫോർത്ത് ഇന്റർനാഷനൽ വക്താക്കളുമായി ആഗോളാടിസ്ഥാനത്തിൽ ബന്ധം സ്ഥാപിച്ച ദാമോദരനെതിരെ അദ്ദേഹത്തിന്റെ സാമീപ്യത്തിൽതന്നെ പല യുവനേതാക്കൾപോലും വിമർശിച്ചു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊടുംപാവും നൽകിയ ഒരു നേതാവിന്റെ ചിന്താസ്വാതന്ത്ര്യത്തിന് വിലങ്ങ് വെച്ച് അവസാനകാലത്ത് അദ്ദേഹത്തെ സി.പി.ഐ യുടെ തൃശൂർ ജില്ലാകമ്മിറ്റിയിലേക്കും ജീവിതസഖാവ് പദ്മം ദാമോദരനെ തൃശൂർ ജില്ലാ പഞ്ചായത്തിലേക്കും ഒതുക്കുകയെന്ന നടപടിക്ക് കൂടി പാർട്ടിയുടെ അന്നത്തെ സംസ്ഥാനനേതൃത്വം കൂട്ട് നിന്നു.

‘ഇന്ത്യനൈസ്ഡ് മാർക്സിസ’ മാണ് ശരിയെന്ന് ദാമോദരൻ പണ്ടേ പറയുമായിരുന്നു. ഒരർഥത്തിൽ ദേശീയതയുടെ പ്രശ്നം കൂടിയുണ്ടതിൽ. യൂഗോസ്ലോവ്യയിൽ സ്റ്റാലിന്റെ കാലഘട്ടത്തിൽ മാർഷൽ ടിറ്റോവിന്റെ നേതൃത്വത്തിലാണ് ദേശീയത തല പൊക്കിയത്. അന്ന് അതിനെ പ്രതിവിപ്ലവമായി – കൗണ്ടർ റെവല്യൂഷൻ- സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ മുദ്രകുത്തി. പക്ഷേ കിഴക്കൻ യൂറോപ്പിലാകെ ഈ ദേശീയത നീറിപ്പിടിക്കുന്നുണ്ടായിരുന്നു. ഇംറെ നാഗി വിവാദനായകനായത് ഇക്കാലത്താണ്. തോഗ്ലിയാത്തിയുടെ രേഖ വന്നതും മോറിസ് തോറെയുടെ വ്യാഖ്യാനമുണ്ടാതും പ്രസിദ്ധമായി. അലക്സാണ്ടർ ഡ്യൂബ് ചെക്ക് ഉദയം ചെയ്തതും അദ്ദേഹത്തെ അട്ടിമറിച്ച് ഗുസ്റ്റാവ് ഹുസാക്കിനെ അവരോധിച്ചതുമെല്ലാം പൂർവയൂറോപ്യൻ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ അടിവേരിളക്കി. റൊമേനിയയുടെ ചെഷസ്ക്യുവിനെ ജനം തെരുവിൽ കൈകാര്യം ചെയ്തു. സ്വർണനിർമിത കക്കൂസിലിരുന്ന ചെഷസ്ക്യുവിനെ പുറത്ത് വലിച്ചിട്ട് അയാളുടെ മൂക്ക് മുറിച്ചാണ് ജനങ്ങൾ പ്രതികാരം ചെയ്തത്. സോവ്യറ്റ് ഉപഗ്രഹങ്ങളായി അധ:പതിക്കേണ്ടി വന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ വരാനിരിക്കുന്ന ഈ മഹാദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ക്രാന്തദർശിയായിരുന്നു കെ. ദാമോദരൻ. അന്ന് ഇക്കാര്യമൊക്കെ തുറന്നെഴുതുകയും പറയുകയും ചെയ്തതിന് പക്ഷേ കുരിശ് ചുമക്കേണ്ടി വന്നു, കേരളത്തിലാദ്യമായി കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന് വിളിച്ച ആ കമ്യൂണിസ്റ്റാചാര്യന്.

ഈസ്റ്റേൺ സ്റ്റാലിനിസത്തിന്റേയും വെസ്റ്റേൺ ക്യാപിറ്റലിസത്തിന്റേയും ദുരിതക്കടൽ നീന്തിയെത്തിയ മാനവികതയുടെ മാരിവിൽ ചാരുതയാണ് ചെക്കോസ്ലോവാക്യയ്ക്ക് പ്രാഗ് വസന്തം നൽകിയതെന്ന് പറഞ്ഞ വക്ലാവ് ഹവാൽ ഏകാന്തവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആ രാജ്യത്തിന്റെ പരമാധികാരിയായി എന്നതും ചരിത്രത്തിന്റെ പല സുപ്രധാന നിയോഗങ്ങളിലൊന്നായിരുന്നു. യഥാർഥത്തിൽ സഖാവ് കെ. ദാമോദരന്റെ പ്രവചനമായിരുന്നു ശരിയെന്ന് പ്രാഗിൽ നിന്ന് തുടങ്ങി ബൽഗ്രേഡിലും വാഴ്സയിലും ബുഡാപെസ്റ്റിലും ബുക്കാറെസ്റ്റിലും സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് രാജ്യങ്ങളിലാകെയും ആഞ്ഞ് വീശിയ സ്വാതന്ത്ര്യദാഹത്തിന്റെ പ്രചണ്ഡവാതത്തിൽ കടപുഴകിയ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും അടപടലം പൊഴിഞ്ഞുവീണ നേതാക്കളുടെ അധികാരദംഷ്ട്രകളും ചരിത്രത്തിന് മുമ്പാകെ തെളിയിച്ചു. സമഗ്രാധിപത്യത്തിന്റെ അനിവാര്യവും സഹജവുമായ ഈ വീഴ്ച ഒന്നൊന്നായി സംഭവിക്കുമ്പോൾ കെ. ദാമോദരൻ, ചരിത്രത്തിന്റെ ചത്വരത്തിൽ നിന്ന് പതിയെ മാഞ്ഞു തുടങ്ങിയിരുന്നു.
Content Summar: A tribute to communist leader and Marxist thinker K. Damodaran, highlighting his role in shaping Kerala’s communist movement, his intellectual contributions, and his fearless advocacy of independent socialist thought.