‘അടിമത്തത്തിന്റെ കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ളവരല്ല ദളിതർ, ശശികലയെ ചൊടിപ്പിക്കുന്നത് വേടന്റെ പ്രശസ്തി’

റാപ്പർ വേടൻ എന്ത് പാടണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും തീരുമാനിക്കേണ്ടത് അവനാണ്

കലാരൂപങ്ങൾ അടിമത്തത്തിന്റേതായി കണക്കാക്കുകയാണെങ്കിൽ അത് നിരാകരിക്കുക തന്നെ ചെയ്യുമെന്ന് എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി. എം. കപിക്കാട്. റാപ്പർ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികല നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സണ്ണി. എം. കപിക്കാട് അഴിമുഖത്തോട് പ്രതികരിച്ചത്. സവർണരുടെ മുന്നിൽ അവർ ആ​ഗ്രഹിക്കുന്ന കലാരൂപങ്ങൾ അവതരിപ്പിച്ച് നിൽക്കാൻ ദളിതർക്ക് കഴിയില്ലെന്നും വേടൻ നേടിയെടുത്ത പ്രശസ്തിയാണ് അവരെ ചൊടിപ്പിക്കുന്നതെന്നും സണ്ണി കപിക്കാട് കൂട്ടിച്ചേർത്തു.

‘ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷയായ കെ. പി ശശികല എന്ന് പറയുന്ന വ്യക്തി ഒരു സ്വയം പ്രഖ്യാപിത ഹിന്ദുവാണ്. ഹിന്ദു മതത്തിനുള്ളിലുള്ളവർ സനാതന ധർമം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് ശശികലയെ പോലുള്ളവർ കുറച്ച് കാലങ്ങളായി ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. സനാതന ധർമം നോക്കാതെ ജീവിക്കുന്ന ഹിന്ദുക്കൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർ ഹിന്ദുക്കളുടെ ശത്രുക്കളാണ് എന്നാണ് ശശികല പറയുന്നത്. അന്യമതത്തിലുള്ളവരെല്ലാം പ്രശ്നക്കാരാണ് എന്നാണ് അവർ ഉന്നയിക്കുന്ന മറ്റൊരു വാദം. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്ന വി‍ഡ്ഢിയായ ഒരു സ്ത്രീയാണ് ശശികല.

പരമ്പരാ​ഗത കലയെക്കുറിച്ചാണ് അവർ ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. പട്ടികജാതിക്കാരുടെ പരമ്പരാ​ഗത കലയല്ല റാപ്പ് എന്നും വേടന്റെ സം​ഗീതം പട്ടികജാതി പാരമ്പര്യത്തിന് എതിരാണെന്നുമാണ് അവർ പറയുന്നത്. അതെ വേടൻ പാടുന്നത് പട്ടികജാതി പാരമ്പര്യത്തിന് എതിര് തന്നെയാണ്. പട്ടികജാതി പാരമ്പര്യമെന്ന് ഇവർ പറയുന്ന കാര്യം അടിമത്തത്തിൻ്റേതാണ്. ഉന്നതകുലജാതർക്ക് അവരുടെ ജാതി മഹിമയിലിരുന്നുകൊണ്ട് ആനന്ദിക്കാൻ വേണ്ടി ചെയ്തുകൊണ്ടിരുന്ന കീഴാള കലകൾ വീണ്ടെടുക്കാൻ ദളിതർ ഉദ്ദേശിക്കുന്നില്ല. അതാണ് ശശികലയോട് പറയാനുള്ളത്. ആ പാരമ്പര്യത്തെ പൂർണമായും നിരാകരിക്കുക തന്നെയാണ് ചെയ്യുന്നത്.

പരമ്പരാ​ഗത തൊഴിലുകളും പരമ്പരാ​ഗത ജീവിതയിടങ്ങളും ഉപേക്ഷിച്ച് നിങ്ങൾ പോകണം എന്നാണ് ഡോ. ബി. ആർ അംബേദ്കർ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. കെ. പി ശശികല പറയുന്നത് പോലെ പറയൻ പാട്ടും പാടി ഇവരുടെ മുന്നിൽ വന്ന് ഓച്ചാനിച്ച് നിൽക്കുമെന്നുള്ള സങ്കൽപ്പം മാറ്റേണ്ടതാണ്. റാപ്പർ വേടൻ എന്ത് പാടണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും അവനാണ് തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ശശികല ഇടപെടേണ്ട കാര്യമില്ല. ഇവിടെ ദി​ഗംബരനായി നടക്കുന്ന നിരവധി സന്യാസിമാരുണ്ട്. അവരോട് വസ്ത്രം ധരിക്കാൻ പറയുകയാണ് ശശികല ചെയ്യേണ്ടത്. സമൂഹത്തിലൂടെ വസ്ത്രമില്ലാതെ നടക്കുകയും നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നവരുമാണ് സനാതന ധർമികളുടെ വീരപുരുഷന്മാർ.

പുതിയ തലമുറ പല തരത്തിൽ വസ്ത്രം ധരിക്കുന്നവരാണ്. എന്നാൽ ആഭാസകരമായ വസ്ത്രമൊന്നും വേടൻ ധരിക്കുന്നില്ല. അതെല്ലാം ചെയ്യുന്നത് ശശികലയെ പോലുള്ളവരാണ്. വേദികളിൽ ഷർട്ടിടാതെ നേര്യത് മാത്രം തോളിലിട്ട് കയറുന്നത് കേരളത്തിലെ നമ്പൂതിരിമാർ മാത്രമാണ്. അതിനെക്കുറിച്ചെന്താ ഇവർ ആരും സംസാരിക്കാത്തത്? പണ്ടുകാലത്ത് ഉന്നതകുലജാതർ പറഞ്ഞത് കേട്ട് പല വസ്ത്രങ്ങളും ദളിതർ ധരിച്ചിട്ടുണ്ട്. ഇനി അതെല്ലാം കേട്ട് നിൽക്കാൻ സൗകര്യമില്ല.

പാരമ്പര്യത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ, മറ്റുള്ളവർക്ക് അടിമകളായി നിൽക്കുന്ന പാരമ്പര്യം ഞങ്ങൾ ഉപേക്ഷിച്ച് കഴിഞ്ഞു. ശശികലയോട് എനിക്ക് പറയാനുള്ള കാര്യവും അതാണ്. ദയവ് ചെയ്ത് അവരുടെ പാരമ്പര്യം തിരിച്ച് കൊണ്ട് വരരുത്. കേരളത്തിന് താങ്ങാൻ കഴിയാത്ത
വളരെ വൃത്തിക്കെട്ട പാരമ്പര്യമാണ് അവർക്കുള്ളത്. അത് തിരിച്ചുവന്നാൽ കേരളം മലീമസമാകും. മനുഷ്യർക്ക് അം​ഗീകരിക്കാൻ കഴിയുന്ന ഒരു പാരമ്പര്യവും ഇവർ പറയുന്ന സനാതനികൾക്കില്ല എന്നതാണ് വസ്തുത. ജാതിയിലെ മേലാളരാണ് എന്ന് കരുതിക്കൊണ്ട് ഇനിയും ദളിതരെ അപമാനിച്ച് ജീവിക്കാം എന്ന ചിന്തയുണ്ടെങ്കിൽ അത് വേണ്ട എന്നാണ് എനിക്ക് ഇവരെയൊക്കെ ഓർമിപ്പിക്കാനുള്ളത്. അവർക്ക് അത് വിചാരിക്കാം, എന്നാൽ അത് ഇവിടെ നടപ്പിലാക്കാൻ കഴിയില്ല. സനാതന ധർമികളുടെ ഹിന്ദു പാർലമെന്റിൽ ഒന്നിനെക്കുറിച്ചും ധാരണയില്ലാത്ത പട്ടികജാതിയിലുള്ളവരുണ്ടാകും. എന്നാൽ അവരുടെ പ്രതിനിധിയല്ല വേടൻ. മറിച്ച് ബോധമുള്ളവരുടെ പ്രതിനിധിയാണ്.

വേടൻ ജാതിയെ തിരിച്ചുകൊണ്ടുവരുന്നു എന്നാണ് ഇവർ പറയുന്നത്. വേടന് എത്ര പ്രായമാണ് ഉണ്ടാവുക. 30 വർഷമേ ആയിട്ടുള്ളോ ഇന്ത്യയ്ക്കകത്ത് ജാതീയത ഉണ്ടായിട്ട്? സാമൂഹ്യ വിരുദ്ധമായ ആശയങ്ങൾ എന്തിനാണ് പറയുന്നത്. വേടനോട് അഭിപ്രായവ്യത്യാസമുണ്ടായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വേടനെ ആക്രമിക്കാൻ ആർഎസ്എസിനെ പ്രേരിപ്പിക്കുകയാണ് ശശികല. അതിനാണ് അവർക്കെതിരെ കേസെടുക്കേണ്ടത്.

വേടന്റെ റാപ്പിലെ ഉള്ളടക്കമാണ് ഇവർക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാൽ അത് മാത്രമല്ല, കേരളത്തിലെ അവ​ഗണിക്കപ്പെട്ട ഒരു ജാതിവിഭാ​ഗത്തിൽ നിന്ന് ഒരു താരമായി ഉയർന്നുവന്നിരിക്കുകയാണ് വേടൻ. ഇങ്ങനെയൊരു കാര്യം ഒരു സവർണനെ സംബന്ധിച്ചടുത്തോളം ഉറക്കം കെടുത്തുന്ന കാര്യമാണ്. ഇതിനോടെല്ലാം അവർ ഇങ്ങനെയാണ് പെരുമാറുന്നത്. മുൻ ഇന്ത്യൻ പ്രസിഡന്റിനെ കമ്മീഷനായി നിയോ​ഗിച്ച സാമൂഹ്യവിരുദ്ധരാണ് സംഘപരിവാർ. ഒരു ഇന്ത്യൻ പ്രസിഡന്റ് വിരമിച്ച് കഴിഞ്ഞാൽ അയാൾ മരിക്കുന്നത് വരെ രാഷ്ട്രത്തിന്റെ സമ്പത്തായി കണ്ട് എല്ലാ കാര്യങ്ങളും ചെയ്യണമെന്നാണ്. എന്നാൽ റാം നാഥ് കോവിന്ദിനോട് കമ്മീഷനാകാൻ സംഘപരിവാർ പറഞ്ഞപ്പോൾ അത് ഏറ്റെടുക്കുകയായിരുന്നു. പ്രസിഡൻഷ്യൽ പദവിയിലേക്ക് ഒരു പട്ടികജാതിക്കാരൻ വന്നതിന്റെ വൈരാ​ഗ്യം അവർ തീർത്തതങ്ങനെയാണ്’, സണ്ണി. എം. കപിക്കാട് അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് വേടനെതിരെ കെ. പി ശശികല അധിക്ഷേപ പരാമർശം നടത്തിയത്. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്കുമുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണെന്നും റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നും കെ. പി ശശികല പറഞ്ഞിരുന്നു.

Content Summary: k p sasikala insults rapper vedan issue; Sunny M. Kapicadu reacts
Sunny M. Kapicadu k p sasikala rapper vedan 

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment