June 18, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

റഷ്യ-യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ സമ്പദ്‌വ്യവസ്ഥ ‘വളരുന്നതിന്’ പിന്നിലെ രഹസ്യം?

വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച യുക്രെയ്ന്‍ ജി ഡി പി യും വളര്‍ന്നിരിക്കുകയാണ്

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം എപ്പോള്‍ അവസാനിക്കും എന്ന് കാത്തിരിക്കുകയാണ് ലോകം. യുദ്ധം ഉണ്ടാകില്ല എന്ന് വിചാരിച്ചവരും, ഉണ്ടായാല്‍ തന്നെ പെട്ടെന്ന് തീരും എന്ന് കരുതിയവര്‍ക്കും കണക്കുകള്‍ തെറ്റി എന്ന് മനസിലായ മൂന്ന് വര്‍ഷങ്ങളാണ് കടന്നുപോയത്. യുദ്ധം സമ്പദ് വ്യവസ്ഥകളെ തളര്‍ത്തുമെങ്കിലും, റഷ്യയുടെ കാര്യത്തില്‍ ഇതിന് വിപരീതം ആണോ സംഭവിച്ചത്?

തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വളര്‍ന്ന മാജിക്

റഷ്യയെ തളര്‍ത്താന്‍ ഒരുപറ്റം രാജ്യങ്ങള്‍ ഒരുമിച്ചു നിന്നപ്പോള്‍ യുദ്ധം തുടങ്ങിയ സമയം മുതല്‍ സമ്പദ് വ്യവസ്ഥ വളരുന്ന അവസ്ഥയാണ് ഉണ്ടായത്. 2022-ല്‍ റഷ്യയുടെ ജിഡിപി തുടക്കത്തില്‍ -2.1% കുറഞ്ഞെങ്കിലും, മാന്ദ്യം ഹ്രസ്വകാലത്തേക്കായിരുന്നു. 2023-ല്‍ 4.1 ശതമാനവും 2024-ല്‍ 4.5 ശതമാനവും റഷ്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നു. 2024-ല്‍ യഥാര്‍ത്ഥ വരുമാനം 8.4 ശതമാനവും വേതനം 8.7 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം, തൊഴിലില്ലായ്മ 2024-ല്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.5%-ല്‍ എത്തി. 2022 ജനുവരിയിലെ 4.4% ല്‍ നിന്ന് സമ്പദ് വ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരുന്നു. പണപ്പെരുപ്പം 9.52% ഉണ്ടായിരുന്നിട്ടും റഷ്യക്കാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണമുണ്ടായിരുന്നു.

യുദ്ധം തുടങ്ങിയതില്‍ പിന്നെ റഷ്യയിലെ സാധാരണക്കാരുടെ വരുമാനം 20 ശതമാനം വരെ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയതാണ് ഇതിന് കാരണം. ഇത് റഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉയര്‍ത്താനും സഹായിച്ചിട്ടുണ്ട്.

Russian economy

സുസ്ഥിരമായ ഉല്‍പ്പാദനക്ഷമതയല്ല, യുദ്ധച്ചെലവാണ് റഷ്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു കാരണമായി വിദഗ്ധര്‍ പറയുന്നത്. അതുപോലെ വര്‍ദ്ധിച്ചുവരുന്ന വേതനമാണ് പണപ്പെരുപ്പത്തിന് കാരണമായത്. ഇത് നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് സാധിക്കാത്ത ഒരു അവസ്ഥ വന്നു. ഇതിന്റെ ഫലമായി ഇപ്പോള്‍ പൗരന്മാരും വ്യവസായികളും ഒരുപോലെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു, ബിസിനസ്സ് ചെയ്യുന്നത് ലാഭകരമല്ലാതായി മാറുന്നു എന്നീ കാര്യങ്ങള്‍ മൂലം സ്റ്റാഗ്ഫ്‌ലേഷനിലേക്ക് റഷ്യ പതുക്കെ വഴുതിവീഴുകയാണെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹ്രസ്വകാലം-ദീര്‍ഘകാലം

സൈന്യവുമായി ബന്ധപ്പെട്ട മേഖലകള്‍ മാത്രം വളര്‍ന്നതും വികസിച്ചതും റഷ്യക്ക് സഹായകരമായി. എന്നാല്‍ ഉല്‍പ്പാദനക്ഷമതയില്‍ യഥാര്‍ത്ഥ വര്‍ദ്ധനവ് ഇല്ലാത്ത ഒരു അവസ്ഥയാണ് റഷ്യയില്‍ ഇപ്പോള്‍. നിലവിലെ വളര്‍ച്ച സുസ്ഥിരമല്ല എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. കുറഞ്ഞ തൊഴിലില്ലായ്മ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാവസായിക സൗകര്യങ്ങള്‍ ഇതിനകം തന്നെ അവയുടെ ശേഷിയുടെ 81% ത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 73% സംരംഭങ്ങളും തൊഴിലാളി ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് വരുന്ന റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ യുഎസ് സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഈ ജനുവരിയില്‍, റഷ്യന്‍ എണ്ണ കമ്പനികള്‍ക്കും ‘ഷാഡോ ഫ്‌ലീറ്റില്‍’ ഉള്‍പ്പെടുന്ന 183 കപ്പലുകള്‍ക്കും യുഎസ് ട്രഷറി ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ചരക്ക് ചെലവ് 50% ആണ് വര്‍ധിച്ചത്. ഇതൊക്കെകൊണ്ടു തന്നെ റഷ്യ ഉടന്‍ തന്നെ ഒരു ‘ഷിപ്പിംഗ് പ്രതിസന്ധി’ നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഇന്ത്യയെയും ചൈനയെയും; മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് ഊര്‍ജ്ജ കയറ്റുമതി തിരിച്ചുവിടാന്‍ റഷ്യയെ സഹായിക്കുന്നതില്‍ ചൈനയും, ഇന്ത്യയും നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളതിനാല്‍, കയറ്റുമതിയിലെ ഏതൊരു ഇടിവും റഷ്യയുടെ യുദ്ധ ബജറ്റിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും അധിക സാമ്പത്തിക അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യയുടെ പങ്ക്

ഇന്ത്യയെ പോലുള്ള സുഹൃദ് രാജ്യങ്ങളിലേക്കടക്കം, ഉപരോധങ്ങള്‍ നിലനില്‍ക്കുന്ന മറ്റു രാജ്യങ്ങളിലേക്കും കണക്കില്‍പ്പെടാത്ത രീതിയില്‍ കപ്പലുകള്‍ വഴി (ഷാഡോ ഫ്ളീറ്റ്) എണ്ണ കൈമാറ്റം നടത്തുന്നതും റഷ്യന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയിരുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ മറികടന്ന് റഷ്യയില്‍ നിന്ന് വന്‍ വിലക്കുറവില്‍ എണ്ണയും, വളവും വാങ്ങിയതും, യുദ്ധ സാമഗ്രികളും, സാങ്കേതികവിദ്യ സഹകരണം വഴിയും ഇന്ത്യ റഷ്യയെ കൈയയച്ച് സഹായിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയതില്‍ പിന്നെ യുക്രെയ്‌നില്‍ നിന്നും കിട്ടാത്തതെല്ലാം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത്, റഷ്യന്‍ സമ്പദ് വ്യവസ്ഥയെ പിന്താങ്ങി. പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാന്‍ ചൈനയുമായും ഇന്ത്യയുമായും ഉള്ള എണ്ണ ഇടപാടുകളില്‍ റഷ്യ അമേരിക്കന്‍ ഡോളര്‍ ഒഴിവാക്കി ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്റ്റോകറന്‍സി ഇടപാടുകളുടെ സൗകര്യം മൂലം , പാശ്ചാത്യ ഉപരോധങ്ങള്‍ നീക്കിയാലും റഷ്യ ഊര്‍ജ്ജ വ്യാപാരത്തില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നത് തുടരുമെന്ന് റോയിട്ടേഴ്സ് സൂചിപ്പിക്കുന്നു. ഇന്ത്യയുമായി പല മേഖലകളിലും സഹകരണത്തിന് റഷ്യ രഹസ്യ വ്യാപാര ചാനല്‍ ഉണ്ടാക്കിയതായി, ചോര്‍ന്ന ചില രേഖകള്‍ സൂചിപ്പിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ, റഷ്യയില്‍ നിന്നും കൂടുതല്‍ എസ്-400 മിസൈലുകള്‍ വാങ്ങാന്‍ തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും തടയുന്നതില്‍ ഈ വ്യോമ പ്രതിരോധ സംവിധാനം കുറ്റമറ്റതാണ് എന്ന് തെളിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. ഇതും റഷ്യന്‍ സമ്പദ് ഗുണകരമാകും.

യുദ്ധകാലത്തില്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ വളര്‍ന്നോ

യുദ്ധത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒരു രാജ്യത്തിന്റെ ജി ഡി പി കണക്കെടുപ്പില്‍ പെടുത്തില്ലെങ്കിലും, ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനും, യുദ്ധത്തിന്റെ മറ്റു ചെലവുകളും ജി ഡി പിയില്‍ ഉള്‍പ്പെടും. എന്നാല്‍ ഉണ്ടാക്കുന്ന യുദ്ധ ഉപകരണങ്ങള്‍ യുദ്ധത്തില്‍ കത്തിപ്പോയാല്‍ അത് സമ്പദ് വ്യവസ്ഥക്ക് ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. കത്തിപ്പോയതിന്റെ കണക്ക് ജി ഡി പിയിലേക്ക് വരികയുമില്ല. അതായത് ഉല്‍പ്പാദന കണക്കുകള്‍ കൃത്യമായി ജി ഡി പിയില്‍ കാണാം, എന്നാല്‍ യുദ്ധത്തിലെ നാശനഷ്ട കണക്കുകള്‍ ജി ഡി പിയില്‍ കാണില്ല. അതുകൊണ്ടാണ് റഷ്യ ഇപ്പോള്‍ വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും അത് ഒരു ശരിയായ വളര്‍ച്ച അല്ലെന്നു പറയുന്നത്.

യുദ്ധത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നത് ആരോഗ്യ മേഖലയിലെ ചെലവുകളായും, യുദ്ധത്തില്‍ പ്രശ്‌നം വന്ന സ്ഥലങ്ങള്‍ വീണ്ടും ശരിയാക്കുന്നത് ഹൗസിങ് ചെലവുകളിലും പെടുത്തുമെങ്കിലും, ഇതെല്ലാം യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ തന്നെയാണ്. യുദ്ധമില്ലെങ്കില്‍ ഈ ചെലവുകളും ഇല്ല എന്നര്‍ത്ഥം. ജി ഡി പി കണക്കുകൂട്ടലുകളില്‍ ഇങ്ങനെയാണ് പല മേഖലകളും യുദ്ധ സമ്പദ് വ്യവസ്ഥകളില്‍ ‘വളര്‍ന്നതായി’ കടന്നുകൂടുന്നത്.

Russian economy

യുദ്ധത്തില്‍ പങ്കെടുത്ത് പല പട്ടാളക്കാരും മരിച്ചു വീഴുമ്പോള്‍ മറ്റു മേഖലകളില്‍ നിന്നുള്ളവരും യുദ്ധത്തിനായി പോകേണ്ടി വരുന്നുണ്ട്. ഇത് റഷ്യയില്‍ ‘ലേബര്‍ ഷോര്‍ട്ടേജ്’ കുത്തനെ കൂട്ടുകയാണ്. അങ്ങനെയാണ് സമ്പദ് വ്യവസ്ഥയില്‍ വേതനം ഉയരുന്നത്. തൊഴിലില്ലായ്മ കുറഞ്ഞു എന്ന വാദത്തിന് പിന്നിലും ഈ ഒരു കാര്യം തന്നെയാണ്. കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ റഷ്യ പൗരന്മാര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്തതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാം. ജനപ്പെരുപ്പം കൂട്ടാന്‍ ചൈനയും, ജപ്പാനും പലവിധ പ്രോത്സാഹനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയപ്പോള്‍ റഷ്യയും ഈ വര്‍ഷം ആദ്യം മുതല്‍ ഈ പദ്ധതി നടപ്പിലാക്കുകയായിരുന്നു.

പ്രതിരോധ ചെലവുകള്‍-പ്രതികൂല ഫലങ്ങള്‍

യുദ്ധം തുടങ്ങിയപ്പോള്‍ പലിശ നിരക്കുകള്‍ വളരെ ഉയര്‍ന്നതായിരുന്നെങ്കിലും, ജനങ്ങള്‍ക്ക് വീടുകള്‍ വാങ്ങാന്‍ പലിശ കുറവുള്ള വായ്പകള്‍ റഷ്യയില്‍ യഥേഷ്ടം നല്‍കാന്‍ തുടങ്ങി. ഇതും അപ്പാര്‍ട്മെന്റുകള്‍ക്കും, ഫ്‌ളാറ്റുകള്‍ക്കുമുള്ള ഡിമാന്‍ഡ് കൂട്ടി. പട്ടാളത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തതായിരുന്നു മറ്റൊരു സാമ്പത്തിക തീരുമാനം. അതുപോലെ യുദ്ധത്തില്‍ പരുക്ക് പറ്റുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും
നല്‍കുന്ന സഹായധനവും കുത്തനെ ഉയര്‍ത്തിയിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ റഷ്യയില്‍ വളര്‍ച്ചയും ഡിമാന്‍ഡും ഉണ്ടായതൊന്നും കമ്പോള വ്യവസ്ഥയുടെ ഡിമാന്‍ഡും, സപ്ലൈയും കൊണ്ട് ഉണ്ടായതല്ല. മറിച്ച് യുദ്ധം തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ബോധപൂര്‍വം കൈ അയച്ച് ചെലവ് ചെയ്തതിന്റെ ഫലമാണ്. റഷ്യയുടെ ജി ഡി പി വളര്‍ച്ച മാത്രം കണക്കിലെടുത്താല്‍ റഷ്യ വളരുകയാണ് ഈ യുദ്ധ സമയത്തും എന്ന് ‘വെറുതെ’ പറയാമെങ്കിലും സത്യത്തില്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ തളരുന്ന അവസ്ഥയാണ്. അസംസ്‌കൃത എണ്ണ വില രാജ്യാന്തര തലത്തില്‍ കുറഞ്ഞതും, ചൈനക്ക് മേല്‍ അമേരിക്ക ചുമത്തിയ ചുങ്കങ്ങള്‍ മൂലം ചൈന തളര്‍ന്നതും റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ഇനിയും തളര്‍ത്തുമെന്നാണ് പറയുന്നത്. അമേരിക്ക, റഷ്യയുടെ വിദേശങ്ങളിലുള്ള കരുതല്‍ ശേഖരം മരവിപ്പിച്ചതാണ് റഷ്യന്‍ സര്‍ക്കാരിനെ മറ്റൊരു വിധത്തില്‍ ബാധിച്ചത്. യുദ്ധം തീര്‍ന്നാല്‍ പോലും വിദേശങ്ങളില്‍ സംഭരിച്ചിരിക്കുന്ന സ്വര്‍ണത്തിനും, മറ്റ് കറന്‍സി ശേഖരത്തിനും, നിക്ഷേപങ്ങള്‍ക്കും എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ പുടിനു പോലും ഒരു വ്യക്തതയില്ല എന്ന രീതിയിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. യുദ്ധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ മാത്രമല്ല വളര്‍ത്തിയത്. കണക്കിലെ കളികള്‍ നോക്കിയാല്‍ എല്ലാ രീതിയിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച യുക്രെയ്ന്‍ ജി ഡി പി യും വളര്‍ന്നിരിക്കുകയാണ് എന്ന് കാണാം. യുദ്ധം തുടങ്ങിയ 2022 ല്‍ യുക്രെയ്ന്‍ ജി ഡി പി കുത്തനെ താഴ്ന്നിരുന്നെങ്കിലും, അതിനുശേഷം നല്ല വളര്‍ച്ച
രേഖപ്പെടുത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അവലോകനം ചെയ്യുമ്പോള്‍ യുദ്ധകാല സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചക്ക് പിന്നിലെ രഹസ്യം മനസിലായില്ലേ?

യുദ്ധം ഇല്ലാത്ത സമ്പദ് വ്യവസ്ഥകള്‍ പോലും ഓരോ പാദത്തിലും കിതക്കുമ്പോഴാണ് റഷ്യയും, യുക്രെയ്‌നും ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും മനുഷ്യ മൂലധനത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധച്ചെലവുകള്‍ പലപ്പോഴും നേട്ടങ്ങളെക്കാള്‍ കൂടുതലാണ്. കൂടാതെ, വര്‍ദ്ധിച്ച സൈനിക ചെലവ് മറ്റ് മേഖലകളില്‍ നിന്നുള്ള വിഭവങ്ങള്‍ വഴിതിരിച്ചുവിടുകയും ദീര്‍ഘകാല സാമ്പത്തിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും. അപ്പോള്‍ പുടിന്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ യുദ്ധകാലത്തും വളര്‍ത്തി എന്ന കഥപറച്ചിലിന് ഇനി പ്രസക്തി ഉണ്ടോ? Russia-Ukraine war: the reason behind the ‘Growing’ Russian economy?

Content Summary: Russia-Ukraine war: the reason behind the ‘Growing’ Russian economy?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×