കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, പൗരന്മാർക്ക് പ്രതിമാസം ഏകദേശം 7 ഡോളർ (ഏകദേശം 600 രൂപ) വീതം ധനസഹായം നൽകാനൊരുങ്ങി ഇറാൻ സർക്കാർ. ജനങ്ങളുടെ വാങ്ങൽ ശേഷി നിലനിർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ് പദ്ധതിയെന്ന് സർക്കാർ വക്താവ് ഫാത്തിമ മൊഹാജിറാനി അറിയിച്ചു.
വിലക്കയറ്റത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ ഡിസംബർ അവസാന വാരം മുതൽ വ്യാപാരികളും വിദ്യാർത്ഥികളും ആരംഭിച്ച പ്രക്ഷോഭം 22 പ്രവിശ്യകളിലേക്ക് വ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാനിയൻ കറൻസിയുടെ മൂല്യം പകുതിയിലധികം ഇടിയുകയുണ്ടായി. ഡിസംബറിൽ മാത്രം പണപ്പെരുപ്പം 42 ശതമാനം കടന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഒരു ശരാശരി കുടുംബത്തിന്റെ ചുരുങ്ങിയ പ്രതിമാസ ചെലവ് 200 ഡോളറിലധികം (ഏകദേശം 18036 രൂപ) വരും.
സർക്കാർ പ്രഖ്യാപിച്ച 7 ഡോളർ സഹായം നിലവിലെ വിപണി വിലയനുസരിച്ച് 100 മുട്ടയോ, ഒരു കിലോ മാംസമോ വാങ്ങാൻ മാത്രമേ തികയുകയുള്ളൂ. അവശ്യസാധനങ്ങളുടെ ഇറക്കുമതിക്കായി നൽകിയിരുന്ന 10 ബില്യൺ ഡോളറിന്റെ സബ്‌സിഡി നിർത്തലാക്കി, ആ തുക നേരിട്ട് ജനങ്ങൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. സാമ്പത്തിക ആവശ്യങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങളിലേക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളിലേക്കും മാറിയിട്ടുണ്ട്.
ഇസ്രായേലുമായുള്ള യുദ്ധം, കടുത്ത വരൾച്ച, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക നിലയെ കൂടുതൽ വഷളാക്കി. പ്രതിഷേധക്കാരെ അടിച്ചമർത്തിയാൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിലവിലെ സഹായം ദരിദ്ര വിഭാഗങ്ങൾക്ക് ആശ്വാസമാകുമെങ്കിലും, ഇറാനിലെ മധ്യവർഗത്തിന്റെ ദുരിതം മാറ്റാൻ ഇത് പര്യാപ്തമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
content summary: Iran Offers $7 Monthly Payouts to Quell Growing Protests Amid Economic Collapse