നാല് വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇരുഭാഗങ്ങളിലുമായി ഇതുവരെ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും എണ്ണം 20 ലക്ഷത്തിലേക്ക് എത്തുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. യുക്രയെനെതിരേ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ലോകത്തെ ഞെട്ടിക്കുന്ന നാശനഷ്ടമാണിത്.
വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഏകദേശം 12 ലക്ഷം റഷ്യന്‍ സൈനികരും 6 ലക്ഷത്തിനടുത്ത് യുക്രേനിയന്‍ സൈനികരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളുടെയും മൊത്തം നാശനഷ്ടങ്ങള്‍ 18 ലക്ഷത്തിനടുത്തെത്തിക്കുന്നു.
യുദ്ധത്തിലുടനീളം കൃത്യമായ കണക്കുകള്‍ കണ്ടെത്തുക പ്രയാസകരമായിരുന്നു. റഷ്യ തങ്ങളുടെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം പതിവായി കുറച്ചുമാത്രമാണ് കാണിക്കുന്നത്. യുക്രെയ്ന്‍ ആകട്ടെ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്താറുമില്ല. അമേരിക്കന്‍, ബ്രിട്ടീഷ് ഗവണ്‍മെന്റ് കണക്കുകളെയും മറ്റ് സ്രോതസ്സുകളെയും അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നതെന്ന് സിഎസ്‌ഐഎസ് പറയുന്നു.
റഷ്യയുടെ വളരെ സാവധാനത്തിലുള്ള മുന്നേറ്റമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിദിനം 50 മുതല്‍ 230 അടി വരെ മാത്രമാണ് റഷ്യന്‍ സൈന്യം മുന്നേറുന്നത്. 2024 ജനുവരി മുതല്‍ റഷ്യ യുക്രേനിയന്‍ പ്രദേശത്തിന്റെ 1.5 ശതമാനം കൂടി പിടിച്ചെടുത്തു. നിലവില്‍ രാജ്യത്തിന്റെ ഏകദേശം 20 ശതമാനം റഷ്യന്‍ നിയന്ത്രണത്തിലാണ്.
കഠിനമായ ശൈത്യം ഇരുഭാഗത്തെയും മുന്നേറ്റത്തിന്റെ വേഗത കുറച്ചെങ്കിലും, കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകളില്‍ റഷ്യ കഠിനമായ ശ്രമങ്ങളിലൂടെ മുന്നേറാന്‍ ശ്രമിക്കുന്നുണ്ട്. ആകാശത്ത് ഡ്രോണുകളുടെ സാന്നിധ്യം നിരന്തരമുള്ളതിനാല്‍ ഇരുപക്ഷവും തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വലിയ കവചിത വാഹനങ്ങള്‍ക്ക് പകരം ചെറിയ ഗ്രൂപ്പുകളായി മോട്ടോര്‍ സൈക്കിളുകളിലോ കാല്‍നടയായോ യുക്രേനിയന്‍ അതിരുകളിലേക്ക് നുഴഞ്ഞുകയറാന്‍ റഷ്യ ശ്രമിക്കുന്നുവെന്നാണ് വിവരം. ഡ്രോണുകളുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് ഈ ശ്രമം. യുക്രേനിയന്‍ ഡ്രോണ്‍ ഓഫീസര്‍മാര്‍ മഞ്ഞിലെ കാല്‍പ്പാടുകളും ടയര്‍ അടയാളങ്ങളും നിരീക്ഷിച്ചാണ് റഷ്യന്‍ സൈന്യത്തെ കണ്ടെത്തുന്നത്.
റഷ്യന്‍, യുക്രേനിയന്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മൂന്ന് രാജ്യങ്ങളും ഒന്നിച്ച് പങ്കെടുത്ത ആദ്യ ചര്‍ച്ചയാണിത്. ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചതായും തുടര്‍ യോഗങ്ങള്‍ക്ക് തയ്യാറാണെന്നും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് ക്രെംലിന്‍ വക്താവ് ഡിമിത്രി പെസ്‌കോവ് അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സും യുക്രെയ്‌നും ഒരു സമാധാന പദ്ധതിയുടെ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയിലെത്തിയിട്ടുണ്ട്, എന്നാല്‍ റഷ്യ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരി മുതല്‍ ഏകദേശം 3,25,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പഠനം പറയുന്നു. 2025-ല്‍ മാത്രം 4,15,000 റഷ്യക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു (പ്രതിമാസം ശരാശരി 35,000). എന്നാല്‍ പ്രതിമാസം 26,000 സൈനികര്‍ മരിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞത്.
യുദ്ധം തുടങ്ങിയത് മുതല്‍ 1,00,000 മുതല്‍ 1,40,000 വരെ യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
റഷ്യയ്ക്ക് യുക്രെയ്‌നേക്കാള്‍ മൂന്നിരട്ടി സൈനികബലമുണ്ട്. എന്നാല്‍ ചെറിയ സൈന്യമുള്ള യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം അവരുടെ സൈന്യത്തിന്റെ വലിയൊരു ശതമാനമാണ് നഷ്ടപ്പെടുന്നത്. തടവുകാരെയും കടബാധ്യതയുള്ളവരെയും സൈന്യത്തില്‍ ചേര്‍ത്തും ബോണസ് നല്‍കിയുമാണ് റഷ്യ സൈനിക ക്ഷാമം പരിഹരിക്കുന്നത്. ഇതിനുപുറമെ, ഏകദേശം 15,000 വടക്കന്‍ കൊറിയന്‍ സൈനികര്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്നുണ്ട്.
യുദ്ധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ സേത്ത് ജി. ജോണ്‍സ് പറയുന്നു.
നിര്‍മ്മാണ മേഖലയിലെ തകര്‍ച്ച കാരണം 2025-ല്‍ സാമ്പത്തിക വളര്‍ച്ച 0.6 ശതമാനമായി കുറഞ്ഞു. ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള സാങ്കേതിക കമ്പനികളുടെ അഭാവം ദീര്‍ഘകാല ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നു.
യുദ്ധഭൂമിയിലെ മോശം പ്രകടനവും സാമ്പത്തിക തകര്‍ച്ചയും റഷ്യയുടെ ‘മഹാശക്തി’ എന്ന പദവിക്ക് മങ്ങലേല്‍പ്പിച്ചതായി ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ആണവായുധങ്ങളും വലിയ സൈന്യവും ഇപ്പോഴും ഉണ്ടെങ്കിലും, സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ റഷ്യ പിന്നോട്ട് പോയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
Content Summary; Russia- Ukraine war; troops killed, wounded or missing during nearly four years of war is on track to reach two million
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.