റഷ്യ-യുക്രെയ്ന്‍-യുഎസ് ഒരുമിച്ചുള്ള നിര്‍ണായക ചര്‍ച്ച അബുദാബിയില്‍ നടക്കാനിരിക്കെ യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് നേരെ റഷ്യയുടെ വ്യോമാക്രമണം. കീവിലെ അഞ്ച് ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാവുകയും കുറഞ്ഞത് ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. കടുത്ത തണപ്പ് വ്യാപിച്ചിരിക്കെ കീവിലെ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഹീറ്റിംഗ് സംവിധാനങ്ങള്‍ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതമായതാണ് ഏറ്റവും മോശമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
അതിശൈത്യകാലമായതിനാല്‍ ഈ സമയത്ത് ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് റഷ്യയുടെ ആക്രമണം എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ആരോപണം.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 71 ബാലിസ്റ്റിക് മിസൈലുകളും 450 ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായാണ് വിവരം. കീവില്‍ താപനില -20ഡിഗ്രിയിലേക്ക് താഴ്ന്ന സമയത്തായിരുന്നു ഈ ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്ന്‍ തലസ്ഥാനത്തെ ആയിരത്തിലധികം പാര്‍പ്പിട സമുച്ചയങ്ങളിലെ ഹീറ്റിംഗ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. വാട്ടര്‍ ഹീറ്റിംഗ് സൗകര്യങ്ങള്‍ തകന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ തണുപ്പില്‍ വലയുകയാണ്.
ഖാര്‍കിവിലും ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കപ്പെട്ടതായി പറയുന്നു. പൈപ്പുകളിലെ വെള്ളം തണുത്തുറഞ്ഞ് പൊട്ടാതിരിക്കാന്‍ റേഡിയേറ്റര്‍ സംവിധാനങ്ങളില്‍ നിന്ന് വെള്ളം ഒഴുക്കിക്കളയേണ്ടി വന്നു. ഏകദേശം 1,10,000 കെട്ടിടങ്ങളില്‍ ഇവിടെ ചൂടാക്കല്‍ സംവിധാനം നിലച്ചു.
സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്തമായ ‘മദര്‍ലാന്‍ഡ്’ സ്മാരകത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ച ശേഷം, ഒരാഴ്ചത്തേക്ക് ആക്രമണം നിര്‍ത്തിവെക്കാന്‍ അദ്ദേഹം സമ്മതിച്ചതായി കഴിഞ്ഞ വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധിയെച്ചൊല്ലി ഭിന്നതയുണ്ടായിരുന്നു. പുടിന്‍ പറഞ്ഞത് ഞായറാഴ്ച വരെയായിരുന്നു എന്നാണ് ട്രംപ് പറയുന്നത്. ‘അദ്ദേഹം വാക്ക് പാലിച്ചു, ഞായറാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു കരാര്‍,’ എന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ വെടിനിര്‍ത്തല്‍ ഈ വെള്ളി വരെ നീണ്ടുനില്‍ക്കേണ്ടതായിരുന്നുവെന്നാണ് സെലന്‍സ്‌കി പറയുന്നത്. വെടിനിര്‍ത്തലിന്റെ ഇടവേള ആയുധങ്ങള്‍ ശേഖരിക്കാനാണ് റഷ്യ ഉപയോഗിച്ചതെന്നും സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അബുദാബിയില്‍ വെച്ച് റഷ്യ, യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കും. ഇതിനിടയില്‍, വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യുക്രെയ്‌നും സഖ്യകക്ഷികളും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്:
ആദ്യ 24 മണിക്കൂറില്‍ നയതന്ത്രപരമായ മുന്നറിയിപ്പ് നല്‍കും. വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാന്‍ യുക്രേനിയന്‍ സൈന്യം നടപടിയെടുക്കും. 72 മണിക്കൂറിന് ശേഷവും ആക്രമണം തുടരുകയാണെങ്കില്‍, അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ നേരിട്ട് സൈനികമായി ഇടപെടും.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ കീവ് സന്ദര്‍ശിക്കുകയും റഷ്യയുടെ നടപടിയെ അപലപിക്കുകയും ചെയ്തു. സമാധാന ചര്‍ച്ചകള്‍ക്ക് ട്രംപിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, റഷ്യന്‍ ആക്രമണം യുക്രെയ്‌നെ ശിലായുഗത്തിലേക്ക് തള്ളിയിട്ടിയിരിക്കുകയാണെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ എഴുതുന്നത്.
Russia large-scale airstrikes on Kyiv’s energy systems, Zelenskyy accused violating an agreement with Donald Trump
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.