അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂള്‍ വരണ്ട് പോകുമോ? പൂര്‍ണമായും വെള്ളം ഇല്ലാതെയാകുന്ന ആദ്യത്തെ ആധുനിക നഗരമായി കാബൂള്‍ മാറുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തലസ്ഥാനത്തെ ജലാശങ്ങളിലെ ജലനിരപ്പ് 30 മീറ്റര്‍ വരെ കുറഞ്ഞിരിക്കുകയാണെന്നാണ് മേഴ്‌സ് കോര്‍പ്‌സ് എന്ന എന്‍ജിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഒരു ദശകം കൊണ്ട് അമിതമായി വര്‍ദ്ധിച്ച നഗരവത്കരണവും കാലാവാസ്ഥയിലുണ്ടായ മാറ്റവുമാണ് ഈയൊരു പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാബൂള്‍ ജനത കുടിവെള്ളത്തിനായി പ്രാഥമികമായി ഉപയോഗിക്കുന്ന നഗരത്തിലെ കുഴല്‍ക്കിണറുകളില്‍ പാതിയോളം വറ്റിപ്പോയി. നഗരത്തില്‍ സ്വഭാവികമായി ഉണ്ടാകുന്ന ജലസംഭരണത്തിന്റെ 40 ലക്ഷം ക്യുബിക് മീറ്റര്‍ അധികമായാണ് ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നത്. ഇതേ സ്ഥിതിയാണ് തുടര്‍ന്നു പോകുന്നതെങ്കില്‍ 2030 ഓടെ കാബൂളിലെ എല്ലാ ജലാശയങ്ങളും വറ്റിവരണ്ടുപോകും. ഇത് നഗരത്തിലെ ഏഴ് ദശലക്ഷം ജനങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. ഈ പ്രശ്‌നം ശരിയായി രേഖപ്പെടുത്തേണ്ടതും, ഇത് പരിഹരിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നിന്നും സഹായം ആവശ്യമാണെന്നും, മേഴ്‌സി കോര്‍പ്‌സ്, അഫ്ഗാനിസ്താന്‍ കണ്‍ട്രി ഡയറക്ടര്‍ ഡെയ്ന്‍ കുറി പറയുന്നു. വെള്ളം ഇല്ലെങ്കില്‍ ജനങ്ങള്‍ അവരുടെ സ്വപ്രദേശങ്ങള്‍ ഉപേക്ഷിക്കുന്നതിന് കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നുല്ലെങ്കില്‍ ആ ജനത കഷ്ടപ്പെടുമെന്നു മാത്രമല്ല, അവര്‍ കുടിയേറ്റത്തിനായി ശ്രമിക്കുകയും ചെയ്യും, എന്നാണ് കുറി മുന്നറിയിപ്പ് നല്‍കുന്നത്.
കാബൂള്‍ ജനത നേരിടുന്ന മറ്റൊരു വെല്ലുവിളി മലിനജലത്തിന്റെ ഉപഭോഗമാണ്. വ്യാപകമായ ജലമലിനീകരണം ജനതതിന് മറ്റൊരു വെല്ലുവിളിയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കാബൂളിലെ ഭൂഗര്‍ഭജലത്തിന്റെ 80% വരെ സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന അളവിലുള്ള മാലിന്യങ്ങള്‍, ലവണാംശം, വിഷാംശങ്ങള്‍ എന്നിവ വെള്ളത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.
വെള്ളമാണ് ഇപ്പോള്‍ കാബൂളുകാരുടെ ഏറ്റവും വലിയ ജീവിത പ്രതിസന്ധി. വെള്ളത്തിനായി അവര്‍ ഓരോ ദിവസവും പോരാട്ടം നടത്തുകയാണ്. പല കുടുംബങ്ങളും അവരുടെ വരുമാനത്തിന്റെ 30% വരെ വെള്ളത്തിനായാണ് ചെലവഴിക്കുന്നത്. മൂന്നില്‍ രണ്ട് പേരും വെള്ളവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത അനുഭവിക്കുന്നവരാണ്.
താലിബാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും തീവ്രവാദ ആക്രമണങ്ങളും അടക്കം പല പ്രശ്‌നങ്ങളും നേരിടുന്ന അഫ്ഗാന്‍ ജനത, അതിനിടയില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായണ് ഇപ്പോള്‍ ജലക്ഷാമം. കാബൂളിലെ എല്ലാ വീടുകളിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്. താഴ്ന്ന വരുമാനമുള്ളവര്‍ അതിന്റെ രൂക്ഷത കൂടുതലായി നേരിടുന്നു. ഉള്ള കിണറുകളില്‍ പോലും നല്ല വെള്ളം കിട്ടാനില്ല എന്നാണ് പ്രാദേശികവാസികള്‍ പരാതിപ്പെടുന്നത്.
ജലദൗര്‍ലഭ്യം മുതലെടുക്കാനും ചിലര്‍ എത്തിയിട്ടുണ്ട്. ചില സ്വകാര്യ കമ്പനികള്‍ പുതിയ കിണറുകള്‍ കുഴിച്ച്, അതില്‍ നിന്നെടുക്കുന്ന വെള്ളം ജനങ്ങള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യുകയാണ്.
സ്വകാര്യ കമ്പനികളുടെ ടാങ്കറുകളില്‍ നിന്ന് വാങ്ങുന്ന ഓരോ ക്യാന്‍ വെള്ളത്തിനും ഓരോ 10 ദിവസത്തിലും 500 അഫ്ഗാനി(600 രൂപയ്ക്ക് അടുത്ത്)യായിരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍, അതേ അളവിലുള്ള വെള്ളത്തിന് 1,000 അഫ്ഗാനി കൊടുക്കണം എന്നാണ് കാബൂള്‍ മേഖലയിലുള്ള ഖയര്‍ ഖാനയില്‍ ജീവിക്കുന്ന അധ്യാപികയായ നസീഫ ദി ഗാര്‍ഡിയനോട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പറയുന്നത്. ‘കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. വെള്ളം ഇനിയും കൂടുതല്‍ ചെലവേറിയതായി മാറുമെന്നാണ് ഞങ്ങള്‍ ഭയപ്പെടുന്നത്, നഫീസ ആശങ്കപ്പെടുന്നത്.
2001 ല്‍ പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുണ്ടായിരുന്ന കാബൂളിന്റെ ഇന്നത് ഏഴിരട്ടിയോളം കൂടി. ജനം കൂടിയതോടെ വെള്ളത്തിന്റെ ആവശ്യകതയിലും വര്‍ദ്ധനവ് വന്നു. എന്നാല്‍ അതിനാവശ്യമായ വെള്ളം കിട്ടാനുമില്ല. അഫ്ഗാനിലെ അരജാകത്വവും ഭരണസ്ഥിരതയില്ലായ്മയും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി.
അഫ്ഗാനിസ്ഥാനില്‍ ആസൂത്രിതമായ ജല, ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കാനായി അന്താരാഷ്ട്ര സഹായമായി 264 മില്യണ്‍ ഡോളര്‍ പ്രഖ്യാപിരുന്നതാണെങ്കിലും അതില്‍ 8.4 മില്യണ്‍ ഡോളര്‍ മാത്രമാണ് നല്‍കിയതെന്നാണ് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന വിഭാഗം ഈ വര്‍ഷമാദ്യം പറഞ്ഞത്. താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്നായിരുന്നു അഫ്ഗാനുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ നിലച്ചത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അന്താരാഷ്ട്ര ജല, ശുചിത്വ ധനസഹായത്തില്‍ നിന്ന് മൂന്നു ബില്യണ്‍ ഡോളര്‍ മരവിപ്പിക്കുകയുണ്ടായി. അഫ്ഗാനുള്ള യുഎസ്എഐഡി ഫണ്ടിംഗിന്റെ 80% ത്തിലധികം വെട്ടിക്കുറയ്ക്കാന്‍ യുഎസ് ഭരണകൂടം സമീപകാലത്തെടുത്ത തീരുമാനം ഇവിടുത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വെള്ളത്തിനുമേല്‍ രാഷ്ട്രീയം പറയരുതെന്നാണ് നഫീസ പറയുന്നത്. ‘വെള്ളം അഫ്ഗാനിസ്താന്റെ മനുഷ്യാവകാശവും, പ്രകൃതിവിഭവവുമാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. പൂന്തോട്ടത്തിലെ പൂക്കളും ഫലവൃക്ഷങ്ങളും ഉണങ്ങിക്കിടക്കുന്നത് കാണുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും ചോരയൊലിക്കുകയാണ്. പക്ഷേ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ഞങ്ങള്‍ നിലവില്‍ ഒരു സൈനിക ഭരണകൂടത്തിന്‍ കീഴിലാണ് ജീവിക്കുന്നത്, അതിനാല്‍ ഈ പ്രശ്‌നം പറഞ്ഞ് സര്‍ക്കാരിന്റെ അടുത്തേക്ക് പോകാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല.’ Kabul on Brink of Becoming World’s First Modern City to Run Dry, Reports Warns
Content Summary; Kabul on Brink of Becoming World’s First Modern City to Run Dry, Reports Warns
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.