മലയാള വായനാ സമൂഹത്തിന് പുതിയ വീക്ഷണവും ദിശയും നല്‍കിയ ആനുകാലിക പ്രസിദ്ധീകരണമായ കലാകൗമുദി വാരികയ്ക്ക് 50 വയസ്.
കേരളീയ സമൂഹത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രസിദ്ധീകരണമായ കലാകൗമുദി വാരികക്ക് 50 വയസ്. അച്ചടി വായന മരിക്കുകയാണ് എന്നു വിലപിക്കുന്ന കാലത്തും ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണം അരനൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും വായനക്കാരുടെ കയ്യിലെത്തുകയെന്നത് മലയാള ഭാഷക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്ര സംഭവമാണ്. കേരളത്തിലെ സാഹിത്യ, സംസ്‌കാരിക രംഗത്തിന് രാഷ്ട്രീയ ദര്‍ശനം നല്‍കിയ ആധുനിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ ഈടുറ്റ വാരികളിലൊന്നായിരുന്നു അരനൂറ്റാണ്ട് പിന്നിടുന്ന കലാകൗമുദി.
ഒരു കാലത്ത് കേരളത്തിന്റെ പുരോഗമന വീക്ഷണങ്ങള്‍ക്ക് ഏറെ പിന്‍തുണ നല്‍കിയ കലാകൗമുദി വാരിക മലയാളി സമൂഹത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇടതും വലതും സ്വാതന്ത്രവും വാരികയിലെ സംവാദങ്ങളില്‍ സമ്മേളിച്ചു. എസ്. ജയചന്ദ്രന്‍ നായരെന്ന എഡിറ്ററുടെ നോട്ടമെത്താത്ത കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സംഭവങ്ങള്‍ അക്കാലത്ത് ഇല്ലായിരുന്നു. അവയൊക്കെ അതാതു വിഷയങ്ങളില്‍ വിദ്ഗധര്‍ വിശകലനം ചെയ്ത് കലാകൗമുദിയില്‍ വന്നത് പത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി സംഭവങ്ങളുടെ മറുവശം കാണാന്‍ എപ്പോഴും വായനക്കാരെ സഹായിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ ആരംഭിച്ച് പ്രസ് സെന്‍സര്‍ ഷിപ്പിലൂടെ മാധ്യമങ്ങളെ നിശബ്ദരാക്കിയ, പ്രക്ഷുബ്ധമായ ഒരു സമയത്താണ് കലാകൗമുദിയുടെ വരവ്. മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളിലൊരാളായ കേരള കൗമുദി പത്രാധിപര്‍ സുകുമാരന്റെ മകന്‍ എം.എസ്. മണി കേരള കൗമുദിയുടെ എഡിറ്ററായിരിക്കെയാണ്. കേരളത്തിലെ വനം കൊള്ളയെ കുറിച്ച് പത്രാധിപ സമിതിയിലെ പ്രമുഖരായ ജയചന്ദ്രന്‍ നായരും. എന്‍.ആര്‍.എസ്. ബാബുവും ചേര്‍ന്നു കേരളത്തിലെ പ്രധാന വനമേഖലയിലൊക്കെ സഞ്ചരിച്ചു നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കി വനമേഖലയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് ‘കാട്ടു കള്ളന്മാര്‍’ എന്ന പരമ്പര കേരള കൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയ. ആധുനിക മലയാള പത്രപ്രവര്‍ത്തനത്തില്‍ വന്ന ആദ്യത്തെ ഇന്‍വെസ്റ്റ്‌ഗേറ്റീവ് സ്റ്റോറി ഇതാണ്.
കേരള കൗമുദി ദിനപത്രത്തില്‍ ‘കാട്ടുകള്ളന്മാര്‍ ‘അച്ചടിച്ചു വന്നതോടെ സംസ്ഥാന മന്ത്രിസഭ ആടിയുലഞ്ഞു. വനം വകുപ്പു മന്ത്രിയായ കെ.ജി. അടിയോടിക്കു രാജി വയ്‌ക്കേണ്ടി വന്നു. കേരള കൗമുദിയുടെ വളര്‍ച്ച ആരംഭിച്ചത് അവിടെ നിന്നാണ്. പത്രപ്രവര്‍ത്തകര്‍ക്കു നല്ല സ്വാതന്ത്ര്യമനുവദിച്ച എഡിറ്ററായിരുന്നു കേരളകൗമുദി എഡിറ്റര്‍ എം.എസ്. മണി. പക്ഷേ, ഈ കാട്ടുകള്ളന്മാര്‍ പ്രശ്‌നത്തിന്റെ പേരില്‍ പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം എം.എസ്. മണിക്ക് ഒഴിയേണ്ടി വന്നു.
കേരളത്തിലെ സര്‍വാധികാരിയായ കരുണാകരന്‍ ‘കാട്ടുകള്ളന്മാരെ’ പിടി കൂടി വെളിച്ചത്തു കൊണ്ടുവന്ന കേരള കൗമുദിയെ വേട്ടയാടാന്‍ തുടങ്ങുന്നു. അടിയോടി കേസിന്റെ രേഖകള്‍ കണ്ടെത്താന്‍ കേരള കൗമുദി ഓഫിസ് വരെ റെയ്ഡ് ചെയ്തു. അതോടെ കേരളകൗമുദി പതറി. ഒടുവില്‍ പുതിയ എഡിറ്റര്‍ എം.എസ്. മധുസുദനന്‍ സഞ്ജയ് ഗാന്ധിയെ ഡല്‍ഹിയില്‍ ചെന്നു കണ്ട് അഭിമുഖം ചെയ്ത് അതു കേരള കൗമുദി പത്രത്തില്‍ അച്ചടിച്ചു. പിന്നീട് തീര്‍ത്തും കീഴടങ്ങിയ കേരള കൗമുദിയില്‍ നിന്ന് അടിയന്താരാവസ്ഥയ്‌ക്കെതിരെ ഒരു വിരലനക്കം പോലും ഉണ്ടായില്ല.
ഈ പശ്ചാത്തലത്തിലാണ് എം.എസ്. മണി പുതിയ തട്ടകം തേടിയിറങ്ങിയത്. കേരള കൗമുദി എഡിറ്ററായിരിക്കെ ഞായറാഴ്ചകളില്‍ പത്രം പുറത്തിറക്കിയ പതിപ്പിലെ വിഭവങ്ങള്‍ വായനക്കാരെ ആകര്‍ഷിച്ചത് മണിയുടെ മനസ്സില്‍ ഉണ്ടായിരുന്നു. അത് ഒരു ആനുകാലികത്തില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കാന്‍ വേണ്ട സാഹചര്യം ഇപ്പോള്‍ ഒത്തുവന്നിരിക്കുകയാണ്. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന എം.ടി. എഡിറ്ററായ മാതൃഭുമി ആഴ്ചപ്പതിപ്പും കൊല്ലത്തെ എസ്. കെ. നായരുടെ വി. ബി. സി നായര്‍ എഡിറ്റ് ചെയ്യുന്ന മലയാള നാടുമാണ് അക്കാലത്ത് പേരെടുത്ത, സാഹിത്യ- രാഷ്ട്രീയ സംബന്ധിയായ നിലവാരുള്ള ആനുകാലികങ്ങള്‍.
തിരുവനന്തപുരത്ത് തൈക്കാട് മ്യൂസിക് കോളജിനു സമീപം ഒരു വാടകക്കെട്ടിടത്തില്‍ 1975 ഓഗസ്റ്റില്‍ കലാകൗമുദി വാരിക അങ്ങനെ ആരംഭിക്കുന്നു. കേരള കൗമുദി ദിനപത്രം വിട്ട് എം.എസ്. മണിയുടെ സാഹസിക ദൗത്യത്തിലെക്ക് കൂടെ വന്ന, പിന്നീട് കലാകൗമുദിയെ മികച്ച ആനുകാലികമാക്കി മാറ്റിയ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായര്‍ ആ കാലം ഓര്‍ക്കുന്നു. ‘പുതിയ സംരംഭത്തെ പറ്റി സംസാരിക്കവേ, ഒപ്പം സഹകരിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം കലവറ കൂടാതെ സ്വീകരിക്കാന്‍ എന്നെ ”പ്രരിപ്പിച്ചത് സാഹിത്യത്തോടുള്ള ആരാധനയായിരുന്നു. ഒരു ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡൈനാമിക്‌സില്‍ തികഞ്ഞ അജ്ഞതയായിരുന്നുവെങ്കിലും തണുക്കുമെന്നോ മുങ്ങി പോകുമോയെന്നുള്ള ഭയമൊന്നുമിടാതെ എടുത്ത് ചാടാന്‍ അദേഹം തയാറായിരുന്നു.’

(വലത്)കലാകൗമുദി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍-1976 ഓഗസ്റ്റ്.(ഇടത്) കലാകൗമുദി ആദ്യ ലക്കം പേജ് 2. 1975 ഓഗസ്റ്റ് 17
1975 ഓഗസ്റ്റ് 17 -കലാകൗമുദി വാരികയുടെ ആദ്യത്തെ ലക്കം സമര്‍പ്പിച്ചത് വി കെ. കൃഷ്ണമേനോനാണ്. ഞങ്ങള്‍ സമര്‍പ്പിക്കുന്നു എന്നൊര കുറിപ്പും അദ്ദേഹത്തിന്റെ ഒരു ചിത്രവും ആദ്യ പേജില്‍ കൊടുത്തിരുന്നു. അതിന്റെ പിന്നിലൊരു കഥയുണ്ടായിരുന്നു.
1971 ല്‍ വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തി. സ്വതന്ത്രനായി മത്സരിക്കുന്ന മേനോനെ കമ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസ്സുകാരും പിന്‍തുണ നല്‍കാതെ കൈ വിട്ടപ്പോള്‍ രക്ഷക്കായ് എത്തിയത് കേരള കൗമുദിയാണ് ‘ഒരു അഭയാര്‍ത്ഥിയായി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയ വിശ്വപൗരനെ ഇടതു പക്ഷം ഒഴികെ എല്ലാം പാര്‍ട്ടികളും ഒന്നിച്ച് എതിര്‍ത്തു. ‘തിരുവനന്തപുരത്തെ എല്ലാ കല്യാണ വീടുകളിലും വരെ കയറി വോട്ട് ചോദിച്ച 68 വയസ്സുകാരനായ കൃഷ്ണ മേനോനെ ‘കല്യാണമണ്ഡപങ്ങള്‍ കയറിയിറങ്ങുന്ന കല്യാണ കൃഷ്ണന്‍’ എന്നാണ് എതിരാളികള്‍ പരിഹസിച്ചത്. പത്രാധിപര്‍ സുകുമാരന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണമേനോന്റെ ഇലക്ഷന്‍ പ്രചരണം എം.എസ്. മണിയും കേരളകൗമുദിയും ഏറ്റെടുത്തു, പി. എസ്. പി യിലെ ഡി. ദാമോദരന്‍ പോറ്റിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. കൃഷ്ണമേനോനെ കേരള കൗമുദി പത്രം തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ ഇടയില്‍ ഏറെ താമസിയാതെ ഒരു സാന്നിധ്യമാക്കി. ദാമോദരന്‍ പോറ്റി മുന്‍പ് മന്ത്രിയായപ്പോള്‍ ഉയര്‍ന്ന് കേട്ട ഒരു നിയമസഭയിലെ വാചകം- കേരള കൗമുദി അച്ചടിച്ചത് വീണ്ടും പൊതുജനസമക്ഷം പത്രത്താളുകളില്‍ പ്രതൃക്ഷമായി.
‘കൈക്കുലി ഒരു സുന്ദര കലയായി മാറ്റിയ വ്യക്തിയാണ് ദാമോദരന്‍ പോറ്റി’.
ഇതിഹാസം സൃഷ്ടിച്ചതായിരുന്നു കൃഷ്ണ മേനോന്‍ നടത്തിയ തിരഞ്ഞെടുപ്പ് പോരാട്ടം. ആ ഇലക്ഷനിലെ പ്രചരണ ഭാരം പൂര്‍ണമായി ഏറ്റെടുത്ത് ചരിത്ര വിജയമാക്കിയത് എം.എസ്. മണിയായിരുന്നു. 24,127 വോട്ടുകള്‍ നേടി വി.കെ. കഷ്ണമേനോന്‍ ചരിത്ര വിജയം കുറിച്ചു. കൃഷ്ണമേനോനോനെപ്പോലെ ഒരു രാഷ്ട്ര തന്ത്രജ്ഞന്‍ രാജ്യത്തിന് ആവശ്യമാണെന്ന തിരിച്ചറിവും ഡല്‍ഹിയില്‍ കേരളകൗമുദിയുടെ ലേഖകനായിരുന്ന സമയത്തെ കൃഷ്ണമേനോനുമായുള്ള ബന്ധവുമാണ് എം. എസ്. മണിയെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണമായത്. രാഷ്ട്രീയവും സാമൂഹികവുമായുള്ള മേഖലകളില്‍ ഒരു ദിനപത്രത്തിന് രചനാത്മകമായി എങ്ങനെ സാധിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു വി.കെ. കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് വിജയം. ആ വിജയസ്മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു ആദ്യ ലക്കം കലാകൗമുദി വാരികയിലെ പ്രിയപ്പെട്ട വി.കെ. കൃഷ്ണ മേനോനുള്ള സമര്‍പ്പണം.
ആദ്യം വാരിക തുടങ്ങുമ്പോള്‍ 80 പൈസയായിരുന്നു വില. പേട്ടയിലെ കേരളകൗമുദി പ്രസ്സില്‍ അച്ചടി. ശിവകാശിയിലെ ഓറിയന്റ് ലിത്തോ പ്രസ്സില്‍ കവര്‍ അച്ചടി. കവര്‍ അച്ചടിക്കാന്‍ അക്കാലത്ത് എം. എസ്. മണിയും ജയചന്ദ്രന്‍ നായരും ശിവകാശിയില്‍ നേരിട്ട് പോയിരുന്നു. കേരള കൗമുദിയില്‍ നിന്ന് വേറിട്ട് ഒരു വ്യക്തിത്വം നേടാനായിരുന്നു ഇരുവരുടെയും പ്രയത്‌നം. കൂടെ എന്‍. ആര്‍. എസ് ബാബു എന്ന പത്ര പ്രവര്‍ത്തകനും ചേര്‍ന്നപ്പോള്‍ അതങ്ങനെ സംഭവിച്ചു, പതുക്കെ, മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി കലാകൗമുദി വാരിക മാറി. മലയാളത്തില്‍ വീക്കിലി ജേര്‍ണലിസത്തിലെ പുതിയൊരു ലോകത്തിലേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.

എം. ഗോവിന്ദൻ, കലാകൗമുദി മൂന്നാം ലക്കം പ്രസിദ്ധീകരിച്ച എം. ഗോവിന്ദൻ്റെ പ്രശസ്ത കവിത – പ്രാർത്ഥന
മലയാള സാഹിത്യത്തെ എല്ലായ്‌പ്പോഴും സൂഷ്മമായി നിരീക്ഷിച്ച്, മദ്രാസില്‍ കഴിയുന്ന ക്രാന്തദര്‍ശിയായ എം ഗോവിന്ദന്റെ ആശയങ്ങളായിരുന്നു പുതിയ പ്രസിദ്ധീകരണത്തിന്റെ മാര്‍ഗരേഖ. ജയചന്ദ്രന്‍ നായര്‍ മദ്രാസില്‍ ചെന്ന് എം. ഗോവിന്ദനെ കണ്ടു. അദ്ദേഹം തന്റെ സങ്കല്‍പ്പത്തിലെ വാരികയുടെ കൃത്യമായ ആശയം ജയചന്ദ്രന്‍ നായരോടു പറയുന്നു. വാര്‍ത്തകള്‍ക്കു പ്രാധാന്യമുള്ള ഒരു വാരികയായിരിക്കണം. ആദ്യം ലോക വാര്‍ത്ത, പിന്നെ ഇന്ത്യന്‍ വാര്‍ത്ത തുടര്‍ന്നു കേരള വാര്‍ത്ത. കേരളവാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കണം. വാരികയുടെ ആദ്യ ഭാഗത്തു വാര്‍ത്തകളുടെ ക്രോഡീകരണമായിരിക്കണം. തുടര്‍ന്നു ആധുനിക സാഹിത്യം, ദര്‍ശനം, സിനിമ, ചിത്രകല തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം. പുതുമയുള്ള സര്‍ഗാത്മക രചനകള്‍ക്കു പ്രാധാന്യം നല്‍കണം. ഗോവിന്ദന്റെ ഈ പത്രാധിപസങ്കല്‍പ്പങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു.
അടിയന്തരാവസ്ഥക്കാലമായിട്ടും കലാകൗമുദി ആരംഭിച്ച ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ‘ഇത്തിരി നേരമ്പോക്ക്’ ഇത്തിരി ദര്‍ശനം’ ആയിരുന്നു ആദ്യത്തെ ഹൈലൈറ്റ് . ആദ്യ ലക്കത്തില്‍ തന്നെ വിഭവങ്ങള്‍ നല്ല സൂചന നല്‍കി. പി. കുഞ്ഞിരാമന്‍ നായരുടെ ‘വീണ്ടും ഓണ നിലാവ്’, ജി.ശങ്കരക്കുറിപ്പിന്റെ ‘ദര്‍ശന ഭിക്ഷ ‘ രണ്ട് കവിതകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മോഹഭംഗം’ വി.കെ. എന്റെ ‘പരിണാമം’, സി. രാധാകൃഷ്ണന്റെ’ എങ്ങു നിന്നില്ലാതെ ഒരു നീണ്ട കത്ത് ‘, പി. പത്മരാജന്റെ ‘ ആരാന്റമ്മയുടെ ശവം’ എന്നീ 4 കഥകള്‍. കേശവദേവ്, ഡോ കെ. ഭാസ്‌കരന്‍ നായര്‍ എന്നിവരുടെ ലേഖനങ്ങള്‍. കൂടാതെ ഡല്‍ഹിയില്‍ നിന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വി.കെ. മാധവന്‍ കുട്ടി എഴുതിയ ലേഖനവും നല്‍കി. ‘പ്രേക്ഷകര്‍ക്ക് വേണ്ടി’ എന്ന് സിനിമയെ കുറിച്ച് എഴുതിയത് സാക്ഷാല്‍ പ്രേംനസീറായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചപ്പോൾ കലാകൗമുദിയുടെ ബഷീർ പതിപ്പിൽ എം.ടിയുടെ ലേഖനം.1994.
‘ശങ്കേഴ്‌സ് വീക്കിലി’ പ്രസിദ്ധീകരണം നിറുത്തുകയാണെന്ന പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ സി.പി രാമചന്ദന്റെ ലേഖനവും പരിഭാഷപ്പെടുത്തി നല്‍കിയിരുന്നു. ഇത്രയും മികച്ച ഉള്ളടക്കമുള്ള ഒരു ആനുകാലികത്തിന്റെ ആദ്യ ലക്കം തന്നെ ശ്രദ്ധേയമായതില്‍ അത്ഭുതമില്ല.
അടിയന്തരാവസ്ഥ അവസിച്ചതോടെ കലാകൗമുദി മലയാളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ സാഹിത്യ വാരികയായി മാറി. 70കളുടെ അവസാനവും 80കളും കലാകൗമുദി കേരളീയ സമൂഹത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരളത്തിന്റെ ഇടതുപക്ഷ വീക്ഷണങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയത് കലാകൗമുദി യായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതില്‍ നിന്ന് വ്യത്യസ്തമായി സ്വരം കേള്‍പ്പിക്കാന്‍ കലാകൗമുദിക്ക് സാധിച്ചു. ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ എന്നിവ വീക്കിലി ജേര്‍ണലിസത്തില്‍ പുതിയ ശൈലിയില്‍ അവതരിപ്പിച്ചത് മലയാളത്തില്‍ ആദ്യമായി കലാകൗമുദിയാണ്. 80 കളോടെ കലാകൗമുദി മുന്‍ നിര എഴുത്തുകാരുടെ പ്രസിദ്ധീകരണമായി. എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് ഇടക്കാലത്ത് വിട്ട് പോയതോടെ കലാകൗമുദിയുടെ പ്രസക്തി വര്‍ദ്ധിച്ചു.

എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം
മലയാള നാടിന്റെ ‘പ്രസിദ്ധീകരണം നിലച്ചതോടെ എം.കൃഷ്ണന്‍ നായരുടെ പണ്ട് ‘സാഹിത്യ വാരഫലം’ കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സാഹിത്യവാരഫലത്തിന് ഏറെ വായനക്കാര്‍ ഉണ്ടായത് കലാകൗമുദിയില്‍ വരാന്‍ തുടങ്ങിയതോടെയാണ്. തൊട്ടു പിന്നാലെ വായനക്കാരെ ഏറെ രസിപ്പിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിച്ച എം.പി. നാരായണ പിള്ളയുടെ വേറിട്ട ശൈലിയിലെ പംക്തി വന്നു.
മലയാളികളുടെ ചിന്തകളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിച്ച അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ‘ചെറിയ മനുഷ്യരും വലിയ ലോകവും’ അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നു പോയി. ആ കാര്‍ട്ടൂണ്‍ പരമ്പര വീണ്ടും കലാകൗമുദിയില്‍ ആരംഭിക്കാന്‍ തനിക്കു വളരെ ആത്മബന്ധമുള്ള അരവിന്ദനോട് ജയചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടെങ്കിലും. തന്റെ പ്രിയപ്പെട്ട കഥാപാത്രം രാമുവിന്റെ ലോകത്തെ വീണ്ടും മനസ്സിലേക്ക് ആവാഹിച്ചെടുക്കാനുള്ള വിഷമമോ ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ എറെക്കാലം നിറഞ്ഞു നിന്നിരുന്ന ഒരു കലാസൃഷ്ടിയെ മറ്റൊന്നിലേക്കു പറിച്ചു നടാനുള്ള വൈമുഖ്യമോ കാരണം അരവിന്ദന്‍ അതിനു തയ്യാറായില്ല. പക്ഷേ, അരവിന്ദന്‍ കാര്‍ട്ടൂണുകള്‍ ഇടക്കിടെ കലാകൗമുദിയില്‍ വരച്ചു.
70 കളുടെ മധ്യത്തില്‍ എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം കൊടുക്കാന്‍ കലാകൗമുദി ഒരു കഥക്ക് 100 രൂപ വെച്ച് നല്‍കിയിരുന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ കലാകൗമുദി എന്നും ശ്രദ്ധിച്ചു.
ഇ. എം. എം.എസ് മുഖ്യ മന്ത്രിയായപ്പോള്‍ ജര്‍മ്മനിയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ ബെര്‍ളിനില്‍ നിന്ന് ഇ. എം. എസിന്റെ ചികിത്സാ -ആരോഗ്യ വാര്‍ത്തകള്‍ കേരളകൗമുദിക്ക് അയച്ചത് അവിടെയുള്ള മലയാളിയായ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനായ പി.കെ. കുഞ്ഞനന്തനായിരുന്നു. ഇ. എം. എസുമായി ആത്മബന്ധമുള്ള കുഞ്ഞനന്തന്‍ എം.എസ് മണിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് കലാകൗമുദിയുടെ യുറോപ്പ് ലേഖകനായി, ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന ബൈലൈനില്‍ കിഴക്കന്‍ യുറോപ്പിലെ ഇടതുപക്ഷ മന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും മലയാള വായനക്കാര്‍ കലാകൗമുദിയില്‍ വായിക്കാന്‍ തുടങ്ങിയത്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും മുസാഫിറും
80 കളുടെ അവസാനത്തില്‍ മധ്യേഷ്യയില്‍ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന അറബ് – ഇസ്രയേല്‍ ബന്ധങ്ങളും പലസ്തീന്റെ പ്രതിരോധവും, ഏറ്റുമുട്ടലുകളെകുറിച്ചും ആധികാരികമായ മലയാള റിപ്പോര്‍ട്ടുകള്‍ ആദ്യമായി ഒരു ആനുകാലികത്തില്‍ വന്നത് കലാകൗമുദിയിലാണ്. സൗദിയിലെ, ജിദ്ദയില്‍ മലയാളം ന്യൂസിന്റെ റിപ്പോര്‍ട്ടറായ മലപ്പുറം കാരനായ പത്രപ്രവര്‍ത്തകന്‍ മുസാഫിറാണ് പ്രക്ഷോഭങ്ങളുടെ ഓരോ ചലനങ്ങളും തന്റെ ലേഖനനങ്ങളിലൂടെ മലയാള വായനക്കാര്‍ക്ക് നല്‍കിയത്. കൂടാതെ അമേരിക്കന്‍ വിശേഷങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്ന് മധുനായര്‍ എഴുതി.
1977 കാലത്തിലാണ് കലാകൗമുദിയുടെ എഡിറ്ററായ ജയചന്ദ്രന്‍ നായര്‍ എം.ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു എഴുത്തുകാരനും ആനുകാലികത്തിന്റെ എഡിറ്ററും തമ്മിലുള്ള ഊഷ്മളമായ തുടരുന്ന ബന്ധമായി പിന്നീടത്. കലാകൗമുദിയില്‍ എം.ടി യുടെ കഥകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. 1981 ഫെബ്രുവരിയില്‍ മാതൃഭൂമിയില്‍ നിന്ന് എം.ടി. പ്രശ്‌നങ്ങള്‍ കാരണം വെച്ചപ്പോള്‍ കലാകൗമുദി മാത്രമാണ് പ്രതിഷേധിച്ച് എഡിറ്റോറിയല്‍ എഴുതിയത്. ആ സ്‌നേഹവായ്പ്പ് എന്നും കലാകൗമുദിയോട് എം. ടി. പ്രകടിപ്പിച്ചിരുന്നു.

എസ് ജയചന്ദ്രന്‍ നായര്‍. എംടിയുടെ രണ്ടാമൂഴം കലാകൗമുദിയിൽ തുടങ്ങിയപ്പോൾ1983.
നാല് പതിറ്റാണ്ട് മുന്‍പ് എം.ടി വാസുദേവന്‍ നായരുടെ മഹത്തായ ഇതിഹാസം കലാകൗമുദി വാരികയില്‍ ”രണ്ടാമൂഴം” നോവല്‍ തുടങ്ങി. മലയാള സാഹിത്യത്തില്‍ ഒരു ഇതിഹാസത്തിന്റെ ഇതള്‍ വിടരുകയായിരുന്നു. വ്യാസമഹാഭാരതത്തിലെ, അര്‍ത്ഥഗര്‍ഭമായ നിശബ്ദതകളും മാനുഷിക പ്രതിസന്ധികളും പ്രമേയമാക്കി, ഭീമനെ നായകനാക്കി എംടി എഴുതിയ രണ്ടാമൂഴം എന്ന നോവല്‍ കലാകൗമുദി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരണമാരംഭിച്ചു.
പുരാണ കഥാപാത്രങ്ങളെ മനുഷ്യപക്ഷത്ത് നിറുത്തി വരച്ച രണ്ടാമൂഴത്തിലെ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ എന്നും തുടിക്കുന്ന അനശ്വര കഥാപാത്രങ്ങളായി മാറി. വാസ്തവത്തില്‍ നമ്പൂരിയെന്ന ചിത്രകാരന്റെ കലാരംഗത്തെ രണ്ടാമൂഴമായി മാറി ആ നോവലിന്റെ ചിത്രീകരണം. ഇതിന് മുന്‍പ് സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്തമായ ‘ലങ്കാ ലക്ഷ്മി ‘ നാടകം ഒറ്റ ലക്കമായി കലാകൗമുദിയില്‍ വന്നപ്പോള്‍ ചിത്രീകരണം നടത്തിയത് നമ്പൂതിരിയായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ വരകള്‍ നമ്പൂതിരിയെന്ന ചിത്രകാരനെ വ്യത്യസ്തമായ ചിത്രവരക്കാരനായി മാറ്റി. അവിടെ നിന്നാണ് നമ്പുതിരിയെന്ന ചിത്രകാരന്‍ വരയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. വര തുടങ്ങും മുന്‍പ് കലാകൗമുദി എഡിറ്റര്‍ ജയചന്ദ്രന്‍ നായര്‍ നിര്‍ദേശിച്ച പ്രകാരം എം.ടിയെ നേരില്‍ കണ്ടു. എ.ടി നേരത്തെ തന്നെ കാണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ മനുഷ്യന്റെ ദുഃഖമായാണ് എം.ടി. ഭീമന്റെ ദുഃഖത്തെ നോക്കിക്കണ്ടത്. അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. നമുക്കൊക്കെ സംഭവിക്കുന്നതു പോലെ, കാര്യങ്ങളെല്ലാം ചെയ്യേണ്ടി വരിക. ഒടുക്കം അതിന്റെയൊക്കെ അംഗീകാരം മറ്റു പലരും കൊണ്ടു പോകുന്നത് കണ്ടു നില്‍ക്കേണ്ടി വരിക. അതെന്റെ മനസ്സില്‍ പതിഞ്ഞു.’ നമ്പൂതിരി ആ വരകളുടെ മാസ്മരിക കാലം ഓര്‍ത്തു.
1984 ജൂണ്‍ 25 ലക്കത്തില്‍ കലാകൗമുദിയില്‍ നോവല്‍ ആരംഭിച്ചപ്പോള്‍ തന്നെ വായനയില്‍ നവ്യാനുഭവമായി മാറിക്കഴിഞ്ഞ രണ്ടാമൂഴം ആഘോഷമായി മലയാള സാഹിത്യലോകവും വായനക്കാരും രണ്ടാമൂഴം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
താന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമുണ്ട് എന്ന തോന്നിയത് രണ്ടാമൂഴം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്നാണ് ആദ്യമായി നോവലിന്റെ കയ്യെഴുത്ത് പ്രതി വായിച്ച ജയചന്ദ്രന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്. നോവല്‍ ആരംഭിച്ചതോടെ ഒരു മലയാള വാരിക അന്ന് ഒരിക്കലും എത്തിച്ചേരാത്ത പ്രചാരം, 90000 കോപ്പികളായി കലാകൗമുദി വാരിക ഉയര്‍ന്നു. മലയാള പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട സംഭവമായി അത്. കലാകൗമുദിയുടെ പ്രചാരം ആദ്യമായി ഭാരതപ്പുഴ കടന്നു തെക്ക് മലബാറിലേക്ക് എത്തി. അത് വരെ മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അവരുടെ വായനാ ലോകം. അവിടെയാണ് രണ്ടാമൂഴം കലാകൗമുദി വാരികയെ പ്രതിഷ്ഠിച്ചത്.

നക്‌സല്‍ നേതാവ് അജിതയുടെ ജയില്‍ മോചനം, കേശവദേവിനു കുടുംബ ഫണ്ട് രൂപീകരിച്ചത്, തുടങ്ങിയവയൊക്കെ കലാകൗമുദിയുടെ ഇടപെടലുകള്‍ വഴി സാധ്യമാക്കിയവയാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ന്റെ തുടര്‍ച്ചയായ ‘ദക്ഷിണായനം’ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. നക്‌സല്‍ അജിതയുടെ ഓര്‍മ്മക്കുറിപ്പുകളും കലാകൗമുദി തന്നെ പ്രസിദ്ധീകരിച്ചു.
ലോകപ്രസിദ്ധനായ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ ഡോക്ടര്‍ കെ. എന്‍. രാജിനെ കുറിച്ച് 1990 ഓഗസ്റ്റ് അഞ്ചു മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള ലക്കങ്ങളില്‍ കലാകൗമുദിയില്‍ ‘ ഓര്‍മയില്‍ ചില ഇതളുകള്‍’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍. രാജിന്റെ അനുഭവങ്ങള്‍ മുരളി എഴുതി. സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനപ്പെട്ട എല്ലാ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും പിന്നിലും കെ.എന്‍. രാജ് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ ഒന്നാം പ്ലാനിങ് കമ്മിഷന്‍ രൂപീകരണം തൊട്ടു തിരുവനന്തപുരത്ത് ഉള്ളൂരിലെ സി.ഡി.എസ്. ആരംഭിക്കുന്നതു വരെ. കേരളത്തിനു പരിചിതമല്ലാത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചിന്താശേഷി മലയാളിയില്‍ വളര്‍ത്തിയ മാര്‍ഗദര്‍ശിയായിരുന്നു ഡോ. കെ. എന്‍. രാജ്. മഹത്തായ, അസാധാരണ കര്‍മശേഷിയുള്ള ഈ പ്രതിഭയുടെ ജീവിതം വാരികയിലൂടെ അടയാളപ്പെടുത്തേണ്ടതാണ് എന്നു എഡിറ്റര്‍ ജയചന്ദ്രന്‍ നായരുടെ ആശയമായിരുന്നു അത്. ഇങ്ങനെയൊരു മലയാളി ഇവിടെയുണ്ട് എന്നു പലരും അറിഞ്ഞ അനുഭവക്കുറിപ്പായിരുന്നു അത്.
ഫാക്ടിന്റെ എം.ഡി യായിരുന്ന എം.കെ.കെ. നായരുടെ ഏറെ ശ്രദ്ധ നേടിയ ആത്മകഥ’ ഒരു കാലഘട്ടത്തിന്റെ കഥയെന്നു വിശേഷിപ്പിച്ച ‘ആരോടും പരിഭവമില്ലാതെ’യായിരുന്നു കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പ്രശസ്ത കൃതി കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ആത്മകഥ ‘എന്റെ ജീവിതം: അരങ്ങിലും അണിയറയിലും’, എന്‍. കൃഷ്ണപിള്ളയുടെ ആത്മകഥ, മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘നെട്ടൂര്‍ മഠം, മാധവികുട്ടിയുടെ നീര്‍മാതളം പൂത്ത കാലം തുടങ്ങിയ സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ച മലയാള വായനയുടെ ഒരു സുവര്‍ണ കാലമായിരുന്നു അത്.
പ്രമുഖ വാരിക പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച കെ. സുരേന്ദ്രന്റെ നോവല്‍ ‘ഗുരു’ ഒടുവില്‍ പ്രസിദ്ധീകരിച്ചത് കലാകൗമുദിയായിരുന്നു. ഗുരു പിന്നീട് വയലാര്‍ അവാര്‍ഡ് കെ. സുരേന്ദനു നേടിക്കൊടുത്തു. കൂടാതെ കവി മധുസൂദനന്‍ നായരുടെ ഒരു തലമുറ തന്നെ ഏറ്റെടുത്ത് പാടിയ കാവ്യം ‘നാറാണത്തു ഭ്രാന്തന്‍’ കലാകൗമുദിയാണു പ്രസിദ്ധീകരിച്ചത്.

സി. അച്യുതമേനോൻ്റെ ഡയറിക്കുറിപ്പുകൾ, കെ. സുരേന്ദ്രൻ്റെ നോവൽ ഭിക്ഷാം ദേഹി
1976 ജനുവരി ഒന്നു തൊട്ട് 1989 ജനുവരി വരെയുള്ള സി. അച്യുത മേനോന്റെ ഡയറിക്കുറിപ്പുകള്‍ കലാകൗമുദി പ്രസിദ്ധീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഡയറി ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുന്നത്. 3548 ദിവസത്തെ കുറിപ്പുകള്‍.
കലാകൗമുദിയില്‍ വന്ന, രാഷ്ട്രീയക്കാരനല്ലാത്ത കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ആര്‍ പ്രസന്നന്റെ ‘നിയമ സഭയില്‍ നിശബ്ദനായി’ വായനക്കാരെ ഏറെ ആകര്‍ഷിച്ച ആത്മകഥയായിരുന്നു.
എം. ടി യുടെ ‘സ്വര്‍ഗവാതില്‍ തുറക്കുന്ന സമയം’, മലയാറ്റൂര്‍ രാമകൃഷ്ണന്റെ വൈദ്യമഠം, ആറാം വിരല്‍, ഒ.വി.വിജയന്റെ ‘അരിമ്പാറ’ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘ കന്യാവനങ്ങള്‍’ എം . മുകുന്ദന്റെ ‘ ദൈവത്തിന്റെ വികൃതികള്‍’ എം. സുകുമാരന്റെ ‘ പിതൃതര്‍പ്പണം’, സി. രാധാകൃഷ്ണന്റെ ‘ സ്പന്ദമാപിനികളെ നന്ദി’, പി. പത്മരാജന്റെ വിക്രമകാളീശ്വരം’, ടി. പന്മനാഭന്റെ ഗൗരി. എന്‍. എസ്. മാധവന്റെ നാലാം ലോകം, സഖറിയയുടെ ‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്’, വിക്ടര്‍ ലീനസിന്റെ ‘ നീണ്ട നിശബ്ദയ്ക്ക് ശേഷം’, പി.എഫ്. മാത്യുസിന്റെ ‘ചാവുകടല്‍’ തുടങ്ങിയ മികച്ച സാഹിത്യ രചനകള്‍ കലാകൗമുദിയിലൂടെയാണ് വായിക്കപ്പെട്ടത്.

ടി എന്‍ ഗോപകുമാറിന്റെ ശുചീന്ദ്രം രേഖകള്‍
ഏഷ്യാനെറ്റില്‍ കണ്ണാടി അവതരിപ്പിച്ചിരുന്ന പ്രശസ്ത പത്ര പ്രവര്‍ത്തകനായ ടി.എന്‍. ഗോപകുമാറിന്റെ സ്മരണകളായ ‘ ശുചീന്ദ്രം രേഖകള്‍ ‘ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോള്‍ തന്നെ വായനക്കാരെ ആകര്‍ഷിച്ച അനുഭവക്കുറിപ്പായിരുന്നു. കൂടാതെ 90 കള്‍ക്ക് ശേഷം മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘ ബ്രിഗേഡിയര്‍ കഥകളും ഐപ്പ് പാറമേലിന്റെ ‘ചേറപ്പായി കഥകളും’ കലാകൗമുദിയില്‍ വന്ന മികച്ച നര്‍മ്മ രചനകളായിരുന്നു.


സഖറിയയുടെ യേശുദാസ് വിമർശന ലേഖനവും – വായനക്കാരുടെ പ്രതികരണവും.
ഇടയ്ക്ക് വിവാദങ്ങളും ലേഖനങ്ങളിലൂടെ കലാകൗമുദിയിലൂടെ വായനക്കാരിലെത്തി. 1984 ഒക്ടോബര്‍ 7ാം ലക്കത്തില്‍ സഖറിയ ഗാനഗന്ധര്‍വന്‍ യേശുദാസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ ‘യേശുദാസ് അയാം സോറി ഫോര്‍ യു’ എന്ന ലേഖനം ഏറെ ഒച്ചപ്പാടുണ്ടാക്കി. ‘യേശുദാസ് ഇന്ന് പാടുന്ന പാട്ടുകളില്‍ 95% വും പരമ ബോറാണെന്ന് യേശുദാസിനെ ഒന്നറിയിക്കാന്‍ സഖറിയ ആവശ്യപ്പെടുന്നു’ എന്നായിരുന്നു ലേഖനത്തിന്റെ ഹൈലൈറ്റായി നല്‍കിയത്. ‘മുഖസ്തുതിക്കാരും , അവസരവാദികളും, സംഗീത വ്യഭിചാരികളും, വര്‍ഗ്ഗീയ മുതലെടുപ്പുകാരും, സിനിമയിലേയും സമുദായത്തിലേയും മറ്റധമശക്തികളും കൂടി ഊതി വീര്‍പ്പിച്ച ഒരു ലോകത്തിരുന്ന് തന്റെ കലാവൃവസായം നടത്തുന്ന യേശുദാസിനെ അദ്ദേഹം പാടുന്ന പാട്ടുകളില്‍ 95% പരമ ബോറാണെന്ന വാര്‍ത്ത ആരെങ്കിലും അറിയിച്ചാല്‍ നന്നായിരിക്കും.’ സഖറിയ ലേഖനത്തിന്‍ എഴുതി.അങ്ങേയറ്റം വിമര്‍ശിക്കുന്ന പ്രകോപനപരമായ ഈ ലേഖനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ഒട്ടേറെ വായനക്കാര്‍ പ്രതികരിച്ചു.
1987 ല്‍ മലയാള മനോരമയില്‍ നിന്ന് പിരിഞ്ഞ കാര്‍ട്ടൂണിസ്റ്റ് ടോംസ് താന്‍ മുപ്പത് വര്‍ഷം തുടര്‍ച്ചയായി വരച്ച ‘ബോബനും മോളി’ യുടേയും പകര്‍പ്പവകാശത്തിന് വേണ്ടി കോടതി കേറിയപ്പോള്‍ അതൊരു വന്‍ വിവാദമായി. വരക്കാന്‍ ടോംസ് തയ്യാറെങ്കില്‍ ബോബനും മോളിയും കലാകൗമുദി പ്രസിദ്ധികരിക്കാമെന്ന് പറഞ്ഞു. അതോടൊപ്പം തന്നെ ‘ബോബനും മോളിയും’ – സാംസ്‌കാരിക കേരളം എന്ത് പറയുന്നു? എന്ന വിഷയം കവര്‍ സ്റ്റോറിയാക്കി ബോബനും മോളിയുടേയും പടങ്ങള്‍ കവറില്‍ വരച്ച് ഒരു പ്രത്യേക പതിപ്പ് കലാകൗമുദി പുറത്തിറക്കി. ജസ്റ്റീസ് കൃഷ്ണയ്യര്‍, തകഴി, പൊന്‍കുന്നം വര്‍ക്കി, ചെമ്മനം ചാക്കോ, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍. എന്‍. പിള്ള, ഡിസി കിഴക്കേ മുറി തുടങ്ങിയ പ്രമുഖരുടെ ഈ വിഷയത്തില്‍ അവരുടെ അഭിപ്രായം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഒരു പങ്തികാരന്‍ കൂടിയായ ഡി.സി. കിഴക്കേമുറി അതില്‍ തന്റെ നിലപാട് പറഞ്ഞു; ‘എന്റെ പങ്തി ‘ കറുപ്പും വെളുപ്പും ആദ്യം എഴുതി തുടങ്ങിയത് കേരള ഭൂഷണത്തിലാണ്. ഇപ്പോള്‍ അത് ഞാന്‍ മനോരാജ്യത്തില്‍ എഴുതുന്നു. അതിന്റെ അവകാശം എനിക്കു തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’. അന്ന് എം.എല്‍. എ യായ ഒരു യുവ രാഷ്ട്രീയ നേതാവിനോട് ഈ വിഷയത്തില്‍ കലാകൗമുദി അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; ‘നോക്കൂ ഇതൊരു സെന്‍സേറ്റീവ് ഇഷ്യു ആണല്ലോ, ഞാന്‍ ഇന്ന് തന്നെ ഫോണ്‍ വിളിച്ച് അഭിപ്രായം പറയാം’ രണ്ട് നാള്‍ കഴിഞ്ഞിട്ടും അഭിപ്രായം കിട്ടാത്തതിനാല്‍ കലാകൗമുദി ലേഖകന്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു. പൊടി പോലുമില്ല, ആള്‍ മുങ്ങി. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ തൊണ്ടപൊട്ടി കീറുന്ന ചിലരുടെ യഥാര്‍ത്ഥ മുഖങ്ങളെല്ലാം ഈ പ്രശ്‌നത്തില്‍ സാംസ്‌കാരിക കേരളം കണ്ടു. കാര്‍ട്ടൂണിസ്റ്റിനെ പിന്‍തുണച്ച് ,ഒരു പ്രമുഖ പത്ര സ്ഥാപനത്തിന്റെ അപ്രീതി നേടാന്‍ അവരാരും തയാറായില്ല. മറ്റൊരു വസ്തുത ടോംസ് പിന്നീട് പറഞ്ഞതാണ്, ‘ഈ സമയത്തൊക്കെ എന്റെയൊപ്പം നില്‍ക്കേണ്ട കാര്‍ട്ടുണിസ്റ്റുകളുടെ സംഘടന മൗനം പാലിക്കുന്നത് എന്നെ വിഷമിപ്പിച്ചിരുന്നു’ . ടോംസ് ആത്മകഥയില്‍ എഴുതി.

ബോബനും മോളി കേസ് – മനോരമക്ക് അന്തിമ വിജയം
‘A Comic War in the Supreme Court of India’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യാ ടുഡെ വാര്‍ത്തയാക്കിയതോടെ ഈ കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയില്‍ ഇത്തരമൊരു പകര്‍പ്പവകാശ കേസ് ആദ്യമായിട്ടായിരുന്നു കോടതിയില്‍ വരുന്നത്. ആറു വര്‍ഷം നീണ്ട കേസില്‍ ഒടുവില്‍ ആശയം കാര്‍ട്ടൂണിസ്റ്റിന്റെതും വരയ്ക്കാനുള്ള അവകാശം പത്രസ്ഥാപനത്തിനുമെന്ന് കോടതി വിധിച്ചു.
പിറ്റേദിവസം തന്നെ മലയാള മനോരമ കാര്‍ട്ടുണിന്റെ സര്‍വ്വ അവകാശവും ടോംസിന് നല്‍കിക്കൊണ്ടുള്ള വാര്‍ത്ത മുന്‍പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു. അതോടെ കാര്‍ട്ടുണ്‍ വിവാദം അവസാനിച്ചു.

എന്‍ ആര്‍ എസ് ബാബു
കലാകൗമുദി പ്രസിദ്ധീകരിച്ച എം.പി. നാരായണ പിള്ളയുടെ പരിണാമം എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചപ്പോള്‍ നാണപ്പന്‍ അത് നിരസിച്ച് അക്കാഡമിയെ വെട്ടിലാക്കിയത് കലാകൗമുദി അവതരിപ്പിച്ചത് പഞ്ചതന്ത്രം കഥയിലെ പേണില്‍ കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലാണ് അക്കാഡമി എന്നായിരുന്നു. ഏറെ സംവാദങ്ങള്‍ക്ക് വഴി വെച്ച സംഭവമായിരുന്നു കലാകൗമുദിയില്‍ വന്ന ലേഖനങ്ങള്‍. ആദ്യം തൊട്ടെ, കലാകൗമുദിയുടെ വിജയ വഴികളില്‍ നല്ലൊരു പങ്കു വഹിച്ച പത്രപ്രവര്‍ത്തകന്‍ എന്‍. ആര്‍. എസ്. ബാബു എഴുതി. എം. ഗോവിന്ദന്‍ ഒരിക്കല്‍ സന്തോഷത്തോടെ പറഞ്ഞു. ‘എനിക്കൊരു നല്ല നോവല്‍ വായിക്കണമെന്നുണ്ടായിരുന്നു. ആനന്ദ് ആള്‍ക്കൂട്ടവുമായി വന്നപ്പോള്‍ ആ ആഗ്രഹം നേടി. നല്ലൊരു സിനിമ കാണണമെന്നുന്നായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ‘സ്വയംവരം’ ചെയ്തപ്പോള്‍ അതുമായി. നല്ലൊരു വാരിക കാണണമെന്നുണ്ടായിരുന്നു. കലാകൗമുദിയിലൂടെ അതും സാധിച്ചു.’

എം പി നാരായണ പിള്ളയും എംഎസ് മണിയും
പത്രങ്ങള്‍, ആനുകാലികങ്ങള്‍, വേഗത്തില്‍ അപ്രതൃക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ അരങ്ങ് വാഴുന്ന ഈ കാലത്ത് മലയാള വായനക്കാര്‍ക്ക് നവീന വായനാനുഭവം നല്‍കിയ കലാകൗമുദി 50ാം വയസിലേക്ക് എത്തിയത് മലയാള ആനുകാലിക ചരിത്രത്തിന്റെ അഭിമാന നിമിഷമാണ്. Kalakaumudi weekly celebrates its golden jubilee, marking 50 years of publication
Content Summary; Kalakaumudi weekly celebrates its golden jubilee, marking 50 years of publication
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.