പുഴുവിലെ കുട്ടന്‍ നമ്മുടെ പരിചയക്കാരനായിരുന്നു. നമ്മുടെ അയല്‍ക്കാരന്‍, നമുക്ക് മേല്‍ ജാതി തുപ്പിയ പ്രമാണി, അശ്ലീല സാന്നിധ്യമായി തോന്നിയിട്ടുള്ള പരിചയക്കാരന്‍, അയല്‍ ഫ്ളാറ്റുകാരന്‍, ബന്ധു, അധികാരി, സഹോദരന്‍, നമ്മളില്‍ പലരും തന്നെയും. അയാള്‍ വില്ലനാണ് എന്ന് നമുക്കറിയാം. അയാളിലെ വില്ലനെ രൂപപ്പെടുത്തുന്നത് എന്താണെന്നും. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി മറ്റൊരു ലോകത്താണ്. നമ്മുടെ ലോജിക്കുകള്‍ക്കും അറിവുകള്‍ക്കും അപ്പുറമുള്ള ഭ്രമാത്മകമായ ലോകത്ത്. പക്ഷേ കളങ്കാവലിലെ സ്റ്റാന്‍ലി ദാസ് നമ്മുടെ വീടുകളില്‍ നിന്ന് പുറപ്പെടുന്ന ഒരാളാണ്. ഭാര്യയ്ക്കും മകനുമൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കേ കാറെടുത്ത് പുറത്തിറങ്ങുന്ന ഒരാള്‍. ചോരയില്‍ ആറാടുന്ന, സൈക്കോപാത്തായി പെരുമാറുന്ന, വിചിത്ര സംഭാഷണങ്ങള്‍ നടത്തുന്ന, ആയുധങ്ങള്‍ മിനുക്കിക്കൊണ്ടിരിക്കുന്ന ഒരാളല്ല. സൗമ്യമായി സംസാരിക്കുന്ന, നന്നായി ചിരിക്കുന്ന, നന്നായി പ്രേമിക്കുന്ന, നല്ലവണ്ണം ചിത്രം വരയ്ക്കുന്ന സുന്ദരന്‍. ജോലി സ്ഥലത്ത് ഇന്നേവരെ ചീത്തപേരു കേള്‍പ്പിക്കാത്ത ആള്‍. കുടുംബസ്ഥന്‍. അയല്‍ക്കാരന്‍.
സൗമ്യമായി അയാള്‍ക്ക് സംസാരിക്കാനാകും. അയാള്‍ ഇരയെ സമീപിക്കുന്നത് തികഞ്ഞ അവധാനതയോടെയാണ്. നാം ആദ്യം കാണുമ്പോള്‍, 2005-ല്‍, അയാളത് ചെയ്യുന്നത് തന്നെ എത്രയോ തഴക്കത്തോടെയാണ്. 2012-ല്‍ എത്തുമ്പോഴേയ്ക്കും എത്രയോ തവണ അയാളത് ആവര്‍ത്തിച്ച് കാണുമെന്ന് നമുക്കറിയാം. തെല്ലും കുറ്റബോധമില്ലാതെ, എല്ലാ എലികളും ഏതെങ്കിലും ഒരു പരുന്തിന്റേയോ പാമ്പിന്റേയോ നായിന്റേയോ വായില്‍ ചെന്നു ചേരാനുള്ളതാണ് എന്ന പ്രകൃതിനിയമത്തിന്റെ സ്വഭാവികതയോടെ അയാള്‍ തന്റെ വേട്ട മുന്നോട്ട് കൊണ്ടുപോകുന്നു. ഇടയ്ക്കിടെ അയാള്‍ രീതികള്‍ മാറ്റുന്നുണ്ട്. പക്ഷേ, വേട്ടയിലല്ലാതെ മറ്റൊന്നിലും അയാള്‍ ഭ്രമിച്ച് പോകുന്നില്ല. ട്രോഫികള്‍ കളക്ട് ചെയ്യുന്നില്ല. റിസ്‌കുകളെടുക്കില്ല. തുടരുന്ന ഒരേയൊരു രീതി ഓര്‍മ്മയില്‍ നിന്ന് വരച്ച് വയ്ക്കുന്ന ചിത്രങ്ങളാണ്.
തിരുവനന്തപുരത്തിന്റെ തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള ഒരു വര്‍ഗീയ സംഘര്‍ഷം അന്വേഷിക്കാന്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ ചുമതലപ്പെടുത്തുന്ന നത്ത് എന്ന് വിളിക്കപ്പെടുന്ന ജയകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ആദ്യസീനില്‍ നാം വില്ലനായി കണ്ട സ്റ്റാന്‍ലിയുടെ മറുപുറം. ഒട്ടും സൗമ്യനല്ലാത്ത, ഗൗരവപ്രകൃതമേറിയ, കര്‍ക്കശക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍. നത്തെന്നാണ് വിളിക്കപ്പെടുന്നതെങ്കിലും ഉടുമ്പിന്റെ സ്വഭാവമാണയാള്‍ക്ക്. പിടിച്ചാല്‍ വിടാത്ത ടൈപ്പ്. ഒന്നിന് പിറകെ ഇറങ്ങിത്തിരിച്ചാല്‍ അതുമായി തിരിച്ച് വരുന്നയാള്‍.
ഒന്നാം ആക്ടില്‍ നായകനും വില്ലനും സെറ്റാണ്. നായകന്റെ രീതികളും വില്ലന്റെ മോഡസ് ഓപറാന്‍ഡിയും പ്രേക്ഷര്‍ക്ക് തിരിഞ്ഞു. ഇനി ആക്ട് രണ്ടാണ്. ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് നീണ്ട് നീണ്ടുപോകുന്ന അന്വേഷണത്തിലൂടെ വില്ലന്റെ പരിസങ്ങളിലേയ്ക്ക് പ്രവേശിക്കുന്ന നായകന്‍. കേരളത്തിനും തമിഴ്നാടിനും ഇടയില്‍ തമിഴിനും മലയാളത്തിനും ഇടയില്‍ നാഞ്ചിനാടിന്റെ ചെറുപട്ടണങ്ങളിലൂടെ ഉള്ള സഞ്ചാരം. ഒട്ടേറെ സ്ത്രീകള്‍. അവരുടെ ചെറിയ ജീവിതങ്ങള്‍. അവരുടെ ജീവിത പ്രതീക്ഷകള്‍. അവര്‍ക്ക് മേല്‍ പ്രണയത്തിന്റെ, കൂട്ടിന്റെ, രക്ഷയുടെ സൗമ്യമായ ചിരിയുമായി എത്തുന്ന ഒരാള്‍. അയാളുടെ ലോകത്തേയ്ക്ക് ഏതാണ്ട് നത്ത് പ്രവേശിക്കുന്ന സമയത്ത് നാം പാതി വഴി പിന്നിടും. അവിടെ നമുക്ക് ഒരു സര്‍പ്രൈസ് കാത്തിരിപ്പുണ്ട്.
മൂന്നാം ആക്ട് മുതല്‍ ഫൈനല്‍ ആക്ട് വരെ കാറ്റ് ആന്‍ഡ് മൗസ് വേട്ടകളല്ല സിനിമയുടെ രീതി. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന പോലീസ് പ്രൊസീജ്യര്‍ ആണ് സിനിമയുടെ സൗന്ദര്യം. ഒട്ടുമേ ധൃതിയില്ലാതെ, ഫയലുകളും രേഖകളും പരിശോധിച്ച്, പലയിടത്തും നേരിട്ട് പോയി മനുഷ്യരുമായി വീണ്ടും വീണ്ടും സംസാരിച്ച്, പതുക്കെ പതുക്കെ മുന്നേറുന്ന പ്രൊസീജ്യര്‍ പരിപാടി. അന്വേഷണ ഉദ്യോഗസ്ഥന്റെ വീടും കുടുംബവും വില്ലന്റെ വീടും കുടുംബവുമുണ്ട്. അവയെല്ലാം നരേറ്റീവുമായി ചേര്‍ന്നിരിക്കുമ്പോഴും അതിനെ വാര്‍പ്പ് മാതൃകയിലുള്ള പോലീസ്/ക്രിമിനല്‍ കളിക്കുപയോഗിക്കാതിരിക്കാനുള്ള ജാഗ്രതയും സിനിമയ്ക്കുണ്ട്. ഒരോരോ തെളിവുകളില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ചങ്ങലയായി നീങ്ങുന്ന അന്വേഷണരീതിയാണ് നരേറ്റീവിന്റെ കാതല്‍.
സ്വാഭാവികമായും സിനിമയുടെ അസ്തിവാരം സ്റ്റാന്‍ലി ദാസായി മാറിയ, മമ്മൂട്ടിയിലാണ്. രാക്ഷസനടനമെന്ന് രസികര്‍, ആരാധര്‍ പറയും. അത് തന്നെ. സൗമ്യതയാര്‍ന്ന ചിരിയില്‍ നിന്ന്, പ്രണയം നിറഞ്ഞ സംസാരത്തിന്റെ മാര്‍ദ്ദവത്തില്‍ നിന്ന് മനസാക്ഷിയുടെ ഒരു കോണില്‍ പോലും ദയയുടെ ഒരംശവും അവശേഷിക്കാത്തയാളായി മാറുന്ന ചാതുര്യം. പത്രം വായിക്കുമ്പോള്‍, സിഗരറ്റ് വലിച്ച് വളയങ്ങള്‍ വിടുമ്പോള്‍, ചിരിച്ച് നില്‍ക്കുമ്പോള്‍, അടുത്ത നിമിഷം എന്ത് ചെയ്യുമിയാള്‍ എന്ന് നാം ഭയക്കും. അയാളുടെ പരിസരങ്ങളെ കുറിച്ചോര്‍ത്ത് വേവലാതി തോന്നും. മമ്മൂട്ടിയാണിയാള്‍ എന്ന് മറന്ന് പോകും. പത്രത്തിലെ ചരമക്കോളം ആകാംക്ഷയോടെ നോക്കി മന്ദഹസിക്കുമ്പോള്‍, ഏറ്റവും സൗമ്യമായി പ്രണയിക്കുമ്പോള്‍ എന്തൊരു എന്തൊരു മനുഷ്യന്‍ എന്ന് തോന്നും. അഥവാ മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിന് വേണ്ടി യാതൊരു ഒത്തുതീര്‍പ്പുകളും ചെയ്യാത്ത, അണ്‍അപോളജറ്റിക് വില്ലനാണ് സ്റ്റാന്‍ലി. കൊലപാതകത്തിന്റെ സുഖമറിഞ്ഞവന്‍. ആ ലഹരിയുടെ അടിമയായ അടിമുടി വില്ലന്‍. വായില്‍ കറങ്ങുന്ന സിഗരറ്റും കണ്ണടയും മാത്രമല്ല, അയാളുടെ ഏറ്റവും സൗമ്യമായ നോട്ടവും നമ്മുടെ ഉള്ളിലൊരു അങ്കലാപ്പുണ്ടാക്കും. തമിഴും തിരുവനന്തപുരം മലയാളവും ചേര്‍ന്ന് സുഗമമായി ഒഴുകുന്ന സംഭാഷണ രീതികളില്‍ അന്നാട്ടുകാരനായി, അമ്പൂരിയുടെ തമിഴ്നാട് ഭാഗത്തുള്ള തന്റെ വേട്ടയിടം ഇരു ഭാഷകളുടെ ലോകത്തും നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ലി ദാസ് എന്ന റോള്‍ മമ്മൂട്ടിയെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
മമ്മൂട്ടിയെ പോലൊരു രാക്ഷസനടികറുടെ മുന്നില്‍ കണ്‍വിന്‍സിങ് ഹീറോ ആയി നില്‍ക്കേണ്ട ബാധ്യതയാണ് വിനായകനുള്ളത്. അത് ഭംഗിയായി നിറവേറ്റുന്നിടത്താണ് വിനായകന്റെ കരുത്ത്. അവസാനം ലോ ആംഗിള്‍ ഫ്രെയ്മില്‍ ഹീറോയായി സ്‌ക്രീന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വിനായകന് ഇരട്ടി കൈയ്യടി നല്‍കണമെന്ന് തോന്നും. സ്വന്തം റോള്‍ നിര്‍വ്വഹിക്കുക മാത്രമല്ല വിനായകന് ചെയ്യേണ്ടത്, ഇത് പോലൊരു മഹാനടന്റെ മുന്നില്‍, അതുക്കും മീതെയെന്ന മട്ടില്‍, നായകനായി നിവര്‍ന്ന് നില്‍ക്കുക കൂടിയാണ്. ആ ഇരട്ട ദൗത്യത്തിന്റെ മനോഹരമായ ആവിഷ്‌കാരം വിനായകന്‍ നടത്തുന്നുണ്ട്. ഗൗരവക്കാരനായ പോലീസ് ഓഫീസറുടെ വേഷം വിനായകനെ പോലെയൊരു സീസണ്‍ഡ് ആക്ടര്‍ക്ക് ഉറക്കത്തിലും ചെയ്യാവുന്നത്ര ലളിതമാണ്. പക്ഷേ ആ ഓഫീസറില്‍ നിന്ന് പെണ്‍മക്കളുടെ അച്ഛനും ദുരൂഹമായ വാശിയുള്ള നത്തുമായി വളരുക എന്നത് ചെറിയ പണിയല്ല. ചിത്രത്തിന്റെ പ്രമോഷനില്‍ വിനായകനെ ചേര്‍ത്ത് പിടിക്കുന്ന മമ്മൂട്ടി ആക്ടറെന്ന നിലയില്‍ വിനായകനോടുള്ള തന്റെ അപാരമായ ആദരവാണ് പ്രകടിപ്പിക്കുന്നത്. ആ ബഹുമാനമാണ് വാത്സല്യമായി നാം കണ്ടത്. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമുക്കത് വ്യക്തമാകും.
നായികമാര്‍ ഏറെയുണ്ട് സിനിമയില്‍. അവരുടെ പലരുടേയും സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും തികച്ചും നിര്‍ണായകങ്ങളായവയും നന്നായി അവതരിക്കപ്പെട്ടവയുമാണ് ഈ കഥാപാത്രങ്ങള്‍. രജിഷ വിജയനും ശ്രുതി രാമചന്ദ്രനും മുതല്‍ സുഹൃത്ത് നിസ വരെയുള്ളവളുടെ കൈവശം ഈ റോളുകള്‍ ഭദ്രം. കഥയുടെ റിയലിസ്റ്റിക് ട്രീറ്റ്മെന്റ് അവസാനത്തെ ആക്ഷന്‍ സീനുകളിലും വ്യക്തമാണ്. മമ്മൂട്ടി ഫാന്‍സിന് അത് മതിവരാന്‍ സാധ്യതയില്ല. പക്ഷേ ജിതിന്‍ കെ.ജോസ് എന്ന സംവിധായന്‍ ചിത്രത്തിന് വച്ചിരിക്കുന്ന മീറ്റര്‍ അവിടേയും കൃത്യമാണ്. മുജീബ് മജീദ് എന്ന യുവാവിന്റെ മ്യൂസിക് കൂടിയാകുമ്പോള്‍ കളങ്കാവലിന് കളമൊരുങ്ങി.
കളങ്കാവല്‍ തെക്കന്‍ കേരളത്തിലെ ഒരു പെര്‍ഫോമന്‍സ് ആണെന്ന് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി വിശദീകരിച്ച് കണ്ടു. ദാരുകനും കാളിയും തമ്മിലുള്ള പോരാട്ടം. ദുഷ്ട ശക്തിയായ ദാരുകന് മേലുള്ള കാളിയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ നാല് പതിറ്റാണ്ടായി എത്രയോ നായക വേഷങ്ങള്‍ കെട്ടിയാടിയിട്ടുള്ള, എത്രയോ രക്ഷക വേഷങ്ങള്‍ പോരാടിയിട്ടുള്ള നടന് ഇനി തന്നെ വെല്ലുവിളിക്കുന്ന വേഷങ്ങള്‍ മതി എന്ന നിശ്ചയം വന്നത് നമുക്ക് കാണാം. നാളെയൊരു കാലത്ത് മനുഷ്യര്‍ ഓര്‍മ്മ വയ്ക്കുന്ന റോളുകളാണ് വേണ്ടത്, 100 കോടിയുടേയും 500 കോടിയുടേയും ബ്രാഹ്‌മാണ്ഡങ്ങളല്ല എന്ന് അദ്ദേഹം കരുതുന്നത് അതി മനോഹരമാണ്. മലയാള സിനിമയെ വീണ്ടും വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന സിനിമകളാണ് ഈ ആലോചകളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നത്. തന്നെ തന്നെ വെല്ലുവിളിച്ച്, താന്‍ നടിച്ച് പോന്ന നായകരുടെ മറുപുറത്ത് നില്‍ക്കുന്ന കഥാപാത്രങ്ങള്‍. നായകരാണെങ്കില്‍, ഇതുവരെ ചെയ്തതൊന്നുമല്ലാത്ത, ലഭിച്ചിട്ടില്ലാത്ത, നടനാനന്ദങ്ങള്‍.
ആ തീരുമാനത്തിന്റെ കാലത്ത് സിനിമ കാണാന്‍ കഴിയുന്നുവല്ലോ എന്ന് ആഹ്ലാദിക്കുന്ന ഒരു പ്രേക്ഷകന്റെ സന്തോഷം രേഖപ്പെടുത്തുന്നു. നന്ദി.
Content Summary; Kalamkaval, malayalam movie review. Mammootty, vinayakan
This post was last modified on December 5, 2025 4:56 pm
Leave a Comment