UPDATES

കമണ്ഡല്‍ vs മണ്ഡല്‍ 3.0

ജാതി സെന്‍സസിന്റെ രാഷ്ട്രീയം

                       

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പായണ് ഇന്ത്യയില്‍ ഏറ്റവും അവസാനമായി ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് നടക്കുന്നത്. 1931-ല്‍. രാജ്യം സ്വതന്ത്രമായതിനു ശേഷം, 2011-ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സാമൂഹിക-സാമ്പത്തിക അടിസ്ഥാനത്തിലുള്ള ജാതി സെന്‍സസ് നടത്തിയെങ്കിലും, അഞ്ച് വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട സെന്‍സസ് റിപ്പോര്‍ട്ടില്‍ ജാതിസംബന്ധമായ കണക്കുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് നടക്കുകയും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്ന സംസ്ഥാനമായി ബിഹാര്‍ മാറുന്നത് ഇങ്ങനെയാണ്.

സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ ജാതി സര്‍വേയുടെ കണ്ടെത്തലുകള്‍ പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ 63 ശതമാനത്തിലധികം ഒബിസി(Other backward caste), ഇബിസി(extremely backward caste) വിഭാഗങ്ങളാണ്. സര്‍വേ പ്രകാരം ബിഹാറിലെ നിലവിലെ ജനസംഖ്യ(13,07,25,310)യില്‍ ഒബിസികള്‍ 3,54,63,936 (27%), ഇബിസികള്‍ 4,70,80,514 (36%) ആണ്. സംസ്ഥാന വികസന കമ്മീഷണര്‍ വിവേക് സിംഗ് പുറത്തുവിട്ട സര്‍വേ പ്രകാരം ജനറല്‍ വിഭാഗം മൊത്തം ജനസംഖ്യയുടെ 15.5% മാത്രമാണ്.

സര്‍വ്വേയുടെ രാഷ്ട്രീയ പ്രാധാന്യം
ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ ലാഭം വലുതാണ്. പ്രതിപക്ഷ സഖ്യമായ’ ഇന്ത്യ’യില്‍ മാത്രമല്ല, 2024-ലെ പൊതു തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനൊരുങ്ങിയിരുന്ന ബിജെപിയിലും തിരയിളക്കം ഉണ്ടാക്കാന്‍ നിതീഷിന് കഴിയും. രാജ്യഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്ന ഹിന്ദി ഹൃദയ ഭൂമികയിലെ സുപ്രധാന ഭാഗമായ ബിഹാറില്‍ നിതീഷ് വലിയൊരു വോട്ട് ബാങ്ക് സ്വന്തമാക്കിയാല്‍, എന്‍ഡിഎയ്ക്കും ‘ ഇന്ത്യയ്ക്കും’ അയാള്‍ ഒഴിച്ചുനിര്‍ത്താനാവാത്ത നേതാവായി മാറും.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ ജാതി സര്‍വ്വേയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തി നിലനിര്‍ത്തുന്നതിനോടൊപ്പം, ബിജെപിയോടുള്ള ദേശീയ എതിര്‍പ്പ് പ്രകടമാക്കുന്നതിനും സര്‍വ്വേ സഹായിക്കും. ജാതി സര്‍വ്വേയിലൂന്നിയ രാഷ്ട്രീയ അജണ്ട 2022 മുതല്‍ മുഖ്യമന്ത്രി പിന്തുടരുന്നുണ്ട്.

ഏകീകൃത സിവില്‍ കോഡ്, അടുത്ത വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങള്‍ ബി.ജെ.പിയുടെ ലോക്സഭാ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്, ഇതിന് ബദലായി നിതീഷ് ‘സാമൂഹിക നീതി’, ‘നീതിയോടെയുള്ള വികസനം’ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കും. അതിനായി സര്‍വേ ഡാറ്റ ഉപയോഗിക്കാനാണ് സാധ്യതയെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നത്.

എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്നില്ല?
2014-ലെയും 2019-ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുടച്ചുമാറ്റികൊണ്ടുള്ള ബി.ജെ.പിയുടെ വിജയത്തിന്റെ ഏറ്റവും പ്രധനപ്പെട്ട ഘടകങ്ങളില്‍ ഒന്ന് പിന്നാക്ക ജാതികളില്‍ (ഒ.ബി.സി.)പെടുന്ന വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താനായതാണ്. ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണക്കുന്ന സവര്‍ണ ഹിന്ദു വിഭാഗങ്ങളുടെ മേല്‍ തങ്ങളുടെ നില ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം തന്നെ ഗണ്യമായ അളവില്‍ ന്യൂനപക്ഷങ്ങളായ ദളിതരെയും ആദിവാസികളെയും കൂടി പിന്നില്‍ അണിനിരത്താനായത് ബിജെപിയുടെ വിജയത്തിന്റെ ആക്കം കൂട്ടി. എന്നിരുന്നിട്ടും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സംബന്ധിച്ച് വിമുഖത കാണിക്കുന്നതില്‍ രാജ്യവ്യാപകമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കുക ജാതി സെന്‍സ് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

1990-കളുടെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസികള്‍ക്ക് 27% സംവരണം നല്‍കി വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി. ഇന്ത്യയിലെ, പ്രത്യേകമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറക്കാന്‍ കെല്‍പ്പുള്ളതായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്നു വരുന്നതിലേക്കും ഇത് വഴിവച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, വി പി സിങ്ങിനും മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതോടെ ലഭിച്ച ഖ്യാതി മറികടക്കാനായി എല്‍ കെ അദ്വാനിയുടെയും അടല്‍ ബിഹാരി വാജ്പേയിയുടെയും നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍ നടന്നിരുന്നു.1990 കളുടെ അവസാനത്തില്‍ മണ്ഡല്‍ രാഷ്ട്രീയത്തെ കമണ്ഡല്‍ രാഷ്ട്രീയം എന്നറിയപ്പെട്ട ബദല്‍ ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ചാണ് അവര്‍ നേരിട്ടത്. ഇതിന്റെ ശ്രമഫലമെന്നോണം 1998, 1999 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 35.5%, 33.9% വോട്ടുകള്‍ നേടി ബിജെപിക്ക് കനത്ത വിജയം കൊയ്യാനായി.

സഖ്യകക്ഷികളുമായി ചേര്‍ന്ന് ബിജെപി എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ശക്തമായി തുടര്‍ന്നു പോന്നിരുന്നു. 2004ലും 2009 ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് 39.3 വോട്ടുകള്‍ നേടിയിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 31% വോട്ടുകള്‍ക്ക് ബിജെപി ഭൂരിപക്ഷം നേടിയപ്പോഴും പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് 39% വോട്ട് നേടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വന്‍തോതില്‍ സ്വാധീനം ചെലുത്തിയത്.

പ്രാദേശിക പാര്‍ട്ടികളുടെ പ്രധാന പിന്തുണയായിരുന്ന ഈ വോട്ടര്‍മാര്‍ ബിജെപി പാളയത്തിലെത്തി, വോട്ട് വിഹിതം 26.4% ആയി കുറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ലോക്നീതി-സിഎസ്ഡി നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22% ഒബിസികള്‍ ബിജെപിക്ക് വോട്ട് ചെയ്തപ്പോള്‍, 42% പ്രാദേശിക പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തു. എന്നാല്‍ ഒരു ദശാബ്ദത്തിനുള്ളില്‍, ഒബിസികള്‍ക്കിടയിലുള്ള ബിജെപിയുടെ പിന്തുണ അടിത്തറയില്‍ ഗണ്യമായ മാറ്റം വന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 44% ഒബിസികള്‍ ബിജെപിക്ക് വോട്ട് ചെയ്തപ്പോള്‍ 27% മാത്രമാണ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തത്.

പ്രധാനമായും ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്ക് മുന്‍ഗണ ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ തെരഞ്ഞെടുക്കുമ്പോള്‍ അതേ ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്കുള്ള പരിഗണ നഷ്ടമാവുന്നുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 11% ഒബിസികള്‍ മാത്രമാണ് ആര്‍ജെഡിക്ക് വോട്ട് ചെയ്തത്, എന്നാല്‍ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29% ഒബിസികള്‍ പാര്‍ട്ടിക്കു വോട്ട് ചെയ്തു. യുപിയില്‍, 2019 ല്‍, 14% ഒബിസി മാത്രമാണ് സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്, എന്നാല്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 29% ഒബിസികളുടെ വോട്ട് തെരഞ്ഞെടുപ്പില്‍ മോശമായ തിരിച്ചടി നേരിട്ടെങ്കിലും സമാജ്‌വാദി പാര്‍ട്ടിക്ക് നേടാനായി. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മറ്റ് വിവിധ സംസ്ഥാനങ്ങളിലെ ഒബിസികള്‍ക്കിടയിലെ വോട്ടിംഗ് തെരഞ്ഞെടുപ്പുകളില്‍ സമാനമായ വ്യത്യാസം കാണാനാകും.

അഖിലേന്ത്യ ജാതി സെന്‍സസ് നടത്തുന്നതിന് ബിജെപി വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം, വിവിധ ജാതികളെ, പ്രത്യേകിച്ച് ഒബിസി ജാതികളെ കുറിച്ച് ഉയര്‍ന്നുവരുന്ന കണക്കുകള്‍, ഭരണകക്ഷിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുമെന്ന ഭയത്താലാകാം. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി ക്വാട്ട പുനഃക്രമീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ബി.ജെ.പിയെ വെല്ലുവിളിക്കാനുള്ള അജണ്ട കണ്ടെത്താന്‍ പാടുപെടുന്ന പല പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇത് വഴി നേട്ടങ്ങള്‍ ഉണ്ടയാകാമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നു.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു കണക്കെടുപ്പിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങില്ല. ബിഹാര്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേശീയ ജാതി സെന്‍സസ് നടത്താനുള്ള ബിജെപിയുടെ മേല്‍ സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കും. മണ്ഡല്‍ റിപ്പോര്‍ട്ട് വരെ ബിഹാര്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സവര്‍ണ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ‘പൊതുജനസംഖ്യ’ ഏകദേശം 15.5 ശതമാനമാണ്. ബിജെപിയുടെ ഹിന്ദുത്വ അല്ലെങ്കില്‍ ‘കമണ്ഡല്‍’ രാഷ്ട്രീയത്തിനെതിരായ മണ്ഡല്‍ 3.0 ആയി നിതീഷ് ജാതി സര്‍വേയെ ഉപയോഗിക്കാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നു.

ജാതി സര്‍വ്വേ കേരളത്തില്‍ നടപ്പിലാക്കുമോ?
നായര്‍, ബ്രാഹ്‌മണ, ക്ഷത്രിയ ജാതികളെ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേരള സര്‍ക്കാരിന് ഒരു സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് (SECC) നടത്തേണ്ടി വന്നേക്കാമെന്ന് ദി ഹിന്ദു പറയുന്നുണ്ട്. കേരളത്തിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക-സാമ്പത്തിക പഠനത്തിന്റെ അന്തിമരൂപം തീരുമാനിക്കാനും കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പൊതുവിധിയില്‍ ആവശ്യപ്പെട്ടിരുന്നു. 2011-ല്‍ നടന്ന ദേശീയ സെന്‍സസിന്റെ ജാതിവിവരങ്ങള്‍ പങ്കുവെക്കാന്‍ കേന്ദ്രം വിസമ്മതിച്ചതോടെ സംസ്ഥാനം ഒരു പ്രത്യേക സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടപ്പിലാക്കണ്ടിവരും. 2011-ലെ SECC-യുടെ ഡാറ്റ ആധികാരമില്ലാത്തതിനാലാണ് വിവരങ്ങള്‍ പുറത്തു വിടാന്‍ കേന്ദ്രം തയ്യറല്ലത്തതെന്ന് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍, കേരളത്തില്‍ ഈഴവ, ധീവര, വിശ്വകര്‍മ, ലത്തീന്‍ കത്തോലിക്ക, മുസ്ലീം തുടങ്ങി 84 ജാതികള്‍ സംസ്ഥാനത്ത് മറ്റ് പിന്നാക്ക വിഭാഗങ്ങളിലുണ്ട്. എന്നിരുന്നാലും, SECC യുടെ പുനരവലോകനം നടത്തുന്നതിനും തൊഴില്‍ സംവരണത്തിനും, പ്രവേശനത്തിനും അര്‍ഹതയുണ്ടാകുന്നതിനും ജാതി സെന്‍സസ് നടപ്പിലാക്കേണ്ടത് ആവിശ്യമാണ്.

Share on

മറ്റുവാര്‍ത്തകള്‍