June 04, 2026 |
Avatar
അമർനാഥ്‌
Share on

ചിത്രകഥകൾ അനശ്വരമാക്കി കണ്ണാടി വിശ്വനാഥൻ യാത്രയായി 

ഇരുമ്പുകൈ മായാവി, സി.ഐ.ഡി മൂസ, സി.ഐ.ഡി മഹേഷ് തുടങ്ങിയ നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവായ
കണ്ണാടി പി. വിശ്വനാഥൻ നായർ തന്റെ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ കഥാലോകത്ത് നിന്ന് വിടവാങ്ങി.

ചിത്രകഥകളിൽ നിന്ന് ഇറങ്ങി വന്ന അനശ്വര കഥപാത്രങ്ങളായ, ‘ഇരുമ്പു കൈ മായാവി’യെപ്പോലെ, ‘സി.ഐ.ഡി മൂസ’യെപ്പോലെ, പറക്കുന്ന ‘ഡിക്റ്ററ്റീവ് മഹേഷി’നെപ്പോലെ, മൂന്നു തലമുറ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച പേരുകളായിരുന്നു കണ്ണാടി വിശ്വനാഥനും അച്യുതൻ ബുക്ക് ഹൗസും. 70-കളുടെ ആദ്യം മുഴുനീള ചിത്രകഥകളുമായി ആബാലവൃദ്ധം മലയാളവായനക്കാരെ രസിപ്പിച്ച എഴുത്തുകാരനും പ്രസാധക സ്ഥാപനവുമായിരുന്നു അത്. 1972-ൽ മഴുനീള ചിത്രകഥയെന്ന പേരിൽ പാലക്കാട് കണ്ണാടിയിലെ അച്യുതൻ ബുക്ക് ഹൗസ്, ‘നിയോ കോമിക്സ്’ പത്തു വർഷം കൊണ്ട് 125 ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രകഥകൾ പുറത്ത് കൊണ്ടുവന്നു. 70-കളിലെ മലയാള സിനിമയിലെ അടിയിടി പടങ്ങളേയും  സി.ഐ.ഡി പടങ്ങളേയും അപേക്ഷിച്ച് ജനമനസ്സിൽ ഇന്നും അനശ്വരമായി നിലനിൽക്കുന്നവയാണ്  ഈ ചിത്രകഥകളും അതിലെ ഡയലോഗുകളും സി.ഐ.ഡി കളും.

മുഴുനീള ചിത്രകഥയുടെ ഇംപ്രിന്റ്

ഏഴുപതുകളിൽ പാലക്കാടിനടുത്ത കണ്ണാടിയിൽ എ അച്യുതൻ എന്നൊരു പത്ര ഏജൻ്റ് തുടങ്ങിയ ‘അച്യുതൻ ബുക്ക് ഹൗസ്’ ഒരു രൂപക്ക് ചെറുകിട നോവൽ പുസ്തകങ്ങൾ അച്ചടിച്ച് വിറ്റിരുന്നു. 20 വർഷത്തോളം മദ്രാസിൽ തുന്നൽ ജോലികൾ ചെയ്തിരുന്ന പി വിശ്വനാഥൻ മദ്രാസ് വിട്ട് സ്വദേശമായ കണ്ണാടിയിൽ വന്ന് ഒരു തയ്യൽക്കട ആരംഭിച്ചു. അതിൻ്റെ തൊട്ടടുത്തായിരുന്നു അച്യുതൻ ബുക്ക് ഹൗസ്. സ്വാഭാവികമായും അവർ രണ്ടു പേരും സുഹൃത്തുക്കളായി.

കണ്ണാടി വിശ്വനാഥൻ എന്ന പി വിശ്വനാഥൻ നായർ

മലയാളത്തിൽ ജനപ്രിയ വാരികളിൽ നോവലുകൾ പൊടി പൊടിച്ച് പ്രചരിക്കുന്ന കാലമായിരുന്നു അത്. മനോരമ വാരിക, മനോരാജ്യം, ജനയുഗം തുടങ്ങിയവയിൽ കാർട്ടൂണുകൾക്ക് മികച്ച സ്ഥാനവും വൻ  അംഗീകാരവുമാണുണ്ടായിരുന്നത്. ചിത്രകഥകൾക്ക് സ്ഥാനം വിരളമായിരുന്നു. ടോംസിൻ്റെ ബോബനും മോളിയും പി.കെ മന്ത്രിയുടെ പാച്ചു കോവാലനും തുടങ്ങിയവ  ജനപ്രീതി നേടിയവയാണെങ്കിലും 

അവ ചിത്രകഥകളായി പരിഗണിച്ചിരുന്നില്ല. പിന്നെയുള്ളത് കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ ബാലരമ, ബാലയുഗം തുടങ്ങിയവയിലെ ചിത്രകഥകളാണ്. അവ പുരാണ-പഞ്ചതന്ത്ര-സന്മാർഗചിത്ര കഥകളായിരുന്നു. പുസ്തക രൂപത്തിൽ മലയാളത്തിൽ ഡിക്ടറ്റീവ് നോവലുകൾ ധാരാളം പ്രചരിച്ചിരുന്നെങ്കിലും ചിത്രകഥകൾ ഇല്ലായിരുന്നു.

മലയാളത്തിലും തമിഴിലും സി.ഐ.ഡി പടങ്ങൾ തകർത്തോടുന്ന കാലത്താണ് അവയുടെ ജനപ്രീതി കണ്ട് 1971-ൽ ശിവകാശിയിൽ നിന്ന് എ സുന്ദര പാണ്ഡ്യൻ എന്നൊരാൾ “മുത്തു കോമിക്സ്” ആരംഭിച്ചത്. ആദ്യ ചിത്രകഥ  “ഇരുമ്പുകൈ മായാവി”യായിരുന്നു. 128 പേജുകളുള്ള പുസ്തകത്തിന് 90 പൈസയായിരുന്നു വില (അന്ന്  ഒരു പാക്കറ്റ് വിൽസ് സിഗറ്റിന് വില ഒരു  രൂപയാണ്). എന്നാൽ, തമിഴിൽ ഹിറ്റായ ഇരുമ്പ് കൈ മായാവി ചിത്രകഥ ഒറിജനൽ ആയിരുന്നില്ല. വിദേശ ഇറക്കുമതിയായിരുന്നു. അത് വൻ ഹിറ്റായി വിറ്റഴിയുകയും ചെയ്തു.

‘ഇരുമ്പുകൈ മായാവി’യുടെ തമിഴ് പതിപ്പ്

1962 ഒക്ടോബർ മാസം ഇംഗ്ലണ്ടിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് വീക്കിലിയുടെ അഡ്വൻജറസ് പരമ്പരയിലെ ഏറ്റവും പ്രസിദ്ധി നേടിയതും വിറ്റഴിഞ്ഞതുമായ ‘The Steel Claw’ ആണ് തമിഴിലെ ‘ഇരുമ്പ് കൈ മായാവി’ യായി വേഷം മാറിയത്.

ഒരു ലബോറട്ടറി അപകടത്തിൽ വലതു കൈ നഷ്‌ടപ്പെട്ട ലൂയിസ് ക്രാൻഡൽ അതിന് പകരം പിന്നീട് ഒരു കൃത്രിമ ലോഹ കൈ വെച്ച് പിടിപ്പിച്ച് ഉപയോഗിച്ചു. വളരെ സവിശേഷമായ ഒരു സിദ്ധിയാണ് അദ്ദേഹം അതിലൂടെ നേടിയത്. കൃത്രിമ കയ്യിൽ വൈദ്യുതി കടത്തിവിട്ടാൽ ലൂയിസിന് അപ്രത്യക്ഷനാവാൻ സാധിക്കും.

സമൂഹത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിനായി തന്റെ പുതിയ ശക്തികൾ ഉപയോഗിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ ‘ഷാഡോ സ്ക്വാഡ്’ എന്ന പേരിൽ ഒരു ബ്രിട്ടീഷ് രഹസ്യ-സേവന-ചാരവൃത്തി ഏജൻസിയിൽ ചേർന്നു. ഓരോ വിരലിലും വിവിധതരം ആയുധങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിരുന്ന ലൂയിസ് ക്രാൻഡൽ തൻ്റെ ഉരുക്ക് നഖവും അദൃശ്യനാവാനുള്ള ശക്തിയും ഉപയോഗിച്ച്  വിവിധ തരം  കുറ്റവാളികളെ നേരിടുന്നതാണ് കഥ. ഈ വീരസാഹസിക കഥ ഒരുപാട് വായനക്കാർക്ക് ഇഷ്ടപ്പെട്ടു.    

തമിഴ് ചിത്രകഥ ‘മുത്തു’വിൽ നിന്ന് മലയാളത്തിൽ അച്ചടിക്കാൻ പകർപ്പവകാശം വാങ്ങിയ കണ്ണാടി വിശ്വനാഥൻ-അച്യുതൻ കൂട്ടുകെട്ട് ചരിത്രം സൃഷ്ടിച്ചു. 1972-ൽ കാൽ ലക്ഷം കോപ്പികൾ അച്ചടിച്ചു കൊണ്ടാണ് ഇരുമ്പുകൈയ്യുടെ ആദ്യലക്കം മലയാളത്തിൽ പുറത്തിറങ്ങിയത്.

നിയോ കോമിക്‌സിലൂടെ പുറത്ത് വന്ന ‘മലയാള ഇരുമ്പു കൈ മായാവിക്കഥകൾ’ വായനക്കാർ രണ്ടു കൈയ്യും  നീട്ടി സ്വീകരിച്ചു. അന്നത്തെ  മലയാള ജനപ്രിയ വാരികകളുടെ പ്രചാരം ഈ ചിത്രകഥക്ക് കിട്ടി.

മലയാളത്തിലെ ‘ഇരിമ്പുകൈ മായാവി’യിൽ നിന്ന്

യന്ത്ര മനുഷ്യരെ ഉപയോഗിച്ച് ലിയനാർഡോ ഡാവിൻഞ്ചിയുടെ ‘മോണാലിസ’ മോഷ്ടിക്കുന്ന പോൾ പ്രഭുവിനെ പാരീസിൽവെച്ച് മായാവി പിടികൂടുന്ന വീരചരിതം കറുപ്പും വെളുപ്പുമായ പടങ്ങളിൽ മലയാളത്തിൽ തെളിഞ്ഞു. ‘മഞ്ഞുകട്ടരഹസ്യം’, ‘സർപ്പദ്വീപ്’, ‘ഫ്ളൈറ്റ് നമ്പർ 73’ എന്നീ കഥകൾ കൂടി ഇരുമ്പ് കൈ മായാവിപരമ്പരയിൽ മലയാളത്തിൽ പുറത്തിറങ്ങി.

തമിഴിലെ പൊന്നി കോമിക്‌സിൽ നിന്ന് പകർപ്പവകാശം വാങ്ങിയ കണ്ണാടി വിശ്വനാഥൻ-അച്യുതൻ കൂട്ടുകെട്ട് പിന്നീട് ചിത്രകഥകളുടെ പുതിയ ചരിത്രം ആരംഭിച്ചു. ലണ്ടനിൽ ജനപ്രിയ ചിത്രകഥാ പരമ്പര പുറത്തിറക്കുന്ന അലക്സ് വൈറ്റ് ആന്റ് കമ്പനി ലിമിറ്റഡിന്റെ സാഹസിക ചിത്രകഥകളാണ് പൊന്നി കോമിക്സ് തമിഴിൽ അച്ചടിച്ച് പുറത്തിറക്കിയത്. അത് തന്നെ മലയാളത്തിലും വന്നു . 

ഇരുമ്പുകൈ മായാവി അദൃശ്യനാകുന്നു

അമേരിക്കയിലെ വാട്ടർ ഗെയ്റ്റ് സംഭവവും, ബർമുഡാ ട്രയാങ്കിളുമൊക്കെ പ്രമേയമായ ചിത്രകഥകൾ അങ്ങനെ  മലയാളത്തിലെത്തി. തമിഴ് ചിത്രകഥയിലെ പടങ്ങൾക്ക് വിശ്വനാഥൻ മലയാള ഡയലോഗുകൾ എഴുതിച്ചേർത്തു. 

യുദ്ധവിമാനങ്ങൾ ആകാശത്ത് പറന്ന് ഏറ്റുമുട്ടുന്നതൊക്കെ ചിത്രീകരിച്ച ‘റെഡ് ആർമി’ എന്ന ചിത്രകഥയിൽ   വിശ്വനാഥൻ എഴുതിയ ഡയലോഗുകൾ ഹിറ്റായി(Lone Fighter എന്ന ചിത്രകഥയാണ് മലയാളത്തിൽ റെഡ് ആർമി ആയത്). വെടിയേറ്റ് തകർന്ന, പറക്കുന്ന, വിമാനത്തിൽ നിന്ന് വൈമാനികൻ പാരച്യൂട്ടില്ലാതെ ചാടുന്നു. ‘6000 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണെങ്കിലും ഭാഗ്യമെന്നേ പറയേണ്ടൂ വീണതൊരു പുൽത്തകിടിയിൽ ആയതിനാൽ അയാൾ രക്ഷപ്പെട്ടു’ തുടങ്ങിയ ഇ-ഡയലോഗുകൾ വായനക്കാർ വായിച്ചാഹ്ലാദിച്ച് മനസ്സിൽ എന്നും കൊണ്ടു നടന്നു. ഒരു വെടിക്കെട്ടിലോ സ്ഫോടനത്തിലോ മലയാളി ഒരിക്കലും കേൾക്കാത്ത വിസ്ഫോടന ശബ്ദം- “ടമാർ പഠാർ”എന്നൊക്കെ ഈ ചിത്രകഥകളിൽ വായിച്ച് മനസിൽ ആഹ്ലാദത്തോടെ എന്നും  കൈയ്യടിച്ചു. ആ ഡയലോഗുകൾ ഇന്നും സജീവമായ നർമ്മശകലമായി മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നു. വെള്ളിത്തിരയിലെ കലക്കൻ സി.ഐ.ഡി-കളായ നസീറിനും എം.ജി.ആർ-നും തെലുങ്ക് പട്ടത്തിലെ സി.ഐ.ഡി രാജ്കുമാറിനും കിട്ടിയ അംഗീകാരം ചിത്രകഥയിലെ അപസർപ്പകരായ മൂസക്കും മഹേഷിനും കിട്ടി. 

കണ്ണാടി വിശ്വനാഥൻ്റെ പ്രശസ്തമായ ഒരു ചിത്രകഥാ ഡയലോഗ്

“ശിവകാശി” ചിത്രകഥയിലെ ഡയലോഗിൽ തമിഴ് ചുവ രുചിച്ചത് അക്കാലത്തെ വായനക്കാർ സന്തോഷത്തോടെ സ്വീകരിച്ചു എന്നതാണ് ഈ മുഴുനീള ചിത്രകഥയുടെ ഒരു സവിശേഷത. ‘മൂരാരി കോപാക്രാന്തനായി’ തുടങ്ങിയവ വായക്കാർക്ക് രസിച്ചു. തൃശ്ശൂരിലെ നടവരമ്പ് തീനാളം പ്രസ്സിലും വലിയങ്ങാടി ചിത്രാപ്രസ്സിലുമൊക്കെയാണ് ഈ ചിത്രകഥകൾ അച്ചടിച്ചത്.

കാംഗോദ്വീപിലെ വജ്രങ്ങളും ധാതുനിക്ഷേപവും സ്വന്തമാക്കാൻ, ഒരു കൊള്ളസംഘം  കൃത്രിമബീജസങ്കലനത്തിലൂടെ സൃഷ്ടിച്ച യന്ത്രപ്പല്ലികളെ തകർത്തുകൊണ്ട് മൂസ പ്രത്യക്ഷപ്പെട്ടു, സി.ഐ.ഡി മൂസ! ‘ദേ, വെടിയുണ്ട വരുന്നു മാറിയേക്കാം’ എന്ന മൂസയുടെ ആത്മഗതത്തോടെയുള്ള ഡയലോഗ് എഴുതിയ കണ്ണാടി വിശ്വനാഥൻ പോലും വിചാരിച്ചിരിക്കില്ല മൂസയുടെ ഇടി കൊണ്ട വില്ലന്മാർ ‘അയ്യോ, ഞാൻ ചത്തേ’, എൻ്റെ പല്ലെല്ലാം പോയേ’ എന്നൊക്കെ നിലവിളിച്ചത് ചരിത്രത്തിൽ അനശ്വരസ്ഥാനം പിടിക്കുമെന്ന്. 

കണ്ണാടി വിശ്വനാഥൻ്റെ ചിത്രകഥയിലെ ഒരു രംഗം

പിന്നീട്, ഹിറ്റ് ചിത്രമായി മാറിയ ‘സി.ഐ.ഡി മൂസ’ യിലെ നായക കഥാപാത്രത്തിനായി കണ്ണാടി വിശ്വനാഥൻ്റെ കഥാപാത്രത്തിന്റെ പേരാണ് ഉപയോഗിച്ചത്.  ‘ഒന്നിനെയും കൂസാത്ത ഒരാൾ. അത്തരത്തിലൊരാളെ എനിക്ക് അറിയാമായിരുന്നു. അയാളുടെ പേരാണ് ഈ ചിത്രകഥയെഴുതിയപ്പോൾ സി.ഐ.ഡിക്ക് നൽകിയത് അതാണ്  സി.ഐ.ഡി ‘മൂസ’’. ഒരു അഭിമുഖത്തിൽ കണ്ണാടി വിശ്വനാഥൻ ഓർമിച്ചു. തൻ്റെ കഥാപാത്രമായ “മൂസയെ” അനുവാദം വാങ്ങാതെ ചലച്ചിത്രമാക്കിയതിനെതിരെ എന്തുകൊണ്ടാണ് കോടതിയിൽ പോകാത്തത് എന്ന ചോദ്യത്തിന് ‘ സിനിമയിലൂടെ  ആളുകൾ ഇപ്പോഴും എൻ്റെ കഥാപാത്രത്തെ ഓർക്കുമല്ലോ, അത് തന്നെ വലിയ കാര്യമല്ലെ’  എന്നാണ് കണ്ണാടി വിശ്വനാഥൻ മറുപടി നൽകിയത്.

സിനിമയിലെ  സി.ഐ.ഡി  കഥാപാത്രമായ  മൂലം കുഴിയിൽ  സഹദേവൻ എന്ന പേരിൻ്റെ ചുരുക്കമാണ് മൂസ. ചിത്രകഥയുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും അതിലെ ചില സംഭാഷണങ്ങളായ, ‘വെടിയുണ്ടയല്ലേ വരുന്നത്, മാറിക്കളയാം’, ‘ടമാർ… പഠാർ’ എന്നിവയൊക്കെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഡയലോഗിൻ്റെ  പൂർവ്വചരിത്രമറിയാതെ ഭൂരിപക്ഷം പ്രേക്ഷകരും സിനിമ ആസ്വദിക്കുന്നതും സിനിമയെ വലിയ ചലച്ചിത്ര വിജയമാക്കിത്തീർത്തതും മലയാളികൾ കണ്ടു.

കണ്ണാടി വിശ്വനാഥൻ്റെ ചിത്രകഥയിലെ സി.ഐ.ഡി മൂസ

ഈ മുഴു നീള ചിത്രകഥയിലെ മറ്റൊരു താരമാണ് പറക്കും സി.ഐ.ഡി  മഹേഷ്. സൂപ്പർമാനെ അനുകരിച്ച് വന്ന കഥാപാത്രം. ഇയാൾ തൻ്റെ  അരയിലെ ബെൽറ്റിൽ ഒരു സ്വിച്ച് അമർത്തിയാൽ പറക്കാനാരംഭിക്കുന്നു. ‘അപായ ആന’ എന്ന ചിത്രകഥയിൽ നിരവധി വനവാസികളെ ചവിട്ടിക്കൊന്ന ഒരു അപകടകാരിയായ ഒറ്റയാൻ ആനയെ വകവരുത്താൻ വനം വകുപ്പിൻ്റെ അപേക്ഷ പ്രകാരം പറക്കും സി.ഐ.ഡി മഹേഷ് കാട്ടിൽ എത്തുന്നു. 

ആനയെ വെടിവെയ്ക്കാൻ ഗവൺമെൻ്റ് നിയോഗിച്ച ഒരു വേട്ടക്കാരൻ്റെ നിഗൂഢ രഹസ്യം  അയാൾ മനസ്സിലാക്കുന്നു. ഈ വേട്ടക്കാരൻ കൂടെയുള്ള മറ്റുരണ്ട് വേട്ടക്കാരെ ചതിക്കുകയും  ഒറ്റയാൻ അവരെ വധിക്കുന്നത് ഫിലിം ക്യാമറയിൽ പകർത്തുകയും ചെയ്തു. ഇത്തരം ഫിലിമുകൾ വിദേശത്തേക്ക് വിൽക്കുന്ന ഒരു സംഘത്തിലെ അംഗമാണ് അയാൾ. ഒടുവിൽ ആനയുടെ മുന്നിൽ അകപ്പെട്ട  ഈ വേട്ടക്കാരനെ സി.ഐ.ഡി മഹേഷ്  രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന വേട്ടക്കാരനെ ചവിട്ടികൊല്ലുന്നു. കഥയുടെ അവസാനം സി.ഐ.ഡി മഹേഷ് പറന്നു ചെന്ന് കുന്തം കൊണ്ട്  മസ്തകത്തിൽ കുത്തി ആനയെ വധിക്കുന്നു. യുക്തിക്ക് സ്ഥാനമൊന്നുമില്ലെങ്കിലും സൂപ്പർമാൻ്റെയോ സ്‌പൈഡർമാൻ്റെയോ സിനിമ കാണുന്ന കൗതുകത്തോടെ ആർക്കും വായിച്ചു രസിക്കാം എന്നതായിരുന്നു കണ്ണാടി വിശ്വനാഥൻ-അച്യുതൻ കൂട്ടുകെട്ടിലുള്ള  മുഴുനീള ചിത്രകഥകളുടെ വിജയ രഹസ്യം.

ബോംബെയിൽ നിശബ്ദമായി നടന്ന ചിത്രകഥാ വിപ്ലവം വിജയിപ്പിച്ച്  ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ ആധിപത്യം സ്ഥാപിച്ച എഡിറ്ററായിരുന്നു അനന്ത പൈ. പിന്നീട് അമർ ചിത്ര കഥയുടെ സ്ഥാപകൻ.  അതിന് മുൻപ് ടൈംസ് ഓഫ് ഇന്ത്യ ചിത്രകഥകൾ അച്ചടിച്ച് വിൽക്കാൻ  തീരുമാനിച്ചപ്പോൾ  അതിൻ്റെ ചുമതല അനന്ത പൈക്കായിരുന്നു. 1964 മാർച്ചിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ‘ഫാൻ്റം ‘ ചിത്രകഥ ആദ്യമായി ‘ഇന്ദ്രജാൽ കോമിക്സ്’ എന്ന പേരിൽ പുറത്തിറങ്ങി. ഇന്ത്യയൊട്ടുക്ക്  പ്രചാരം  നേടിയതോടെ മാൻഡ്രേക്ക്, ഫ്ലാഷ് ഗോർഡൻ, റിപ്പ് കിർബി, ഇന്ത്യൻ നായകൻ, ബഹാദൂർ തുടങ്ങിയ ടൈറ്റിലുകൾ പിന്നാലെ വന്നു. പിന്നീട് പുറത്തിറക്കിയ ഇവയുടെ പ്രദേശിക ഭാഷാ പതിപ്പുകളും വൻ തോതിൽ വിറ്റഴിഞ്ഞു. അങ്ങനെ ബഹുവർണ്ണങ്ങളിൽ മനോഹരമായ അച്ചടിയിൽ 2.50 രൂപക്ക് ചിത്രകഥയുടെ ഒറ്റ കോപ്പി വിപണിയിൽ ലഭ്യമായി. 

1982-ൽ ഓണക്കാലത്ത് വൻ പരസ്യങ്ങളോടെ മലയാളത്തിൽ ‘ഇന്ദ്രജാൽ കോമിക്സ്’ എത്തിയതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രകഥകളായ  ‘സിഐഡി മൂസ’യും ‘പറക്കും മഹേഷും’ ‘ടമാർ പഠാറും’ ‘ഇരുമ്പ് കൈ മായാവി’യുമൊക്കെ ഇന്ദ്രജാലത്തിൽ എന്ന പോലെ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ഇതേ കാരണത്താൽ അക്കാലത്തെ പല ചെറുകിട ചിത്രകഥകളും നിന്നു. 

ഇന്ദ്രജാൽ കോമിക്സിനോട് പിടിച്ച് നിൽക്കാൻ അവയ്ക്കായില്ല. ബ്ലാക്ക് ആൻ്റ് വൈറ്റ് ആയിട്ടും ഇത്രയധികം ജനപ്രീതി നേടിയിട്ടും പിന്നീട് അതിനൊരു പുനർജന്മം ഉണ്ടായില്ല. വളരെ പ്രസിദ്ധമായ അമർ ചിത്രകഥ, 80-കളിൽ പൂമ്പാറ്റ ഗ്രൂപ്പ് മലയാളത്തിൽ ഇറക്കിയപ്പോൾ നല്ല സ്വീകാര്യത കിട്ടി. എന്നാൽ, വർഷങ്ങൾക്ക് ശേഷം അതിലും ഭംഗിയായി കളറിൽ  പിന്നീട് ഒരു പത്രഗ്രൂപ്പ് മലയാളത്തിൽ വീണ്ടും ഇറക്കിയപ്പോൾ തികഞ്ഞ പരാജയമായിരുന്നു. ടി.വി യുടെ സ്വാധീനവും വായനക്കാരുടെ അഭിരുചിയിലെ മാറ്റങ്ങളും ഈ ചിത്രകഥകളെ അപ്രത്യക്ഷമാക്കി. കണ്ണാടി വിശ്വനാഥൻ്റെ  മുഴുനീള  ചിത്രകഥകൾ നവീന സാങ്കേതികത  ഉപയോഗപ്പെടുത്തി സൂക്ഷിക്കാൻ പ്രസാധകനോ എഡിറ്ററ്റോ ശ്രമിച്ചില്ല.1988-ൽ പ്രസാധകനും ഉടമയുമായ അച്യുതൻ അന്തരിച്ചു. ഇപ്പോൾ വിശ്വനാഥനും.

ചിത്രകഥാ വായനയുടെ  ഗൃഹാതുരത്വം കാത്തു സൂക്ഷിക്കുന്ന ലക്ഷക്കണക്കിന് മലയാള വായനക്കാർ, സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അന്തരിച്ച ആ മായാലോകത്തിൻ്റെ സൃഷ്ടാവായ കണ്ണാടി വിശ്വനാഥനെ ആദരവോടെ സ്മരിച്ചു. മലയാളികളുടെ വായനയിൽ ആ മുഴുനീള ചിത്രകഥകളുടെ സ്ഥാനം അനശ്വരമാണ് എന്ന് കണ്ണാടി വിശ്വനാഥന് വായനക്കാർ നൽകിയ ആദരാഞ്ജലികൾ ഒരിക്കൽ കൂടി ന്ഥാപിക്കുന്നു. 

ചിത്രങ്ങൾക്ക് കടപ്പാട്: നാരായണൻ രാധാകൃഷ്ണൻ

Content Summary: Kannadi P. Viswanathan Nair, creator of iconic Malayalam comic characters like ‘Irumbukai Mayavi’ and ‘CID Moosa’, helped popularize adventure comics in Kerala. After his passing, readers fondly remembered his lasting impact on Malayalam comic culture.

Leave a Reply

Your email address will not be published. Required fields are marked *

×