കണ്ണൂര്‍ കണ്ണപുരത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ രാഷ്ട്രീയ പോര് മുറുകുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ അനൂപ് മാലിക്കിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിക്കുന്നത്. ‘അനൂപ് കോണ്‍ഗ്രസിന്റെ അടുത്തയാളാണ്. ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെ നടന്നിട്ടുണ്ട്. ഇത്രയും മാരകമായ സ്‌ഫോടക വസ്തു എന്തിനാണ് നിര്‍മിക്കുന്നതെന്ന് പരിശോധിക്കണം’ കെ കെ രാഗേഷ് പറഞ്ഞു.
അതേസമയം ‘സിപിഎമ്മിന്റെ ആരോപണം ശുദ്ധ തോന്നിവാസമാണെന്നും ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനമാണെന്നും പിന്നില്‍ സിപിഎം ആണെന്നും’ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
എന്നാല്‍, കണ്ണപുരത്തെ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തു. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് കേസ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മരണപ്പെട്ടത് അനൂപിന്റെ തൊഴിലാളിയായ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ്.
25 വര്‍ഷമായി സ്‌ഫോടന വസ്തുക്കള്‍ നിര്‍മിക്കുന്നയാളാണ് അനൂപ്. വീടുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു നിര്‍മാണം. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിച്ചെറിച്ച കേസിലെ പ്രതി കൂടിയാണ് അനൂപ്.
ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പടക്കനിര്‍മാണ സാമഗ്രികളും വെടിമരുന്നുമാണ് സ്‌ഫോടനം നടന്ന വീട്ടിലുണ്ടായിരുന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
വിരമിച്ച സ്‌കൂള്‍ അധ്യാപകനായ കീഴ്ത്തറ ഗോവിന്ദന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടില്‍ രണ്ട് പേരാണ് താമസിച്ചിരുന്നത്. ഇവര്‍ പയ്യന്നൂരില്‍ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ താമസിച്ചിരുന്നവരെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിവില്ല. രാത്രിയിലായിരുന്നു അവര്‍ വരാറെന്നും
വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നതായും നാട്ടുകാരില്‍ നിന്നും വിവരം കിട്ടുന്നുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ വാതിലുകളും ജനലുകളും തകരുകയും, ചുവരുകളില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തു. Kannapuram blast; political dispute intensifies against accused
Content Summary: Kannapuram blast; political dispute intensifies against accused
This post was last modified on August 30, 2025 12:58 pm
Leave a Comment