December 10, 2024 |

മനുഷ്യത്വവും ഹലാലും പറഞ്ഞ് ‘കന്‍വാര്‍ യാത്ര’യില്‍ കങ്കണ-സോനു സുദ് പോര്

ഹലാലിന് പകരവും ‘മനുഷ്യത്വം’ നല്‍കണം!

കന്‍വാര്‍ യാത്ര പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശം വലിയ വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ നിരവധി പ്രശസ്തര്‍ സോഷ്യല്‍ മീഡിയയിലൂടെ നിലപാട് വ്യക്തമാക്കുന്നുമുണ്ട്. അത്തരത്തില്‍ ബോളിവുഡ് നടന്‍ സോനു സൂദ് സോഷ്യല്‍ മീഡിയയില്‍ ഇട്ട എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. കടയുടെ നെയിംപ്ലേറ്റുകളില്‍ ‘മനുഷ്യത്വം’ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നായിരുന്നു സോനു സൂദ് എക്സില്‍ പോസ്റ്റ് ചെയ്ത്. എല്ലാ കടകളിലും ഒരു നെയിംപ്ലേറ്റ് മാത്രമേ ഉണ്ടാകൂ: അത് മനുഷ്യത്വത്തിന്റേത് ആയിരിക്കും എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. Kanwar Yatra ‘Halal’ vs ‘Humanity Kangana Ranaut vs Sonu Sood.

‘സമ്മതിക്കുന്നു, ഹലാലിന് പകരവും ‘മനുഷ്യത്വം’ നല്‍കണം-എന്നായിരുന്നു കങ്കണയുടെ മറുപടി.

നേരത്തെ, തിരക്കഥാകൃത്ത് ജാവേദ് അക്തറും വിവാദത്തില്‍ രംഗത്തെത്തിയിരുന്നു. ‘ഒരു പ്രത്യേക മതത്തിന്റെ ഘോഷയാത്ര നടക്കുന്ന റൂട്ടില്‍, എല്ലാ കടകളിലും റെസ്റ്റോറന്റുകളിലും വാഹനങ്ങളിലും പോലും ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് മുസാഫര്‍നഗര്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് എന്തുകൊണ്ടാണ്? ഇത്തരം രീതികള്‍ ഉണ്ടായിരുന്നത് നാസി ജര്‍മ്മനിയിലാണെന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നത്.

തീര്‍ത്ഥാടകരുടെ വിശ്വാസത്തിന്റെ പവിത്രത നിലനിര്‍ത്തുന്നതിനായി കന്‍വാര്‍ റൂട്ടുകളിലെ ഭക്ഷണ-പാനീയ കടകളില്‍ ഓപ്പറേറ്ററുടെ/ഉടമയുടെ പേരും ഐഡന്റിറ്റിയും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. തീര്‍ഥാടകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ളൊരു നടപടിയെന്നാണ് വിശദീകരണം. നേരത്തെ മുസാഫര്‍നഗര്‍ എംഎല്‍എയും യുപി മന്ത്രിയുമായ കപില്‍ ദേവ് അഗര്‍വാള്‍ മുസ്‌ലിംകള്‍ തങ്ങളുടെ കടകള്‍ക്ക് ഹിന്ദു ദേവതകളുടെയും ദൈവങ്ങളുടെയും പേരുകള്‍ നല്‍കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. കന്‍വാര്‍ തീര്‍ഥാടന യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

English Summary: ‘Halal’ vs ‘Humanity’: Kangana Ranaut Questions Sonu Sood’s Stand on Kanwar Yatra Row

Kanwar Yatra ‘Halal’ vs ‘Humanity Kangana Ranaut vs Sonu Sood

×