പഹൽഗാം ആക്രമണത്തിന് ശേഷവും തീർത്ഥാടകർക്കായി തുറന്ന് കൊടുത്തിരുന്ന കർതാർപൂർ ഇടനാഴി ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടച്ചിരിക്കുകയാണ്. അമൃത്സറിനടുത്തുള്ള അട്ടാരി അതിർത്തിയിൽ നടത്താനിരുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുകയാണ്.
ബുധനാഴ്ച കർതാർപൂർ ഇടനാഴിയിൽ എത്തിയ ഏകദേശം നൂറോളം സിഖ് തീർത്ഥാടകർ ഏകദേശം 90 മിനിറ്റാണ് ചെക്ക് പോസ്റ്റിൽ കാത്തിരുന്നത്. ശേഷം തീർത്ഥാടകരെ തിരിച്ചയക്കുകയായിരുന്നു. നിലവിൽ കർതാർപൂറിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതിനോട് പോസിറ്റീവ് ആയിട്ടാണ് ഭക്തർ പ്രതികരിച്ചത്. എല്ലാത്തിനുമുപരി ദേശസുരക്ഷയാണെന്ന് ഭക്തർ പറഞ്ഞതായി ദി ന്യൂ ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
500 തീർത്ഥാടകരാണ് കർതാർപൂർ സന്ദർശിക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 100 ഓളം പേർ മാത്രമേ എത്തിയുള്ളൂ. അവരോട് നാട്ടിലേക്ക് മടങ്ങാൻ പോകാൻ പറയുകയുമായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇടനാഴി അടച്ചിടുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇമിഗ്രേഷൻ ബ്യൂറോ പ്രഖ്യാപിച്ചു.
അട്ടാരി അതിർത്തിയിൽ ദിവസേന നടത്തിവരുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച ചടങ്ങ് ഉണ്ടാകില്ലെന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സാധാരണയായി അതിർത്തിയുടെ ഇരുവശത്തും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന ഈ പരിപാടിയാണിത്. 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിനുശേഷം അതിർത്തി കവാടങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു.
ഇന്ത്യക്കാർക്ക് പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള അവസരമാണ് കർത്താർപൂർ ഇടനാഴി. അതിർത്തിയും കാലങ്ങളായുള്ള യുദ്ധങ്ങളും പകയുമെല്ലാം വിശ്വാസത്തിനു മുന്നിൽ വഴി മാറിക്കൊടുത്ത ഇടമാണ് കർത്താർപൂർ.
പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയാണ് ദർബാർ സാഹിബ്. ഗുരു നാനാക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന 18 വർഷം അവിടെ ചെലവഴിച്ച് അവിടെ വച്ച് അന്തരിച്ചതിനാൽ, സിഖുകാർക്ക് കർതാർപൂർ ഗുരുദ്വാര ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ളതാണ്.
ഇന്ത്യയിലെ സിഖ് മതക്കാരുടെ പുണ്യസ്ഥലമായ ഗുരുദാസ്പൂരിലും ദേരാ ബാബാ നാനക് എന്നൊരു ഗുരുദ്വാരയുണ്ട്. ഈ രണ്ട് ഗുരുദ്വാരകളും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം ലഭ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. നാല് കിലോമീറ്റർ നീളമുള്ളതാണ് കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് നീണ്ടുകിടക്കുന്ന തീർഥാടനപാത. പണ്ട് കാലത്ത് ഇന്ത്യയിലുള്ള സിഖ്മത വിശ്വാസികൾ ദൂരദർശിനി വച്ചായിരുന്നു നാല് കിലോമീറ്റർ അകലെ പാകിസ്ഥാന്റെ മണ്ണിലുള്ള ഗുരുനാനാക്കിന്റെ സമാധിസ്ഥലം കണ്ടിരുന്നത്.
ദേര ബാബ നാനക്കിനടുത്തുള്ള ടെർമിനൽ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതാണ്. കൂടാതെ 50 ലധികം ഇമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഎഐ) രേഖകൾ പ്രകാരം, 2021ൽ 10,025 ഭക്തരും 2022 ൽ 86,097 ഭക്തരും 2023 ൽ 96,555 ഭക്തരും ഗുരുദ്വാര സന്ദർശിച്ചു.
2019 നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇത് വിസ രഹിത റൂട്ടാണ്. കോവിഡിന്റെ സമയത്ത് ഇടനാഴി അടച്ചിരുന്നു. എന്നാൽ 18 മാസങ്ങൾക്ക് ശേഷം 2021 നവംബറിൽ വീണ്ടും തുറക്കുകയായിരുന്നു.
പ്രതിദിനം 5,000 തീർത്ഥാടകർക്ക് വരെ ഇടനാഴി ഉപയോഗിക്കാൻ അനുവാദമുണ്ട്. പോലീസ് പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ലഭിക്കുന്നതിന് തീർത്ഥാടകർ പാസ്‌പോർട്ട് വിശദാംശങ്ങൾ സഹിതം കുറഞ്ഞത് ഒരു ആഴ്ച മുമ്പെങ്കിലും ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. 2023 ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. നയതന്ത്ര ബന്ധം വഷളായാലും കർതാർപൂർ ഇടനാഴി തുറന്നിടുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു.
Content Summary: kartarpur corridor closed after operation sindoor
Leave a Comment