പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയെ പ്രശംസിച്ച മോഹൻലാലിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റിന് താഴെയാണ് വിദ്വേഷ കമന്റുകൾ നിറയുന്നത്. പാരമ്പര്യത്തിന്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നത്. വെല്ലുവിളിച്ചാല്‍ എന്നത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മോഹൻലാലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ‘കഷ്ടപ്പെട്ട് തീവ്രവാദം ചെയ്യ്തു ജീവിക്കാൻ നോക്കിയ മസൂദ് അസർ നെയും കുടുംബത്തെയും ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യുന്നു.. പുതിയ ത്രെഡ് കിട്ടിയല്ലോടാ നാറികളെ… എഴുതി ഇനിയും മനുഷ്യരെ തമ്മിൽ തല്ലിക്കണേ’…’ ഇതെല്ലാം പറഞ്ഞ് ഇനി രായപ്പന്റെ കൂടെ കൂടി തീവ്രവാദികളെ വെളുപ്പിക്കുന്ന സിനിമയും ചെയ്യും…. നാണമില്ലേ’ ‘(ഖുറേഷി )എബുരാനിൽ പ്രവർത്തിച്ചതായി കാണിച്ച ലക്ഷ്കർ ഇ തോയിബയുടെ ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്ത് എറിഞ്ഞ ഇന്ത്യൻ സേനയുടെ ചുണകുട്ടികൾക്ക് അഭിന്ദനങ്ങൾ..’ എന്നിങ്ങനെ മോഹൻലാലിനെതിരെയും പൃഥ്വിരാജിനെതിരെയും നിരവധി വിമർശനങ്ങളാണുയരുന്നത്. എന്നാൽ ഇതിനൊപ്പം തന്നെ മോഹൻലാലിനെ പിന്തുണച്ചു കൊണ്ടും കമന്റുകൾ കാണാം.
”സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിര്‍ഭയരും ശക്തരുമായി നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് തുടങ്ങി ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഊര്‍ജ്ജം പകരുന്നു. ജയ് ഹിന്ദ്” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. നേരത്തെ ഫെയ്‌സ്ബുക്കിന്റെ കവര്‍ ഫോട്ടോ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാക്കി മോഹന്‍ലാല്‍ മാറ്റിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയാണ് മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നത്.
മുമ്പ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച മോഹന്‍ലാലിന്റെ പോസ്റ്റിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. അന്നും നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വിമര്‍ശിച്ചെത്തിയത്. ‘ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ’, ‘ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള്‍ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല’, ‘പാകിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ്മാരെ സൂക്ഷിക്കൂ’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകൾ. പൃഥ്വിരാജിനെ വിമർശിച്ചും നിരവധി കമന്റുകൾ വന്നിരുന്നു. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത് . ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്.
content summary: A cyberattack targeted Mohanlal’s appreciation post on Operation Sindoor