‘ഗോഡ്‌സില്ല വേഴ്‌സസ് കോങ്’, ‘ഗോഡ്‌സില്ല x കോങ്: ദി ന്യൂ എംപയര്‍’ എന്നിവയിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് യുവനടി കെയ്‌ലി ഹോട്ട്ള്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. മേരിലാന്‍ഡിലെ ഫ്രെഡറിക്കില്‍ വച്ചായിരുന്നു അപകടം. കെയ്‌ലിയുടെ പിതാവ് ജോഷ്വ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും ബധിരരായ കുടുംബാംഗങ്ങള്‍ക്കായി അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് പിതാവ് ഈ സങ്കടവാര്‍ത്ത പങ്കുവെച്ചത്. കൈലി പഠിച്ചിരുന്ന ‘ടെക്‌സസ് സ്‌കൂള്‍ ഫോര്‍ ദി ഡെഫ്’ അധികൃതരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
2021-ല്‍ പുറത്തിറങ്ങിയ ‘ഗോഡ്‌സില്ല വേഴ്‌സസ് കോങ്’ എന്ന ഹിറ്റ് ചിത്രത്തില്‍ ‘ജിയ’ എന്ന ബധിരയായ അനാഥ പെണ്‍കുട്ടിയുടെ വേഷത്തിലൂടെയാണ് കെയ്‌ലി ആഗോളതലത്തില്‍ ശ്രദ്ധനേടിയത്. സിനിമയില്‍ കോങ് എന്ന കഥാപാത്രവുമായി വൈകാരികബന്ധം സ്ഥാപിക്കുന്ന ജിയ എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില്‍ കെയ്‌ലിയുടെ വളര്‍ത്തമ്മയായി അഭിനയിച്ച നടി റെബേക്ക ഹാള്‍, സഹതാരം അലക്‌സാണ്ടര്‍ സ്‌കാര്‍സ്ഗാര്‍ഡ് എന്നിവര്‍ ഷൂട്ടിംഗ് സെറ്റില്‍ കൈലിയുമായി സംസാരിക്കാനായി പ്രത്യേകം സൈന്‍ ലാംഗ്വേജ് പഠിച്ചിരുന്നു.
കൈലിയുടെ വേര്‍പാടില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി നടി റെബേക്ക ഹാളും സഹതാരം മില്ലി ബോബി ബ്രൗണും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. ‘കൈലിയുടെ വിയോഗവാര്‍ത്ത കേട്ട് തകര്‍ന്നുപോയി, നിന്നെ ഞങ്ങള്‍ ഒത്തിരി ഓര്‍ക്കും’ എന്ന് റെബേക്ക ഹാള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബധിരത തനിക്കൊരിക്കലും ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച പെണ്‍കുട്ടി കെയ്‌ലി. ‘ആളുകള്‍ സൈന്‍ ലാംഗ്വേജിനെയും ബധിരതയെയും ഒരു തടസ്സമായോ അല്ലെങ്കില്‍ പ്രത്യേക കഴിവോ ആയാണ് കാണുന്നത്. എന്നാല്‍ അതൊരു ഭാഷ മാത്രമാണ്. കേള്‍വിശക്തിയില്ല എന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഈ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ ബധിരരായ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വരേണ്ടതുണ്ട്,’ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ കെയ്‌ലി വ്യക്തമാക്കിയിരുന്നു.
2024-ല്‍ പുറത്തിറങ്ങിയ ‘ഗോഡ്‌സില്ല x കോങ്: ദി ന്യൂ എംപയര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച യുവനടിക്കുള്ള സാറ്റേണ്‍ അവാര്‍ഡ് നാമനിര്‍ദ്ദേശവും കൈലിക്ക് ലഭിച്ചിരുന്നു. ‘ഒരു ബധിരയായ വ്യക്തിയായിരുന്നുകൊണ്ട് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍, മറ്റുള്ളവര്‍ക്കും അതിന് കഴിയും. നമുക്ക് മുന്നില്‍ അതിരുകളൊന്നുമില്ല,’ എന്നായിരുന്നു അന്ന് കെയ്‌ലി പറഞ്ഞത്. സിനിമകള്‍ക്ക് പുറമെ ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ‘മാഗ്‌നം പി.ഐ’യുടെ റീബൂട്ടിലും നിരവധി പരസ്യങ്ങളിലും കെയ്‌ലിവേഷമിട്ടിട്ടുണ്ട്.
Content Summary; Kaylee Hottle, star of Godzilla vs Kong and Godzilla x Kong: The New Empire, has tragically passed away at age 18 in a car crash.
This post was last modified on July 22, 2026 7:19 am
Leave a Comment