യുകെ പ്രധാനമന്ത്രി പദവിയില്‍ നിന്നുള്ള കീര്‍ സ്റ്റാര്‍മറുടെ രാജി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകള്‍ക്കിടയില്‍, ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ കൊഴുക്കുന്നു. മേയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും സ്റ്റാര്‍മറുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. സ്റ്റാര്‍മര്‍ പടിയിറങ്ങുന്നത് ഒട്ടും അപ്രതീക്ഷിതമല്ലെന്ന് പ്രമുഖ ഗവേഷണ-പോളിംഗ് സംഘടനയായ ‘മോര്‍ ഇന്‍ കോമണ്‍’-ലെ സോഫി സ്റ്റോവേഴ്‌സ് വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ പകുതിയിലധികം പേരും സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞുകാണാനാണ് ആഗ്രഹിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ജനങ്ങളും ഒരു പൊതുതിരഞ്ഞെടുപ്പ് എത്രയും വേഗം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ഉടനടി വേണോ അതോ 2029-ന് മുന്‍പായി ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വേണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്റ്റാര്‍മര്‍ക്ക് പകരക്കാരനായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ആന്‍ഡി ബേണ്‍ഹാമിനും തുടരുന്ന രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആരോപിക്കുന്നത്. ലേബര്‍ പാര്‍ട്ടി 14 വര്‍ഷം കാത്തിരുന്ന് അധികാരം നേടിയിട്ടും കാര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിച്ചുവെന്നും രാജ്യത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി അലക്‌സ് ബര്‍ഗാര്‍ട്ട് ആരോപിച്ചു. കീര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ ഒരു ‘പരാജയപ്പെട്ട അധ്യായം’ മാത്രമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രി രാജിവെച്ചാല്‍ യുകെയില്‍ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ അസ്ഥിരത രാജ്യത്തിന് ഒട്ടും ഗുണകരമാകില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പ്രധാനമന്ത്രിമാരെ മാറ്റുന്ന ഒരു രാജ്യമായി ബ്രിട്ടന് തുടരാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുന്ന ആരുമായും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്, എന്നാല്‍ ആന്‍ഡി ബേണ്‍ഹാമിന്റെ ഇതുവരെയുള്ള നിലപാടുകള്‍ ഇതിന് വിപരീതമാണെന്നും ബര്‍ഗാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വാരാന്ത്യത്തില്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്ന് വന്ന സൂചനകളെല്ലാം ഈ നേതൃമാറ്റത്തെ ശരിവെക്കുന്നതായിരുന്നു. ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് പ്രധാനമന്ത്രി നിലവിലെ ‘രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്’ ആഴത്തില്‍ ചിന്തിക്കുകയാണെന്നാണ്. വെള്ളിയാഴ്ച വരെ പദവിയില്‍ തുടരുമെന്ന് വാശിപിടിച്ച സ്റ്റാര്‍മറുടെ നിലപാടില്‍ നിന്നുള്ള സര്‍ക്കാരിന്റെ വ്യക്തമായ പിന്മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പ്രസ്താവനയെ കാണുന്നത്. ഇതിനിടയില്‍, കുടിയേറ്റം, ഊര്‍ജ്ജം എന്നീ വിഷയങ്ങളില്‍ സ്റ്റാര്‍മര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം രാജിവെക്കുമെന്നും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍മര്‍ ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് നമ്പര്‍ 10 വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
സ്റ്റാര്‍മര്‍ രാജിവെക്കുകയാണെങ്കില്‍ ലേബര്‍ പാര്‍ട്ടി ഒരു ഔദ്യോഗിക മത്സരത്തിലേക്ക് പോകാതെ ഏകകണ്ഠമായി ആന്‍ഡി ബേണ്‍ഹാമിനെ അടുത്ത നേതാവായി തിരഞ്ഞെടുത്തേക്കും. എന്നാല്‍ എപ്പോള്‍ അധികാരം കൈമാറും എന്നതിലാണ് ഇപ്പോള്‍ പ്രധാന തര്‍ക്കം. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തോടെ ബേണ്‍ഹാം ഭരണം ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ഇത് പുതിയ സര്‍ക്കാരിനായി തയ്യാറെടുക്കാന്‍ ബേണ്‍ഹാമിന് കൂടുതല്‍ സമയം നല്‍കും. എന്നാല്‍ ഈ മൂന്ന് മാസത്തെ ഇടവേള ഭരണസ്തംഭനത്തിന് കാരണമാകുമെന്നും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുമെന്നും വാദിച്ച് മറ്റൊരു വിഭാഗം രംഗത്തുണ്ട്. ലേബര്‍ എംപിമാര്‍ തന്നോട് കാണിച്ച സമീപനത്തിലുള്ള അതൃപ്തി കാരണം സ്റ്റാര്‍മര്‍ എത്രയും വേഗം ഒഴിഞ്ഞേക്കാം, അല്ലെങ്കില്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ സുരക്ഷിതമാക്കാന്‍ കുറച്ചു മാസങ്ങള്‍ കൂടി തുടര്‍ന്നേക്കാം. ഈ തീരുമാനത്തില്‍ സ്റ്റാര്‍മറുടെ നിലപാടാണ് നിര്‍ണ്ണായകം.
മേയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടില്‍ മാത്രം 1,500 ഓളം കൗണ്‍സിലര്‍മാരെയാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത്. വെയില്‍സില്‍ ഭരണം നഷ്ടപ്പെടുകയും സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെയാണ് സ്റ്റാര്‍മര്‍ക്കുമേല്‍ സമ്മര്‍ദ്ദം കടുത്തത്. ഇതിനുപുറമേ, മുന്‍പ് പ്രഖ്യാപിച്ച മൂന്ന് പ്രധാന നയങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്മാറിയതും, വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലോര്‍ഡ് പീറ്റര്‍ മണ്ടല്‍സണെ യു.എസ് അംബാസഡറായി നിയമിച്ചതും സ്റ്റാര്‍മറുടെ പരാജയങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം റിഫോം യുകെയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയതോടെയാണ് ലേബര്‍ പാര്‍ട്ടിയിലെ വിമതര്‍ക്ക് പൂര്‍ണ്ണ ഊര്‍ജ്ജം ലഭിച്ചത്. ഫോറിന്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പ്രമുഖ കാബിനറ്റ് മന്ത്രിമാര്‍ സ്റ്റാര്‍മറോട് പടിയിറങ്ങാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ശേഷം ഡേവിഡ് കാമറൂണ്‍ രാജിവെച്ചതിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍ കാണാന്‍ പോകുന്ന ആറാമത്തെ പ്രധാനമന്ത്രിയുടെ രാജിയാണിത്. മുന്‍പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കാലത്തുണ്ടായ രാഷ്ട്രീയ അരാജകത്വം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ലേബര്‍ പാര്‍ട്ടിക്ക്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം പ്രധാനമന്ത്രിയെ മാറ്റേണ്ടി വരുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
Content Summary; UK Prime Minister Keir Starmer faces imminent resignation pressure following poor poll numbers, paving the way for Andy Burnham to potentially take over as the next PM
This post was last modified on June 22, 2026 12:28 pm
Leave a Comment