ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു, ആന്‍ഡി ബേണ്‍ഹാം പിന്‍ഗാമിയാകും

സ്റ്റാര്‍മര്‍ ഒഴിയുന്ന ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ബേണ്‍ഹാം മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം

Keir Starmer resigned

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവയ്ക്കുകയാണെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനല്ലെന്ന ലേബര്‍ എം.പിമാരുടെ തീരുമാനം പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ ചരിത്രപരമായ പടിയിറക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്റെ രാജിക്കാര്യം രാവിലെയോടെ തന്നെ ചാള്‍സ് രാജാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെ മാറ്റിയെടുക്കാനും അധികാരത്തില്‍ എത്തിക്കാനും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും ആരാണ് ഏറ്റവും അനുയോജ്യന്‍ എന്ന ചോദ്യങ്ങള്‍ക്ക് താന്‍ ഇതിനകം തന്നെ മറുപടി നല്‍കിക്കഴിഞ്ഞതാണെന്ന് സ്റ്റാര്‍മര്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ താന്‍ തന്നെയാണോ ഏറ്റവും യോഗ്യന്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി ഉയര്‍ത്തുന്നത്. തന്റെ പാര്‍ലമെന്ററി പാര്‍ട്ടി നല്‍കിയ മറുപടി താന്‍ നല്ല മനസ്സ് പക്വതയോടെയും സ്വീകരിക്കുന്നു. താന്‍ എടുത്ത ഓരോ തീരുമാനവും താന്‍ ഏറെ സ്‌നേഹിക്കുന്ന രാജ്യത്തെ മുന്‍നിര്‍ത്തി മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍മറുടെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ലേബര്‍ പാര്‍ട്ടിയുടെ അടുത്ത നേതാവാകാന്‍ താന്‍ മത്സരിക്കുമെന്ന് ആന്‍ഡി ബേണ്‍ഹാം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബ്രിട്ടന് ആവശ്യമായ സ്ഥിരതയും ഗൗരവമേറിയ ഭരണവും നല്‍കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സ്റ്റാര്‍മര്‍ രാജ്യത്തിന് നല്‍കിയ വലിയ സേവനങ്ങളെയും കഠിനമായ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെയും ബേണ്‍ഹാം അഭിനന്ദിച്ചു. ഈ അധികാര കൈമാറ്റം തികച്ചും സമാധാനപരവും ഉത്തരവാദിത്തമുള്ളതുമായ രീതിയിലായിരിക്കണം നടക്കേണ്ടതെന്നും, പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും പുനരുജ്ജീവനത്തിനായുള്ള ഒരു നല്ല പ്രക്രിയയായി ഇതിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളര്‍ച്ച, ജീവിതച്ചെലവ്, പൊതുസേവനങ്ങള്‍, ഭവന നിര്‍മ്മാണം, അടുത്ത തലമുറയ്ക്കുള്ള അവസരങ്ങള്‍ എന്നിവയ്ക്കായിരിക്കണം തങ്ങളുടെ മുന്‍ഗണനയെന്നും രാഷ്ട്രീയ മാറ്റങ്ങള്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കരുതെന്നും ബേണ്‍ഹാം ഓര്‍മ്മിപ്പിച്ചു. തന്റെ പ്രസ്താവനയില്‍ എവിടെയും ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പിനെക്കുറിച്ച് ബേണ്‍ഹാം പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒരു വലിയ മത്സരമില്ലാതെ തന്നെ ബേണ്‍ഹാം അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ‘കിരീടധാരണ’ രീതിയാണ് ലേബര്‍ പാര്‍ട്ടിയില്‍ അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

അതേസമയം, സ്റ്റാര്‍മറുടെ ഈ നിര്‍ണ്ണായക രാജി പ്രഖ്യാപന സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ അഭാവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുന്‍പ് കീര്‍ സ്റ്റാര്‍മറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് റേച്ചല്‍ റീവ്‌സ്. ഇരുവരുടെയും രാഷ്ട്രീയ ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായിരുന്നു. അധികാരമേറ്റ ഉടന്‍ തന്നെ റേച്ചല്‍ റീവ്‌സ് നടപ്പിലാക്കിയ വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് (ശീതകാല ഇന്ധന ആനുകൂല്യം) വെട്ടിക്കുറയ്ക്കല്‍ പോലുള്ള കടുത്ത സാമ്പത്തിക തീരുമാനങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ സ്റ്റാര്‍മറുടെ ജനപ്രീതി വന്‍തോതില്‍ ഇടിയാന്‍ പ്രധാന കാരണം. എന്നാല്‍, ലേബര്‍ പാര്‍ട്ടിയില്‍ പുതിയൊരു കാറ്റ് വീശുമ്പോഴും തന്റെ ചാന്‍സലര്‍ പദവി നിലനിര്‍ത്താന്‍ റീവ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോകുന്ന ആന്‍ഡി ബേണ്‍ഹാമിനെ സ്വാധീനിച്ച് തന്നെ ചാന്‍സലര്‍ സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ റീവ്‌സ് നിലവില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന രാഷ്ട്രീയ സൂചനകള്‍.

Content Summary; Keir Starmer has officially resigned as Labour leader, stating he accepts the party’s decision, while Andy Burnham confirms his candidacy to replace him as UK PM

This post was last modified on June 23, 2026 7:19 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment