നടിയെ ആക്രമിച്ച കേസ്: ആറ്‌ പ്രതികൾക്കും 20 വർഷം തടവ്

ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. പ്രതികളുടെ പ്രായ പരിധി പരിഗണിച്ചാണ് പരമാവധി ശിക്ഷ നല്കാതിരുന്നതെന്ന് കോടതി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. ഒന്നാം പ്രതിയായ പൾസർ സുനി വീട്ടിൽ പ്രായമായ അമ്മയെ സംരക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്ന കാരണം പറഞ്ഞാണ് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടത്. താൻ ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും മുൻപ് ഒരു കേസുമില്ലെന്നും അഞ്ചര വർഷം ജയിലിൽ കഴിഞ്ഞതിനാൽ ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും ആയിരുന്നു മാർട്ടിന്റെ അപേക്ഷ.

തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും മാര്‍ട്ടിൻ പറഞ്ഞു. ഇരയായ നടിയോട് മനുഷ്യത്വരഹിതമായാണ് പ്രതികള്‍ പെരുമാറിയതെനന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്.

എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഒന്നാം പ്രതി ഉൾപ്പെടെ എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും 376(ഡി) പ്രകാരമുള്ള കൂട്ടബലാത്സംഗമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി, ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ സഹായിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ വിചാരണ കോടതി, കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിൽ വ്യക്തത തേടുന്നതായും, ജീവപര്യന്തമോ അല്ലെങ്കിൽ 20 വർഷം (കുറഞ്ഞ ശിക്ഷ) നൽകുകയാണെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കണമെന്നും നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ 2018 മാർച്ച് 8-നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. വിചാരണ പുരോഗമിക്കുന്നതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാൻ നടൻ ദിലീപ് ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ, കേസ് നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ പ്രതികൾ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേൽക്കോടതികളെ നിരന്തരം സമീപിച്ചിരുന്നു. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, 2024 സെപ്റ്റംബർ 24-ന് കേസിലെ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചു. ഇതിനിടെ, കേസിൽ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2024 ഡിസംബർ 11-ന് കേസിൽ അന്തിമവാദം ആരംഭിക്കുകയും 2025 ഏപ്രിൽ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയാവുകയും ചെയ്തു. തുടർന്ന്, 2025 ഏപ്രിൽ 11-നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.

This post was last modified on December 13, 2025 1:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment