സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ ഒരുകാലത്ത് എയ്ഡഡ് സ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യമായിരുന്നു. അവിടെ ഇഷ്ടാനുസരണം മാനേജ്‌മെന്റ് നിയമിച്ച അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കി പോന്നു. അത് ആ കാലത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ ആ ന്യായം പറയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഒരുപാട് തൊഴിലാളികളെ ബാധിക്കുന്ന പ്രിവില്ലേജ് ഉള്ള മനുഷ്യരെ മാത്രം സഹായിക്കുന്ന, ലക്ഷങ്ങളും കോടികളും മറിയുന്ന വലിയ അഴിമതി നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയായി എയ്ഡഡ് മേഖല മാറി.
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന്, ന്യായമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ വിശദീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് (ഡിജിഇ) ഹൈക്കോടതി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ഖാദര്‍ കമ്മിറ്റി, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍, നീതി ഉറപ്പാക്കുന്നതിനും ഏകപക്ഷീയമായ നിയമനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ ശമ്പളമുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനങ്ങള്‍ പി.എസ്.സി ക്ക് (പബ്ലിക് സര്‍വീസ് കമ്മീഷന്‍) വിടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ കാലങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലം നിരന്തരമായി ചര്‍ച്ച ചെയ്യുകയും, വീണ്ടും നിര്‍ബാധം തുടര്‍ന്ന് പോരുകയും ചെയ്യുന്ന എയ്ഡഡ് മേഖലയിലെ വിശുദ്ധമായ അഴിമതിയെ കുറിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്.
”അഴിമതിയും അധികാരവും സ്വജനപക്ഷപാതവും സോഷ്യല്‍ പ്രിവില്ലേജുമാണ് എയ്ഡഡ് മേഖലയില്‍ നടക്കുന്നത്. പി.എസ്.സി പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒബ്ജക്റ്റീവോ ഡിസ്‌ക്രിപ്റ്റീവോ ആയ പരീക്ഷ എഴുതി, ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത്, എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച്, ശേഷം റിസര്‍വേഷന്‍ കൂടി കഴിഞ്ഞിട്ടാണ് ജോലി ലഭിക്കുന്നത്. അതേസമയം നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കേണ്ട എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ഇത്തരത്തിലുള്ള ഒരു പ്രോസസ്സിന്റെയും ഭാഗമാകാതെ പണം കൊടുത്തുകൊണ്ട് മാത്രമാണ് ജോലിയില്‍ കയറുന്നത്. മെറിറ്റിനെ മറികടന്നുകൊണ്ട് സ്വന്തം നിലനില്‍പ്പിനും മറ്റ് സോഷ്യല്‍ പ്രിവില്ലേജുകള്‍ക്കും വേണ്ടി അവര്‍ വലിയ ഒരു അഴിമതിയുടെ ഭാഗമായി മാറുന്നു.” കോളേജ് അധ്യാപകനായ അരുണ്‍ പ്രസാദ് (പേര് യഥാര്‍ത്ഥമല്ല) പറയുന്നു.
ഡ്രൈവര്‍ ജോലി ചെയ്യുന്ന ആള് പോലും ഒരുപാട് നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ പൊതുമുതലില്‍ നിന്നും ശമ്പളം ലഭിക്കുന്ന പൊതു ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന എയ്ഡഡ് അധ്യാപകര്‍ ഒരു പ്രോസസ്സിലൂടെയും കടന്നുപോകുന്നില്ല
”പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ, ജാതീയമോ വര്‍ഗപരമായ പിന്നോക്ക അവസ്ഥ കൊണ്ടോ അല്ലെങ്കില്‍ ഈ പ്രോസസിന്റെ ഭാഗമാകാന്‍ താല്പര്യമില്ലാത്തതുകൊണ്ടോ ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ ഈ വ്യവസ്ഥയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വരുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ജോലിയുടെ ആനുകൂല്യങ്ങളും, സോഷ്യല്‍ സ്റ്റാറ്റസും, മറ്റുള്ള എക്കണോമിക് പ്രിവില്ലേജുകളും ആണ് ഈ മേഖലയില്‍ പൈസ കൊടുത്ത് ജോലി വാങ്ങിയാലും കുഴപ്പമില്ല എന്ന നിലയിലേക്ക് ആളുകളെ നയിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ധാര്‍മികതയും നിലനില്‍പ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ നേരിടുന്നു. അതില്‍ നിലനില്‍പ്പിന്റെയും സോഷ്യല്‍ സ്റ്റാറ്റസിന്റെയും പക്ഷം ജയിക്കുമ്പോള്‍ ധാര്‍മികമായ മൂല്യം കാറ്റില്‍ പറക്കുന്നു” അരുണ്‍ പ്രസാദ്
പറയുന്നു.
സ്‌കൂളുകളില്‍ ഭയങ്കരമായ സാമൂഹിക പദവികളോ സ്വാധീനമോ ഒന്നും ജോലി ലഭിക്കാന്‍ ആവശ്യപ്പെടുന്നില്ല. കേരളത്തില്‍ ഒരുപാട് എയ്ഡഡ് സ്‌കൂളുകള്‍ ഉള്ളത് കൊണ്ട് തന്നെ വളരെ താഴ്ന്ന ജാതി ഒന്നുമല്ലാത്ത ഒരാള്‍ക്ക് 30 ലക്ഷമോ 40 ലക്ഷമോ രൂപ കൊടുത്താല്‍ ജോലി കിട്ടും.
”ഇവിടെ അടുത്തുള്ള എല്‍.പി സ്‌കൂളില്‍ നിയമനത്തിനായി മാനേജ്‌മെന്റ് ചോദിക്കുന്നത് 30 ലക്ഷം രൂപയാണ്. എന്നാല്‍ 30 ലക്ഷം രൂപ നല്‍കിയാലും പോസ്റ്റിന് ഒരു ഗ്യാരണ്ടിയും ഉറപ്പ് പറയാനാകില്ല. പലപ്പോഴും നിയമനം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൈസ കൊടുത്തു കയറുന്ന ടീച്ചറുടേത് ആയി മാറുന്നു. കുട്ടികളെ പിടിക്കാന്‍ ഇറങ്ങുന്നത് മുതല്‍ കുട്ടികളുടെ ബസ്സിനുള്ള മുതല്‍മുടക്ക് വരെ നല്കാന്‍ ജൂനിയര്‍ പോസ്റ്റിലുള്ള നിയമനത്തിന് വേണ്ടി കാത്തിരിക്കുന്ന അധ്യാപകര്‍ നിര്‍ബന്ധിക്കപ്പെടുന്നു.
രണ്ട് തരത്തിലുള്ള ഒഴിവുകളിലേക്കാണ് സാധാരണ ടീച്ചിങ് പോസ്റ്റുകളിലേക്ക് നിയമനം നടക്കുക. ഒന്ന്, ഒരു ടീച്ചര്‍ റിട്ടയര്‍ ആയാല്‍ ഒഴിവ് വരുന്ന റിട്ടയര്‍മെന്റ് പോസ്റ്റ്. രണ്ട്, ഒരു ഡിവിഷന്‍ നിലനിന്നാലോ അല്ലെങ്കില്‍ ഒരു ഡിവിഷന്‍ കൂടിയാലോ നിയമനം നടത്തേണ്ടുന്ന ഡിവിഷന്‍ പോസ്റ്റ്. ഒരു ഡിവിഷനില്‍ എത്ര കുട്ടികള്‍ വേണമെന്നതിന് നിശ്ചിത കണക്ക് ഉണ്ട്. അത്രയും കുട്ടികള്‍ അവിടെ ഉണ്ടായാല്‍ മാത്രമേ ടീച്ചര്‍മാര്‍ക്ക് ജോലി സ്ഥിരമാവുകയുള്ളൂ. അതുകൊണ്ട് കൈകൂലി നല്കിയിട്ടും ജോലി സ്ഥിരമാക്കുന്നത് വരെ താല്‍ക്കാലികമായിട്ട് മാനേജ്‌മെന്റ് കൊടുക്കുന്ന വളരെ കുറഞ്ഞ തുകയിലാണ് ഈ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നത്. മൂന്നുകൊല്ലം ഒക്കെ കഴിഞ്ഞ് മാത്രമേ ഈ ടീച്ചര്‍ക്ക് അവരുടെ ഭാവി എന്താകുമെന്ന് പോലും മനസ്സിലാവുകയുള്ളൂ. അത്രയും നാളും അരക്ഷിതാവസ്ഥയിലായിരിക്കും ഗസ്റ്റ് ടീച്ചര്‍ ജോലി ചെയ്യുന്നത്.
ഇനി അഥവാ ജോലി ഉറപ്പായില്ലെങ്കില്‍ ടീച്ചര്‍ അവിടെ നിന്നും ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ ജോലിക്കായി നല്കിയ പൈസ തിരിച്ച് ലഭിക്കാന്‍ വേണ്ടി മാനേജ്‌മെന്റിന്റെ പിന്നാലെ നടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നു. അവരുടെ വീട്ടില്‍ പോയിട്ടോ, അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരെ കൊണ്ടോ സംസാരിച്ചിട്ടോ ഒക്കെയാണ് പലപ്പോഴും പലര്‍ക്കും പൈസ തിരിച്ചു കിട്ടുന്നത്. എവിടെയും ഡോക്യുമെന്റ് ചെയ്യപ്പെടാത്ത 30 ലക്ഷം രൂപയൊക്കെ മൂന്നുവര്‍ഷം കൈകാര്യം ചെയ്യാന്‍ ലഭിക്കുമ്പോള്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന ലാഭം ഒന്നാലോചിച്ച് നോക്കൂ…
ഇപ്പോള്‍ നമ്മള്‍ 30 ലക്ഷം കൊടുത്താലും ഭാവിയില്‍ ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ കൂടി നല്ലൊരു പൈസ തിരിച്ചുപിടിക്കാം എന്നതാണ് അവര്‍ ഇതില്‍ കാണുന്ന എക്കണോമിക്‌സ്. എന്നാല്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളം അവരുടെ അധ്വാനത്തിന്റെ കൂലിയാണെന്നും അല്ലാതെ നമ്മള്‍ നല്‍കിയ ഇന്‍വെസ്റ്റ്‌മെന്റിന്റെ റിട്ടേണ്‍ അല്ല എന്നും അവര്‍ മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല” അരുണ്‍ പ്രസാദ് അഴിമുഖത്തോട് വ്യക്തമാക്കി.
മാനേജ്‌മെന്റിന് നല്കുന്ന ഈ പൈസ ബാങ്കില്‍ ഇട്ടുകഴിഞ്ഞാല്‍ നമുക്ക് പലിശയിനത്തില്‍ നല്ലൊരു തുക കിട്ടും. പക്ഷേ ജോലിയില്ലാതെ 40 ലക്ഷം ബാങ്കില്‍ ഇട്ട് ആ പലിശ കൊണ്ട് ജീവിക്കുന്ന ഒരാള്‍ക്ക് സോഷ്യല്‍ അക്‌സപ്റ്റ്‌സ് കിട്ടില്ല. നേരെമറിച്ച് 40 ലക്ഷം കൈക്കൂലി കൊടുത്ത് ചെയ്യുന്ന ജോലിക്ക് ഈ സമൂഹത്തില്‍ അക്‌സെപ്റ്റന്‍സ് ഉണ്ട്. 10,000 രൂപ മേടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ഒരു മോശം ഇമേജ് ഉണ്ടല്ലോ, അതുപോലെയല്ല 40 ലക്ഷം രൂപ കൈക്കൂലി മേടിക്കുന്ന മാനേജര്‍. അയാള്‍ നോര്‍മല്‍ ആണ്. അത് നല്‍കുന്ന ഉദ്യോഗാര്‍ത്ഥി നോര്‍മലാണ്. ആ അഴിമതിയും വളരെ വളരെ നോര്‍മലാണ്.” അരുണ്‍ പറയുന്നു.
മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ് എച്ച് സി, യു പി വിഭാഗങ്ങളിലേക്കുള്ള നിയമനങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. പല ജില്ലയിലും മാക്‌സിമം 10 പേര്‍ക്ക് ഒക്കെയാണ് ഓരോ വര്‍ഷവും നിയമനം ലഭിക്കുന്നത്.
അപ്പോള്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുകയാണെങ്കില്‍ ആ പോസ്റ്റുകള്‍ കൂടി മെറിറ്റില്‍ വരുന്ന കുട്ടികള്‍ക്ക് ലഭിക്കും. സാമൂഹിക ശ്രേണിയില്‍ പിന്നില്‍ നില്‍ക്കുന്ന, പ്രിവില്ലേജ് ഇല്ലാത്ത, പൈസ ഇല്ലാത്ത ഉദ്യോഗര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. കോളേജുകളിലും സ്‌കൂളുകളിലും നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിലവാരമില്ലായ്മ പ്രധാന പ്രശ്‌നമാണ്. ഇന്റര്‍വ്യൂകളിലൂടെയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത് വിവരാവകാശ നിയമപ്രകാരം, നിയമിക്കപ്പെടുന്ന ആളുകളുടെ ലിസ്റ്റ് നോക്കി കഴിഞ്ഞാല്‍ പി. എച്ച്. ഡിയും മറ്റ് യോഗ്യതകളുമുള്ള ആളുകള്‍ പുറത്തു നില്‍ക്കുമ്പോ്‌ഴാണ് അടിസ്ഥാന യോഗ്യത മാത്രമുള്ള അധ്യാപകര്‍ കൈക്കൂലി കൊടുത്ത് ഈ എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നതെന്ന് കാണാം.
”എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ കേരള രാഷ്ട്രീയത്തില്‍ ഭയങ്കര സ്വാധീനമുള്ള സാമൂഹിക സംഘടനകളുടെ കോളേജുകള്‍ ആണെങ്കില്‍ പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് കൂടി കടന്നുവരും. പണത്തേക്കാള്‍ കൂടുതല്‍ സോഷ്യല്‍ പ്രിവിലേജ് കടന്നുവരും. നായരാവുക, ഉന്നതകുലജാതനാവുക, മന്ത്രിമാരുടെ ശുപാര്‍ശ ഉണ്ടാവുക എന്നതു കൂടി പ്രധാനമാകും. അങ്ങനെ നോക്കുമ്പോള്‍ പഴയ ഫ്യൂഡല്‍ സ്‌റ്റെപ്പിലേക്ക് നമ്മള്‍ തിരിച്ചു പോകുന്നു എന്നാണ് അര്‍ത്ഥം.
പേരിനുപോലും ഇന്റര്‍വ്യൂ നടത്താത്ത എല്‍.പി സ്‌ക്കൂളുകള്‍ ഉണ്ട്. നേരിട്ട് കാണുക, നിയമിക്കുക എന്നതാണ് രീതി. പല സ്‌കൂളുകളിലും പേരിനു പോലും ഇന്റര്‍വ്യൂ നടത്താറില്ല, റാങ്ക് ലിസ്റ്റ് ഇടാറില്ല. ഒരു നിയമങ്ങളും പലയിടത്തും പാലിക്കപ്പെടുന്നു പോലുമില്ല. ഡോക്യുമെന്റ്‌സ് ഒക്കെ ക്രിയേറ്റ് ചെയ്യുന്നുണ്ടാവും. ഒരു ഗവണ്‍മെന്റ് കോളേജില്‍ ജോലി ലഭിക്കുന്നതിന് വേണ്ടി ഒരു കൊല്ലത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ ക്രൂശിച്ച അതേ നാട്ടില്‍ തന്നെയാണ് ഒരു എഴുത്ത് പരീക്ഷ പോലും എഴുതാതെ, ഒരു മെറിറ്റുമില്ലാതെ, ഒരു സ്‌ക്രൂട്ടണിക്കും വിധേയമാകാതെ ആയിരക്കണക്കിന് ആളുകള്‍ ഇതേ സംവിധാനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി കൊടുത്തുകൊണ്ട് ജോലിയില്‍ കാലങ്ങളായി തുടരുന്നത്” അരുണ്‍ പ്രസാദ് പറയുന്നു.
ഒരു പോസ്റ്റിന് വേണ്ടി അഞ്ചോ ആറോ ആളുകളെ കയ്യില്‍ നിന്നും പണം മേടിക്കുന്ന മാനേജ്‌മെന്റുകള്‍ ഉണ്ട്. നോട്ടിഫിക്കേഷന്‍ ഇറങ്ങുന്നതിന് മുന്നേ തന്നെ പണം കൊടുത്ത് പലരും ജോലി ഉറപ്പാക്കുന്നവരുമുണ്ട്. എന്നാല്‍ പൈസ കൊടുത്താല്‍ തന്നെ ജോലി കിട്ടുമോ എന്നതുപോലും ഉറപ്പില്ല. ഒരു ഡോക്യുമെന്റ് വാങ്ങാതെ ഒരു ട്രാന്‍സാക്ഷന്‍ നടത്താതെ പൈസ നേരിട്ട് കൈമാറുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇത് കള്ളപ്പണമാണ്. ഉറവിടം ഇല്ലാത്ത പൈസയാണ് ഉദ്യോഗാര്‍ഥികള്‍ കൊടുക്കുന്നത്. അതുകൊണ്ട് ഈ പൈസ ഇനി അഥവാ ജോലി കിട്ടിയില്ലെങ്കില്‍ തിരിച്ചു കിട്ടുക എന്ന് പറയുന്നതും ടാസ്‌ക്കാണ്.
”എന്റെ ഒരു സുഹൃത്ത് പാലക്കാട് ഒരു സ്‌ക്കൂളില്‍ ജോലിക്ക് ചേര്‍ന്നു. പിന്നെയാണ് പോസ്റ്റിലൊക്കെ ജോലിയാവാന്‍ കുറെ സമയം എടുക്കുമെന്ന് അയാള്‍ക്ക് മനസ്സിലാവുന്നത്. അവിടെ തന്നെ ഇതേ അനിശ്ചിതാവസ്ഥയില്‍ ഒരുപാട്‌പേര്‍ വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ ഇയാള്‍ തിരിച്ച് പണം നല്‍ കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് തരാന്‍ പറ്റില്ല എന്നാണ് അവിടുത്തെ മാനേജ്‌മെന്റ് പറഞ്ഞത്. പിന്നീട് വളരെ ലിമിറ്റഡ് ആയിട്ടുള്ള നമ്മുടെ ആളുകളെ വച്ച് പ്രഷര്‍ ചെയ്തത് വഴി രണ്ടുവര്‍ഷമെടുത്ത് ഗഡുക്കളായാണ് പൈസ തിരിച്ചു ലഭിച്ചത്. കൊടുത്തത് ഫുള്‍ എമൗണ്ട് ആയിട്ടായിരുന്നു.
ഈ സിസ്റ്റം തന്നെ തട്ടിപ്പാണ്. ആ സിസ്റ്റത്തിനുള്ളിലും പിന്നെയും തട്ടിപ്പ് നടക്കുന്നുണ്ട്. അതായത് അഴിമതിക്ക് റെഡിയായ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ പറ്റിക്കപ്പെടുന്നുണ്ട്. അവരുടെ അധ്വാനം ചൂഷണം ചെയ്യപ്പെടുന്നത്. അവരുടെ അധ്വാനം വെറുതെ പാഴായി പോകുന്നുണ്ട്” അരുണ്‍ പറയുന്നു
ഇങ്ങനെയുള്ള വിഷയങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിട്ട് പ്രതികരിക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ അഴിമതിയോടും സ്വജനപക്ഷപാതത്തോടും രോഷാകുലരാകുന്ന നമ്മള്‍ വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ഈ ബ്ലാക്ക് മാര്‍ക്കറ്റ് കാണുന്നില്ല എന്നതാണ് വൈരുദ്ധ്യം.
എയ്ഡഡ് കോളേജുകളുടെയും നിയമനത്തിന് റിസര്‍വേഷന്‍ ഇല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. റിസര്‍വേഷന്‍ ഇല്ല എന്ന് പറയുന്നത് തന്നെ മെറിറ്റ് അട്ടിമറിക്കലാണ്. കയ്യിലെണ്ണാവുന്ന എസ്.സി, എസ്.ടി ടീച്ചര്‍മാരാണ് ദേവസ്വത്തിന്റെ കീഴിലുള്ള കോളേജുകളില്‍ പോലും ഉള്ളത്.
കമ്മ്യൂണിറ്റിയെ സേവിക്കുന്നു എന്നതാണ് ഇവര്‍ കോടതിയില്‍ ഉയര്‍ത്തുന്ന ന്യായം. എന്നാല്‍ ഇതേ കമ്മ്യൂണിറ്റിയില്‍ തന്നെ ഉയര്‍ന്ന ക്ലാസിലുള്ളവര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് എന്നതാണ് വസ്തുത. പൈസ കൊടുക്കുന്നതിനും വാങ്ങിയതിനും തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ കേസുകള്‍ പലപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നില്ല.
”കാലാകാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്ന വലിയ ഒരു അനീതിയുടെ പ്രശ്‌നമാകുമ്പോള്‍ സര്‍ക്കാര്‍ അതില്‍ നിയമനിര്‍മാണം നടത്തുകയാണ് ചെയ്യേണ്ടത്. കോടതി ഇടപെടലിന് അപ്പുറം സര്‍ക്കാരാണ് ഇതില്‍ നിയമനിര്‍മാണം നടത്തേണ്ടത്. നിയമനം പി.എസ്.സിക്കോ അല്ലെങ്കില്‍ പുതിയ ഏതെങ്കിലും ബോര്‍ഡിന് കീഴിലാക്കികൊണ്ടുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തിയാല്‍ കുറഞ്ഞപക്ഷം പൈസ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്കായി കൂടുതല്‍ അവസരങ്ങള്‍ എങ്കിലും ലഭിക്കും.” അരുണ്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
അണ്ടര്‍ പ്രിവിലേജ്ഡ് ആയിട്ടുള്ള കുട്ടികളാണ് എയ്ഡഡ് സ്‌കൂളുകള്‍ പഠിക്കാന്‍ വരുന്നത്. അവിടെ ഒരു ക്വാളിറ്റിയും നോക്കാതെ ടീച്ചര്‍മാരെ അപ്പോയിന്‍മെന്റ് ചെയ്യുന്നതിലൂടെ ഒരു വലിയ ശതമാനം തലമുറയുടെ ഭാവിയെ കൂടി ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറുന്നുണ്ട്. കുട്ടികളെ കാലങ്ങളായി ബാധിക്കുന്നതും ബാധിച്ചു കൊണ്ടിരിക്കുന്നതും ആയിട്ടുള്ള പ്രശ്‌നമാണ് ഇത്. അവര്‍ ലക്ഷങ്ങള്‍ കൊടുത്ത് ജോലിക്ക് കയറിയ അധ്യാപകരുടെ കൈയിലെ ടൂളുകളായി മാറുന്നു.
”സിലബസ്, അസ്സസ്‌മെന്റ് മൂല്യനിര്‍ണ്ണയത്തിലുമെല്ലാം പരിഷ്‌കരണങ്ങള്‍ നടത്തുന്നു. എന്നാല്‍ ഈ പരിഷ്‌കരണങ്ങളെല്ലാം വിദ്യാര്‍ഥികളില്‍ എത്തുന്നത് അഴിമതിയിലൂടെ കയറിക്കൂടിയ അധ്യാപകരിലൂടെയാണ്. ജനറല്‍നോളജോ, സബ്ജക്ട് നോളജോ, ചരിത്രബോധമോ ഉണ്ടോ എന്നറിയാത്ത ആളുകളാണ് ഈ പരിഷ്‌കരിച്ച സിലബസ് കുട്ടികളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് ഇത് കേവലം ഉദ്യോഗാര്‍ത്ഥികളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. മറിച്ച് അണ്‍ഡര്‍ പ്രവിലേജ് ആയിട്ടുള്ള വിദ്യാര്‍ത്ഥികളെ കൂടി ബാധിക്കുന്ന പ്രശ്‌നമാണ്.”അരുണ്‍ പറയുന്നു
വളരെ മികച്ച രീതിയിലുള്ള ഒരു വിദ്യാഭ്യാസ സംവിധാനം ഉള്ള നാടാണ് നമ്മുടേത്. എല്ലാ സംവിധാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതോടൊപ്പം മെച്ചപ്പെട്ട അധ്യാപകരെ കൂടി നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട്. എന്തൊക്കെ പോരായ്മകള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ പോലും പി.എസ്.സി തന്നെയാണ് അതിന് പരിഹാരം.
ഇനി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ആണെങ്കില്‍ പോലും എയ്ഡഡ് വിദ്യാലയങ്ങളില്‍ വലിയ തരത്തിലുള്ള പരിശോധനകള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുതിപ്പ് ഉണ്ടായപ്പോഴും ഇന്നും പല എയ്ഡഡ് സ്‌കൂളുകളും വളരെ മോശം അവസ്ഥയിലാണ്. തീര്‍ത്തു പറഞ്ഞാല്‍ ആളുകള്‍ അംഗീകരിച്ചു പോകുന്ന, എല്ലാവരും കണ്ടുനില്‍ക്കുന്ന, എല്ലാവരുടെയും ചുറ്റുപാടില്‍ നടക്കുന്ന ഒരു അഴിമതിയാണിത്. എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നവുമാണ് അതേസമയം, എല്ലാവരും കണ്ണടയ്ക്കുന്ന പ്രശ്‌നവുമാണ്. എല്ലാ സ്‌കൂളുകളുടെ ചെലവ് സര്‍ക്കാറിന് വഹിക്കാന്‍ കഴിയാതിരുന്ന സമയത്താണ് എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ അവകാശം നല്‍കിയിരുന്നത്. എന്നാല്‍ അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു. അതൊരു കാലത്തിന്റെ ആവശ്യമായിരുന്നു.
”ഈ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരുപാട് നോണ്‍ ടീച്ചിങ് സ്റ്റാഫുകളും ഉണ്ട്. അവരുടെ നിയമനങ്ങളും നടക്കുന്നത് ഇതേ രീതിയിലാണ്. ക്ലര്‍ക്ക്, സൂപ്രണ്ട് തുടങ്ങിയ പ്രിന്‍സിപ്പലിനോട് സമാനമായ ശമ്പളം ലഭിക്കുന്ന നോണ്‍ ടീച്ചിങ് നിയമനങ്ങളിലും അഴിമതി നടക്കുന്നുണ്ട്. തീരെ കാര്യക്ഷമതയില്ലാത്ത രീതിയിലാ ണ് പല മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം താമസിക്കാനുള്ള കാരണം പോലും കാര്യക്ഷമതയില്ലാത്ത ഇത്തരം സ്റ്റാഫുകളാണ്.” അരുണ്‍ പ്രസാദ് പറയുന്നു.
കേരളത്തില്‍ ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളും മത സാമൂഹിക സംഘടനകളുടെ കയ്യിലാണ്. അതുകൊണ്ട് ഇവരെ എല്ലാവരെയും ഒരുമിച്ചു പിണക്കേണ്ടി വരുന്നു എന്നതാണ് എല്ലാ സര്‍ക്കാരുകളും ഈ അഴിമതി കണ്ടില്ലെന്ന് നടിക്കാനുള്ള കാരണം. ഈ ഒരു പശ്ചാത്തലത്തില്‍ സമൂഹ മനസ്സാക്ഷി ഉണരുകയും ഒരു പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവരികയും ചെയ്താല്‍ മാത്രമാണ് ഭാവിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ.
ദൃശ്യമാധ്യമങ്ങള്‍, ഉദ്യോഗാര്‍ഥികള്‍, ജനാധിപത്യ കൂട്ടായ്മകള്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക ബഹു ജനസംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന്‌കൊണ്ട് സര്‍ക്കാറിന് ധൈര്യം കൊടുക്കേണ്ടതുണ്ട്. അ ത്തരം ഒരു ജനകീയ മുന്നേറ്റത്തിലൂടെ ചിലപ്പോള്‍ ഈ മത സാമുദായിക സംഘടനകളെ മറികടന്നുകൊണ്ട് നിയമനിര്‍മ്മാണത്തെകുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിന് സാധിക്കും.Kerala aided education; the education sector dominated by corruption and power
Content Summary: Kerala aided education; the education sector dominated by corruption and power
This post was last modified on July 12, 2025 8:31 am
Leave a Comment