ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായി കേരളത്തിലെ ബിജെപി. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന ഘടകം വിഷയം നയപരമായി കൈകാര്യം ചെയ്യാനാണ് ശ്രമിച്ചത്. തങ്ങള്‍ സഭയ്‌ക്കൊപ്പമാണെന്ന് കാണിക്കാനുള്ള പ്രസ്താവനകളും പ്രവര്‍ത്തികളുമൊക്കെ അതിന്റെ ഭാഗമായി നടന്നെങ്കിലും, എല്ലാം പാഴായി എന്നാണ് സിസ്റ്റര്‍ പ്രീതി മേരിക്കും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സീസിനും ജാമ്യം നിഷേധിക്കപ്പെട്ടതോടെ വ്യക്തമായിരിക്കുന്നത്.
സിസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കള്‍ വിശ്വസിപ്പിച്ചിരുന്നത്. കേരളത്തിലെ ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സംഘം ചത്താസ്ഗഡില്‍ പോയി, മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ വരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ഇടപെടലില്‍ കന്യാസ്ത്രീകളെ പുറത്തു കൊണ്ടുവന്നു എന്നതരത്തില്‍ പ്രചാരണത്തിനാണ് അവര്‍ കാത്തിരുന്നത്. എന്നാല്‍ കഥ അവരുടെ വഴിക്കല്ല നീങ്ങിയത്.
സിസ്റ്റര്‍മാര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. സംഭവിച്ചതോ, പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. ഒന്നുകില്‍ ബിജെപി നേതാക്കള്‍ കേരളത്തെ തെറ്റിദ്ധരിപ്പിച്ചു. അല്ലെങ്കില്‍ ബിജെപിയുടെ കേരള നേതാക്കളെ ഛത്തീസ്ഗഡിലെ ബിജെപിക്കാര്‍ തീര്‍ത്തും അവഗണിച്ചു.
മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച്, അനൂപ് ആന്റണി യാഥാര്‍ത്ഥ്യത്തെ മറച്ചു വച്ചാണ് സംസാരിച്ചത്. കോടതി നടപടികള്‍ കഴിഞ്ഞ് അദ്ദേഹം പറഞ്ഞത്, സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നാണ്. വൈകുന്നേരം പുറത്തു വന്ന കോടതി ഉത്തരവില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുവെന്നാണ് പറയുന്നത്. അങ്ങനെ സംഭവിച്ചോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലായെന്ന് പറഞ്ഞൊഴിയുകയാണ് അനൂപ് ആന്റണി പിന്നീട് ചെയ്തത്.
കേരളത്തിലെ ബിജെപിക്ക് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കേസിലെ ഇപ്പോഴത്തെ നില വ്യക്തമാക്കുന്നത്. കേസ് എന്‍ ഐ എ കോടതിക്ക് കൈമാറുകയാണെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക. കന്യാസ്ത്രീമാരുടെ ജയില്‍വാസം ദീര്‍ഘിക്കും.
അറസ്റ്റിനെയും ജയില്‍വാസത്തെയും ഇവിടെയുള്ള നേതാക്കള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും, ബിജെപിയുടെ പൊതുവിലുള്ള നിലപാട് അതല്ല. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ കന്യാസ്ത്രീകളെ കുറ്റവാളികളായി മാത്രാണ് കാണുന്നത്. അവര്‍ ചെയ്തത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണെന്ന ഉറച്ച നിലപാടിലാണ് വിഷ്ണു ദിയോ സായ് സര്‍ക്കാരിന്.
പ്രധാനമന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചുണ്ടെന്നാണ് കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉയര്‍ത്തിയപ്പോള്‍ ബിജെപിയുടെ ഉത്തരേന്ത്യന്‍ എംപിമാര്‍ രൂക്ഷമായ ഭാഷയിലാണ് എതിരിട്ടത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ബിജെപിക്കാര്‍ വാദിച്ചത്. ഛത്തീസ്ഗഢിലെ ബസ്തറില്‍ നിന്നും പെണ്‍കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് അവിടെ നിന്നുള്ള ബിജെപി എംപി മഹേഷ് കശ്യപ് ആരോപിച്ചത്. തങ്ങളെ ബലമായി കൊണ്ടുപോവുകയാണെന്നാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞുവെന്നാണ് ബിജെപിയുടെ തന്നെ ദുര്‍ഗില്‍ നിന്നുള്ള എംപി വിജയ് ബാഗേല്‍ ആരോപിച്ചത്.
രാജീവ് ചന്ദ്രേശഖര്‍ കേരളത്തില്‍ പറഞ്ഞത്, കന്യാസ്ത്രീകളെ തടഞ്ഞ്, അവരെ അധിക്ഷേപിച്ച ബജ്‌റംഗ്ദളിന് ബിജെപിയുമായി ബന്ധമില്ലെന്നാണ്. എന്നാല്‍ ബിജെപിയുടെ എംപി വിജയ് ബാഗേല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, ബജ്‌റംഗ്ദള്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ എന്നാണ്.
കേരളത്തിലെ ബിജെപി നേതാക്കള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നാണ് ദേശീയ തലത്തില്‍ ഈ വിഷയം നിരീക്ഷിച്ചാല്‍ മനസിലാകുന്നത്. ബിജെപിയുടെ പൊതുനിലപാട് ഇക്കാര്യത്തില്‍ എന്താണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത് മറച്ചു പിടിക്കാനാണ് കേരള ഘടകം ശ്രമിക്കുന്നതെങ്കിലും ഫലമില്ല. എല്ലാവര്‍ക്കും വ്യക്തമാക്കുന്ന തരത്തിലാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ബിജെപി-സംഘപരിവാര്‍ അവരുടെ നിലപാടുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ബജ്‌റംഗ്ദളിനെതിരേ മാത്രം ആരോപണം ഉയര്‍ത്തുകയും ബിജെപിയെയും മോദി സര്‍ക്കാരിനെയും നയപരമായി പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്ന ബിഷപ്പുമാര്‍ വരെ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. കേരളത്തിലെ ബിജെപിക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നിനും ആകില്ലെന്ന ബോധ്യവും അവര്‍ക്കുണ്ട്. ക്രിസ്ത്യന്‍ വോട്ടുകളും നേടി വിജയിച്ച, കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇപ്പോഴും മൗനത്തിലാണ്. മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനാകട്ടെ, ജാമ്യം കിട്ടാത്തതിന്റെ കാരണം മറ്റാരുടെയൊക്കെ തലയില്‍ ഇടാനാണ് നോക്കുന്നത്. ഛത്തീസ്ഗഡില്‍ പോയി ബഹളം ഉണ്ടാക്കിയവരാണ് ജാമ്യം കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്.
എന്തായാലും സഭയും പിതാക്കന്മാരും ബിജെപിയോടുള്ള മൃദു സമീപനം ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാടകത്തിന് ഇനി തങ്ങളില്ലെന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറയുന്നത്. ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്ന ഒരു സഭ നേതാവായിരുന്നു മാര്‍ പാംപ്ലാനി. ഭരണഘടന പശു തിന്നുപോകുന്ന ഗതികേട് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. രാജ്യത്തക് അവരവരുടെ മതവിശ്വാസം അനുസരിച്ച് ജീവിച്ചു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് പാംപ്ലാനിയുടെ ആവശ്യം.കേരളത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സമുദായം തയ്യാറെടുത്തിരിക്കുകയാണ്. എന്തായാലും രാജീവ് ചന്ദ്രശേഖറിനും കൂട്ടര്‍ക്കും കാര്യങ്ങള്‍ കഠിനമായിരിക്കുകയാണ്.. Kerala BJP in trouble over Chhattisgarh nun arrest incident
Content Summary; Kerala BJP in trouble over Chhattisgarh nun arrest incident
This post was last modified on July 31, 2025 10:59 am
Leave a Comment