UPDATES

ബ്ലോഗ്

വിഡ്ഢിത്തം പറഞ്ഞും വെറുപ്പുത്പാദിപ്പിച്ചും അരങ്ങുപിടിക്കുന്ന ബി. ഗോപാലകൃഷ്ണന്‍; ശ്രദ്ധ നേടാനുള്ള ഓരോരോ വഴികള്‍

ഗോപാലകൃഷ്ണന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍

Avatar

ഗിരീഷ്‌ പി

                       

ബി. ഗോപാലകൃഷ്ണന്‍ എന്ന രാഷ്ട്രീയ നേതാവിനെ കേരളം കേട്ടുതുടങ്ങിയിട്ട് അധിക വര്‍ഷങ്ങളായില്ല. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷമുള്ള വൈകുന്നേരങ്ങളിലായിരുന്നു അദ്ദേഹം ആനുകാലിക വിഷയങ്ങളില്‍ ബിജെപിയുടെ ന്യായം പറയാന്‍ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ എത്തിയത്. ബിജെപി കേരളത്തിലെ മുഖ്യധാര രാഷട്രീയത്തില്‍ അത്ര വലിയ ശക്തിയാവുന്നതിനുമുമ്പുതന്നെ, മലയാളം ചാനലുകള്‍ ആ പാര്‍ട്ടിക്ക് അംഗീകാരം നല്‍കി; ഏത് വിഷയത്തിലും അവരുടെ അഭിപ്രായം തേടിയിരുന്നു.

ബി. ഗോപാലകൃഷ്ണനും ടി.ജി മോഹന്‍ദാസും കെ.പി ശശികലയുമെല്ലാം ചാനലുകളിലെത്തിയതോടെയാണ് ബിജെപിക്ക് അവരുടെ രാഷ്ട്രീയം കുടുതല്‍ വ്യക്തമായി, മറച്ചുകെട്ടലുകളില്ലാതെ പറയാന്‍ കഴിഞ്ഞത്. ആ പറച്ചിലികളുടെ തുടര്‍ച്ചയായിട്ടാണ് എം.ടി വാസുദേവന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനുമെല്ലാം പരസ്യമായി ആക്ഷേപിക്കപ്പെട്ടത്. കക്ഷി രാഷ്ട്രീയ സംഭവങ്ങളില്‍ അഭിപ്രായം പറയുന്നവരയായിരുന്നില്ല ഈ അവഹേളനങ്ങള്‍ക്ക് വിധേയരായവര്‍. സമൂഹത്തെ ബാധിക്കുന്നുവെന്ന് അവര്‍ക്ക് തോന്നുന്ന വിഷയങ്ങളില്‍ മാത്രം പ്രതികരിച്ച് തങ്ങളുടെ മേഖലകളിലെ സംഭാവനകളിലൂടെ ലോകം ആദരിച്ച വ്യക്തിത്വങ്ങള്‍.

എന്നാല്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണം ഇവരെയും ഒഴിവാക്കിയില്ല. അങ്ങനെ പറയുന്ന ബിജെപിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു. അവര്‍ താരങ്ങളായി. ഇക്കാര്യത്തില്‍ അഗ്രഗണ്യനാണ് ബി. ഗോപാലകൃഷ്ണന്‍. വിദ്വേഷ പ്രചാരണത്തിന്റെ വഴിയിലൂടെ നേതൃസ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം പാര്‍ട്ടിയില്‍ പി.കെ കൃഷ്ണദാസ് പക്ഷക്കാരാനായാണ് അറിയപ്പെടുന്നത്. വി. മുരളീധരന്‍ സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായപ്പോള്‍ ഇദ്ദേഹത്തെ ഒതുക്കി നിര്‍ത്തിയെന്നാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ എബിവിപിയിലുടെ തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തിലെത്തി. മെഡിക്കല്‍ റെപ്രസന്ററ്റീവായി. നിയമം പഠിച്ചു. പ്രാക്ടീസ് ചെയ്യാതെ അഡ്വക്കേറ്റുമാരായി തുടരുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഒരാളായി. കുമ്മനം രാജശേഖരന്‍ പ്രസിഡന്റായതുമുതലാണ് ഇദ്ദേഹത്തിന് പാര്‍ട്ടിയില്‍ മേല്‍ഗതിയുണ്ടായത്. ഇപ്പോള്‍ പാര്‍ട്ടി വക്താവായി തുടരുന്നു.

ഉപയോഗിച്ചുകൊണ്ടിരുന്ന കറന്‍സികളില്‍ 85 ശതമാനവും മോദി ഒരു രാത്രി അസാധുവാക്കിയതിനെക്കുറിച്ച് പറഞ്ഞതായിരുന്നു എം.ടി വാസുദേവന്‍ നായര്‍ അധിക്ഷേപിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇങ്ങനെ വ്യക്തികള്‍ക്കെതിരായ അധിക്ഷേപം മാത്രമല്ല, ചരിത്രസംഭവങ്ങളെ വികൃതമാക്കിയും കള്ളങ്ങള്‍ പറഞ്ഞും കേരളത്തിന്റെ ടെലിവിഷനുകളിലൂടെ അവര്‍ നിറഞ്ഞാടി. അങ്ങനെ അതുവരെ എവിടയൊയിരുന്നുവെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷത്തിനുമറിയാതിരുന്നവര്‍ കള്ളം പറഞ്ഞും വിദ്വേഷം പറഞ്ഞും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളായി മാറി. ഇങ്ങനെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരില്‍ പ്രമുഖനാണ് ബി. ഗോപാലകൃഷ്ണന്‍ എന്ന നേതാവ്. ഇവര്‍ ഉന്നയിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും ചരിത്ര വിരുദ്ധതയ്ക്കും മറുപടി പറയുക എന്ന ബാധ്യതയായി പിന്നീട് മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക്.

ഇങ്ങനെ ആര്‍എസ്എസില്‍നിന്നൊക്കെ ബിജെപിയിലെത്തിയ നേതാക്കള്‍ നടത്തിയ ഇടപെടലാണ് സംഘപരിവാറിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റാനും അണികളെ ആകര്‍ഷിക്കാനുമുള്ള ഏക മാര്‍ഗം എന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അതിന് മുമ്പ് ശബരിമല കലാപത്തിന്റെ സമയത്തും സംസ്ഥാന ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളളയടക്കമുള്ള നേതാക്കള്‍ ന്ടത്തിയ വര്‍ഗീയ പ്രസംഗങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണെന്ന് പറയാം. തീവ്ര വര്‍ഗീയ വിദ്വേഷം പുറപ്പെടുത്താല്‍ മാത്രമെ പാര്‍ട്ടിയില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുവെന്ന വസ്തുതയും ബിജെപി നേതാക്കള്‍ക്ക് ഇതോടെ ബോധ്യമായെന്ന് വേണം മനസ്സിലാക്കാന്‍. അക്കാലംവരെ മിതവാദിയായി അവതരിച്ചിരുന്ന പി.എസ് ശ്രീധരന്‍ പിള്ള തന്നെ കടുത്ത വര്‍ഗിയ പരാമര്‍ശങ്ങള്‍ നടത്തിയത് ഇതുമായി ചേര്‍ത്ത് വായിക്കണം. കുമ്മനത്തിന്റെ ഒഴിവില്‍ ലഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം നിലനിര്‍ത്താനുളള എളുപ്പ വഴി ഇതാണെന്ന് അദ്ദേഹത്തിനും തോന്നിക്കാണും. ഇതിന്റെ ഫലമായാണ് സുവര്‍ണാവസര പ്രസംഗങ്ങള്‍.

Also Read: കാട്ടുകോഴിക്കെന്ത് സംക്രാന്തി അഥവാ ബി ഗോപാലകൃഷ്ണനെന്ത് അടൂർ ഗോപാലകൃഷ്ണൻ

ഒരു അമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് പറഞ്ഞത് ഇഎംഎസ് ആണെന്നായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഗോപലകൃഷ്ണന്റെ വാദം. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ഇക്കാര്യം ഇഎംഎസ് എഴുതി എന്നുവരെ അദ്ദേഹം പറഞ്ഞു, വെല്ലുവിളിച്ചു. അങ്ങനെ പറഞ്ഞത് സി. കേശവനാണെന്ന മറുപടിയും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം തന്റെ നുണ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമിയില്‍ ഇഎംഎസ് അങ്ങനെ എഴുതിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ഇനി തങ്ങളുടെ ബാധ്യത എന്ന മട്ടില്‍ ചില ഇടതുപക്ഷ വക്താക്കള്‍ ഇതിന് മറുപടി പറയുന്ന തിരക്കിലുമായി.

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് കമ്മ്യൂണിസ്റ്റ് ബന്ധമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞത് ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നില്ല. മറിച്ച ഒരു പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു. ഹിന്ദു മഹാസഭയുമായും ആര്‍എസ്എസ്സുമായും അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന ഗോഡ്‌സെയെ കമ്മ്യൂണിസ്റ്റാക്കുന്നതിലൊന്നും ഒരു അസ്വാഭാവികതയും സംഘപരിവാറിന്റെ രാഷ്ട്രീയം ശീലമാക്കിയ ഗോപാലകൃഷ്ണനുണ്ടായിരുന്നില്ല. അദ്ദേഹം ആ വാദം ആവര്‍ത്തിച്ചു. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത് കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ബിജെപി ആയേനെ എന്നാണ്. എന്നാല്‍ പിന്നെ എന്തിന് കൊന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ആദ്യം പതറി പോയ അദ്ദേഹം പതിവ് ആര്‍എസ്എസ് ആഖ്യാനങ്ങളില്‍ അഭയം തേടി ഗോഡ്‌സെയ്ക്ക് സംഘ്പരിവാറുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു.

ശബരിമല കലാപകാലത്തും ഇദ്ദേഹത്തിന്റെ വര്‍ഗീയ പ്രസംഗങ്ങള്‍ കേരളം കേട്ടു. ക്രമസമാധാന പാലനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജി മനോജ് അബ്രഹാമിനെതിരെ ആയിരുന്നു ഇദ്ദേഹത്തിന്റെ രോഷം. പോലീസ് നായ എന്ന് സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചിട്ടും ബിജെപി നേതൃത്വം ഗോപാലകൃഷ്ണന്റെ കൂടെ നിന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീംലീഗ് എയ്ഡ്‌സാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ ഇദ്ദേഹത്തിന്റെ മറ്റൊരു അധിക്ഷേപം. ഇങ്ങനെ നിരന്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി നേതൃസ്ഥാനത്ത് നിറഞ്ഞുനില്‍ക്കാനാണ് ഇദ്ദേഹം ശ്രമിച്ചുകൊണ്ടെയിരിക്കുന്നത്.

എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, കൃഷ്ണദാസ് പക്ഷക്കാരാനായ ഇയാളുടെ സമീപനത്തില്‍ പാര്‍ട്ടിയില്‍തന്നെ വ്യത്യസ്ത അഭിപ്രായക്കാരുണ്ടെന്നാണ് അറിയുന്നത്. അത് അദ്ദേഹം നടത്തിയ പരമാര്‍ശങ്ങളോടാവില്ല, മറിച്ച് അതുവഴി ലഭിക്കുന്ന സംഘ്പരിവാര്‍ സ്വീകര്യതയിലുള്ള കൊതിക്കുറവാകാനാണ് സാധ്യത. കമ്മ്യണിസ്റ്റുകാരനല്ലാത്ത, കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമ എടുത്തിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണനെ പ്രത്യക്ഷത്തില്‍ ഒരു പ്രകോപനവുമില്ലാതെ ശത്രുപാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് ഗോപാലകൃഷ്ണന്‍ ചെയ്തതെന്ന ആക്ഷേപമാണ് പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്  .

എന്നാൽ ഇതുകൊണ്ടൊന്നും തളര്‍ന്നുപോകുന്നയാളല്ല ഗോപാലകൃഷ്ണന്‍ എന്നതാണ് അയാളുടെ രാഷ്ട്രീയ ഇടപെടലുകള്‍ തെളിയിക്കുന്നത്. അതുകൊണ്ട് ഇനി ആരെ, എന്തുതരം വിദ്വേഷ പ്രചരണത്തിലൂടെയാണ് ഇയാള്‍ നേരിടുക എന്ന് മാത്രം അറിഞ്ഞാല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Azhimukham Special: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

Share on

മറ്റുവാര്‍ത്തകള്‍