UPDATES

ഓഫ് ബീറ്റ്

വിഎസ് പറഞ്ഞു കയ്യാമം കയ്യാമം…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-62

                       

വളരെ ചെറിയ വാക്കുകള്‍ കൊണ്ട് വലിയ വാര്‍ത്തകള്‍ സ്യഷ്ടിച്ചിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യക്തിത്വമാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യന്‍ സ്വാതന്ത്രസമര പോരാളിയും മുന്‍ മുഖ്യമന്ത്രിയുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവ വി. എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയോ, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്. അച്യുതാനന്ദന്‍ 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി എസിന് 83 വയസായിരുന്നു.

മാര്‍ക്കണ്ഡേയപുരാണം കാര്‍ട്ടൂണുകളില്‍

മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വിഎസ് പലപ്പോഴായി പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തകള്‍ തന്നെ സ്യഷ്ടിച്ചു. കാര്‍ട്ടൂണുകളില്‍ ആറ്റിക്കുറുക്കി ചാട്ടുളി പോലുള്ള ഡയലോഗുകള്‍ ഉണ്ടാകാറുണ്ടല്ലോ. സമാനമായ ആറ്റിക്കുറുക്കിയ ഡയലോഗുകളിലൂടെ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് ജനപ്രീയവുമാണ്. വിഎസ് അത്തരം ശൈലികള്‍ സ്ഥിരമായി പ്രയോഗിക്കുമായിരുന്നു. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉള്ളതാണ്. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദൗത്യ സംഘത്തെ തന്നെ നിയോഗിച്ചു. 2007ല്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ് ആദ്യ ദൗത്യസംഘം മൂന്നാറിലെത്തിയത്. 2007ല്‍ തന്നെ രണ്ടാം ദൗത്യസംഘം മൂന്നാറിലെത്തി. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത നിര്‍മ്മാണം തടയണമെന്നുമാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളാണ് ഇങ്ങനെ ഒരു നടപടിക്ക് കാരണമായത്.

മൂന്നാര്‍ കയ്യേറ്റങ്ങളിലേക്ക് മാത്രമല്ല മതികെട്ടാന്‍ മലയിലെ കയ്യേറ്റത്തിലേക്കും, അനങ്ങാന്‍ മലയിലെ പാറ പൊട്ടിക്കലിലേക്കും, ഐസ്‌ക്രീം കേസിലേക്കും വിഎസ് തന്റെ രാഷ്ട്രീയ ഇടപെടലുകളള്‍ നടത്തി. വിഎസ് ഒരു വിഷയം ഏറ്റെടുത്താല്‍ അത് പരിഹരിക്കപ്പെടും എന്നുള്ള ചിന്ത സമൂഹത്തില്‍ ഉണ്ടായി എന്നുള്ളത് ഒരു സത്യമാണ്. ആരെങ്കിലും എവിടെയെങ്കിലും പരാതി നകിയാല്‍ ഒരു പകര്‍പ്പ് വി എസിനും കൊടുക്കുക പതിവായി. കുറ്റവാളികളെ കയ്യാമം വെച്ച് നടത്തും എന്നത് പോലുള്ള മാസ് ഡയലോഗ് വിഎസ് പുറത്തെടുത്തു. ഈ അവസരത്തിലാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ കയ്യാമം എന്ന കാര്‍ട്ടൂണ്‍ വരച്ചത്. വിഎസ് പൊതുയോഗത്തില്‍ തന്നെ പറഞ്ഞതും അതുതന്നെയാണ്. നല്ല താളത്തില്‍ അദ്ദേഹം പറഞ്ഞ മാസ് ഡയലോഗ് ആണ് കയ്യാമം കയ്യാമം… അത് തന്നെയാണ് കാര്‍ട്ടൂണിലും.

Related news


Share on

മറ്റുവാര്‍ത്തകള്‍